2011, ഡിസംബർ 29, വ്യാഴാഴ്‌ച

പുതുവത്സരം


പുതുവത്സരമൊന്നെന്റെ മുന്നിൽ
പൂത്തുനില്ക്കുന്നു മുന്നത്തേക്കാളേറെ ഭംഗിയിൽ
ഇന്നോളം നേടിയതുമിന്നലെ ചെയ്തതും
ഇനിയങ്ങോട്ടെന്തെന്നങ്ങനെ നൂറു ചോദ്യങ്ങൾ
ഈയമുരുക്കിയൊഴിക്കും മട്ടിലെൻ ഹൃത്തിനെ
ഇത്ര കായപ്പെടുത്തുവതറിയുന്നു ഞാനിങ്ങനെ


നാളെയെൻ കൂട്ടിനായ് ഞാനെന്തു കരുതണം
നാളിന്നുവരെ ചെയ്തതിൽ നിന്നെന്തു കൊള്ളണം
നെറികെട്ട വാഴ്വും നിണം പെട്ട കരവും
നിലയ്ക്കാത്ത കാമവെറിയും മാത്രം നീക്കിയിരിപ്പുമായ്
നടന്നു കയറുവതെങ്ങനെ ഞാനീ പുതു പുലരിയിൽ


എന്നിൽ പെയ്തലിയുമീ ഗന്ധക മഴകൾ
എന്നിൽനിന്നുറവകൊള്ളുന്ന അമ്ള രസങ്ങൾ
എന്റെയുള്ളിൽനിന്നും തികട്ടി വരും പാപവായ്പുകൾ
എന്നിൽ നിന്നും സ്രവിക്കുന്ന വിഷ ബീജങ്ങൾ
എല്ലാം വെട്ടിയരിഞ്ഞൊരാഴിയിലൊഴുക്കിയതിലുരുവാകും
എക്കലിൽ തളിർത്തെങ്കിൽ എന്നിലൊരു
പുതു മാനസം

ചൂണ്ടയിട്ടു കൊത്തിവലിക്കുന്ന നിന്റെ കണ്ണുകൾ
ചെറു സ്പർശംകൊണ്ടുമാത്രമെന്റെഭ്രമണംതിരുത്തുന്നവിരലുകൾ
ചിതറിത്തെറിച്ചെന്നെ തകർക്കുന്ന മാന്ത്രിക വാക്കുകൾ
ചതിക്കുഴി തീർത്തെന്നെ കാത്തുനിൽക്കുന്ന കാഴ്ചകൾ
ചില്ലകൾ തീർത്തെന്നിൽ പടർന്നു കയറുന്ന രതിചേഷ്ടകൾ
ചാരുവതെങ്ങനെയൊരു പഴി നിന്നിൽ ഞാൻ
ചാഞ്ഞു കിടക്കുകയല്ലയോ ഞാനിത്ര നാൾ


എന്റെ നെഞ്ചിൽ കുടില നൃത്തം ചെയ്യുന്ന വർഗ്ഗ ബോധം
എന്റെ നാവിൽ നിന്നും ഉറയൂരുന്ന സർപ്പജന്മം
എന്റെ മിഴിപെട്ടു കത്തിയമരുന്ന വിശ്വാസഗേഹം
എന്റെ വെറുപ്പിലൂറിയടിയുന്നതി തീക്ഷ്ണ ഭാവം
എല്ലാമൊരു ഭാണ്ഡത്തിലൊതുക്കിയൊരിക്കലീ
എരിതീയിൽ തള്ളിയൊരു പുതുവാഴ്വതെടുക്കുവാൻ
എത്രനാളിനിയും കാത്തു നില്പതു ഞാനെന്നിൽ
ഏക്കങ്ങളൊടുങ്ങിയൊരു പുത്താണ്ടു പിറക്കുവാൻ


ഇനിയില്ല നിന്റെ പാപ സൗധങ്ങളിൽ വീണുറങ്ങുവാൻ ഞാൻ
ഇല്ലില്ലൊരിക്കലുമിനിയനർഹമാമീ മധു നുകരുവാൻ
ഇക്കണ്ട കാലമൊട്ടുക്കും പകർന്നാടിയ കത്തി വേഷമെല്ലാം
ഇട്ടേച്ചൊരു പുത്തൻ കോലമൊന്നിൽ വാഴുവാൻ
ഇടയാവാതെ വന്നാലിനിയൊരിക്കലുമെന്നിൽ
ഇത്രമേലാവർത്തിക്കാതിരിക്കട്ടെ വീണ്ടുമൊരു
ഇതളായ് വിരിഞ്ഞു നിറഞ്ഞു നില്ക്കും പുതു വസന്തം

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011, ഡിസംബർ 20, ചൊവ്വാഴ്ച

മരണ ഗീതം


മരണം ഒരു നിത്യ സാമീപ്യമായ്
ഒരു ചെറു വിരൽത്തുമ്പു ദൂരം മാത്രമായ്

ഒരു കടുത്ത ഗന്ധമായൊരു നേർത്ത വായുവായ്
എന്നിലലിയാനെന്നെപ്പുണരാൻ
എന്നെയറിഞ്ഞെന്നിലെ നാളമണച്ചെന്നെ
നിത്യമായൊരു മൂകതയിലേക്കാനയിക്കാനെന്നുമേ
കുടികൊള്ളുന്നതത്ര വ്യക്തമായുണരുന്നു ഞാൻ


