2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

പിറന്നാൾ


ഇന്നെൻ പിറന്നാളാണുണ്ണീ
അയലത്തെ അമ്മിണി നൽ മധുര
പായസവുമായ് വെളുപ്പിനു മുറ്റത്ത്
കണിക്കൊന്നപോൽ പൂത്തു നില്പ്പതു
കാണുന്നില്ലയോ എത്ര സുന്ദരം


ഇന്നെൻ ജന്മ നക്ഷത്രമുയർന്ന നാളുണ്ണീ
ഇത്ര വെളുപ്പിനേ നിലയ്ക്കാത്ത നാദമായ്
ടെലിഫോൺ കിളി ചിലയ്ക്കുന്നതറിയുന്നുവോ
മൃതവാക്കുകളെങ്കിലുമതിനു പിന്നിലെ
സ്നേഹമൊന്നുമാത്രം ഗണിക്ക നീ


ഇന്നു ഞാനൊരുൾത്തുടിപ്പായ് ഭൂമിയിൽ
ഉദയംകൊണ്ട നാളെന്നുണ്ണീ അറിയുക
എഴുത്താണിയെൻ ഉൾക്കരുത്തായ് തുടിക്കയിൽ
സ്നേഹ ജാലകം ഒരായിരം തുറന്നതിൽ
സൗഹൃദം പൂത്തു നില്ക്കുന്നതു കാണുക


ഇന്നീ നാളിന്റെ യുവത്വത്തിനു മുന്നിൽ
ഇത്രയേറെ സ്നേഹം ഉരുകിയൊലിക്കുമ്പൊഴും
അറിയാതെയെന്നുള്ളിലെ എന്നിൽ നിന്ന്
കറയായൊഴുകുന്നെന്നെ കാർന്നു തിന്ന ഓർമ്മകൾ


ഒരിറ്റു കഞ്ഞിത്തെളിക്കു മാത്രമായ് ഞാൻ
ഓടിക്കിതച്ചതുമലറി വിളിച്ചതും തലതല്ലി വീണതും
അന്നൊരുനാളെൻ പിറന്നാളിനായിരുന്നു


കൂടെപ്പിറന്നവരൊക്കെയും പുത്തനുടുപ്പും
പളുങ്കു പാത്രവും പാൽ ചിരിയും കളിയുമായ്
പള്ളിക്കൂടം കണ്ടു പഠിച്ചു വളരവേ
അഷ്ടിക്കു വേണ്ടിയന്യന്റെ കാൽ പിടിച്ച്
തെരുവുകൾ നായായ് താണ്ടിയ നാളിലൊക്കെയും
പിറന്നാളുകൾ പലകുറിയെൻ വാഴ്വിൽ
പൂക്കാതെ കായ്ക്കാതെ ഞെരിഞ്ഞമർന്നിരുന്നു


പ്രേമ വായ്പും കുപ്പിവളകളും പൂവുമായ്
പാടവരമ്പിലുമമ്പലമുറ്റത്തും തൊടിയിലും
സതീർത്ഥ്യരൊക്കെയും യൌവ്വനം ഘോഷിക്കവേ
ഒരു കുടുമ്പത്തിന്റെയത്താണി ഞാനെന്നു
എടുത്താലൊതുങ്ങാത്ത ചുമടൊന്നു താങ്ങി
നഗര മദ്ധ്യാഹ്നങ്ങളിൽ നരക തീർത്ഥം കുടിക്കവേ
പിറന്നാളുകൾ പലകുറിയെന്നെയറിയാതെ
എന്നിൽനിന്നൂർന്നു വീണിരുന്നു


വീണ്ടുമൊരുനാൾ എന്റെയാതനകളുടെ
കടും കാണ്ഡങ്ങളിൽ നിന്നൊക്കെയും
തൂലികത്തുമ്പിന്റെ ശൌര്യവും കറതീർന്ന
ഓർമ്മകളുടെ കയ്പുമായ് ഞാനുയിർക്കവേ
എന്നെയറിയാതെ പന്തി പകുക്കാതെ ചേർക്കാതെ
ബന്ധുജനങ്ങളൊക്കെയും പിറന്നാൾ മോടിയിലായിരുന്നു


ഇന്നെന്റെയുണ്ണീ നീയറിയുകയെന്നിലെ
വാക്കുകളൊക്കെയും ആയിരം പൂക്കളായ്
പുലർവെണ്മയായ് പൊന്നുതിർക്കവേ
ഈ പിറന്നാളിനൊരുക്കുന്ന വട്ടങ്ങളൊക്കെയും
എന്നിൽ തീർക്കുന്നതസഹ്യമാം നിർവ്വികാരത മാത്രം


ഇനിയെന്റെ പൊന്നുണ്ണീ നിനക്കായ് നല്കുവാൻ
ഈ പിറന്നാളിലെന്നിലിത്ര വാക്കുമാത്രം
വിശക്കുന്ന നേരത്തു നല്കാത്ത ഉരുളയും
കൊതിക്കുന്ന മാത്രയിൽ കിട്ടാത്ത സ്നേഹവും
കിതച്ചു വീണൊടുക്കമൊരു മൃതപ്രായമാകയിൽ
സ്വർണ്ണക്കുമ്പിളിൽ കോരിയൊഴിച്ചെന്നാലും
മതിക്കില്ല ഒട്ടുമൊരു മൺതരിയളവിലും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, ഒക്‌ടോബർ 23, ഞായറാഴ്‌ച

കാടിന്റെ മക്കൾ



കാടിറങ്ങി മലയിറങ്ങി നാടു തേടി വന്നു
ഞങ്ങൾ കാടിന്റെ മക്കൾ
നാവുണങ്ങി നീരു തേടി നേരു തേടിയലഞ്ഞു
ഞങ്ങൾ കറുത്ത മക്കൾ


