2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

വട്ടപ്പൂജ്യം


വലിയ വട്ടപ്പൂജ്യം അത്രയിഷ്ടമാണെനിക്ക്
കാറ്റു നിറഞ്ഞു പൊട്ടാറായൊരു ബലൂൺ
അതിൽ ഞാനെന്നെ കണ്ടെടുക്കുന്നു
വിശന്നൊട്ടിയ വയറുമായ് വരുന്നവനു
പുലരുവോളം വിശുദ്ധ വചനം വിളമ്പരുത്
ഒരുവേളയെങ്കിലും അപ്പമാവുക
ആർത്തി മൂത്ത ദാഹം കൊണ്ടവന്റെ വായിൽ
വേദം നിറച്ച് ആർത്ത് ചിരിക്കായ്ക
കുമ്പസരിക്കാൻ ചെറുകൂട് പണിത്
വ്യഭിചരിക്കാൻ മണിമേട തീർക്കുന്ന
കപട ഭക്തി വാഴ്ത്തപ്പെടും
ന്യായ വിധി നാളന്നു വരെ
സർക്കാരാതുരാലയപ്പടിക്കെട്ടിൽ
ക്ഷയം തിന്ന് ചോര തുപ്പുവോനു
കരുണയുടെ നോട്ടം നിഷേധിച്ച്
ധൂർത്ത് തീർത്ത യാഗ കുണ്ഡത്തിലേക്ക്
പതിനാറു കാതം ദൂരെ നിന്ന് നീ പറന്നിറങ്ങുക
നിന്റെ താര പരിവേഷവും മാംസ ഗോപുരവും
നീ ചെലുത്തിയ കാണിക്കപ്പെരുങ്കൂനയും കടന്ന്
മാധവ നയനമെൻ വിയർപ്പു തുള്ളിയിൽ
മൃദുവായ് തട്ടിത്തലോടാതെ വരുകിൽ
ഗണിക്കുന്നു ഞാനീശനുമെൻ തൊടിയിലെ
കരിമ്പാറയും വെറുപ്പിന്റെ വേലിക്കെട്ടിനപ്പുറം
തമ്മിൽ ഭേദമില്ലാതെ തുല്ല്യരായ്

oooooooooooooooooooooooooo

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

പിന്തിരിഞ്ഞു നടക്കുന്ന കവിത


സ്വാസ്ഥ്യത്തിന്റെ കവിത
തിമിർത്ത് പെയ്യുന്നതും കാത്ത്
ജീവിതപ്പെരുവഴി നോക്കവേ
കലുഷിത ബന്ധങ്ങൾ
കൊഞ്ഞനം കുത്തുന്നു


താരാട്ടു പാട്ടിന്റെ ഈരടികൾ
തിരിച്ച് വായിക്കുമ്പോൾ
കാമക്കറ കിനിയുന്ന നാവ്
വെളിച്ചം കെടുത്തുന്നു

മുദ്രകളെല്ലാം മൂന്നാം കണ്ണിൽ കണ്ട്
എന്റ ഗ്രാമമെന്നെടുത്ത് ചൊല്ലവേ
ഓതിക്കനുമെഴുത്താശാനും
മുലക്കച്ചയഴിക്കുന്നു

പീഢനം തിളച്ചൊഴുകാത്തൊരു ഒറ്റമുറി
മറുവാക്ക് ചവയ്ക്കാത്ത മേൽശാന്തി
വിഭാഗീയത പൂക്കാത്ത പള്ളിമേട
വരിയുടയ്ക്കാത്ത നാലുവരി കവിത

കരുണയ്ക്കു സ്നേഹത്തിനു വരിയീടാക്കുന്ന
സ്വതന്ത്ര ചിന്തകളിൽ മതം വാരി തേക്കുന്ന
ജാതി നോക്കി അന്നവുമർത്ഥവും നൽകുന്ന
പുതുയുഗ സംസ്കാരത്തിൽ നിന്നൊട്ട്
ഇറങ്ങിപ്പിന്തിരിഞ്ഞു  നടക്കയിൽ
പേരു ചാർത്തിയതറിയുന്നു ഞാൻ മൂരാച്ചി

