2014, ജൂലൈ 7, തിങ്കളാഴ്‌ച

പഞ്ചേന്ദ്രിയങ്ങൾ


കണ്ണേ മടങ്ങുക,
വിലക്കപ്പെട്ട വിഭവങ്ങളൊക്കെയും ചുറ്റിലും
പൂത്ത് കായ്ച്ച് കുലച്ച് നിൽക്കവേ
രണ്ടാം നോട്ടത്തിലേക്കെന്നെ വലിച്ചിട്ട്
മലിനപ്പെടുത്തായ്കയെൻ വ്രതമൊടുക്കായ്ക


കാതേ ഉൾവലിയുക,
സ്വന്തബന്ധവും സൗഹൃദക്കൂട്ടവും ഭൂലോകമൊക്കെയും
അടച്ചാക്ഷേപിച്ച് പടിയടച്ചൊതുക്കവേ
അനർഹമായൊരു മധുവാണി കേൾക്കയിൽ
കൂർമ്മ പെരുത്ത് വീണ്ടും കൊതിപ്പിച്ച്
വിഷമ വൃത്തത്തിലേക്കെന്നെ നയിക്കായ്ക


ശ്വസനേന്ദ്രിയമറിയുക,
ലഹരി പതയുന്ന നഗരഹൃദയങ്ങളിൽ
കറുപ്പു പൂക്കുന്ന മാനവ സ്വപ്നങ്ങളിൽ
പട്ടിണി വമിക്കുന്ന ഗന്ധകപ്പുകയും
അദ്ധ്വാന വർഗ്ഗത്തിൻ വിയർപ്പു ഗന്ധവും
ഒരു മാത്രയെങ്കിലും മറക്കാതെ കാക്കുക


നാവേ പൊറുക്ക നീ,
കാടിനെക്കവിതയെ കർക്കടകപ്പെരുമഴയെ കാമിച്ച്
ഞാനെന്റെ പാടെന്നു സ്വയം പടപൊരുതി വാഴവേ
അപഹസിച്ച് നിന്ദിച്ചൊടുക്കമൊരു വ്യഭിചാര
അപസർപ്പകക്കഥ മെനഞ്ഞ സദാചാര പേപ്പട്ടിയെ
പേരിനു പോലും ഭത്സിക്കായ്ക, പുലയാട്ടു പറയായ്ക


ത്വക്കെന്നുമെന്നിലേക്കൊതുങ്ങിയിരിക്ക,
തൊട്ടുരുമ്മി തോളോട് തോൾ ചേർന്ന്
അമ്മ പെങ്ങളമ്മാവിയെന്ന് കൂട്ടായ്
നൽ വ്യവസ്ഥ പകുത്ത നാളൊടുങ്ങി
പിറന്നു വീണ പെൺകുരുന്നും കിഴവിയും
പെണ്ണെന്നെതു പീഢന വസ്തുവായയിന്നാൾ
തട്ടാതെ മുട്ടാതെ തന്നിലേക്കു ചുരുങ്ങിയസ്തമിക്ക


ഇന്ദ്രിയങ്ങളെയനുനയിപ്പിച്ച് ഭോഗിച്ച് വെറുമൊരു
ജനനേന്ദ്രിയ മോഹമൊതുക്കലായ് ജീവിതം
മാറിടുന്ന കാലത്തിനൊരു പക്കം മുന്നേ മണ്ണിൽ നിന്ന്
വിണ്ണിലേക്കലിഞ്ഞെങ്കിലീ പാഴ്ദേഹം,ആത്മൻ


000000000000000000000000000

2014, ജൂലൈ 3, വ്യാഴാഴ്‌ച

ജീവിത വ്രതം



വ്രത വിശുദ്ധിയുടെ നാളുകളിൽ
വിശപ്പിന്റെ ആഴങ്ങൾ പരതവേ
ഒരു പിൻവിളിയായ് നീയെന്നിൽ
ഓർമ്മകൾ കോരിയിടുന്നുണ്ട്


സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ്
സതീർത്ഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ
ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത
വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു


സഖാക്കളൊക്കെയും പ്രണയം പകുത്ത്
കലാലയ മൂലകളിൽ പുഷ്പിച്ചു നില്ക്കവേ
ഒറ്റപ്പെടുത്തലിനളവുകോൽ മറക്കുവാൻ
സമരവും ചരിത്രവും വേദാന്തമായ്ക്കണ്ട്
വിപ്ലവമോതിയ വേളയിൽ വിരുന്നെത്തും
വ്രതകാലമൊരു ഒളിച്ചോട്ടമായുണരുന്നു


പേരെടുത്ത തറവാട്ടിൽ പിറന്ന ദോഷമൊടുക്കുവാൻ
പേയെടുത്ത് പാഞ്ഞ നഗര ഗർത്തങ്ങളിലൊക്കെയും
നാലണത്തുട്ടുപോലും തനിക്കായ് വ്യയം ചെയ്യാതെ
ബന്ധങ്ങളെയൂട്ടുവാൻ ത്യജിച്ച തീക്ഷ്ണ ദിനങ്ങളിൽ
നീണ്ടുനിന്ന നോമ്പുകൾ പട്ടിണിക്കു മറയായിരുന്നു


ഇന്നീ ജീവിത സായന്തനച്ചുകപ്പുപോലും
എന്നേക്കുമായകന്നയൊടുക്കത്തെ മൂച്ചിൽ
മുടിക്കാൻ പിറന്നവനെന്ന ബിരുദവും പേറി
കടത്തിണ്ണയലങ്കരിക്കും വെറുപ്പിന്റെ മാത്രയിൽ
തിന്നാനൊരു കൂട്ടം ഗുളികയും നുകരുവാൻ വ്യഥയും
ഇന്നലെകൾ തന്ന നടുക്കം രുചിക്കുന്ന ഓർമ്മകളും വിട്ട്
ഒരു തീവ്ര വ്രതമായ് ഞാനുരുകിയൊടുങ്ങട്ടെ നാളെ മടങ്ങുവാൻ


wwwwwwwwwwwwwwwwwwwww

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...