ഞങ്ങടെ കാട്ടു കിഴങ്ങിനും തേനിനും
ഞങ്ങടെ കുലദൈവ മരുന്നിനും വിദ്യയ്ക്കും
ഞങ്ങടെ വിശ്വാസ കർമ്മങ്ങൾക്കൊക്കെയും
കാലങ്ങളായ് ഞങ്ങൾ നേടിയതിനാകെയും
പകരമായൊരുനുള്ളു വിദ്യ നല്കൂ അതിൽ
പുലരട്ടെ ഞങ്ങടെ കിടാത്തങ്ങൾ ഭാവിയും


കാടനറിവും കരിങ്കൂവളപ്പൊലിവും
കറുത്ത മുത്തനും മുടിയാട്ടവും
കാടിന്റെ കരുത്തും മന്ത്രവാദവും
ഞങ്ങടെയാചാര മുറകളും കർമ്മവും
എല്ലാമൊരു ഭാണ്ഡക്കെട്ടിലൊതുക്കി
ഒരു പൊത്തിലൊളിപ്പിച്ചു വരുന്നു ഞങ്ങൾ
ഞങ്ങടെ കിടാത്തങ്ങൾക്കു വിദ്യയേകൂ


നിങ്ങളെന്തിത്ര സാകൂതം നോക്കുന്നു ഞങ്ങളെ
നിങ്ങളെന്തിങ്ങനെ ആട്ടിയകറ്റുന്നു ഞങ്ങളെ
നിങ്ങളറിയാത്ത നാലുകാലം മുമ്പ് നല്ലൊരു നാളിൽ
നിങ്ങടെ മുതുമുത്തച്ഛന്റെ നൽ ജീവനെ
കാലന്റെ കയ്യിൽ നിന്നും പറിച്ചെടുത്ത്
കിനാകാണുവാൻ കരുത്തരാകുവാൻ നിങ്ങളെ
പ്രാപ്തരാക്കിയതെങ്കൾ പിതാമഹരല്ലയോ


നിങ്ങടെ ചമയവും ശീല്ക്കാരവും മുറകളും
നിങ്ങടെ മേമ്പൊടി ചേർത്തുള്ള പ്രണയവും
ഉടുപ്പുലയാത്ത ആലിംഗനങ്ങളും ഉഷ്ണിച്ച മനസ്സും
നിങ്ങടെയാർഭാട ആടയും ആടലും ധൂർത്തും
ഒരുനേരത്തിനൊരിത്തിരി വയറിനു
കാതങ്ങൾ താണ്ടി മലകയറും ഞങ്ങൾക്കു
ഒരിക്കലുമുൾച്ചേരാനാവുമോ കൂട്ടരേ


കാട്ടുമാംസം പച്ചയ്ക്കു കടിച്ചു തുപ്പുന്നവർ
കാട്ടാളർ, വഴിയിൽ കുടിച്ച് വീഴുന്നവർ
തമ്മിൽ തല്ലിയും കരഞ്ഞും കെട്ടിപ്പിടിച്ചും
തളർന്നു രാവിൽ വീണുറങ്ങുന്നവർ
അസംസ്കൃതർ, അജ്ഞർ, അപക്വമതികൾ
നിങ്ങൾക്കു ഞങ്ങളെ കാട്ടിക്കൊടുക്കുവാൻ
നൂറുണ്ട് നിങ്ങളിൽ അടയാളവാക്യം


ഞങ്ങടെ കണ്ണുകൾ ചെറുതായിരിക്കാം
ഉൾക്കൊള്ളാൻ മനസ്സിനറിയാതിരിക്കാം
ഞങ്ങടെ ജ്ഞാനക്കുറവായിരിക്കാം
എങ്കിലും ഞങ്ങളറിയുന്നില്ല നിങ്ങളെ


കൂടെപ്പിറപ്പിനൊത്ത് കിടക്ക പങ്കിടുന്നോർ
മാതൃ പുത്ര ബന്ധം തെല്ലുമറിയാത്തവർ
നാലു മുക്കാലിൽ മാനത്തിനു വില പറയുന്നവർ
നോട്ടുകെട്ടിന്റെ തൂക്കത്തിനു വിദ്യ വില്ക്കുന്നവർ
വിയർക്കാതെ വിതുമ്പാതെ അന്നമുണ്ണുന്നോർ


നിങ്ങളെന്തിനെങ്കൾ പെണ്ണിന്റെ
മടിക്കുത്തഴിക്കുന്നു തമ്പ്രാക്കളേ
നിങ്ങളെന്തിനെങ്കൾ കിടാത്തങ്ങളെ
ഊരുവിലക്കിയകറ്റുന്നു മാന്യരേ
പകൽ വെളിച്ചത്തിൽ ഞങ്ങളെ
ആട്ടിയോടിക്കുന്ന നിങ്ങൾക്കു
പാതിരാ കാമവെറിയിൽ അയിത്തവും
ഭ്രഷ്ടും ആചാരവുമില്ലയോ


ഇനി ഞങ്ങളിട്ടെറിഞ്ഞു പോകുന്നിവിടം വിട്ട്
ഞങ്ങൾക്കുവേണ്ട നിങ്ങടെ വിദ്യയും
ഞങ്ങളറിയുന്നില്ല നിങ്ങടെ സംസ്കൃതിയും
ഉള്ളിലൊരായിരം ആണ്ടാണ്ടുകൾക്ക് മുന്നേ
ഉറഞ്ഞു കിടക്കുന്ന ഞങ്ങടെ വിദ്യകൾ
ഉപകരിക്കും വാഴ്വിൻ ഏതു ഘട്ടവും
ഉണ്മയിതറിഞ്ഞു മടങ്ങുന്നു ഞങ്ങൾ