 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒസ്സ്യത്ത്


എന്റെ മരണശേഷം
നിന്റെ വെറുപ്പിന്റെ ജലത്തിലെന്നെ
നന്നായ് കഴുകിയെടുക്ക
എന്റെ ചലനം നിഷേധിച്ചവർക്ക്
കൺപാർക്കുവാനെന്നെ
മൂന്നു നാൾ വിട്ടേക്കുക
ഒപ്പീസുചൊല്ലാൻ മറുത്ത
പുരോഹിത ശ്രേഷ്ടനു
അന്ത്യോപചാരത്തിനെന്നെ
വലിച്ചെറിഞ്ഞ് കൊടുക്ക
വിലാപയാത്രയിൽ
വിശുദ്ധ വചനങ്ങൾ വെടിഞ്ഞ്
എന്നെ പഴിക്കുക,യെന്നിൽ
അപവാദങ്ങൾ പാടുക
തെമ്മാടിപ്പറമ്പിന്റെ
തെക്കൊരു മൂലയിൽ
ആഴത്തിലെനിക്കായ്
കുഴിയൊരുക്കുക
ഒടുവിൽ, കൈതൊടാതെയെന്നെ
ഇറക്കി വെയ്ക്കുക
എന്റെ മുഖമെഴുത്തിൽ കോറിയിട്ട
വെറുക്കപ്പെടേണ്ടവനെന്ന
സുവിശേഷം മാത്രം മറയ്ക്കാതെ
എന്നെക്കിടത്തുക
പ്രണയമായിരുന്നെനിക്ക് പകലിനെ
പെരുമഴയെ പുൽച്ചാടിയെയെന്ന
കവിതാ ശകലം കൂട്ടിനു വിട്ടേക്കുക
ഇനി മൂന്നു പിടി മണ്ണുവാരിയെടുത്ത്
വെറുപ്പും വിദ്വേഷവും വൻപകയും
സമം ചേർത്ത് കുഴച്ച് എന്നിൽ
ശക്തമായ് കോരിയിടുക
പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട് പോവുക
ആണ്ടിലൊരിക്കലെങ്കിലും
ഉറപ്പു വരുത്തുക
പറയാതെ പോയ വാക്കുകളേതെങ്കിലും

കവിതയായ് അത്രയെന്നിൽ
പുനർജ്ജനിച്ചിട്ടില്ലെന്നു

ooooooooooooooooooooooo

 

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇ കണ്ണു



ഇന്നലത്തെയെന്റെ കുമ്പസാര രഹസ്യം
വേശ്യാത്തെരുവിനു പുറത്ത്
ആദായ വിൽപ്പനക്കടയിൽ
രൂപയ്ക്കു രണ്ടായ് നിരത്തി വെച്ചിരിക്കുന്നു


ഞാനവനുമായ് പങ്കിട്ട മാത്രകൾ
അത്ര വ്യക്തമായ് പകർത്തിയെഴുതപ്പെട്ട്
മൂർഛയറിയാത്തവനു മുറിച്ചു വിൽക്കുന്നു


തവണയ്ക്കു തുക നിശ്ചയിച്ച്
ആട നീക്കി മേനി പങ്കിടാൻ
തെരുവു മൂലയിൽ പുതു വിപണിയൊന്ന്
തുറന്നു വെച്ച് ഇരകാത്തിരിക്കുന്നു


അക്ഷരമാലയിലൊതുങ്ങാത്ത വിഭാഗീയത
തമ്മിലടിക്കുവാൻ കാട്ടിക്കൊടുക്കുവാൻ
പുതു മാധ്യമ സംസ്കാരം കൂട്ടിപ്പിഴിഞ്ഞ്
രംഗങ്ങൾ നഗ്നമായ് പാറി നടക്കുന്നു


