2011, നവംബർ 25, വെള്ളിയാഴ്‌ച

ദയാവധം


ദയാവധമനുവദിക്ക എനിക്കെന്ന്
ദൈന്യമായ് കാലുതൊട്ടു ഞാൻ കേണിടുന്നു
അത്രമേൽ രോഗാഗ്രസ്തമായ് വിവശയായ്
ആർത്തിയോടുറ്റുനോക്കുന്നു മരണത്തിരുകരം


നിങ്ങൾ തൻ മതമൂല്യങ്ങളും മാമൂലും മഷിനോട്ടവും
പരിഷ്കാരവും പാരമ്പര്യവും പിത്തലാട്ടവും
ഒന്നുമൊരിക്കലും നീട്ടുകില്ലെന്നിലേക്ക്
കരുണകിനിയും കനവിലൊഴുകുമൊരു ചെറുകരം
എങ്കിലും ഉടലിൽ ജീവൻ നിലനില്ക്കയും ഉണ്മയിൽ
ശവതുല്ല്യമായെന്നവസ്ഥയിൽ ഒരിക്കലെങ്കിലും ഉടച്ചെഴുതുക
ഉരുകാതെ പോകും നിങ്ങടെ നിയമ വ്യവസ്ഥകൾ


ശരീരവും മനസ്സും പ്രാണനും മൂന്നുമുൾച്ചേർന്ന എന്നെയും
ഒരു പ്രാർത്ഥനാ ഗീതം പോൽ നിൻ മുന്നിലർപ്പിച്ച്
എന്നിലെയർബുദം കീറിമുറിച്ചെടുത്തു നീ എന്നെയൊരു
വെൺപ്രാവായ് വാഴ്വിലേക്കു തിരികെ പറത്തുന്ന
നല്മുഹൂർത്തംകണ്മൂടിമനംനിറഞ്ഞുകാണാനൊരുങ്ങുന്നവേളയിൽ
കാമംകരിങ്കൂവളപ്പൂക്കളായ്മനസ്സിൽകളമെഴുതിയെന്നാതുരസേവകാ
എന്നിലെയെന്നെയുംവിലപ്പെട്ടതൊക്കെയുംനീകവർന്നെടുക്കുംമുൻപ്
ഒരിറ്റുവിഷംകുത്തിവെച്ചെൻനെറുകയിലൊരുവിധിയുടെകൈപ്പിഴമുദ്രചാർത്തി
എന്നൊടുക്കത്തെ പിടച്ചിലാസ്വദിച്ച്എനിക്കുനിൻദയാവധമരുളുക


കൺകണ്ട ദൈവം നിൻ ഗുരുവെന്ന നല്ചിന്ത പണ്ടമ്മ
തേനിൽ ചാലിച്ചു രസനയിൽ പകർന്നേകിയ നാൾമുതൽ
ഏഴുതിരിയിട്ടണയാതെയെന്നുള്ളിൽ ജ്വലിക്കുവാൻ
അത്രയേറെ മഹത്തരമായ് കാക്കുന്ന നിൻ രൂപം
വിദ്യപകർന്നേകുന്നസരസ്വതിസന്നിധിയിലൊരുഅഭിശപ്തവേളയിൽ
എന്റെ നഗ്നമാം മുലക്കണ്ണിൽ ബലാത്കാരചുണ്ടായിരം വട്ടം
അമർത്തിയെന്നെയഗ്നിയിൽ ദഹിപ്പിക്കും മുമ്പെൻ ഗുരോ
നിൻ കരം കൊണ്ടൊരുഗ്ര താഢനം തന്നെന്നെ
നല്ലൊരു ദയാവധം നല്കി നീ ആശീർവദിക്കുക


ഞാറ്റുവേലയും മുണ്ടകനും തേക്കുപാട്ടുമായെന്നന്തരംഗം
ഒരു കാഴ്ചശീവേലിപോൽ പവിത്രമായോർക്കുന്ന കാർഷികം
ഒരുവെള്ളിത്തൂക്കംപോലുംമതിക്കാത്തചെറുനാണയക്കിലുക്കത്തിനായ്
ഒരായിരം മാരക രാസ ചേരുവകൾ കുത്തിനിറച്ചെന്നെയല്പാല്പമായ്
കൊന്നൊടുക്കും മുമ്പെന്റെ അഭിനവ കലിയുഗ കർഷകാ
ഒന്നിച്ചൊരു വിഷമാരിയായ് എന്നിൽ തിമിർത്തു പെയ്തു നീ
നിന്റെ തിരു ദയാവധ പ്രസാദത്തിലെന്നെ മുക്കിയൊടുക്കുക


