2013, ജനുവരി 29, ചൊവ്വാഴ്ച

പുതു ജന്മം


പിറക്കാതെ പോകുന്ന വാക്കുകൾക്കു മുന്നിൽ
പേറ്റുനോവു മാത്രം ബാക്കിയാവുന്നു
ദുരിതങ്ങൾക്കു മുകളിൽ പെയ്തിറങ്ങുന്ന
ഓരോ തുള്ളികളുമുരുവാക്കുന്നത് ഒരു സങ്കടക്കടലാണു
ഞാൻ ഞാനെന്നഹന്തയ്ക്കു ശേഷമൊരു
ജ്ഞാത ലോകത്തേക്ക് ഞാൻ കൺതുറന്നിറങ്ങുമ്പോൾ
ഈ ഭൂമി ലോകത്തിനു പേരിനൊരു പൊട്ടു പോലും
ഇത്തിരിപ്പോന്ന ഞാൻ ഇട്ടു പോവതില്ല
അറിവുകൾ മുറിവുകളായുള്ളിൽ നിന്ന്
ചലം പൊട്ടിയൊഴുകിയ ഇന്നലെകളിൽ
പശ്ചാത്താപ പ്രാർത്ഥനകളുരുക്കിയ പുലർവേളയിൽ
വൈകിയെത്തുന്ന വിവേകങ്ങളൊരു വിതുമ്പലായെന്നുള്ളിൽ
പുതു വിശ്വാസത്തിന്റെ പനങ്കള്ളു കുറുക്കുന്നു
ഇനിയീ മണൽവിരിച്ച എന്റെ താഴ്വരകളിൽ
നാളെയൊരു വറചട്ടിയിൽ എരിഞ്ഞു തീർന്നിടാമെങ്കിലും
ഒരു ചെറു കടുകു ചെടി പൂക്കുന്നതു പോലും
ഉന്മാദം വിതയ്ക്കുന്ന വസന്തമാണു
നിന്റെയൊടുങ്ങാത്ത കടൽ തീർക്കും തിരകൾക്കു മുന്നിൽ
ഒരു കൈക്കുമ്പിളിലിറ്റു നീർക്കെട്ടിനുള്ളിൽ
ഉദിച്ചുയർന്നു നിൽക്കും സൂര്യബിംബം നോക്കി ഞാൻ
നീ തന്ന പുതു ജന്മം നന്ദിയോടൊട്ടാസ്വദിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2013, ജനുവരി 22, ചൊവ്വാഴ്ച

പുതു വർഷം


പൂത്തു നിൽക്കുന്ന ഗോതമ്പു വയലുകൾക്കു പകരം
ഇന്നു ചുറ്റും  വസന്തം മറന്ന മുളകു ചെടികളാണു
പീലി വിടർത്തിയാടുന്ന മയിലുകളെ തിരക്കവേ
വാനരപ്പടയൊന്നായ് കൊഞ്ഞനം കുത്തുന്നു
നോവുയരുന്ന ഉപ്പുകാറ്റിന്റെ സാന്ദ്രതയളക്കാൻ
സ്ഥായിയായൊരു അളവുകോൽ പരതുന്ന മനസ്സ്
ഉഷ്ണമേഘങ്ങളിൽ കുരുങ്ങിക്കിടക്കുകയാണു
തടവറയെന്നത് ഇരുമ്പു വേലികൾക്കുള്ളിലല്ല
ഇരുണ്ട മനസ്സുകൾ തീർക്കുന്ന അതിരുകൾക്കുള്ളിലാണു
സമയമില്ലായ്മയിൽ നിന്ന് സമയാധിക്യത്തിന്റെ
കറുത്ത ജ്വാലകളിൽ ഞാൻ മരണം കാണുന്നു
പക്ഷേ, മരണവും ഒരു ദയയാണെന്ന തിരിച്ചറിവ്
എന്നിൽ ഒരു വിതുമ്പലായ് പടർന്നിറങ്ങുന്നു
ഇനിയെന്റെ പശ്ചാത്താപത്തിന്റെ ഒടുക്കത്തെ വിളിയെങ്കിലും
നിന്റെ പള്ളിയറകളിൽ പതിച്ച് പ്രകമ്പനം കൊണ്ട്
നീയെന്നിലൊരു പുതുവർഷപ്പിറവിയായവതരിക്കും വരെ
ഈ മണൽക്കാടുകളിൽ ഞാൻ ശാന്തി തേടിയലയട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പുതുമഴ