എങ്കിലുമതിൻ മുന്നൊരു മാത്ര ചൊല്ലിടാം
ഞങ്ങടെ പെണ്ണിന്റെ മാനമെടുക്കുവാൻ
ഞങ്ങടെ കാടിന്റെ തനിമയൊടുക്കുവാൻ
ഞങ്ങടെയവകാശ ധ്വംസനമാകുവാൻ
കാടുകേറുവാൻ ഒരുവട്ടമോർക്കും മുമ്പോർക്കുക

വീണുറങ്ങില്ല നാൾ മുഴുവൻ ഞങ്ങൾ
ഉറങ്ങുന്നുണ്ടൊരൂർജ്ജ കലവറ ഞങ്ങളിൽ
ഒഴുക്കതൊരിക്കൽ ഒരു മഹാ പ്രവാഹമായ്
കുലം കുത്തിയൊഴുകി ഒടുക്കിടും നിങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

സൗമ്യ, എന്റെ പൊന്നു പെങ്ങൾ


നിന്റെ തുരുമ്പിച്ച റയിൽ പാതകളിലൂടെ ഞാൻ
എന്റെ ഒടുങ്ങാത്ത ആസക്തിയിലേക്ക് ഒരു യാത്ര
എനിക്കു ചുറ്റും ജനൽ കാഴ്ച്ചകളിൽ ഒരായിരം മുഖങ്ങൾ
മാറിയും മറിഞ്ഞും ഒന്നിനോടൊന്നിണങ്ങാതെ
വരണ്ട പുഴകൾക്കു മുകളിലൂടെ, ഇരുണ്ട ഗുഹകൾക്കുള്ളിലൂടെ
എന്റെ യാത്രകൾ തുടർന്നുകൊണ്ടിരിക്കുമ്പൊഴും
എന്നിലെ കാമം കല്ക്കരിച്ചൂടിനും മുകളിൽ
എന്റെ ചൂണ്ടക്കൊളുത്തിലെ വിഷക്കായ്കളിൽ
കൊത്തിവലിച്ചൊരു കോലക്കേടുടക്കും വരെ
കണ്ണുകൾ കാന്തക്കല്ലുകളാക്കി ഞാനലയുന്നു


കണ്ണുടക്കാതെ പോയതൊരു കറുത്ത എണ്ണമൈലി
ചിരിച്ചിട്ടും ചിറികോട്ടിയൊരുൾനാട്ടുകാരി
കൊറിക്കാൻ ചുടുകാമമെറിഞ്ഞതു ഒട്ടും
കൊത്താതെ പോയതൊരു ദാവണിപ്പൈങ്കിളി
എന്നിട്ടുമെന്നിട്ടുമെന്റെ കനൽ കണ്ണുകൾ
തേടുന്നത് വീണ്ടുമൊരു മാംസത്തുണ്ടു മാത്രം


താവളങ്ങളിൽ നിന്നും തിളയ്ക്കുന്ന
താഴ്വരകളിലേക്ക് യാത്ര തുടരവേ
എന്റെ കരിങ്കടലിലേക്കാഴ്ന്നിറങ്ങാൻ
എന്നിലെ വീര്യം കറന്നെടുക്കാൻ
എന്നിലലിഞ്ഞൊരു കളങ്കമാവാൻ
ഞാൻ നിന്നെമാത്രം കാത്തുകിടക്കുന്നു

എന്ത്, ഒരുമാത്ര നീയെന്റെ കണ്ണുകളിലിറങ്ങിയോ
എന്റെ നരകദാഹത്തിന്റെ ഒടുക്കത്തെ കണവും
എരിഞ്ഞൊടുങ്ങിയൊടുക്കം ഞാനില്ലാതെയാവും മുമ്പ്
ഒരാണ്ടൊരു യുഗം ഒരു നൊടിയിടയെങ്കിലും
എന്നിലുൾച്ചേർന്നൊരു ഹിമബിന്ദു പൊഴിക്കാൻ
എന്റെ വിഷവിത്തിനൊരു മൺതടമൊരുക്കാൻ
നീയെന്റെ കണ്ണുകളിൽ വീണ്ടുമിറങ്ങിയോ


നിന്റെ നഗരസൌന്ദര്യത്തിന്റെ കടുത്ത ഗന്ധങ്ങളിൽ
നിന്റെ അമ്ളരസങ്ങളുടെ കൂർത്ത രുചിഭേദങ്ങളിൽ
നിന്റെ ഒടുങ്ങാത്ത രതിപരവേശങ്ങളിൽ, പിന്നെ
നിന്റെയഹങ്കാര ആർത്ത നാദങ്ങളിൽ വീണു
ഞാനൊന്നുറങ്ങാനുമുണരാനുമാവാതെ
വിളറി നിന്നാലസ്യ വിതുമ്പലിലിടറുമ്പോൾ
എനിക്കു ചുറ്റുമൊരുത്സവ മേളം കൊഴുക്കുന്നു
ഇലത്താളവും ഇടിനാദവും ഇരമ്പക്കവും കടന്ന്
ഒരു നേർത്ത നാദം സ്വന്തം മാനത്തിനു കേഴുന്നു


ഒന്നുമറിയാതെ ഒന്നിലും ചേരാതെ നിശ്ചലം
ഞാൻ നിന്റെ ആകാര ഭ്രമങ്ങളിലൊതുങ്ങുന്നു
വീണ്ടുമൊരു യാചനാ സ്വരം രസച്ചരടറുക്കുന്നുവോ


എന്റെ നീർവീഴ്ച്ചകളും മഴക്കാടുകളും കടന്നു
അലസ സാഗരത്തിൽ ഞാനൊഴുകുന്ന നേരം
സ്വജീവനേക്കാൾ മാനം വലുതെന്ന്
പൊരുതുന്ന നിന്നെ ഞാൻ കാണാതെ പോവുന്നു