ഇനിയെന്റെ അമ്മയാം ഭൂമിയിൽ നിൻ നാഗരികത
ആഴ്ന്നിറങ്ങി ജലത്തിന്റെ ഒടുക്കത്തെ കണവുമകക്കാമ്പും
വാരിയെടുത്ത് കുരുതികഴിച്ചൊടുക്കമെൻ മാനവാ
തീപിടിച്ച് പഴുക്കുന്ന തൊണ്ടയൊന്നു നനയ്ക്കുവാൻ
ഒരിറ്റുനീരിനായ് ചൊവ്വാഗ്രഹത്തിന്റെ ശാപമണ്ണു തോണ്ടും മുൻ
ഒരു പ്രളയം വന്നെന്നെ കടലിന്നടിത്തട്ടിലാഴ്ത്തുവാൻ
ഒരു ദയാവധമായ് നീയെന്നിൽ തകർന്നടിയുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, നവംബർ 17, വ്യാഴാഴ്‌ച

നാളേടുകൾ



നല്ല പുലർവേളയിലെൻ നാളേടുകൾ പരതവേ
രണ്ടു കാര്യങ്ങളെന്നിൽ മുന്നിട്ടു നില്ക്കുന്നു
രണ്ടു സംസ്കാരങ്ങളൊന്നാവുമൊരു നൽ വിവാഹവും
രണ്ടാം ലോകത്തേക്കാത്മാവു കുടിയിരിക്കുമൊരു മരണവും


ഒന്നായ് കൂടിച്ചേരുന്ന കടുത്ത വർണ്ണങ്ങളും
ആസക്തിയുണർത്തുന്ന സുഗന്ധക്കൂട്ടുകളും
എന്തിനോ എന്നെയിന്നത്രമേൽ തരളിതനാക്കുന്നു


നിറങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ നിന്നു
എല്ലാം ശുഭ്രമയമാകുന്നൊരു വാർദ്ധക്യത്തിലേക്കാണു
നടന്നടുക്കുന്നതെന്നയറിവു ചായക്കൂട്ടുകളിൽ
ഒന്നായ് അഴിഞ്ഞലിയാൻ എന്നെ പ്രേരിപ്പിക്കുന്നു


ദിശയറിയാത്ത ദൂരത്തെവിടെയോ വിവാഹമെന്നറിയുമ്പൊഴും
സൗഹൃദത്തിന്റെ തീക്ഷ്ണതയ്ക്കപ്പുറം ഉള്ളുണർത്തുന്ന
വർണ്ണമേളങ്ങളുടെയൊരു ചുഴലിക്കാറ്റ് എന്നെ വലിച്ചടുപ്പിക്കുന്നു

യാത്രയിലെ ഘനശബ്ദം സൗഹൃദകൂട്ടായ്മയിലെ
വിശാലതയും വളർച്ചയും മൊഴിയുന്ന നേരവും
ഞാനെന്റെ നിറക്കൂട്ടുകളിൽ ഒതുങ്ങുകയാണു


ഇവിടെ വിവാഹം സ്വർഗ്ഗത്തിലെന്നതിനപ്പുറം
സ്വർഗ്ഗലോകം വിവാഹ വേദിയിലെന്നു
വേദം തിരുത്തി വായിക്കപ്പെടുന്നു


മരണം - മനസ്സറിയാത്ത വിലാപങ്ങളും
മടുപ്പിക്കുന്ന പുകച്ചുരുളുകളും ഒത്തുചേരുന്നു
എന്റെ സാന്നിദ്ധ്യം വിളിച്ചോതുവാനായ്
പുഷ്പചക്രമർപ്പിക്കുന്ന വേളയിൽ പോലും
മനസ്സുകൊണ്ടത്രമാത്രം ദൂരെയാകുന്നു ഞാൻ


കായ്ക്കുന്ന മാവെന്തിനു പോയ കാരണവർക്കായ് വെട്ടണം
എഴുതാതെ പോയ ഒസ്യത്തിൽ മുന്തൂക്കമാർക്ക് കിട്ടണം
സഞ്ജയനം, പുലകുടിയടിയന്തിരം പൂർവ്വകാല സംസർഗ്ഗം
ഓരോ മൂലയിൽനിന്നുമൊരുനൂറു മുറുമുറുപ്പുകളുയരുന്ന നേരം

വിരിയാതെ പോയ വാക്കുകൾക്കായ് വ്യർത്ഥം
വേദനയിൽ അടയിരിക്കുന്നുഞാൻ

ഒടുവിലൊരു സൗഹൃദമെൻ കരം ഗ്രഹിച്ചോതുന്നു
മുൻ കൂട്ടിയറിഞ്ഞിരുന്നെങ്കിലച്ഛന്റെയീ മരണം
മാലോകർക്കു കൂടുവാനായ് നല്ല ഹാളൊന്നിലാക്കിയേനെ
അസൗകര്യങ്ങൾ പൊറുക്കണം ഇത്രയോർത്തില്ല മുന്നമേ
വീടിനിക്കുറി പൂശിയ ചായവും മുറ്റത്തു വിടർന്ന മുല്ലയും
എല്ലാം നിരങ്ങി ജനം, നാശം വല്ലാതെ കേടാക്കി


