2013, ജൂൺ 20, വ്യാഴാഴ്‌ച

ദുരന്ത ഗീതിക


തുടച്ചെറിയാതിരിക്ക നീയെന്റെ വാനിലെ
പുതിതായുരുവായ കരിമേഘത്തുണ്ടുകൾ
വേരറുത്തു ബന്ധം വിടർത്തിയ സ്വന്തം
വെറുപ്പിന്റെ തീയെടുത്ത ഇഷ്ടജനങ്ങളെ
നീ വീണ്ടുമൊരു ചെന്ന്യായം തേച്ച ഓർമ്മയായ്
എന്നെ അലോസരപ്പെടുത്തായ്ക, തുടരാതിരിക്ക
പാതിവെന്ത ശേഷവും ഞാൻ തച്ചുടച്ചെറിഞ്ഞ
വിശപ്പിന്റെ മാത്രകൾ തീണ്ടിയ കലങ്ങളെ
നീയൊരു ദുരന്ത ഗീതികയായെന്റെ സ്വപ്നങ്ങളിൽ
ഇഴഞ്ഞെത്തിയെന്നിൽ വെറുപ്പിൻ വിഷമേറ്റാതിരിക്ക
എന്റെ ഗോളം മഴയിൽ കുതിർന്നുയിർക്കുന്ന നേരവും
നിന്റെ ചുടു നിശ്വാസം കൊണ്ടെന്നെ എരിക്കായ്ക
അരുതായ്മകൾക്കു സാക്ഷ്യം ചൊല്ലിയെൻ യാത്രയാകെ
വെറും വിപരീത ഊർജ്ജം നിറച്ചെന്നെ കൊല്ലായ്ക
പന്തിയിൽ എന്നിരുവശവും വിഭവങ്ങളെല്ലാം വിളമ്പി
വായ്ക്കരിപോലും നിഷേധിച്ചെന്നെ ഒറ്റപ്പെടുത്തായ്ക
എന്നെ വിവസ്ത്രനാക്കിയവിശുദ്ധ ബാന്ധവം ചാർത്തി
തെരുവിന്റെ വടക്കൊരു മൂലയിൽ വെച്ച് കൂക്കിയാർത്ത്
കൈകൊട്ടിച്ചിരിച്ച നിങ്ങളൊരു ദിനം പുലരിയിൽ
ഇല്ല ഞാനരുതാത്തതൊന്നും ചെയ്തില്ലെന്നുണർന്നു
മാത്സര്യ ബുദ്ധിയോടൊന്നിച്ച് കൈവണങ്ങിയെൻ
എഴുത്താണി നെറുകയിൽ വെയ്ക്കും നൽവേള വരെ
ഞാനെന്നെ മറന്നുലകം മറന്ന് കവിതയിൽ ലയിക്കട്ടെ

ooooooooooooooooooooooooooooooooooooooooo

2013, ജൂൺ 10, തിങ്കളാഴ്‌ച

ഭ്രമങ്ങൾ


ഗിരിശൃംഗങ്ങളിൽ ആണ്ടാണ്ടുകളായ് ഞാൻ
ഏകയാഗം നടത്തുന്ന  വേളയിൽ പോലുമേ
ഹൃത്തിലൊരു കപടചരിവിലാരുമറിയാതെ
ഒരു പനിനീർ ദളം കാറ്റടിയേൽക്കുന്നുണ്ട്


ഇരട്ടപിറന്ന മാൻപേടകളിൽ ഭ്രമിച്ചു ഞാൻ
കറുത്ത മൂടുപടത്തിനുള്ളിലിരുന്നാണെങ്കിലും
ഇടയ്ക്കെപ്പഴോ ഇരുളിനെ വകഞ്ഞു മാറ്റി
പതുങ്ങിയിരുന്നു ഇക്കിളി കൊള്ളുന്നുണ്ട്


ഭാണ്ഡത്തിലാക്കി ഒളിപ്പിച്ച ഭ്രമങ്ങളെല്ലാം
അതിതീവ്രതയൊട്ടുമൊടുങ്ങാതെ വീണ്ടും
ചെളിനീരിൽ നിന്നുയിർമൂച്ചിനായ് നിത്യം
തലയുയർത്തി കണ്ണുകാട്ടി നിൽപതുണ്ട്


അറിയുന്നു ഞാനെന്റെ ജനിതകപ്പടിയിൽ
ഈയമുരുക്കിയൊഴിച്ചെഴുതിയ രാസവാക്യം
ഒരു ചെറു തപംകൊണ്ടൊരു ജപം കൊണ്ട്
ആവില്ല തിരുത്തിയെഴുതുവാനൊരിക്കലുമൊട്ടും


നീ നിന്റെ കാരുണ്യവാടം മലർക്കെത്തുറന്ന്
എന്നിലെ വിഷബീജമൊക്കെയുമെടുത്തെറിഞ്ഞ്
വിശുദ്ധനാക്കിയെന്നെയവിടേക്ക് ചേർക്കുകിൽ
അന്നേ ഞാൻ ഞാനെന്ന പൂർണ്ണ മർത്യനാവൂ

wwwwwwwwwwwwwwwwwwwwwwwww

പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...