2012, ഡിസംബർ 19, ബുധനാഴ്‌ച

ചെന്താമര


ഒഴുകിവരുന്നുണ്ടീയാറിലൂടെ മന്ദമായ്
ചേലാർന്നു തുടിക്കുമൊരു ചെന്താമര
നിൽക്കുന്നു ഞാനീ നീരൊഴുക്കിൽ നിശ്ചലം
ഇല്ലയൊരു തിരയിളക്കം പോലുമെന്നിൽ
വികാര തന്ത്രികളെല്ലാമെന്നേ വലിഞ്ഞുടഞ്ഞതാണു
വാക്കുകൾ മായക്കസർത്തുകാട്ടി കുറുമ്പോടെ
എൻ എഴുത്താണിത്തുമ്പിൽ കരണം മറിഞ്ഞിരുന്നു
വർണ്ണങ്ങളെല്ലാമുൾച്ചേർന്നൊരു വെണ്മയായ്
എന്നിടനെഞ്ചിൽ കവിത കുറിച്ചിരുന്നു
ഇന്നില്ല കുറിക്കുവാനൊരു ചെറു വരിപോലുമെന്നിൽ
ഒഴുകുവാനില്ലയൊരു മുറിക്കവിതപോലും
വസന്തം വിടർന്നു വർണ്ണം വിതറി നിൽക്കവേ
ചുടുചാരമെറിഞ്ഞു തകർത്തതാരെന്റെ യൗവ്വനം
ഒരു അഭിശപ്ത നിമിഷത്തിൻ ആശയൊന്നിൽ
ഇളക്കി മറിച്ചുടച്ചെറിഞ്ഞതെൻ സ്നേഹ മന്ദിരം
പണിയുവാനൊരായുസ്സുമതിലേറെയുമൊടുക്കിലും
എളിതാണു തകർക്കുവാൻ ഒരു എതിർ നിശ്വാസം മതി
വീണ്ടുമുരുട്ടിച്ചേർക്കുന്നു ഞാനീ കല്ലുകളൊക്കെയും
ഒരുനാളെങ്കിലുമിതിനു മുകളിലായൊരു മേൽപ്പുര
ചെറുതെങ്കിലും പ്രഭോ ഉയർന്നു പൊങ്ങിയെങ്കിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 17, തിങ്കളാഴ്‌ച

കാലചക്രം


കാലചക്രമൊരുപാടു പിറകോട്ടു കറക്കി ഞാൻ
അഞ്ചും പത്തും പതിനഞ്ചുമായൊരു മുപ്പതാണ്ട്
പിറകോട്ട് തെന്നിയൊന്നു നീങ്ങിടട്ടെ
നിൽക്കുന്നു ഞാൻ പാലക്കാട്ടൊരു തെരുവിൽ
ബ്രാഹ്മണ സ്ത്രീ കുലീനയവർ നടത്തും
ചെറുതാണെങ്കിലും പ്രൗഢമായൊരു ചായക്കടയ്ക്കു മുന്നേ
വിശപ്പുണ്ടൊരു മൂന്നു ദിനമെങ്കിലുമായിരിക്കും
അന്നം ചെറു വറ്റെങ്കിലുമിത്തിരി ഉള്ളിലെത്തി
കാലണകൾ നൂറാവർത്തിയെണ്ണി തിട്ടപ്പെടുത്തി
ഇല്ല ലക്ഷ്യമെത്താനിതിൽനിന്നൊരുറുപ്പിക കുറഞ്ഞുവെന്നാൽ
എന്റെ ദയനീയഭാവം കണ്ടെനിക്കന്നു കനിഞ്ഞരുളിയ അന്നം
ഇന്നുമെന്റെയുള്ളിൽ ഒരു സ്നേഹമായെന്നെ ഉണർത്തിടുന്നു
പിന്നെ വീണ്ടുമീ മുപ്പതാണ്ടിനു ശേഷമിന്നാളിൽ
നിൽക്കയാണു ഞാനതേ തെരുവിൽ നിശ്ചലം
മടിശ്ശീലയിലുണ്ട് നോട്ടുകെട്ടിന്റെ ഭാരമേറെയെങ്കിലും
മൂന്നു നാൾ ഞാനന്നമൊന്നും തെല്ലുമിറക്കീട്ടില്ല
അറിയുന്നു ഞാൻ സ്വാദ് വിഭവങ്ങളിലല്ലയൊട്ടും
മറിച്ച് നിലകൊൾവതത് മർത്യ ആവശ്യത്തിലെന്നു
നെയ്യും നറു രസങ്ങളൊക്കെയും കലർത്തി
നിറവയറിനുമേൽ ഉണ്ണുന്നതിലുമെത്രയോ
മഹത്തരമാണൊഴിഞ്ഞ വയറിലിത്തിരിയുപ്പു കൂട്ടി
നാലു നല്ല വറ്റു മനസ്സറിഞ്ഞാഹരിപ്പതേ

xxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 11, ചൊവ്വാഴ്ച

കളഞ്ഞുപോയത്


ചക്കരപ്പാനയുണ്ടെന്റെ ഭാണ്ഡത്തിൽ
അലയുന്നു ഞാൻ എട്ടു ദിക്കും ഒട്ടു മധുരം തേടി
എന്റെ കുന്നിൻ ചരിവുകളിലെന്നും മലർക്കാലം
ഒരു പൂ ചൂടുവാൻ ആർത്തി മൂത്തോടിടുന്നു
പരദേശിക്കു പാർക്കുവാൻ പണിയുവാനുണ്ടെന്റെ നാട്ടിൽ
തൊഴിൽ ഭിക്ഷ തേടി കഴുത്തിലൊരു കൗപീനവുമായ്
ഞാൻ സായിപ്പിൻ കവാടത്തിൽ കവാത്തു മറന്നു വെയ്ക്കുന്നു
ചക്കപ്പുഴുക്കിനെ നിഷ്കരുണം തൂക്കിലേറ്റി
എന്റെ കലവറയിലിപ്പോൾ അജിന ഉലാത്തുകയാവും
ഞാൻ കളഞ്ഞുപോയതൊരു മുഗ്ദ്ധ സംഗീതം
മറന്നു വച്ചതൽപം മഞ്ചാടി ഒരു മയിൽപ്പീലി
ഉറുമ്പരിച്ച് തുടങ്ങിയ എൻ ശവത്തിനു മോടികൂട്ടാൻ
അന്യന്റെ വിഴുപ്പിൽ ഞാൻ ശൈത്യം തേടിടുന്നു
എന്റെ പുരാതന പച്ചപ്പിൻ തുരുത്തിൽ നിന്നു
മേലാൾ പറിച്ചെടുത്തതൊരു വെറും കറ്റാർ വാഴ
മെയ്കാന്തിയൊന്നെനിക്കു കൂട്ടാൻ കനിഞ്ഞരുളിയത്
ഡോളറിൽ പൊതിഞ്ഞൊരു പൊൻ സഞ്ജീവനി
ഇനിയെന്റെ കണ്ണുമകക്കാഴ്ച്ചയും ഒച്ചയും ഒടുവിലെൻ
മസ്തിഷ്കം വരെ നിൻ ശീതീകരണിയിൽ അടകുവച്ച്
തൻപോരിമ നടിച്ചു ഞാൻ അഹന്തയിൽ പകർന്നേകും
വരും തലമുറയ്ക്കായൊരു പുതു ഉപഭോഗ സംസ്കാരം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 10, തിങ്കളാഴ്‌ച

വിളവ്


മകരക്കൊയ്ത്തും പുഞ്ചക്കൊയ്ത്തും തീർന്ന
പാടത്തുനിന്നു ഞാനൊട്ടഹന്തയിൽ വീണ്ടും
ഒരു ഇടക്കൊയ്ത്തു തേടിയിറങ്ങിയതിൽ പിന്നെ
ഇല്ലയൊരിക്കലും കണികണ്ടിട്ടില്ലൊട്ടുമേ
സ്വാസ്ഥ്യം വിതയ്ക്കുന്ന പൊൻ വിഷുപ്പക്ഷികളെ
ഉണ്ണുവാനുമതിലേറെയിട്ടു മൂടുവാനും
വിളവെടുത്തു പത്തായം നിറഞ്ഞിരിക്കെ
കിളികൊത്തിപ്പോയ നെൽ കതിരൊന്നിനു പിന്നേ
ഓടി ഞാനെന്റെ ജന്മം തുലച്ചിടുന്നു
എലി കാർന്നെടുത്തയൊരു ചെറു കഷ്ണം തേങ്ങ തേടി
എന്തിനു ഞാനെരിച്ചെന്റെ കൊപ്രക്കളമത്രയും
ഇനിയെൻ പൊൻപാടത്തു വിരുന്നുണ്ണുവാൻ
വരികയില്ലൊരിക്കലുമൊരു കാവ്യ പക്ഷി
എങ്കിലും മനസ്സിലൊരു ചെറു മുട്ടയടവെച്ചു ഞാൻ
കാത്തിടട്ടെയണയുമൊരു മാത്രയൊരു കണം
വിരിയുമിനിയുമൊരു നൂറു കാവ്യ പക്ഷികൾ
വിളവെടുത്തീടാനവ പറന്നിറങ്ങുമെന്റെ നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