സംസ്കാരം തലമൂത്തിനിയൊരുനാൾ
ശവ സംസ്കാര നാടകം പോലുമെൻ സഖേ
കൊട്ടിഘോഷിക്കുമൊരു ഭോഷ്കാവുന്ന
അസംസ്കൃത യുഗത്തിൻ പിറവിക്കു മുന്നേ
സുഷുപ്തിയിലായെങ്കിലിനി ഞാനെന്നു
സങ്കട ഹർജിയൊന്നുണർത്തിടട്ടേ

mmmmmmmmmmmmmmmmmmmmmmmm

2011, നവംബർ 16, ബുധനാഴ്‌ച

പൂരാടം



പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഞാനിഷ്ടപ്പെടുന്നവയെന്നെ
ഇഷ്ടപ്പെടണമെന്നല്ല
എങ്കിലും,


കാലുകൾ പൊതുവെ
ഉപകാരിയെന്നാണു ധാരണ
കാലൻ മമ്മൂഞ്ഞും
ഇരുകാലി ജോസഫും
കാലിനാലറിയപ്പെടുന്നവരാണു
നാളിനു കാലുള്ളതു
പൂരാട നാളിനാണു
പക്ഷേ,
അവയൊരിക്കലും
പൂരാടത്തിനുപകാരമായിട്ടില്ല
കാലുള്ള നാളെന്ന
ദുഷ്പേർ തന്നതല്ലാതെ
ഒടുവിൽ കാലനായ്
വരുമെന്ന ഭീതി വേറേയും


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
അയല്ക്കാരിൽ പലർക്കും
പേരിനൊരു തലയുണ്ട്
തിരി മുഹമ്മദും
ചെകുത്താൻ തോമസും
മറ്റുപലരും
നാളുകളിലെല്ലാം
തലയുള്ള നാൾ പൂരാടമാണു
കരിം പൂരാടമെന്ന
കറുത്ത തല


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഞാനൊറ്റപ്പെടുന്നതു പോലെ
പൂരാടവും പലപ്പോഴും
ഒറ്റപ്പെടുന്നു
കർക്കിടകത്തിൽ
അപവാദമില്ലാതല്ല
കർക്കിടകവും കൂടെ
കരിം പൂരാടവും ചേർന്നാൽ
കലിയും പുഷ്കരനും
പോലെയെന്നു


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
പൂരാടത്തിൽ പിറന്നത്
എന്റെ തെറ്റല്ല
ഞാനിഷ്ടപെട്ടില്ലെങ്കിലും
എന്റെ ഇരുട്ടറയെന്നെ
പുറം തള്ളാതിരിക്കില്ല
അമ്മയും അച്ഛനും
രണ്ടായി പിരിഞ്ഞത്
എന്റെ കർമ്മ ഫലമല്ല
പൂരാടത്തിന്റെയെന്നു
ഞാൻ കരുതുന്നുമില്ല


പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ
ഓരോ നാളിനും
ഓരോ ജാതകം
കുറിക്കപ്പെട്ടിരിക്കുന്നു
പിന്നെയെന്തിനു
എന്റെ ജാതകത്തിൽ
ഞാൻ പരിഭവപ്പെടണം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2011, നവംബർ 11, വെള്ളിയാഴ്‌ച

ഒന്നാം തീയതി



ഇന്നു ഒന്നാം തീയതി
വെറുമൊരു ഒന്നാം തീയതിലെന്തു
എന്നതിശയം കൂറുന്നവർക്കു മുന്നിൽ
ഒന്നുകളാറെണ്ണം നിവർന്നു നില്ക്കുന്നു


ഒന്നിച്ചു നില്ക്കുന്ന ഒന്നുകളിൽ
ഒരുനിമിഷമൊന്നു നോക്കുന്ന വേളയിൽ
ഒരായിരം സന്ദേശങ്ങളെന്നിലേക്കു
ഓടിയെത്തുന്നിതെന്തത്ഭുതം


അന്ത്യ ചുമ്പനം നല്കാനിട നല്കാതെ
അഗാധമായ നീർപ്പരപ്പിലേക്ക്
ഓടിയൊളിച്ച തട്ടേക്കാടു ബാല്യങ്ങൾക്ക്
ഓർമ്മപ്പെരുന്നാളിനിന്നൊരു ഒന്നാം തീയതി


കാമം കിനിയുന്ന കറുത്ത കരങ്ങളിൽ
വിടരുന്നതിനു മുമ്പേ കൊഴിഞ്ഞു വീണ
കൃഷ്ണവേണിമാരെ കാത്തുവെയ്ക്കാൻ
കളങ്കമില്ലാത്തൊരു ഒന്നാം തീയതി


ഉപ്പിലും ഉരുളയിലും ഒരുതുള്ളി നീരിലും
ഉഗ്ര വിഷക്കൂട്ടുതീർക്കുന്ന ലാഭക്കൊതിയുടെ
തലതല്ലിപ്പൊളിക്കാനിനിയിന്നൊരു ഒന്നാം തീയതി