എന്റെ തീവ്ര വേഗങ്ങളിൽ എന്റെ സ്വാർത്ഥ സ്വപ്നങ്ങളിൽ
എന്റെ കുടില തന്ത്രങ്ങളിലെൻ വ്യർത്ഥ മോഹങ്ങളിൽ
എന്റെയൊടുക്കത്തെ ദുരമൂത്ത കാമവെറികളിൽ
എന്റെയടങ്ങാത്ത അഭിനിവേശങ്ങളിൽ
ആർത്തിമൂത്തു മണ്ണിന്റെ പൊക്കിൾച്ചുഴിവരെ
അട്ടഹസിച്ചു ചൂഴ്ന്നെടുക്കുന്നയെൻ തീരാ ആസക്തികളിൽ
നിനയ്ക്കാതെയൊരു കണം എന്നെ കൊത്തിയെടുത്തു
അത്രമേൽ സൂക്ഷ്മമായൊരു കണികയായ് മരണം ഞാനറിയുന്നു


ഇനിയെന്റെ മരണത്തിലൊന്നു മനം നൊന്തു കരയുവാൻ
ഇത്ര നഷ്ടമെൻ വേർപാടെന്നു വിലപിക്കുവാൻ
ഒരു ജീവനെയെങ്കിലും തേടുന്ന അശാന്തമീ വേളയിൽ
മിന്നിമറയുന്നൊരു നൂറു നാമങ്ങളെന്നിൽ നിന്നു


കാലമെല്ലാം  കൈകാൽ വളരുന്നതു കിനാകണ്ട്
സ്വന്തം വിശപ്പിന്റെ മുദ്രകളെയൊരു മുണ്ട് മുറുക്കിയുടുത്ത് മറന്ന്
ഇക്കണ്ട ഭാവത്തിലെന്നെ ഞാനാക്കിയ ശേഷവും
തലമൂത്ത പരിഷ്കാരവും സാമൂഹിക വ്യവസ്ഥിതിയുമെണ്ണി ഞാൻ
ദൂരെയൊരു വെറുപ്പിന്റെ വൃദ്ധാലയത്തിലൊടുക്കിയ
എന്റെ മാതാപിതാക്കളെങ്ങനെയറിയാനൊന്നു കരയാൻ
എന്റെ നിശ്വാസമെന്നിൽ  നിന്നടർന്നു വെറുമൊരു
ശവമായ് വെറും മണ്ണിൽ ഞാൻ കിടക്കുന്ന വേളയിൽ


യൗവ്വനത്തുടിപ്പും ശരീര കാന്തിയും ഒരുനാളിലൊമ്പതു വട്ടം
ഊറ്റിക്കുടിച്ച് ഞാനെന്റെയൊടുങ്ങാത്ത കാമക്കലി
എന്റെ വൈകൃത രതിചേഷ്ടകളെൻ കസർത്തുകൾ
ഒരു പരീക്ഷണ ശാലയ്ക്കു നല്കുന്ന പരിഗണനപോലുമേകാതെ
നിന്നിലാടിത്തിമിർത്തൊടുക്കമെന്നോമനേ അന്നു ഞാൻ
നിന്നിലൊടുങ്ങുന്നില്ലയെന്റെ ആവശ്യം നീ വെറും തോട്
വികാരമറിയാത്തവൾ, വിശപ്പില്ലാത്തവൾ, വെറും വിയർപ്പ്
വീണ്ടുമൊരു നൂറു ആക്ഷേപം നിന്നിൽ ചാർത്തിയൊടുക്കം ഞാൻ
നിന്നെ തെരുവിന്റെ ശാപവാക്കുകൾക്കു അപഹാസ്യയായ്
ദുശ്ശകുനമെന്നാൾക്കൂട്ടങ്ങൾക്കാർത്തു വിളിക്കുവാനായ്
എറിഞ്ഞുടച്ചു പോയ ശേഷവും കൊതിക്കുവതെങ്ങനെ
നീയൊന്നു തലതല്ലിക്കരയുവാനെന്റെ വിയോഗമോർത്ത്


വിത്തൊന്നിനൊമ്പത്, വളമിട്ടതു പന്ത്രണ്ട് പിന്നെ
പണിക്കൂലിയിത്ര, ഇത്ര ലാഭമെനിക്കു വേണം
എന്നമട്ടൊരു വാഴ നട്ട ലാഭക്കൊതിപോലെ ലാഘവം
നല്ല നാളെല്ലാം നാഴികയ്ക്ക് നാലാവർത്തി
മുടക്കും കണക്കും മാത്രം വിളമ്പി മുരടനായ്
മടുപ്പിന്റെ മുള്ളുകളതിരിട്ട പൊത്തൊന്നിൽ വളർക്കവേ
സ്വതന്ത്ര ആകാശം തിരഞ്ഞിറങ്ങിയയെൻ മക്കളെ
എങ്ങനെ കാംക്ഷിക്കുവാൻ ഞാനെന്റെ
ഒടുക്കത്തിലൊരിത്തിരി കണ്ണീർപകർന്നന്ന്
എന്നന്ത്യ യാത്രയിലൊരു നാടകമെങ്കിലുമാടുമെന്നു