ഭ്രമങ്ങളിലൊടുങ്ങിയൊരായുസ്സു മൊത്തം
വരണ്ട തൊണ്ടയുമായ് ഞാൻ പഴമ്പാട്ടു പാടി
ഒടുവിലൊരു വൻ വീഴ്ചയിൽ തരിച്ചിരിക്കെ
അറിയുന്നു ഞാനെന്റെയപരാധമെല്ലാം
നല്ലൊരെഴുത്താണിയും കുത്തിയൊഴുകും വാക്കുകളും
കേട്ടു തലയാട്ടുവാൻ മുന്നിലൊരു ചെറു കൂട്ടവും
മതി വാഴ്വിതിലേറെയെന്തഹങ്കരിക്കാൻ
ഇന്നെന്റെ തൂലികത്തുമ്പിലൊരുത്സവ പുതുമയില്ല
ഗതികെട്ടൊഴുകുവാൻ ഒരു ചെറു കാവ്യമില്ല
വാഴ്ത്തുവാൻ വളർത്തുവാനിന്നാരുമില്ല
ഈ കെടുകെട്ട വേളയിലീ ദുർന്നിലാവിൽ
മൂന്നു ചുറ്റുചുറ്റി ഞാൻ വീശിയെറിയുന്നു
മുക്കാൽ ചക്രത്തിനുപോലുമുതവാത്തയെന്റെ ജന്മം
ഇനിയെന്റെയീശനെന്നെ പുതുമഴയിൽ കുളിപ്പിച്ച്
പാപങ്ങളൊടുക്കിയൊരു പൂർണ്ണ മനുഷ്യനാക്കും
അന്നെന്റെ പകർപ്പവകാശമവൻ കാല്ക്കീഴിൽ വെച്ച്
വെറുമൊരു പരികർമ്മിയായ് ഞാൻ തൊഴുതു നിൽക്കും
പാഴ്വാക്കു പറഞ്ഞെന്നെ പുകഴ്ത്തിപ്പരിഹസിക്കാൻ
ഒരു വീൺവാക്കുരച്ചൊട്ടെൻ തലക്കനം കൂട്ടുവാൻ
വരേണ്ടതില്ലാരുമിനിയെന്റെ പാതയിൽ
വിടുക ഇനിയെങ്കിലും ഞാനൽപം ജീവിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജനുവരി 11, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഒമ്പതെഴുത്താണികൾ ചേർത്തു വച്ച്
ഒന്നരത്താളുകൾക്കു മേൽ പ്രണയം കിനിഞ്ഞിരുന്നു
ഓണം വിഷു ഉത്സവപ്പിറ്റേന്നുമെല്ലാം
ഓടി ഞാനൊടുങ്ങാതെ കാമുകവേഷം തിമിർത്തിരുന്നു


പാടവരമ്പിൽ തപം ചെയ്യും വെൺ കൊറ്റിയായ്
പാവന ക്ഷേത്ര നടയിലെ നൽ പോറ്റിയായ്
പരതി നടക്കും നല്ല ചേലൊത്ത ഗോക്കൾക്കു പാലനായ്
പഴമ്പാട്ടു പാടി പലയുള്ളങ്ങളിൽ നിറഞ്ഞിരുന്നു


തിരുവാതിര കർക്കിടകപ്പെരുമഴ പിന്നെ ഞാറ്റുവേല
തിഥിയൊന്നുപോലുമൊഴിയാതെയാണ്ടു മൊത്തം
തിമിർത്തു ഞാനാടിയ തുമ്പുകേടിൻ ആട്ടമെല്ലാം
തിരിച്ചറിയുന്നിന്നു വെറും പേക്കൂത്തുകളായിരുന്നു


എത്തി ഞാൻ നിൽക്കുന്നിന്നെന്റെ വാഴ്വിന്റെ
ഏങ്ങൽ മാത്രം ബാക്കിയുള്ള ദശാസന്ധിയിൽ
എട്ടു ലോകം പൊട്ടി ഞാൻ മുഴക്കിയ കാഹളമെല്ലാം
എരിതീയായ് ഇന്നെന്നെയൊന്നായ് ഉരുക്കിടുന്നു


അറിയുന്നു ഞാനെന്റെയിന്നലെകളിലെയഹന്ത
ആരേയും മതിക്കാതെ ഉയർത്തിയ തലക്കനം
ആർത്തു വിളിച്ചു മദിച്ചു നടന്ന മുൻ നാളുകൾ
അടിപതറിയിന്നിവിടെ വീണു കിടക്കയിൽ