ഉള്ളിലൊരുകുടം സ്നേഹമൊളിപ്പിച്ച്
ഇല്ലാ സദാചാര മൂല്യവും സാമൂഹിക നീതിയും
മറ്റുള്ളവരെന്തെന്നെ എണ്ണുമെന്നാധിയിൽ
ഒന്നിക്കാതെ പോയൊരു നൂറു യുവത്വങ്ങൾക്കു
ഒന്നായ് ചിന്തിക്കാനിന്നു നൽ ഒന്നാം തീയതി


ദുരന്തങ്ങളൊന്നിനു പിറകിലൊന്നായ്
ഒരുപാടാവർത്തിക്കുന്ന കാലവും
ഒരുമാത്രയൊന്നായ് ചിന്തിച്ചുണരുവാൻ
വടിവൊത്തുനില്ക്കുന്ന ഒന്നുകളുടെ ഒന്നാം തീയതി


മതവർഗ്ഗ കൊടിഭേദ വർണ്ണങ്ങൾ വെടിഞ്ഞൊന്നു
നാടിന്റെ നന്മയും നറുനിലാ വെണ്മയും
സ്വപ്നത്തിൻ പരിവേഷ വിതാനങ്ങൾ വിട്ടെന്റെ
മണ്ണിലേക്കിറങ്ങി വരാനിന്നൊരു പുതു ഒന്നാം തീയതി


ഇനി നൂറു വർഷങ്ങൾ ഇത്ര നല്ലൊരു
ഒന്നാം തീയതിയാവർത്തിക്കില്ലെങ്കിലും
ഒരു നൂറു മനസ്സുകളിലൊന്നായ് നില്ക്കേണ്ട
ദൃഢചിന്തയുണരുന്ന, ഇന്നെൻ ആയുസ്സിൽ
ഇത്രമേൽ കാണാത്ത നല്ലൊരു ഒന്നാം തീയതി

ooooooooooooooooooooooooooooooooooooooooo

2011, നവംബർ 9, ബുധനാഴ്‌ച

മൗനം



നിന്റെ മൗനം
അതെന്നിലത്രമേലസഹ്യമായ്
പെയ്തിറങ്ങുന്നോമനേ


വിതുമ്പാതെ പോകുന്ന
ഓരോ കരിമേഘങ്ങളിലും
മണ്ണിൽ പുണരാതെ പോകുന്ന
ഓരോ വെയില്ക്കീറുകളിലും
വിടരാതെ കൊഴിയുന്ന
ഓരോ പനിനീർ മൊട്ടുകളിലും
നിന്റെ മൗ
നമെന്നോട്
പറയാതൊരു പരിഭവം
പങ്കുവെയ്ക്കുന്നുണ്ട്


നിന്റെ മൗനം എന്റെ കിനാക്കാടുകളെ
തരിശാക്കിയിടുന്നത് ഞാനറിയുന്നു
അതെന്നിലൊരു ശൂന്യതയുടെ
മണല്ക്കൂന തീർക്കുന്നതുണരുന്നു


കന്യാ ചർമ്മങ്ങൾ ചീന്തിയെറിയപ്പെടുന്ന
മെയ്ക്കരുത്തിന്റെ രതിവൈകൃതങ്ങളിൽ
ഒന്നുറക്കെ കരയാതെ പോകുന്ന നിന്റെ മൗ
നം
പ്രതിപ്പട്ടികയിൽ മുന്നിട്ട് നില്ക്കുന്നു


അമ്മിഞ്ഞ നുണയാതെ പോകുന്ന
ഓരോ ശൈശവങ്ങൾക്കു പിന്നിലും
ഒന്നുടയാതെ നില്ക്കുന്ന നിന്റെ മൗ
നം
വ്യർത്ഥമായൊരു മുലച്ചൂടു തീർക്കുന്നു


പളുങ്കു പാത്രമായ് ഉടഞ്ഞു ചിതറിയ
വിശുദ്ധ ദാമ്പത്യ കനികളിൽ
എന്റെ കോപതാപങ്ങൾക്കു മേൽ
ഉയർന്നു നില്ക്കുന്ന നിന്റെ മൗ
നം
നമ്മെ വ്യത്യസ്തമായ  താഴ്വരകളിലേക്കു
വലിച്ചെറിയപ്പെടുന്നു


അടിച്ചമർത്തപ്പെടുന്ന സ്ത്രീത്വങ്ങളിൽ
അബലയെന്നപമതിക്കുന്ന വാക്യാർത്ഥങ്ങളിൽ
തെരുവുമൂലകളിൽനിന്നുയരുന്ന
കാമച്ചുവയുടെ വാക്ശരങ്ങളിൽ
ഒരു കണമുടയാതെ പോകുന്ന
നിന്റെ മൗ
നമൊരു ഉല്പ്രേരകമാവുന്നു

