2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കുറ്റപത്രം


ദുരന്തങ്ങളുടെ കാഴ്ച്ചക്കാരനാകുവാൻ
ഈ സമതലത്തിൽ ഞാൻ ബാക്കി
നോഹയുടെ പ്രളയവും മോശയുടെ താഢനവുമേറ്റ്
മരണം ഘനീഭവിച്ച താഴ്വരകളിൽ ഞാൻ
ഒഴുകാനും ഉറയാനുമാവാതെ ഉരുകിത്തീരുന്നു
അഹന്തയുടെ ദന്തഗോപുരങ്ങളിൽ നിന്നും
അപമാനത്തിന്റെ പാതാളത്താഴ്ച്ചയിലേക്കുള്ള ദൂരം
എന്റെ ജീവിതംകൊണ്ടളന്നു തീർക്കുകയാണു
വിശപ്പിന്റെ യാചനകൾക്കു മുകളിൽ
സുവിശേഷ വാണിഭരുടെ കാഹളവും
സദാചാര നായ്ക്കളുടെ ബഹളവും ശ്രവിക്കാതെ പോയത്
എന്റെ അപരാധപ്പട്ടികയിലെ ഒന്നാം കുറ്റം
സ്വന്തബന്ധങ്ങളുടെ തീച്ചൂളയിൽപ്പെട്ട്
തിക്താനുഭവങ്ങളിലേക്ക് ജാലകം തുറക്കവേ
പേരിനുപോലുമൊരു സൗഹൃദം നെയ്തില്ലന്നതെന്റെ
പാപക്കണക്കിൽ ചേർത്തുവച്ച രണ്ടാം കുറ്റം
അന്നത്തിനും അവസരത്തിനും പിറകെ ഞാൻ
തലതല്ലിപ്പാഞ്ഞു തെരുവിൽ കിടക്കവേ
പ്രണയപരിണയപ്രതിക്രിയകൾക്കായൊരു നാഴിക
നീക്കിവച്ചില്ലന്നതെന്റെ പൊറുക്കാനാവാത്ത കുറ്റം
ഇനിയൊരു വിചാരണയേതുമില്ലാതെന്നെ
ഗതികിട്ടാത്തൊരു കരിങ്കൽത്തുറുങ്കിലടയ്ക്ക
തെല്ലും സഹതപിച്ചിടാതെന്നെ കഴുവേറ്റുക
ഒടുവിലൊരു ഫലകമെന്റെ കല്ലറ മുകളിൽ നാട്ടുക
സത്യാസത്യ വിവേചനമറിയാതെ പോയൊരു വൻപാപി
എഴുതിത്തീരാത്തൊരു കവിതയുമായൊടുങ്ങി
ഇനിയൊരു ഉയിർപ്പില്ലാതടങ്ങുവാൻ ഇക്കൽക്കെട്ട്
തുറക്കാതിരിക്ക കാവ്യം നിലയ്ക്കാത്ത നാൾവരെ

00000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...