2016, മാർച്ച് 18, വെള്ളിയാഴ്‌ച

അന്ത്യാഭിലാഷംആർത്തിമൂത്ത് മഞ്ഞച്ച കൈകൾ
എന്നൊടുക്കത്തെ മണ്ണും വാരിയെടുത്ത്
ഒരിറ്റ് കണ്ണീർ വീഴ്ത്തുവാൻ പോലുമിടമില്ലാതെ
കനവിലെ സ്വർഗ്ഗം എരിഞ്ഞൊടുങ്ങുന്നു
നീരൊഴുക്കിന്റെയന്ത്യ നൂൽ ബന്ധവും
നക്കിത്തുടച്ച് നരക നൃത്തം ചെയ്യവേ
നഗ്നയായെന്റെ പുഴ കരഞ്ഞൊടുങ്ങുന്നു
ഇന്നലെ പാർത്തു ഞാൻ ഉറങ്ങിയുണരവേ
എന്റെ കുന്നിരുന്നിടമൊരു നോവ് മാത്രമാവുന്നു
തകരയില്ല തഴുതാമയില്ല പൂവാംകുറുന്നില്ല
കറുക, തെച്ചി മുക്കുറ്റി പടിയിറങ്ങിയ പേരുമാത്രമാവുന്നു
കാടൊതുങ്ങി കരിങ്കൽ സൗധമുയരവേ
കാറ്റുപോലും തീർത്തുമന്യമാവുന്നു
നേരമില്ലൊട്ടുമാധിയില്ല, നാട്ടുപച്ച പൊയ്പ്പോയതിൽ
ദു:ഖം തരിമ്പുമില്ല, കുറിക്കാൻ വാക്കൊന്നുമില്ല
ഇനിയെന്റെ കാൽകീഴിലെ മണ്ണലിഞ്ഞ്
നരക നെരുപ്പിലേക്ക് ഞാൻ വീണടിയും
അതിനുമൊരു നൊടിയൊരുകണമൊരു മാത്ര മുമ്പ്
അടിയനൊരാഗ്രഹം മാത്രം ബാക്കിയുണ്ട് വിഭോ
ഒരു പെരുമഴ കാണണം, ഇടിവെട്ടി തിമിർത്ത് പെയ്യുന്ന മഴ
ചിണുങ്ങിത്തുടങ്ങുന്ന ആദ്യ മാത്രമുതലതിൽ ജീവിക്കണം
അത് പെയ്തൊടുങ്ങുന്ന വേളവരെ വാഴണം
പിന്നെ, ഇല പെയ്ത് തീരുന്നതറിയാതെ കണ്ണടയ്ക്കണം
നരിക്കും നായ്ക്കും നരനായ് പിറന്നൊരാൾക്കും പാർക്കാനാവാതെ
ദേഹമെന്റേതൊഴുകിയൊടുങ്ങണമതിലൊരു കവിത പോൽ

xxxxxxxxxxxxxxxxxxxxxxxxxxxxx

2016, മാർച്ച് 10, വ്യാഴാഴ്‌ച

യാത്ര പറയാതെ പോയവനോട്. . .


അസഹിഷ്ണുതയുടെ മേലാപ്പണിഞ്ഞ്
അന്യ ദൈവങ്ങൾക്ക് തെറിപ്പാട്ട് നേരുന്ന
വിശ്വാസത്തിന്റെ നാട്ടിൽ നിന്ന്
കനമൊഴിയുന്ന കനക ഭൂവിലേക്ക്
തീർത്ഥയാത്ര പോയവൻ നീ


സുരപാന പ്രാപ്തിയുടെ തെരുവോരങ്ങളിൽ
പുലരുവോളം നടനമാടിയൊടുവിൽ
അന്നം തേടിയ വിയർപ്പിന്റെ കൈകളിൽ
മർത്യഹത്യയുടെ കൊടും പാപം കെട്ടിവെച്ച്
രക്ഷപ്രാപിച്ചവനെ വിശുദ്ധനായ് വാഴിക്കും
ഊരുകൂട്ടം ഉലാവുന്ന താഴ്വരയിൽ നിന്ന്
സ്വാസ്ഥ്യത്തിന്റെ ഹിമം പെയ്യുന്ന
സ്വർഗ്ഗ മണ്ണിലേക്ക് ചേക്കേറിയവൻ നീ


നിർബന്ധിത വേഴ്ചയ്ക്കും നരകതുല്യ  വാഴ്വിനും
കളമെഴുതാൻ മാത്രമായ് തീർക്കുന്ന വേളിയും വിശ്വാസവും
ചവറ്റുകുട്ടയിലെറിഞ്ഞ്, സഹശയന സ്വാതന്ത്ര്യം
സാധാരണമാക്കണമെന്ന് മുദ്രാവാക്യം മുഴക്കുന്ന
സർവ്വകലാശാലയിൽ നിന്ന്, നേരിന്റെ ഗുരുമുഖത്തേക്ക്
ഒരു തീവണ്ടിയൊച്ചയായ് കൂകിയകന്നവൻ നീ


തിരിച്ചു നൽകാം നിനക്കു ഞാനെന്റെ കരളിന്റെ
കതിർപ്പാടവും കനിവിന്റെ കാഴ്ചകളൊക്കെയും
പുനരുരുവാക്കിടാം പൊയ്പ്പോയ സത്യവും വിശുദ്ധിയും
കൂട്ടു വ്യവസ്ഥയും കുടുംബ കെട്ടുപാടും കരുണയും
പിടിച്ചെടുത്തിടാമസ്തമിച്ചൊടുങ്ങിയ സ്നേഹ വായ്പും
പ്രേമ സല്ലാപവും പവിത്ര ബന്ധങ്ങളൊക്കെയും
മടക്കമാവുക, നീ വസിപ്പതെത്ര പവിഴ കൊത്തളത്തിലാകിലും


താന്താൻ പിറന്ന മണ്ണു പാവനമായ് കാക്കുന്നതേ സമരം
കൂടെയുണ്ടുറങ്ങി കനവുകണ്ട ലോകം സത്യമാക്കുന്നതേ ജീവിതം

000000000000000000000000000000000000

പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...