ഇനിയൊരുനാൾ
നിന്റെ മൗ
നമെന്നിലൊരു
തുലാവർഷം തീർത്ത്
ഇടിവെട്ടി തിമിർത്തു പെയ്തതിൽ
ഞാൻ തിരുസ്നാനമേറ്റുയിർക്കുമ്പോൾ
നിന്റെ മൗ
നമെന്നിലുടഞ്ഞലിഞ്ഞിരിക്കും

അന്നു സ്ത്രീയെന്നതെനിക്കമ്മയും
കുഞ്ഞു പെങ്ങളും രതിനൈവേദ്യമേകുന്ന
പ്രിയ കാമിനിയുമായിരിക്കും
അന്നു നിന്റെ വാചാലതയ്ക്കു മുന്നിൽ
മുനയൊടിഞ്ഞ അസ്ത്രങ്ങളോരോന്നും
ഗതിയറിയാതെ മുനിഞ്ഞു കത്തും
അതുവരെ ഞാൻ നിന്റെ മൗനങ്ങളിൽ
എന്നെ തേടിയലയട്ടെ

mmmmmmmmmmmmmmmmmmmmmmmmmm

2011, നവംബർ 8, ചൊവ്വാഴ്ച

ജീവിത സഖി



താര­ത­മ്യ­ങ്ങ­ളിൽ
നീയെന്നും
താഴേ തട്ടി­ലാ­യി­രുന്നു
പ്രണ­യ­പാ­ര­വ­ശ്യ­ങ്ങ­ളിൽ
നീയെന്റെ
പടി­പ്പു­റ­ത്താ­യി­രുന്നു
ഓർമ്മ­ക­ളി­ലെന്നും
എനിക്കു നീ
കയ്പു രസം  പകർന്നു
നാലാ­ളു­ള്ളി­ടത്ത്‌
നീയൊ­രി­ക്കലും
നേർക്കു­വ­രാതെ
കാത്തു ഞാൻ
കിനാ­വിന്റെ
മുൾപ്പ­ടർപ്പു­ക­ളിൽ
ഊർന്നി­റ­ങ്ങു­മ്പോഴും
പാര­മ്യ­തയുടെ
പറു­ദീ­സ­യിൽ
നീന്തിത്തുടി­ക്കു­മ്പൊഴും
നീ നീയ­ല്ലെന്നു ഞാൻ
സ്വയം നടിച്ചു
കോലം കെട്ടാൻ
വേലി ചാടാൻ
നടു­മു­റ്റ­ങ്ങ­ളിലും
നാട്ടു­കൂ­ട്ട­ങ്ങ­ളിലും
മുമ്പനാ­വാൻ
നാഴി­കയ്ക്കു നാലാ­വർത്തി
നിന്നെ ഞാൻ
ഒറ്റു കൊടുത്തു
പിന്നെ
കാല­ത്തി­നെ­തിരെ
ചർമ്മ­ങ്ങ­ളിൽ പുതിയ
രാസ­ സം­യോ­ജനം
കോശ­ങ്ങ­ളിൽ
അമ്ളക്ഷാ­ര­ങ്ങൾ
നരക നൃത്തം ചവി­ട്ടു­മ്പോഴും
നിത്യ യൗവ്വനം തേടി
പതി­നാ­റു­കാ­രി­യിൽ നിന്ന്‌
മറ്റൊ­രു­വ­ളി­ലേയ്ക്ക്‌
ഒടുവിൽ,
കാലണയ്ക്കുത­വാതെ
കാലന്റെ കാരുണ്യം
കാത്തു­കി­ട­ക്കുന്ന വേള­യിൽ
എന്റെ മര­ണ­ക്കി­ട­ക്ക­യിൽ
ഒരു ശ്വാസ­ത്തിനു
മറു ശ്വാസ­മായ്‌
ചല­ന­മറ്റ നാവിന്റെ
നിലയ്ക്കാത്ത വാക്കായ്‌
തളർന്ന­യെൻ മന­സ്സിനു
ഉൾക്ക­രു­ത്തായ്‌
താങ്ങായ്‌ തണ­ലായ്‌
സ്വജീ­വിതം പോലും
എനി­ക്കായ്‌ പകരം വെച്ച്‌
മരണ ദൂതനു മുമ്പിലീ
ജാലകം കൊട്ടി­യ­ട­ച്ചെന്നെ
പരി­ര­ക്ഷി­ക്കു­വാ­ന­ത്ര­മേൽ
വെമ്പൽ കൊള്ളുന്ന നിന്നെ­യിന്ന്‌
താര­തമ്യം ചെയ്യു­വാൻ
ഭൂമി­ലോ­ക­ത്തൊരു
മർത്യ­ജന്മം പോലുമി­ല്ലെന്ന്‌
തിരി­ച്ച­റി­യുമീ വേള­യിൽ
മര­ണ­മെ­ന്നിൽ ഒടു­ങ്ങി­യാലും
സഫ­ല­മെ­ന്ന­റി­യു­ന്നു
എൻ ജീവിതാന്ത്യ­മെ­ത്രയും