പിറകിലൊറ്റക്കയ്യൻ, പരദേശി, കാമാർത്തി മൂത്തവൻ
തരളഭാവങ്ങളും മോഹങ്ങളും മതിക്കാത്തവൻ അവൻ
നിന്നെ മരണത്തിലേക്കു തള്ളിയിടുന്ന നേരവും
പ്രതികരണത്തിന്റെ അവസാന വാക്കുപോലും
എന്നിലൊടുങ്ങുന്നു, വീണുടയുന്നു, ചിതറുന്നു


പാപക്കറ തുടച്ചു നീക്കി പുതുതായൊന്നുമില്ലെന്ന മട്ടിൽ
ഞാനെന്റെ വീടിൻ പടിക്കെട്ടു കയറുന്ന നേരം
ഒരു കല്ല്യാണ ഘോഷവും വർണ്ണ മേളവും
വരവേല്ക്കുമെന്നു കൊതിച്ച എന്റെ മുന്നിൽ
വെറും മൌന സാഗരം സ്നേഹ നൊമ്പരം
വീണുടഞ്ഞൊരു മുഴു ജീവിത സ്വപ്നവും


എന്റെ മാതൃ ഉദരം ഞാനുമായ് പങ്കിട്ടവളെ
ഒരുപറ്റം നരഭോജികൾ പങ്കിട്ടെടുത്ത നേരം
പകിട പന്ത്രണ്ടും കളിച്ചു ഞാനപ്പഴും
പാഴാക്കിയതോർത്തു വിതുമ്പുന്നു വ്യർത്ഥമായ്


സൌമ്യേ എൻ പ്രിയ സോദരീ അറിയുന്നു
നേരമല്ലാത്ത നേരത്തെ വിതുമ്പലും
നേരും നെറിയും കെട്ട വാഴ്വിന്റെ ചെതുമ്പലും
നല്കില്ല നിനക്കൊരു പുതുജീവൻ, എങ്കിലും
ആശിച്ചിടാം ഒരു പുതു വസന്തം അന്നു
കാമപ്പിശാചുകൾ അരങ്ങൊഴിഞ്ഞൊരു
കാലമിനിയും വരും പൂക്കുമതിലൊരു നൂറു മലരുകൾ
കാത്തിടും ഞാനവയ്ക്കന്നു നിൻ പേരു ചാർത്തി


zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

വെട്ടിനിരത്തലുകൾ


ഇന്നെന്റെ പ്രഭാതം കണികണ്ടുണർന്നത്
കോലക്കേടിന്റെയൊരു ഘോഷയാത്രയാണു
ശവമഞ്ചമേന്തുന്നവർ ആടിത്തിമിർക്കുന്ന
അയൽരാജ്യനീതി ഒരുറക്കം കൊണ്ടു മാത്രം
എന്റെ സംസ്കാരത്തിലേക്ക് വന്നതെന്തെന്നു
അത്ഭുതം കൂറുന്നു ക്ഷണികമെങ്കിലും ഞാൻ


ശവമഞ്ചം ചുമക്കുന്നോർ കഴുതകളായിരുന്നില്ല
കഴുതകളെക്കാൾ കഴിവുകെട്ട കിങ്കരന്മാരവർ
സ്വന്തം വിയർപ്പിന്റെ ഉപ്പിനു പോലും സ്വയം
നീതി കാട്ടാത്തവർ തരിമ്പും നിയമമറിയാത്തവർ
തൊഴിലാളി വർഗ്ഗമെന്നൊരു വർഗ്ഗബോധം നട്ട്
വർഗ്ഗീയ വിത്തുകളും വിഷമുള്ളുകളുമറിയാതെ
കൊടിപിടിക്കാൻ കോമരം തുള്ളാൻ കഴുത്തരിയാൻ
പിന്നെ, മേലാള വർഗ്ഗത്തിന്റെ മന്ത്രിപദത്തിനായ്
സ്വന്തം മക്കളെ വിശപ്പിന്റെ കാട്ടാളനു നല്കുവോർ

മൂല്യച്യുതിയും പുതു മതബോധ ദർശനവും ഒന്നും
ഒന്നിലൊന്നറിഞ്ഞൊന്നുണരാതെ വ്യർത്ഥമായ്
ദിനം ഉറങ്ങാതെ മണ്ണിൽ ഉറക്കം നടിക്കുവോർ
ക്യൂബയും പോളണ്ടും സോവിയറ്റുമറിയാതെ
റഷ്യ റഷ്യയെന്നു മാത്രം പുലമ്പി വാഴ്വിൻ
രസച്ചരടറുത്ത് വെറുതെ ജീവിതം മുടക്കുവോർ


ഇന്നലെ എനിക്കു മുന്നിലൊരു തണൽ മരം
അതിൻ ശാഖകളും ഉപശാഖകളുമായിത്തിരി
കൊഞ്ചിയുമാടിയും പുതുപൂക്കളുതിർത്തും
എന്നെയറിഞ്ഞ് എന്നിലലിഞ്ഞ് നിലകൊണ്ടിരുന്നു


തളർവാതം വന്നാണ്ടുകൾക്കു മുമ്പരങ്ങൊഴിഞ്ഞ
എൻ മുത്തശ്ശി പണ്ടൊരുനാൾ കഥയിലുൾപ്പുളകമായ്
കഞ്ഞിയും കറിയും കളിച്ചതാ മരത്തണലിലായിരുന്നു


നാളേറെച്ചെന്നു എന്റെ അച്ഛനൊരു കളിവണ്ടിയിൽ
കൂകിയും കുറുകിയുമോടിക്കളിച്ചതുമാർത്തു ചിരിച്ചതും
ഒടുവിൽ ആലസ്യമാണ്ടതും ആ മരച്ചുറ്റുമായിരുന്നു


