2012, നവംബർ 30, വെള്ളിയാഴ്‌ച

നിള


ഇന്നെന്റെ നിളേ എന്റെ മുന്നിൽ
നിളയില്ല നീണ്ടൊരു മണൽക്കെട്ടു മാത്രം
നിളയെന്റെ നിള നീയൊരു നീർച്ചാൽ മാത്രമായ്
നീണ്ടൊഴുകുന്നതെന്റെ ഹൃത്തിൽ നിന്ന്
വിഴുപ്പുകെട്ടുകളായിരം നിൻ മാറിലേക്ക്
കറുത്ത ഹസ്തങ്ങൾ ചേർത്തിരിക്കെ
എത്ര കരാള ഹൃദയങ്ങളനുദിനം
നിൻ ചാരെയൊരു റയിൽച്ചാലിലൂടൊഴുകിടുന്നു
എനിക്കെന്തുകാര്യമെന്നോതിയോരോ
കിങ്കരന്മാരൊക്കെയിപ്പുഴ താണ്ടിടുമ്പോൾ
താണ്ടുന്നതോർക്കുക വെറുമൊരു പുഴയല്ല
വരുംകോടി തലമുറയ്ക്കായ് തീർത്തുവച്ച
കറുത്ത കോടിയിൽ പുതച്ചൊരു ശവപ്പറമ്പിതെന്ന്
ഇനിയുണരുകയണിചേരുകയിവിടം
ഇനിയുമൊടുങ്ങിയിട്ടില്ലാത്ത ഈ കുളിരിൽ
ഒന്നു നന്നായ് മുങ്ങി ബോധം വീണ്ടെടുക്ക
എഴുതിവെയ്ക്കുക ആപ്ത വാക്യങ്ങളീ കൽപടവിൽ
വായിച്ച് സ്വയം ബോധ്യപ്പെടുക വേഗം
കാലമിനിയുമനുസ്യൂതമിപ്പുഴയിലൂടെ
നം കാവലാളായെന്നുമൊഴുകിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ദുരിത കവിതകൾ


ഓർമ്മകളുടെ ശവപ്പറമ്പിൽ
തെക്കൻ ചരുവിലാണു
ദുരിത കവിതകൾ പൂത്തിറങ്ങുന്നത്
വിജനതയുടെ കനൽപ്പാടങ്ങളിൽ
കവിത കായ്ക്കുന്നതും കാത്തിരിക്കുമ്പോൾ
ആളൊഴുക്കുകളുടെ ആരവങ്ങളിൽ
ആയിരം വാക്കുകളായ് കവിത കിനിയുന്നു
പീഢന മഴക്കാടുകൾക്ക് മുകളിലായ്
വ്രണിത ഹൃദയങ്ങളിലേക്ക് പെയ്യുന്ന വാക്കിൽ
നിസ്സഹായതയൂറ്റിക്കുടിക്കുന്ന കഴുമരങ്ങൾക്ക് താഴെ
കൊട്ടിഘോഷിച്ച് തീ കുടിപ്പിക്കുന്ന കറുത്ത നീതിയിൽ
ഉറവകൾ ചേർത്തടച്ച് കറ തീറ്റിപ്പിക്കുന്ന കുടിലതകളിൽ
കവിത അന്യം നിൽക്കാതെ കടന്ന് വരുന്നു
ഇനിയൊരു വെറും വാക്കിന്റെ പിണ്ഡം പോലും
തൂക്കിയെടുക്കാൻ നിങ്ങൾക്കരുതാതെ
കവിത പിറന്നുവരുമുൾവാക്കായെന്നും
പ്രകമ്പനംകൊണ്ടായിരം തൂലികത്തുമ്പിൽ നിന്നും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, നവംബർ 18, ഞായറാഴ്‌ച