OOOOOOOOOOOOOOOOOOOOOO

2011, നവംബർ 7, തിങ്കളാഴ്‌ച

പ്രമേഹം


മധുരമൊരു തരിമ്പെങ്കിലും രുചിയറിയാൻ കൊതിക്കുന്നു
മനസ്സും ശരീരവും കയ്പുനീരിൽ കുതിരുന്ന നേരവും
മണ്ണും പൊന്നു പണവും പലകോടി പടവെട്ടി നേടി ഞാൻ
ജയപരാജയങ്ങളിൽ ഊറ്റമേറെയറിയാതെ
ജനമദ്ധ്യത്തിൽ പരിഹാസനായുമിടറിയും
ജന്മം സഫലമെന്നാക്കുവാൻ അലഞ്ഞുതിരിഞ്ഞതും


പണവും പ്രശസ്തിയൊന്നു മാത്രം ലക്ഷ്യമായ്
പ്രണയവും പരിണയവും പുറങ്കാലിൽ തട്ടിയെറിഞ്ഞതും
പ്രാർത്ഥനയും പകല്ക്കിനാവൊന്നുമില്ലാതെ
പകലന്തിമുഴുവൻ ഞാൻ പെരും പണി ചെയ്തതും


അന്യദേശത്തപമാനിതനായ് അടിമവേല ചെയ്കിലും
ആശിച്ചുപോയൊരുനാളെങ്കിലും സ്വർഗ്ഗീയ ജീവിതം
അനുഗാമിയാകുവാൻ വന്നവൾ അർദ്ധവിരാമം കുറിച്ചപ്പൊഴും
ആശ്വാസം കൊണ്ടു ഞാൻ മകനൊന്നു വളരുമെന്നായ്


പണയപ്പെടുത്തിയെൻ ജീവിതം നിന്റെ നന്മയിൽ
പലനാളന്തിയിലന്നം വെടിഞ്ഞു ഞാനുറങ്ങിയും
പ്രാരാബ്ധമൊന്നു നീയറിയരുതെന്ന വാശിയിൽ
പടിവാതിൽ പലതു ഞാൻ മുട്ടിയുമിടറിയും


അണിയാൻ കൊതിച്ച കിരീടവേഷമോരോന്നും
അരസികനായ് നീ കശക്കിയെറിയുന്നതും
അർത്ഥമില്ലാത്ത കോലം കെട്ടിയാടി നീ
ആത്മ നിന്ദയിൽ അരങ്ങൊഴിയുന്നതും കണ്ട്


ഏതോ നിഗൂഢ സ്വപ്നമൊന്നിൽ ഞെട്ടിയുണർന്ന നേരം
എരിതീയിൻ നടുവിലാണെൻ ജീവിതമെന്ന പരമാർത്ഥമറിയുന്നു
എരിവും മധുരവും വിട്ടു പ്രമേഹത്തിൻ പടികടന്നു
എങ്ങോ കല്ലറക്കെട്ടിൽ ഞാൻ ഗതികെട്ടലയുന്ന നേരവും
എനിക്കായ് നീ കരുതിവയ്ക്കുക ഒരുപിടി ബലിയന്നമെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2011, നവംബർ 4, വെള്ളിയാഴ്‌ച

ഒത്തു ചേരലുകൾ




ഞങ്ങൾ ഒത്തുചേരുകയാണു
സൌഹൃദത്തിന്റെ വലകൾ നെയ്ത
ഉന്മാദമായ പുതിയൊരു ലോകത്ത്

ഇവിടെ ദൂരങ്ങളും വർണ്ണങ്ങളും
ഞങ്ങളുടെ വാക്കുകളിൽ കടന്നു വരുന്നില്ല
മത വൈരങ്ങളുടെ കഠാരകളും
അധികാരക്കൊതിയുടെ കൊടികളും
ഞങ്ങളിലൊരു അകലം തീർക്കുന്നില്ല

ഇവിടെ, ഈ ഏകാന്ത വാസത്തിന്റെ
ഒടുക്കത്തെ, ഒമ്പതാം യാമങ്ങളിൽ
ചുട്ടുപഴുത്ത മണൽ കാടുകളിലെ വിള്ളലുകളിൽ
ഇന്നു കർക്കിടകം തുടികൊട്ടിപ്പെയ്യുകയാണു

ഞങ്ങളുടെ സ്വപ്നങ്ങൾ
പൂക്കാതെപോയ വസന്തങ്ങളും കടന്ന്
സൌഹൃദ സംഗമങ്ങളുടെ ഉഛസ്ഥായിയിലാണു
ഞങ്ങളുടെ വർത്തമാനങ്ങൾ
പട്ടാമ്പിയുടെ നിളാക്കരയിലെ നേർച്ചയും
പറശ്ശിനിക്കടവു മുത്തപ്പ മഹിമയും കടന്നു
ചുട്ടെരിക്കപ്പെട്ട നാഗത്താന്മാരുടെ
ശാപക്കഥകൾ താണ്ടി ഒഴുകുകയാണു