തിരിഞ്ഞു നോട്ടം


പരധാരങ്ങളിൻ പൊലിമ നോക്കി നോക്കി
പാതിരയൊക്കെയും പകൽ മൂടും വരേക്കും
പകിടയെറിഞ്ഞു നടന്ന ജീവിതത്തിലൊരു മാത്ര
നിന്നെ പിന്തിരിഞ്ഞു നോക്കിടാനായിയെങ്കിൽ
പൊലിഞ്ഞു പോകുമായിരുന്നില്ലെന്നറിയുന്നു ഞാനെന്റെ
പൊന്നായ് പൂത്തിറങ്ങി ഉയർന്ന വസന്തം
ഇനിയില്ലയെന്റെ എഴുത്താണിക്കൊരു വിലപോലും
ഇല്ലില്ലയൊട്ടു ജീവനെന്റെ കാവ്യങ്ങൾക്കും
പാടങ്ങളും പറമ്പും മനസ്സുമെല്ലാം ഭംഗിയിൽ
പാവനമായ് പൂത്തു നിൽക്കുന്ന വേളയിൽ
നഗര സൗരഭ്യങ്ങളിൻ നാടക ശാലകളെ
വാഴ്വെന്നു എണ്ണി കൊയ്യാനിറങ്ങിയ പെരുങ്കള്ളനെന്നെ
പുകച്ച് പുറം തള്ളുക പച്ചയ്ക്കെരിച്ചീടുക
പകരമൊരിക്കൽക്കൂടിയീ സ്വപ്നങ്ങളൊക്കെയും
ഭിക്ഷയായങ്ങെന്റെ പാത്രത്തിലെറിയുകിൽ
പൊലിയാതെ ഞാനെന്നുമെരിച്ചു വെയ്ക്കും
കവിതയിൻ ചുണവീണു കറുത്ത നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഓർമ്മത്തെറ്റുകൾ


ഇനിയില്ല കവിതയിലൊരു തുണ്ടുപോലും
ഒലിച്ചിറങ്ങാനെന്റെയകക്കാമ്പിൽ നിന്നും
മനസ്സിൽ കരിന്തിരി കത്തിയൊഴിഞ്ഞ നന്മയും
ഓർമ്മത്തെറ്റുകൾ പോലെയേതോ വിശുദ്ധ ജന്മവും
ഒരു മാത്ര കൊണ്ടു ഞാൻ തല്ലിക്കെടുത്തിയ
വസന്തങ്ങളൊക്കെയും എന്നിൽ കുരുത്തത്
ആണ്ടുകളേറെ ഞാൻ മുതുകിൽ ചുമന്നെടുത്ത
നീയാം കാവ്യ സ്വപ്നങ്ങൾ കൊരുത്തതായിരുന്നു
അറിയുന്നു ഞാനൊരരണി കടഞ്ഞെടുത്ത്
അൽപം നെരുപ്പ് നെഞ്ചിലേറ്റീടുവാൻ
പ്രയത്നമത്രമേൽ വേണമൊരായുസ്സുമധികവും
ഒരു മാത്രയിലൊരു കണം പോലും നോക്കിടാതെ
ഊതിക്കെടുത്തിപ്പടിയിറങ്ങിയ കൊടും പാപി ഞാൻ
പ്രഭോ, എങ്കിലുമിപ്പുരുഷായുസ്സിനെ ശപിച്ചിടാതെ
കനിഞ്ഞേകുകിൽ ആ കാവ്യ ദീപ്തി വീണ്ടും
അണയാതെ കാത്തിടാം ശിഷ്ട കാലമെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 5, ബുധനാഴ്‌ച