ഇനിയില്ലയാടുവാനൊരു ലഘു നാടകം പോലും
ഇല്ലില്ല വാഴ്വിൽ കിനിയുവാനിറ്റു മധുരവും
ഇക്കണ്ടകാലമൊട്ടുക്കൊടുക്കിയ തിന്മയിൻ ശേഷിപ്പായ്
ഇട്ടേച്ചു പോകുവാൻ ഇത്രമാത്രമീ പാഴ്ത്തടി

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു ഭിക്ഷയായ്


ഉപ്പു പൂക്കുന്ന കിഴക്കൻ വയലേലകളിൽ
ഒരു കുഞ്ഞു മത്സ്യം പോലും തുടിക്കാത്ത ജലാശയങ്ങളിൽ
വരണ്ട കാറ്റിലെ വെറുപ്പിക്കുന്ന ഊഷരതയിൽ
ഭീകര വിജനത തളംകെട്ടി നിൽക്കുന്ന വിഭ്രമ ദേശങ്ങളിൽ
അലക്ഷ്യമായ് കാലമെല്ലാം ഞാനലയുകയാണു
ഒരുകയ്യിൽ കവിതയും ഒരു ചുമടഹന്തയും തീർത്ത
പോയകാല അവിശുദ്ധ ദിനങ്ങളിൽ
ഒരഭിശപ്ത നിമിഷമെൻ ഭ്രമണ പഥത്തിൽ നിന്ന്
നിഷ്കരുണം ഞാൻ തട്ടിത്തെറിപ്പിച്ചയെന്റെ ജന്മം
ഒരു ഭിക്ഷയായെങ്കിലും എൻ പ്രഭോ സദയം
തിരിച്ചു തരികയെന്നിൽ കരുണ വിതറുക
ഇനിയെന്റെ കവിതയിലെന്നുമൊരു ഭാവമായ്
ഒരുകോണിലെന്നും നീ ജ്വലിച്ചു നിൽക്കും
ഇനിയെന്റെ വാക്കുകൾക്കുൾക്കരുത്തായ്
നീയെന്ന പ്രണയമന്ത്രം ഞാനേറ്റിവയ്ക്കും
ദുരിതം പെയ്യുന്ന കാമ മഴക്കാടുകളും
അസ്ഥികളുരുക്കുന്ന നീല രതിത്താഴ്വരകളും വിട്ട്
നിന്റെ നിതാന്ത സ്നേഹത്തിൽ നിരന്തരം
ഞാനുമെൻ കവിതയും ഒഴുകി നടക്കും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജനുവരി 10, വ്യാഴാഴ്‌ച

പ്രതീക്ഷ


ഞാൻ നീയും നീയെന്നാൽ നരകവുമാവുമ്പോൾ
നിന്നിൽക്കുളിച്ചഗ്നിശുദ്ധി വരുത്തി വീണ്ടും
ഞാൻ ജീവിതത്തിലേക്ക് പറന്നിറങ്ങും


ഞാൻ കുതിർന്നു കിടക്കുന്ന കരയും
നീ പാപത്തിന്റെ വൻ കടലുമാവുമ്പോൾ
നിന്റെ സുനാമിത്തിരകളെന്നെ മൂടും മുന്നേ
ഭൂമിയിലേക്കാഴ്ന്നിറങ്ങി ലാവയിലുരുകിയെങ്കിലും
മൂന്നാംപക്കം ഞാൻ ഉയിർത്തെഴുന്നേൽക്കും


നീ സാത്താനിക മാർഗ്ഗത്തിന്റെ നാഗവും
എനിക്കു ചുറ്റും നിന്റെ പാപ ഫലവുമാകുമ്പോൾ
പട്ടിണിയാൽ മരണം വരിച്ചും ഞാൻ
സ്വർഗ്ഗ പാതയിലേക്ക് തെന്നിയിറങ്ങും


ഒന്നിനൊന്നിനും ഇട ലഭിക്കും മുന്നെ നീയെന്നെ
നിന്റെ അവിശുദ്ധ വചനങ്ങളാൽ കളങ്കപ്പെടുത്തുകിൽ
പശ്ചാത്താപ കണ്ണുനീരിൽ സ്വയം കഴുകി ഞാൻ
പുതിയൊരു ജന്മമായ് വീണ്ടും പെയ്തിറങ്ങും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...