ഇന്നു ഞങ്ങളുടെ ചിന്തകൾക്കെല്ലാം
സ്നേഹമെന്ന ഒരേ വർണ്ണം മാത്രം
മോഹങ്ങളെല്ലാം ഒരു തുരുത്തിൽ മാത്രം

അകലങ്ങളിൽ നിന്നു തരംഗ
ങ്ങളായെത്തുന്ന
സ്വപ്നവാക്കുകൾക്കു വേണ്ടി വിയർക്കുമ്പൊഴും
ഇന്നീ സ്നേഹ സംഗമത്തിലൊന്നു കുളിർക്കട്ടെ

ഞങ്ങളുടെ അത്താഴ വിരുന്നുകളിൽ
അമിതവ്യയങ്ങളുടെ കാടത്തമില്ല
സൌഹൃദങ്ങളുടെ പാനോപചാരങ്ങളിൽ
പണക്കൊഴുപ്പിന്റെ പുളിരസമില്ല

ഞങ്ങളുടെ പാറയിൽ കിളിർക്കാതെ പോയ
സ്വപ്നങ്ങൾക്ക് ഇനിയൊരിറ്റു നീരു പകരട്ടെ
ഞങ്ങളുടെ വിയർപ്പിന്റെ വിഹിതങ്ങളിൽ നിന്നു
അവിഹിത ബാന്ധവങ്ങളുടെ ബാക്കിപത്രമായ
അനാഥബാല്യങ്ങളുടെ സ്വപ്നങ്ങൾക്കു
ഒരു നുള്ളു വർണ്ണമെങ്കിലും വിതറി
ഇന്നിവിടെ പൂക്കാതെപോയ ഓരോ ചില്ലകൾക്കും
ഒരുകോടി സൌഹൃദ മലരുകളേകി
ഞങ്ങൾ നിങ്ങളിലൊന്നായ് ലയിക്കട്ടെ
zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2011, നവംബർ 2, ബുധനാഴ്‌ച

ഗർഭ പാത്രം


മനസ്സിൽ മണിനാദവും
കവിളിൽ പൊൻ തുടിപ്പും
ഹൃത്തിലൊരു പുളകവുമായ്
ഒരു സ്വപ്നമിറുത്തു, ഒരു ജന്മമെടുത്ത്
കനവുകളൊരു കോടി പകുത്ത്
തൊട്ടാവാടി കുറുന്തോട്ടി നുള്ളി
ചിണുങ്ങിയും പിണങ്ങിയും
തുള്ളിക്കുതിച്ച നാളെന്നിൽ
ഗർഭ പാത്രമൊരു ഭാവനയായിരുന്നു


ഒരു നൂറു ശലഭങ്ങൾ ഉണർന്നെണീക്കുവാനായ്
ഉള്ളിൽ തപം ചെയ്യുന്നതെന്നെയറിയിക്കുവാൻ
അത്രമേൽ തരളിതമായൊരു ഭാവമായ് എന്നിൽ
സ്പന്ദിക്കുമൊരു ചെറു മാംസപാത്രം


എന്റെ വികാരങ്ങളിൽ എളിയ വിചാരങ്ങളിൽ
സ്നേഹ നൊമ്പരങ്ങളിൽ പ്രണയ ലാഞ്ചനകളിൽ
എനിക്കൊത്തു തുടിക്കുവാൻ എന്റെ മോഹമളക്കുവാൻ
എന്നിൽ കുടികൊള്ളുമൊരു വ്രണിത പാത്രം


ജീവിതാശയങ്ങളിൽ ഭാവി ഭാഗധേയങ്ങളിൽ
സ്വപ്ന സൌധങ്ങളിൽ ചിന്താ ശകലങ്ങളിൽ
എന്നെ സ്പർശിച്ച് എന്നിലൊന്നായറിഞ്ഞ്
ഒരു തുടികൊട്ടു പാട്ടായ് ചെറു നോവിന്റെ കെട്ടായ്
രക്തം തുപ്പി ചിലപ്പോൾ രൌദ്രം ഭാവിച്ച്
എന്റെ ജീവിത ലക്ഷ്യമെന്നെയുണർത്തുന്ന
എന്റെ സ്നേഹ ഗർഭ പാത്രം


നാളുകൾ സ്വപ്നമേധം തീർത്തെന്നിൽ
വരപ്രസാദം നല്കിയ വേളയിൽ
നരജന്മത്തിന്റെ ഉത്തമ ഭാവത്തിലെത്തി ഞാൻ
നീന്തിത്തുടിക്കുമൊരിളം കുഞ്ഞെന്റെ ഗർഭാശയത്തിൽ
തീർത്തയുൾപ്പുളകമെന്നായുസ്സിലറിയുന്നു
വീണ്ടുമൊരുനാളുമത്ര കണ്ടില്ല ഞാൻ