ഞാനഗ്നി സാക്ഷിയായ് ആത്മാഭിമാനിയായൊരു ദിനം
അവളെ വേട്ടതും കൊഞ്ചിക്കുഴഞ്ഞതും കനവു നെയ്തതും
ആർദ്രമായ് കാവ്യങ്ങൾ കോർത്തതും ആ മരച്ചോട്ടിലായിരുന്നു


പിന്നെയെന്നുണ്ണികൾ ഇന്നലെ സന്ധ്യവരെ ആമോദരായ്
പുതുകാലത്തിന്റെ പുത്തൻ നേരുകൾ കുരുക്കഴിച്ചതും
പുറം കാലുകൊണ്ടു കുന്നായ്മകൾ തട്ടിത്തെറിപ്പിച്ചതും
പുതു യുഗ വിപ്ലവഗാനം കുറിച്ചതും ഇത്ര വളർന്നതും
ആ മരത്തിന്റെ സ്നേഹത്തണലിൽ മാത്രമായിരുന്നു


ഒടുവിലിന്നലകളിലൊരുനാൾ ഒരു നൂറാളുകൾ
വന്നെന്റെ പൊന്നു മരത്തിനൊരക്കമിട്ടു
നിങ്ങൾ നിരത്തുന്ന ന്യായങ്ങൾക്കൊക്കെയും
മറുന്യായമോതാൻ അതിൽ പ്രതികരിക്കാൻ
എന്നിലുള്ളതൊരായുധം എന്നെഴുത്താണി മാത്രം
എങ്കിലും കുറിച്ചിടുന്നു ഞാൻ നിങ്ങൾക്കായിത്ര മാത്രം


നട്ടു വളർത്തുവാൻ ഒരു തണൽ മരവും ചെടിയും
മർത്യന്റെയുള്ളിലൊരിത്തിരി സ്നേഹവും ദയാവായ്പും
എളിതല്ല നിങ്ങൾ വെട്ടി നിരത്തുന്നത്ര ഭൂമിയിൽ
വെട്ടിനിരത്തുക  മനസ്സിലെ കയ്പും കളങ്കവും
സ്വാർത്ഥ മോഹങ്ങളും സ്വരുക്കൂട്ടിയ കറുത്ത ചിന്തയും


ഇനി നിങ്ങളെടുത്തു കൊൾക ഭക്ഷിക്ക എന്നെന്നും
ഇതെന്റെ സ്വപ്നമാണു മോഹമാണവകാശമാണു
നിങ്ങളീ വേണ്ടാത്ത ശവമഞ്ചം പോലെടുത്തു പോവതു
വെറുമൊരു മരമല്ല ഒരു യുഗത്തിന്റെ കർമ്മ സാക്ഷിയും
ഒരുകോടി സുന്ദര സ്വപ്നങ്ങളുടെ കാതലാം താഴ്ത്തടിയും
അതിലേറെയെൻ അമ്മയാം ഭൂമിതൻ നിലനില്പുമാണു


നട്ടു വളർത്തുക മനസ്സിൽ സ്നേഹ മരങ്ങൾ ഒരായിരം
വരും കാലങ്ങളിൽ ഉയർന്നതിൽ എന്നും പുഷ്പിക്കട്ടെ
ഒരു നുള്ളു സ്നേഹവുമതിലേറെ ചിറകുള്ള മോഹങ്ങളും
 zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz


 

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സങ്കീർത്തനങ്ങൾ

ഭാര്യയുടെ പനിക്കിടക്കയിലിരുന്നു ഞാൻ
സൈബർക്കാറ്റുകളിലെ പുതിയ സങ്കീർത്തനവുമായ്‌
നിന്നോട്‌ ചിണുങ്ങുകയാണു


ബന്ധങ്ങളോരോന്നും നാടകശാലയിലെ
വേഷപ്പകർച്ചകളാണെന്ന അറിവ്‌
നീപകർന്നെന്നിലെത്തുന്നതിനും
യുഗങ്ങൾക്കുമുമ്പേ കുറിച്ചിടപ്പെട്ടിരിക്കണം


എന്റെ ജാലകങ്ങളിലിന്നു അവിശ്വസനീയതയുടെ
നരച്ച കാഴ്ച്ചകൾ മാത്രമാണു
ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കുമപ്പുറം
എന്റെ വാതായനങ്ങൾ ഞാൻ കൊട്ടിയടച്ചിരിക്കുന്നു
നിന്നോടു പുലർത്തുന്ന ബന്ധങ്ങളിൽ പോലും ഞാൻ
ഒരു ഇരുൾമറ കരുതിവെച്ചിട്ടുണ്ടാവണം


 പ്രണയത്തിനു ശേഷമുള്ള വിരഹത്തേക്കാൾ
യുദ്ധത്തിനു പിറകെയുള്ള പുകമണം കൊതിക്കുന്നു ഞാൻ

ഇവിടെയീ ആതുരാലയത്തിലെ പനിക്കിടക്കയ്ക്കു മുന്നിലും
ഞാനൊരുഗ്ര വേഷം കെട്ടിയാടുകയാണു
ഉഷ്ണമാപിനിയിലെ രസച്ചരടുകൊണ്ട്‌
മാനസിക വിഭ്രമങ്ങൾ അളന്നെടുക്കും നാൾവരെ
ഞാൻ ഉത്തരവാദിത്വമുള്ള കനവനായറിയട്ടെ