ഗാസ


ഗാസ,
സ്വപ്നങ്ങളുടെ മുനമ്പുകളിൽ
ചോര ചിതറുന്ന പൈതങ്ങളുടെ
നിലയ്ക്കാത്ത രോദനം
വെടിച്ചില്ലുകളുടെ പ്രഭകളാൽ
ഉറക്കം നിഷേധിക്കപ്പെടുന്ന രാവുകളിൽ
വേട്ട നായ്ക്കളുടെ കൂർത്ത ഓരിയിടൽ
അലസി ഒഴിയാത്ത ഓരോ ഗർഭങ്ങളിലും
ഒരു പ്രതീക്ഷ നാമ്പെടുക്കുന്നുണ്ട്
സ്വതന്ത്രമായ ഒരു ജനനം അതു കിനാകാണുന്നു
യുദ്ധക്കൊതിയുടെ രാസത്വരകങ്ങളിലേക്ക്
പ്രസവിച്ച് വീഴുന്ന ഓരോ പൈതലും
മുഷ്ടി ചുരുട്ടി ഒരു അവകാശമുന്നയിക്കുന്നുണ്ട്
സ്വന്തം അമ്മയോടെന്നതുപോലെ
മാതൃരാജ്യത്തോടും ഒട്ടിനിൽക്കാൻ
അവൻ ജന്മ വാസന കാട്ടുന്നു
തന്റെ കൂടാരത്തിൽ തല ചായ്ക്കാൻ
ഒട്ടകത്തിനിടം നൽകിയ അറബിക്കഥ
മടിയിൽ കിടത്തി സസ്നേഹം പകർന്നേകാൻ
നിശ്ശബ്ദ വേളയൊന്നുപോലും അമ്മമാർക്ക്
വാഴ്വിൽ ലഭിച്ചിരിക്കാനിടയില്ല
എങ്കിലും,
മണ്ണിന്റെ ഗന്ധം നുകർന്നു പിച്ച വെയ്ക്കേണ്ട നാളിൽ
ഗന്ധകപ്പുകയും തീരാ കുടിപ്പകയും തങ്ങളിൽ വർഷിച്ച്
കുഞ്ഞിളം കാലുകളറുത്ത് മാറ്റിയ ക്രൂരത
സിരകളിലോടുന്ന രക്തം ചീറ്റി വറ്റിയൊടുങ്ങിലും
അവന്റെ മനസ്സിലൊരു കോണിലെന്നും
ശക്തിയിൽ നിശ്ചയം കാത്തു വെക്കുന്നുണ്ട്
രസങ്ങളെല്ലാമൊരുനാളിലൊരിക്കലെങ്കിലുമുൾച്ചേർന്ന്
പുതിയൊരു രാസ സംയുക്തമായാഞ്ഞടിക്കും നിങ്ങളെ
അതിലൊടുങ്ങും നിങ്ങളും നിങ്ങടെ രാഷ്ട്ര തന്ത്രജ്ഞതയും
പടക്കോപ്പും പകൽമാന്യതയും പണക്കൊഴുപ്പുമൊക്കെയും
അന്ന് സൂര്യനുദിക്കുമവർതൻ കൈവെള്ളയിൽ സാകൂതം
അതുവരെ ധീരമായ്തന്നെയേറ്റുവാങ്ങട്ടെയീ അറുംകൊല

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, നവംബർ 16, വെള്ളിയാഴ്‌ച

ഉത്തരാധുനികം


പ്രിയപ്പെട്ടവളേ
ഞാനകലുകയാണു
നാഴികകളും തവണകളും തിരിച്ച് വരാത്ത
നെടുവീർപ്പളക്കുന്ന നാലുകെട്ടും കടന്ന്
മനസ്സ് രൂപാന്തരം പ്രാപിക്കുന്ന
മറ്റൊരു തുരുത്തിലേക്ക്
അവിടെ എന്റെ ഭ്രമങ്ങൾക്ക്
ഞാനൊരു കടുത്ത വർണ്ണം നൽകും
എന്റെ വാക്കുകളെ അലഞ്ഞു തിരിയുന്ന
അനുഭവങ്ങളുടെ ആലയിലിട്ട്
പുതിയ ചാണയിൽ തേച്ചെടുക്കും
വികാരങ്ങൾ അലിഞ്ഞു പോകാതെ
ഈയമുരുക്കിയ മൂശയിൽ ചേർത്ത് വയ്ക്കും
ഓർമ്മകളിൽ പറന്നിറങ്ങാൻ
പ്രണയത്തിന്റെയൊരു ചാണകക്കിളി
ഇടയ്ക്കൊന്നു കരഞ്ഞു കയറാൻ
പട്ടിണിയിൽ കൊരുത്ത ബാല്യരൂപം
അണ്ണാറക്കണ്ണൻ ആർത്തി കാട്ടുന്ന
തേഞ്ഞു തീരാത്തൊരു വരിക്കപ്ലാവ്
പിന്നെ, വർണ്ണങ്ങളുടെ ആധിക്യങ്ങളിൽ
പുതിയ രൂപകം തേടി ഞാനലയുമ്പോൾ
എന്റെ കാലിൽ തടഞ്ഞൊരു നിരൂപണവും
അക്കാദമിയുടെ വിരൂപ മരംകൊത്തിയും
ഒടുവിൽ ആധുനികതയും ഉത്തരാധുനികതയും
ഒന്നിനൊന്നെന്നെ വേട്ടയാടുമ്പോൾ
നിന്റെ കന്യാരക്തം ചിതറിയ ഇടവഴികളിലേക്ക്
ഞാൻ തിരിച്ച് നടക്കും
റാപ്പും റേപ്പും റോക്കുമറിയാത്ത
എന്റെ ആദിമനുഷ്യർക്കിടയിൽ
ഞാനെന്റെ വാക്കുപക്ഷികളെ തുറന്നു വിടും
സ്വപ്നങ്ങളെ, ഓർമ്മകളെ ചക്കിൽ പിഴിഞ്ഞെടുത്ത്
കാട്ടുതേൻ സമം ചേർത്ത് ഞാൻ
എന്റെ അന്തിമ ഗീതം രചിക്കും
ഒടുക്കമെൻ ശവമഞ്ചമൊരു സന്ധ്യയിൽ
മൂന്നാളുമാത്രം ചുമക്കുന്ന നേരവും
അത്രമേലുയർന്നു നില്ക്കുമന്നും
ആർക്കും തീറെഴുതി നൽകാത്തയെൻ
പാവനമൊരു കാവ്യ അഹന്ത മാത്രം

-----------------------

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...