എന്റെ മകനെന്ന മാംസകോലത്തിനു
രക്ഷാ കവചമായ് ദേവ തീർത്ഥമായ്
പത്തുമാസക്കാലമെനിക്കൊരു
വസന്ത സ്വപ്നം തീർത്തെന്റെ മോഹഭാവങ്ങളെ
കുളിരണിയിച്ച എന്റെ ജീവപാത്രം


ജന്മ സാഫല്യം പുത്ര ഭാഗ്യമെന്നു
മർത്യായുസ്സു മക്കൾക്കു വേണ്ടിയെന്നു
മനമുരുകി കനവൊടുക്കി കാലമെല്ലാം
ഗർഭപാത്രത്തിന്റെ മൌന രാഗങ്ങളെ
കണ്ണടച്ചിരുട്ടാക്കി ഉള്ളിൽ തികട്ടുമസ്വാസ്ഥ്യങ്ങളും
ഉറവയെടുക്കുന്ന വേപഥുകളും കണ്ടില്ലെന്നു
കാലം കഴിക്കുന്ന കാലവും മകനെനിക്കൊരു
മോഹത്തുരുത്തായിരുന്നു


കൊറിക്കാൻ മടുപ്പിക്കും ഏകാന്തതയും 
കണ്ടിരിക്കാൻ നരവീണ വികല സ്വപ്നങ്ങളും
കൂട്ടിനൊരുപാട് മോഹഭംഗങ്ങളും
കനിഞ്ഞു നല്കിയെൻ മകൻ
കൂടണഞ്ഞു വിദൂരമെങ്കിലും അന്നു ഞാൻ
നാളുകൾ നാലായ് പകുത്ത് വിനാഴികകളെ
വിസ്തരിച്ച് കാലം കഴിച്ചിരുന്നു


ഒടുവിലിന്നൊരു നാൾ ഓർമ്മകൾക്കു ആവരണമിട്ട്
മോഹങ്ങൾക്ക് മരണം ഭവിച്ച്, മനസ്സിന്റെ വിങ്ങലുകൾ
ഹൃദയ താളം പോൽ ശീലമായ് കഴിയുന്ന നേരത്തറിയുന്നു
ഉള്ളിൽ അജ്ഞാതമൊരു ഭാവ വ്യതിയാനം പുതു നൊമ്പരം


ആതുരാലയ കച്ചവടങ്ങളുടെ കൂട്ടലും കിഴിക്കലും
ആയിരം നേരത്തെ മരുന്നും മുക്കുടിയും
ഒടുവിലത്ര നിസ്സാരമായ് ഒരു നീർക്കെട്ടു പോൽ ലഘുവായ്
ഉണർത്തുന്നെന്നിലെ ഗർഭാശയാർബുദം അതിരു ഭേദിച്ചുപോൽ


മകനേ നിന്റെ സാന്ത്വനങ്ങൾ വെറും തരംഗങ്ങളായ്
ഏഴു കടലും കടന്നെത്തുന്ന നേരവും അറിയുന്നു ഞാൻ
എന്നിലെ നിർവ്വികാരതയുടെ നിലയില്ലാക്കയങ്ങളെ


ഇന്നീ ഉച്ചച്ചൂടിനുൾവശം എന്നിലണയുന്ന
മരണത്തിന്റെ കൊടും ശൈത്യവും കടന്നു
ആതുര സേവകരുടെ മൌന നാടകം
കണ്ടുകണ്ടിരിക്കുമ്പോൾ, പെരും നടുക്കമായ്
ഉൾക്കിടിലമായ് ഒരു സത്യമെന്നിൽ നിറഞ്ഞൊഴുകുന്നു


ഒരു സ്ത്രീയെന്ന ഭാവഭേദം തന്ന
മാതൃത്വമെന്ന അമൃതേത്തു തന്ന
എന്നിലെ ഞാനായ് ഇത്ര നിലകൊണ്ട
ഗർഭപാത്രമെന്നിൽനിന്നെന്നേക്കുമായ്
അറുത്തെറിയുവാൻ അരങ്ങൊരുങ്ങുന്നുവെന്ന്

മകനേ നിന്നെ ഞാൻ പേറിയ മാംസ കുംഭം
എന്നിൽ നിന്നു മരിച്ചുവീഴുന്ന കാലത്തുപോലും
ഒരുനോക്കു കാണുവാൻ മനസ്സുണരാത്ത
നീയെനിക്കേകുന്ന ബലിയന്നമുണ്ണുവാൻ
ഒരിക്കലുമൊരു കൽ പടവിലുമെത്തിനോക്കില്ല
ഗതികെട്ടെന്നത്മാവെത്ര അലഞ്ഞീടിലും  

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...