പ്രിയേ, എന്റെ ദുസ്വാതന്ത്ര്യങ്ങൾക്കു നീവ്യർത്ഥശാസനമിട്ട് 
 അതിർവരമ്പുകൾ കുറിക്കും വരെ ഞാനങ്ങനെ വിളിക്കട്ടെ
നമുക്കിടയിലുള്ള അകലം ഒരു മൌസ്ക്ലിക്ക് മാത്രമാണു
നാമിരുവർക്കുമിടയിലുള്ള ബന്ധവും അത്രമാത്രമെന്നു
ഉള്ളിൽനിന്നൊരു അപശകുനം കൊഞ്ഞനംകുത്തുന്നു


ഇന്നു ഒരു ഗന്ധകമഴയ്ക്കും പ്രളയമുന്നറിയിപ്പുകൾക്കും
മാത്രമാണെന്റെ കാതുകൾ കൊതിക്കുന്നത്
കരുണയുടെ ഒടുക്കത്തെ ജലാശയവുമിന്നു
ഉത്തരാധുനികതയുടെ കവികൾ ഊറ്റിക്കുടിച്ചിരിക്കുന്നു


ഇനിയെന്റെ ഉത്തമഗീതങ്ങൾക്കു നീ കാതോർക്കുക
അവിടെ മൂറിൻ തൈലവും കുന്തിരിക്കപ്പുകയും മണക്കുന്ന
മുന്തിരിത്തോപ്പുകളിൽ നമുക്ക് പരസ്പരം വഞ്ചിതരാകാം
അനാഥത്വത്തിന്റെ ഒരുകൂട്ടം പുത്തൻ തലമുറകളെ
തെരുവുകൾക്കു സമ്മാനിച്ചതിൽ പുതിയ ഇതിഹാസമെഴുതാം


എന്റെ എഴുത്താണിയിലെ ഒടുക്കത്തെ മഷിത്തുള്ളിയും
ഒലിച്ചിറങ്ങും വരെ നീ എന്റെ ബന്ധം വിഛേദിക്കാതിരിക്ക
ഒടുവിൽ മടുപ്പിന്റെ അമ്ളകണങ്ങൾ ലാവയായൊലിച്ച്
ഓർമ്മകൾക്കു മുകളിൽ ചാരമായ് പെയ്തിറങ്ങുമ്പോൾ
നമുക്കു സ്വയം മുറിഞ്ഞ് രണ്ട് ധ്രുവങ്ങളിലേക്ക്
രസച്ചേർച്ചയില്ലാതെ പറന്നിറങ്ങണം


ഒടുക്കം നീ പിടഞ്ഞുമരിക്കുന്ന ഒരോ നിമിഷവും
എന്റെ കഴുകൻ കണ്ണുകൊണ്ടൊപ്പിയെടുത്ത് ഞാൻ
സൌഹൃദ വലയങ്ങൾക്കു കൊറിക്കാൻ കൊടുക്കും
അവിടെ, സൈബർ യുഗങ്ങളുടെ അതിപ്രസരങ്ങളിൽ
അഭിപ്രായ പ്രകടനങ്ങളുടെ ആകത്തുകകളിൽ
 പ്രണയം ബലികൊടുത്ത് കവിത വാങ്ങുന്ന
സത്യപ്രവാചകനായ് ഞാൻ എന്നും വാഴ്ത്തപ്പെടും


അതിനുമുമ്പ് മൌനത്തിന്റെ അന്ത്യത്താഴങ്ങളിൽ
ഞാനെന്റെ ഭാര്യയ്ക്കൊരിറ്റു കണ്ണീർ നല്കട്ടെ

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

സുനാ­മിക്കു ശേഷം

നാടോടി­യുടെ വിശ­പ്പിനെക്കുറിച്ച്‌
നടു­ക്ക­ത്തോ­ടെ­യൊർക്കാൻ ഞാനാളല്ല
എന്റെ ചില്ലു മേശ­യിലെ വിഭ­വ­ങ്ങ­ളിൽ
നാടോ­ടി­ക്ക­ണ്ണു­ട­ക്കു­മ്പോൾ
കൊതിതട്ടാ­തി­രി­ക്കാൻ ഞാൻ
വറുത്ത ചെമ്മീൻ കഷ്ണ­ങ്ങളെ
എച്ചിൽകൂന­യി­ലേക്കെറി­യുന്നു
പിന്നെ,
നിറഞ്ഞ വയ­റിന്റെ അസ്വാസ്ഥ്യം
ഏമ്പ­ക്ക­മാ­യ­റി­യു­മ്പോൾ
എന്റെ മഞ്ഞച്ച കണ്ണു­ക­ളിൽ
കാമ­മൊരു നെരി­പ്പോ­ടാ­യെ­രി­യുന്നു
(നാ­ടോ­ടി­യുടെ സൗന്ദ­ര്യവും
ഡെറ്റോ­ൾ സോപ്പും തമ്മി­ലുള്ള ബന്ധം
പഠി­പ്പിച്ച സുഹൃ­ത്തിനു സസ്നേഹം)
നിന്റെ ഭാണ്ഡ­ത്തിലെ കുഞ്ഞി­നേയും
ചുര­ത്താ­ത്ത­മാ­റിലെ ക്ഷത­ത്തെയും വിട്ടു
പട്ടി­ണി­ക്കു­പ­കരം പച്ച­നോ­ട്ടി­ലേ­ക്കി­റ­ങ്ങാൻ
ഞാനൊരു തുരു­പ്പു­ചീ­ട്ടെ­റിയുന്നു
സുനാമി തുടച്ച നിൻ കന­വ­നേയും
സ്വപ്നം പകുത്ത പൊൻദി­ന­ങ്ങ­ളേയും മറന്നു
സ്വാർത്ഥ­നെൻ കാമ­ക്രീ­ഡ­കൾക്കു
കോപ്പൊ­രുക്കി കാത്തു കിടക്കു­മ്പോഴും
നീ വാഴ്ത്ത­പ്പെ­ട്ട­വ­ളാ­കുന്നു
രതി­യുടെ ഏഴു വാട­ങ്ങ­ളും തുറന്നു
നര­­കസാ­ഗ­ര­ത്തിൽ ഞാനു­യ­രു­മ്പോൾ
മുട്ടി­ലി­ഴ­യുന്ന നിൻ പൈതൽ
തെരു­വി­ലേ­ക്കി­റ­ങ്ങു­ന്നതു നീയ­റി­യു­ന്നില്ല
രതി­മൂർഛയുടെ ഒടു­ക്കത്തെ മാത്ര­യിൽ
ചത­ഞ്ഞ­ര­ഞ്ഞൊ­രു­ നേർത്ത സ്വരം
നടു­വീ­ഥി­യിൽ അലി­ഞ്ഞൊ­ഴി­യുന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