ഇനിയെന്റെയഹന്തയ്ക്കു പാത്രമായ് നെറികെട്ടയെന്റെ
ജീവിത തലങ്ങളിൽ, ഞാൻ കാൽ കൊണ്ടു തട്ടിയെറിഞ്ഞ
എൻ സതീർത്ഥ്യരെന്റെ അതിർ പങ്കിടുവോർ
എന്റെ വെറുപ്പിന്റെ വീര്യം മടുത്തവർ, പിന്നെ
സ്വന്ത ബന്ധങ്ങളുടെ നൂലിഴകളിൽ നിന്നൊരിക്കൽ ഞാൻ
അടർത്തിമാറ്റി കടലിലൊടുക്കിക്കളഞ്ഞവർ
ആരുമാരുമൊരിക്കലും കരയുകില്ലൊരു കണം പോലും
വെറുമൊരു കാട്ടിക്കൂട്ടലിന്റെ പേരിലെങ്കിലും


ഒടുവിലെന്റെ ദേഹം മണ്ണിനുമഗ്നിക്കും
പഞ്ചഭൂതങ്ങൾക്കൊന്നിനും നായ്ക്കും നരിക്കും
നരനായ് പിറന്നവർക്കാർക്കും വേണ്ടാതെ
തെരുമൂലയിൽ വിറങ്ങലിച്ച് കിടക്കുന്ന നേരവും
ഒട്ടഹന്തയോടു കൂടി ഞാനിന്നു
 കൊതിച്ചു കൊള്ളട്ടെ
മൂന്നു തുണ്ടു കവിത പുതച്ചു കൊണ്ടെന്നെ നിങ്ങൾ
മുടിയനെന്നു ശപിച്ചുകൊണ്ടെങ്കിലും എൻ സഖേ
നിത്യശാന്തിയിലമരുവാൻ ഒടുക്കത്തെ യാത്രയേകുമെന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv


 

2011, ഡിസംബർ 4, ഞായറാഴ്‌ച

പ്രവാസം


ഏതോ കിനാവറ്റ കരുണാലയം തേടി
നീയിന്നിറങ്ങി തിരിക്കുന്നിതെങ്കിലും
മകനേ, ഒരായുസ്സു മുഴുവൻ ഞാൻ തീ തിന്നു
ഒരായിരം കിനാകണ്ടു വളർത്തിയതാണീ നിന്നെ
കൂട്ടവും കുടുംബവും നിൻ ഭാര്യ മക്കളും
ഒട്ടേറെയാളുകൾ കണ്ണീരുമായ് നില്ക്കിലും
ഓടിത്തളർന്നൊരു മൂലയിൽ ഒതുങ്ങി ഞാൻ
ഓർമ്മക്കണങ്ങൾ പോലുമെനിക്കിന്നന്യമായ്
ആശംസകളും ഉപചാരവും ഉപദേശവുമായ് പലരും
അർത്ഥമില്ലാത്ത വാക്കുകൾ തുപ്പുന്നു പലതും
മാലോകർ പലവിധ സാന്ത്വനമേകിലും
മരവിച്ച മനസ്സുമായ് ഞാൻ മാത്രമിരിക്കുന്നു
അത്രമേലസഹ്യമാണെനിക്കീ വിരഹവും
വിരഹം വിളിച്ചറിയിക്കുന്നതിനു മുന്നിലെ മൗനവും
എത്രനാൾ നിന്നെയും കാത്തു ഞാൻ കഴിയേണ്ടൂ
ഉത്തരമില്ലാത്തെൻ ചോദ്യങ്ങളാർ കണ്ടൂ
പണ്ടു നീ പള്ളിക്കൂടം പോകുന്ന വേളയിൽ
പതറിയ മനസ്സുമായ് കാത്തിരുന്നു പടിക്കൽ ഞാൻ
കല്ലാർന്ന മനസ്സും കാരിരുമ്പിന്റെ ദേഹവും
എല്ലാം കയ്യൊഴിഞ്ഞയീ വേളയിൽ
വല്ല്ലാത്ത ഭാരമായ്ത്തീരുന്നു നിൻ യാത്ര
അല്ലാതെന്തുചെയ്യാൻ ഞാൻ മാത്രം
മനസ്സും ശരീരവും മജ്ജയും മാംസവും
മരണത്തിനു കീഴടങ്ങി തീതിന്നു പോകിലും
മരമായെങ്കിലും പുനർജ്ജനിക്കുമൊരുനാൾ
മകൻ നിന്റെ തലോടലേറ്റു മോക്ഷമടയുവാൻ


oooooooooooooooooooooooooooooooooooooooo

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...