പരദേശി


ഒരു ബംഗാളിയൻ കാലാൾപ്പട നടന്നുപോകുന്നെൻ മുന്നിലൂടെ
അവർതൻ കലപിലകൾക്കിടയിലുമുണ്ടൊരു മൗനം
അലച്ചിലുകൾക്കിടയിലുമൊരു ദൃഢ ലക്ഷ്യം
ഇല്ലാതെ പോയതെനിക്കുമെൻ വംശത്തിനും അതു മാത്രം
ഉണ്ണുവാൻ തെരുവു മുഴുവൻ വിഭവങ്ങൾ
അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന നേരവും
സ്വരുക്കൂട്ടിയവയൊരു ഭാണ്ഡത്തിലാക്കുവാൻ
എന്നോ എന്റെ നാട്ടാർക്കാവാതെ പോയ്
തൂമ്പയെടുത്ത്, കയർപിരിച്ച്, ഭാരംചുമന്നൊരു തലമുറ
ഒട്ടു നന്നായി മേച്ചു നടന്നയെൻ ജനതയെ
ഒരു പെട്ടി തുറന്നു വന്നൊരു ഭൂതം പുതു
വിപണന തന്ത്രം പഠിപ്പിച്ചു വഞ്ചിച്ചു
തൊലി വെളുപ്പിന്റെ സൗന്ദര്യം, രാസക്കൂട്ടുക്കളുടെ മേളനം
രുചി ഭേദങ്ങളുടെ പറുദീസ, പിടിമുറുക്കിയവൻ
എന്റെ മക്കളുടെയോരോ ബലഹീനത നോക്കിയും
ഇന്നൊന്നു നട്ടെല്ലു നിവരുവാനെൻ സഹജനു
ഇല്ല പരദേശിയില്ലാതൊരു മാർഗ്ഗമില്ല
ഇനിയുണ്ണുവാൻ ഉറങ്ങുവാനുലാത്തുവാൻ
എന്തിനും പരദേശിയെത്തേടിയൊടുക്കമൊരു
ഉണ്ണിയുണ്ടാക്കുവാൻ പോലുമാ കാൽപാദം
ഉമ്മവെയ്ക്കേണ്ട ഗതികേടിലാകുമോ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 4, ചൊവ്വാഴ്ച

പാറാവ്


പാറാവു ജോലി കിട്ടിയെനിക്കെന്റെ തമ്പ്രാന്റെ
പാവന മന്ദിരം കാക്കുവാൻ കഴുകുവാൻ
കോട്ടു സൂട്ടൊന്നണിഞ്ഞു ഞാൻ പുതിയൊരു
കോമാളി വേഷത്തിലവിടെ പൊറുക്കലായി
ഈച്ചയിലയനക്കം ഒരു ഈർക്കിൾ കമ്പു പോലും
ഇല്ല ഞാനറിയാതകത്ത് പ്രവേശമില്ല
എന്റെ സ്വന്തബന്ധമെന്നെ സ്നേഹിപ്പവർ
ഏതൊരാൾക്ക് മുന്നിലും ഞാനിളകിയില്ല
ഒരു തുള്ളി വെള്ളമാർക്കെങ്കിലും ലഭിച്ചിടാൻ
ഒട്ടില്ല മാർഗ്ഗം ഞാൻ കനിഞ്ഞിടാതെ
ഗമയിൽ ഞാനങ്ങനെ ഭരണം തിരിച്ചിരിക്കെ
ഗൗളിയൊന്നു ചിലച്ചതിൻ കാരണം ജോലി പോയി
തമ്പ്രാനില്ല തലപ്പാവില്ല ഇല്ലയിന്നെൻ തലക്കനം പോലും
തല ചായ്ക്കുവാനെനിക്കിന്നെൻ ചെറു കുടിലു മാത്രം
മറ്റുള്ളവർ തന്റെ മാറ്റുകണ്ടൂറ്റം കൊൾകിലോ
മറുപക്ഷമില്ല തകർന്നു താഴെ വീഴും നിശ്ചയം

wwwwwwwwwwwwwwwwwwwwwww

2012, ഡിസംബർ 1, ശനിയാഴ്‌ച

ഒടുക്കത്തെ കവിത


പ്രഭോ
ഈ ശുഭ്ര വസ്ത്രത്തിൽ നിന്നുമീ കറുത്തയെന്നെ
വലിച്ചെടുത്തു പുറത്തെറിയുക, തുറന്നു കാട്ടുക
വിചാരണയേതുമില്ലാതെ തന്നെ സമൂഹ മദ്ധ്യത്തിൽ
പച്ചയ്ക്കു കത്തിക്ക,മൊത്തമായ് തുടച്ചെറിയുക
അത്രമേൽ വിശുദ്ധമായൊരു ജീവിതം കയ്യേന്തി
ആണ്ടേറെ നടന്നിട്ടുമ്മതിൽ നിന്നൽപം
അരുതുന്നതെടുത്തണിയാതെ തന്നെ
എടുത്തെറിഞ്ഞുടച്ചിട്ട പാപം പൊറുക്കായ്ക
ഇല്ലില്ലിനിയൊരിക്കലുമെന്റെ കയ്യിൽ
തിരിച്ചിറങ്ങാൻ വഴിയില്ലയീ സൗഭഗമൊട്ടുമേ
എങ്കിലുമൊട്ടുമതിമോഹമായ് ഞാനാശിച്ച് കൊള്ളട്ടെ
ഇനിയും വസന്തം പെയ്തിറങ്ങുമീ പാപിയിൽ
ഒലിച്ചൊഴിയുമതിലെന്റെ കെടുകെട്ട കറകളൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...