മരു­ഭൂ­മി­യി­ലേക്ക്‌

പ്രിയേ,
ഏകാ­ന്ത­ത­യുടെ  മുൾമുന­യി­ലേ­ക്കുള്ള
എന്റെ യാത്രയുടെ ഒരുക്കം പോലും
നിന്നി­ലൊരു മണൽക്കാടു തീർക്കു­ന്നത്‌
ഞാന­റി­യുന്നു


മൂന്നു­വട്ടം തള്ളി­പ്പ­റഞ്ഞ രക്ത­ബ­ന്ധ­ങ്ങളും
നാഴികയ്ക്ക്‌ നാലാ­വർത്തി തിര­സ്ക­രി­ക്കുന്ന
കർമ്മ­ബ­ന്ധ­ങ്ങളും
എണ്ണ­പ്പ­ണ­ത്തിനു മുന്നി­ലൊ­ന്നായ്ത്തീരു­മെ­ന്ന­യ­റിവു
എന്നെ­പോ­കാൻ പ്രേരി­പ്പി­ക്കുന്നു


കയ്യി­ലൊരു ബാധ്യ­ത­യു­മായി
കയ­റി­ക്കി­ട­ക്കാ­നി­ട­മി­ല്ലാതെ
കാരു­ണ്യ­ത്തിന്റെയോരോ കട­വു­കളും
നീ താണ്ടു­മ്പൊഴും
എന്റെ വിക­ല­സ്വ­പ്ന­ങ്ങ­ളിൽ മരു­ഭൂ­മി നിറച്ച്‌
പ്രേമ വായ്പു­ക­ളെ തല്ലി­ക്കെ­ടുത്തി
അസ്ഥി­യു­രുക്കുന്ന ചുടു­കാ­റ്റിലും
സ്നേഹ­ദീ­പ­മ­ണ­യാതെ ഞാനി­രിക്കും


അവി­ടെ, ദേഹം മുഴു­വൻ ദാഹ­ജലം പേറുന്ന
ഒട്ട­ക­ങ്ങളെ പോലെ
മന­സ്സിലെ ഇനിയും മര­വി­ച്ചി­ട്ടി­ല്ലാത്ത
ഏതെ­ങ്കി­ലു­മൊരു കോണിൽ
തിരി­ച്ചു­വ­ര­വിന്റെ വിനാ­ഴി­ക­കളെ
കുത്തി നിറച്ച്‌ ഞാന­ലയും
നിന്റെ സ്നേഹ­മൊരു കാന്ത­ക്ക­ല്ലായ്‌
എന്നെ കൊളുത്തി വലി­ക്കു­മ്പോഴും
കാരി­രു­മ്പിന്റെ ഹൃദയ കാഠി­ന്യ­ത­യിൽ
കള്ളി­മുൾച്ചെ­ടി­ക­ളെ­യ­ള്ളി­പ്പി­ടിച്ച്‌
കാന­ന­വാ­സ­ത്തിന്റെയൊടു­ക്ക­ത്തെ ദിന­ങ്ങളെ
ഞാനെണ്ണി­ത്തീർക്കും


എന്റെ തിരി­ച്ചു­വരവിന്‌ നീയൊരു
കണ്ണാ­ടി­യായ്‌ ഒരു­ങ്ങി­യി­രി­ക്കുക
മണൽതിന്ന എന്റെ കരി­വാ­ളി­പ്പു­ക­ളിൽ
സ്വയം തീർത്ത എന്റെ മൗന വൽമീ­ക­ത്തിൽ
എനി­ക്കെന്നെ നഷ്ട­മാ­വു­മ്പോൾ
എന്റെ യഥാർത്ഥ പ്രതി­ഫ­ല­ന­മാ­കു­വാൻ
ഉട­യാതെ കാത്തു കിട­ക്കുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

ഗിനിപ്പന്നികൾ

ഞങ്ങൾ ഒരു കൂട്ടം ഗിനിപ്പന്നികൾ
കാലാകാലങ്ങളിലെ ഭരണകൂടങ്ങളുടെ
പരീക്ഷണങ്ങളിലെ ബാക്കിപത്രങ്ങൾ
വികാരങ്ങളും വർഗ്ഗബോധങ്ങളും
ജനിതക മാറ്റംചെയ്തു നീക്കപ്പെട്ടവർ
മുതലാളിത്ത മേല്ക്കോയ്മകൾ
യജമാനന്മാർക്കെറിയുന്ന അപ്പക്കഷ്ണങ്ങൾ
പുളിപ്പ് നോക്കാൻ മാത്രം വളർത്തപ്പെട്ടവർ
രാഷ്ട്രീയ നായകരുടെ രേതസ്സു വരെ
രതിമൂർച്ചയറിയാതെ ഏറ്റുവാങ്ങേണ്ടവർ