ഇനിയെന്റെയെന്തും ഇംഗിതവും കനവും
നാലു ചുമരിനുള്ളിൽ ഞാൻ പകരവേ
അതിലുമത്ര മുമ്പായ് കമ്പോള നടുവിൽ
ലേലമുറപ്പിക്കുന്ന പുരോഗതിക്കണ്ണു
വിടരും മുമ്പേ അടഞ്ഞെങ്കിലെൻ കണ്ണു

00000000000000000000000

2014, ഒക്‌ടോബർ 5, ഞായറാഴ്‌ച

നല്ല ബലി



ഒരു നേരമൊന്നു നിറവയറുണ്ണാൻ
പ്രിയ നിറകോടിയൊരു കീറു നേടാൻ
ഓടിത്തിമിർക്കാനൊളിച്ച് കളിക്കാൻ
പാഠം പഠിക്കാൻ ആർത്തു ചിരിക്കാൻ
ആവാതെയരുതാതെ കാലമെല്ലാം
എന്റെ വേലിക്കുമപ്പുറം നീയിരിപ്പൂ


അയൽക്കാരന്റെ കഞ്ഞിക്കൊരുവേള
ഉപ്പാവാനെനിക്കാവില്ലയെങ്കിലും
ദൈവ മാർഗ്ഗം ബലിയിടാൻ
വൻകരകൾ താണ്ടി ഞാനൊഴുകുന്നു
നിന്റെ വിയർപ്പൂറ്റിയ നാണയത്തുട്ടിൽ
ത്യാഗസ്മരണയ്ക്കു സാക്ഷ്യമേകാൻ
കടലും കടന്ന് ഞാൻ ശുഭ്ര വേഷമണിയുന്നു


പാതിരിയൊരു പള്ളിമേട മേലെയേറി
പകലും പാതിരയേറും വരേക്കും
പലകുറി വേദാന്തം പലതു പൊഴിച്ചാലും
ഒരു നാൾ മാനവനായ് ജീവിച്ച് കാട്ടുകിൽ
ആവില്ല അതിലും വലുതാമൊരു വേദം


അറിയുന്നു ഞാനറിയുന്ന മാധവൻ
ശരണം കെട്ടവനു കൂടെയെന്നും
സ്വാസ്ഥ്യം പകരുന്നവനൊപ്പമെന്ന്
മാമലകൾ താണ്ടുന്നതിനെതിരല്ലയെങ്കിലും
മറക്കായ്കൊരിക്കലും ഞാനെന്റെ
മനസ്സിലൊരു മതിൽ തീർത്തയൽക്കാരനെ

wwwwwwwwwwwwww

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പുനർജ്ജനി


ശകുന നിരാസങ്ങളുടെ
നരക കോലത്തിൽ നിന്ന്
നിന്റെ തീരാ സ്വപ്നങ്ങളുടെ
താമരച്ചുഴിയിലേക്ക്
ഒന്നു മുങ്ങാംകുഴിയിടണം


വരണ്ട വാക്കുകളുടെ
ചാരക്കടലിൽ നിന്ന്
നിന്റെ തെളിനീരാകാശത്തിൽ
ഒരിക്കലെങ്കിലും കുളിച്ച് കയറണം


നിന്റെ മൃദു ചർമ്മങ്ങളിലിഴഞ്ഞ്
സോമവംശ പുരുവിനെ ചതിച്ച്
ജരാനര വെടിഞ്ഞ് വീണ്ടും
നിത്യ യൗവ്വനത്തിന്റെ യയാതിയാവണം


ഒടുവിലെന്റെ ക്ഷോഭ നാഗം
ഉദ്ദാരണം വെടിഞ്ഞ്
അമ്ളം കക്കി, ഉറയൂരി ഒഴിഞ്ഞ്
മറ്റൊരു ജാലകക്കീറിൽ
പുനർജ്ജനിക്കണം



000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...