2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

മതിഭ്രമം


പ്രിയേ, നാമിപ്പൊഴും
ഒരേ സ്വപ്നത്തിന്റെ രണ്ടു തന്തുക്കളാണെന്നും
ഒരു നദിയിലൊരേ ഗതിയിലാണെന്നും
ചെറു തിരിയായ് കൽപ്പിച്ചു വെയ്ക്കുക
രണ്ടു വിദൂര ദേശങ്ങളിൽ
വർഗ്ഗ വ്യതിയാനങ്ങളുടെ ഇരട്ട ശിഖരങ്ങളിൽ നിന്ന്
വ്യത്യസ്ത കാലങ്ങളിൽ യാത്രതിരിച്ച്
ചവർപ്പിന്റെ താഴ്വരയിലേക്ക് പറന്നിറങ്ങിയോർ
നിന്റെ മോഹങ്ങളും എന്റെ ഭ്രമങ്ങളുമല്ല
നമ്മുടെ ചിന്തകളാണു സഹശയനമാടിയത്
ഒരേ ചുമരിനിരുപുറം നിന്നു
ഹൃദയവേഗം പകുത്തതും
ഒരു താരാട്ടുശീലിനിടയിൽ വാക്കുകൾ
അമൃതായ് അടവെച്ചു കാത്തതും
ഒരുപകലുമൊമ്പതു രാത്രിയും തീരാ വിഭവങ്ങൾ
ഒറ്റനോട്ടത്തിലൊളിപ്പിച്ച് വെച്ചതും
കാമമല്ല പ്രണയമല്ല ഉദരം പകുത്ത ബന്ധമല്ല
എന്റെ കവിതയും കിറുക്കും നിന്റെ കൂന്തലിലുടക്കി
ജനിതക ഗോവണിപ്പടികളിൽ കുറിച്ചിടപ്പെട്ടത്
ലാവയൂറുന്ന പാപ മനസ്സുകളിൽ
വെറുപ്പ് തളിർക്കുന്ന കാഞ്ഞിരക്കുറ്റികളിൽ
പകപൂത്ത് ഒളികണ്ണെറിഞ്ഞ് ഒറ്റുകൊടുത്തോർ
പേരറിയാത്ത തെരുവീഥികളിൽ
പെരുമ്പറ മുഴക്കി അവിഹിത ബാന്ധവം പാടിയോർ
വാതായനങ്ങളിലൊക്കെയും മുട്ടിവിളിച്ച്
വ്യഭിചാര വേദാന്തമോതിയോർ
മറക്കുകയെല്ലാം എല്ലാം വെറുമൊരു
ഉച്ചമയക്കത്തിനിടയിലെ സ്വപ്നമായ്
ഇനിയും നിന്റെ കിനാക്കൾക്കു വർണ്ണമേകാൻ
എന്റെ വസന്തം കടംകൊള്ളുക
കുറിച്ചിടാതെ പോയ വാക്കുകളും
പിഴുതെറിയപ്പെട്ട ഭ്രൂണങ്ങളും
എന്റെ മതികേടുകളിൽ നിന്റെ രതിരാഗം ചേർത്ത്
പിറക്കട്ടെ പുതു കാവ്യമായ് വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxx

2014, ഏപ്രിൽ 20, ഞായറാഴ്‌ച

എതിർ ഭ്രമണം


മധുരതരമൊരു ചെറു കാറ്റുപോലും
വീശുകില്ലെന്ന വാശിയാണു ജീവിതം
പരന്നൊഴുകേണ്ടുന്ന പാതയെല്ലാം
പാതി പകുത്ത് പൊളിച്ചെഴുതുന്ന വേദാന്തം
ദുരിതകയത്തിൽ നിന്നെടുത്ത വാക്കുകൾ
ദുരന്തമായ് മാത്രം പകരുന്ന പുരോഹിതർ
എന്നെ നിന്നിൽനിന്നടർത്തിയെടുത്ത പിൻ
ഇല്ല മുളപൊട്ടുവാനൊരു വാക്കു പോലും
അതി തീവ്ര രതിബോധമല്ല
അഗാധമാം സൗന്ദര്യ മോഹമല്ല
പടരുന്ന തീയല്ല, പറയാത്ത വാക്കല്ല
പ്രണയമല്ല മരണമല്ല പുനർജ്ജനിയുമല്ല
നിന്നിൽ ഞാനെന്നെ കണ്ടെടുത്ത സത്യം
ഇനി നിനക്കു ഞാൻ പകർന്ന രാസത്വരകം
ആയുസ്സൊടുക്കം വരെ നിന്നിൽ എതിർ ഭ്രമണമാകും
അതിലെന്നെയെരിക്കുവാനൊരു അഗ്നിയൂറും
അതിലുമൊരുമാത്രയൊരുകണമൊരു നൊടി മുന്നേ
കൊടികെട്ടി കൂറട്ടെ ഞാൻ നിന്റെ പാതിവ്രത്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

സമർപ്പണം


എനിക്കായ് സമർപ്പിച്ചവൾക്ക്,
ഞാൻ നിന്റെ വാഗ്ദത്ത ഭൂമിയായിരുന്നില്ല
സ്വപ്നമായ് നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുമില്ല
വാക്കുകളുടെ മലരുകൾ വിരിയിച്ച്
പ്രലോഭിപ്പിച്ച് വശംവദയാക്കിയിട്ടില്ല
ഞെരുങ്ങിയ പൗരോഹിത്യ ചിന്തകളിൽ
നിന്റെ നാളുകൾ വെയിലേറ്റു വിളറുമ്പോൾ
ഒരു സഹതാപക്കണ്ണെറിഞ്ഞിരിക്കണം
ഒരായുസ്സിനൊരു പുരുഷനാവാത്തത്
ഒരു വാക്കിലൊരു കവിക്കാവുമെന്ന്
നീ ആലങ്കാരികമായ് പറഞ്ഞതാവില്ല
ഒറ്റുകാരന്റെ കടുംപ്രയോഗത്തിലും
ഉടയവന്റെ കൊടും താഢനത്തിലും
നീ കാത്തതെന്റെ നാളുകളെയായിരുന്നു
നിന്റെ മുറിവുകളേക്കാളൊരിക്കലും
സത്യമായതല്ല എന്റെ കണ്ണീർ
ഇനിയൊരുനാൾ,
നിന്റെ സ്വപ്നങ്ങൾക്ക് ബലിയിടാൻ
എന്റെ കവിതകളെ ഞാൻ തുറന്നു വിടും
അതിലൊഴുകിയൊടുങ്ങണം
നിർബന്ധിത വേഴ്ചകൾ
പരുഷ മേധാവിത്വ തീർപ്പുകൾ
ന്യായമറ്റ കൂട്ടുജീവിത വ്യവസ്ഥകൾ,
വീണ്ടുമൊരു മാർജ്ജാര വേഷപ്പകർച്ചകൾ
എന്നിൽച്ചേർന്നൊഴുകുകില്ലെങ്കിലും
തണലായിരിക്കുമെന്റെയെഴുത്തും കാലവും
ഒടുക്കം വരേക്കും നിന്റെയടങ്ങാത്ത ഭ്രമങ്ങൾക്ക്


00000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...