ഞങ്ങൾക്കു സ്വന്തമൊരു ആകാശമില്ല
ഉയർന്നു പറക്കാനൊരു കൊടിയും ഊന്നുവടിയുമില്ല
ഞങ്ങൾക്കായ് നീതിയും വ്യവസ്ഥയുമില്ല


പ്രകടന പത്രികയിലും കാനേഷുമാരിയിലും പെടാത്തവർ
ആനുകൂല്യവും അഭിപ്രായ പ്രകടനവുമില്ലാത്തവർ
രേഖകളിൽ ജനിക്കാത്തവർ ജീവിക്കാത്തവർ മരിക്കാത്തവർ

രോഗജന്യ ജീനുകളെ ഞങ്ങളുടെ കോശങ്ങളിൽ നിറച്ച്
രാജകുമാരന്മാർക്കായ് അമൃത് കടഞ്ഞെടുക്കുന്നവർ
നിങ്ങളുടെ വർഗ്ഗീയ വിഷം കുടിച്ച്
നിങ്ങൾക്കായ് നൂറുമേനി കൊയ്തെടുത്തവർ
വിശക്കാത്തവർ വിലപേശാനറിയാത്തവർ


ഞങ്ങളുടെ സന്തതി പരമ്പരകൾ
ഭരണകുടിലതയുടെ രതിപരീക്ഷണ ശാലകൾ
ഞങ്ങളുടെ ചിന്താ മണ്ഡലങ്ങൾ
കാട്ടാള ഭൂരിപക്ഷത്തിന്റെ മേച്ചിൽപ്പുറങ്ങൾ


ഇവിടെ ഞങ്ങൾക്കായ് ഒരു പ്രസംഗ പീഠമില്ല
പ്രതിജ്ഞാവാചകവും പ്രവർത്തന മേഖലയുമില്ല
ആണ്ടാണ്ടുകാലം താറുടുത്ത് ഉടവാളെടുത്ത്
നിങ്ങൾതൻ സ്ഥാന ലബ്ധിക്കു മാത്രമായ്
ഉറഞ്ഞുതുള്ളി സ്വയം തലവെട്ടിപ്പൊളിക്കുവോർ
ജനാധിപത്യം കാടേറാതിരിക്കാനായ്
കാടിറങ്ങിവന്ന് കയ്യിൽ മഷി പുരട്ടുവോർ
ഉപ്പുകർപ്പൂരം മുതൽ ഉഛ്വാസ വായുവിനു വരെ
ഉയിർ പിഴിഞ്ഞെടുത്തും കരമൊടുക്കുവോർ


എന്നിട്ടുമെന്തിനെൻ മേലാള വർഗ്ഗമേ
ഞങ്ങൾതൻ മോഹങ്ങൾ പകുത്തെടുത്തൂ
എന്നിട്ടുമെന്നിട്ടുമെന്തിനെൻ സത്വമേ
ഞങ്ങളുടെ തത്വങ്ങൾ പറിച്ചെടുത്തൂ

ഞങ്ങൾക്കായിന്നൊരു വേദമില്ല
രതി സ്വപ്നങ്ങളും ഭ്രമണ മാർഗ്ഗവുമില്ല


കൂടെക്കിടക്കുവാൻ കൂട്ടിക്കൊടുക്കുവാൻ
ഞങ്ങളുടെ പെണ്ണിന്റെ മടിക്കുത്തഴിക്കുവാൻ
നിന്റെ കരാള ഹസ്തങ്ങൾ നീണ്ടുനീണ്ടൊടുവിൽ
വിത്ത് വിതയ്ക്കാനും വിളവെടുക്കാനും
നീയിട്ട ചട്ടങ്ങൾ പോലെ വീണ്ടും
ഞങ്ങളെത്രമാത്ര പെണ്ണിനെ പുല്കണം
അവളെന്തു പെറണം എത്രവട്ടമാവാം
നിന്റെ ചട്ടങ്ങളും നിയമാവലികളും
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളും കടന്ന്
വ്യക്തിത്വ ഹത്യയുടെ മൂന്നാം പക്കമെത്തുമ്പോൾ
ഞങ്ങളുടെ ഒടുക്കത്തെ നെല്ലിപ്പലകയും കഴിഞ്ഞ്
അവകാശ ധ്വംസനങ്ങളുടെ അഴിഞ്ഞാട്ടമാവുമ്പോൾ
ഉള്ളിൽനിന്നൊരു കണം ഉയിർത്തു വരും
ഒരായിരം പ്രതിഷേധാഗ്നികൾ ഉജ്ജ്വലം
അതിൽ വെന്തെരിഞ്ഞൊടുക്കം നിൻ
ഭരണ വ്യവസ്ഥകൾ ചാമ്പലാകും മുമ്പൊരു
മാത്രയെങ്കിലൊരുമാത്ര ചിന്തിക്ക നീ
എൻ വംശം പെറ്റുപെരുകാത്തിടത്തോളം
ആരു നിൻ കൊടികൾക്കു രക്തമേകും
എൻ വംശം പൊരുതി മരിക്കാത്തിടത്തോളം
ആരു നിൻ രഥങ്ങൾക്കു മാർഗ്ഗമേകും
പിന്നാരു നിൻ വയലുകളിൽ വിത്തിറക്കും

അതുകൊണ്ട് ഞാനെന്റെ എഴുത്താണികൊണ്ട്
എഴുതിടട്ടേ വാക്കുകൾ ഇത്രമാത്രം
ഭരണ വ്യവസ്ഥകൾ ഞങ്ങൾക്കു വേണ്ടിയൊന്നു
നന്നായ് ചിന്തിച്ചിടാത്ത കാലമെല്ലാം
ഭരണം കയ്യാണ്ടിടാനെന്റെ മക്കൾ
വരും പുതു ഊർജ്ജവും വിപ്ലവവുമായി വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...