2016, നവംബർ 27, ഞായറാഴ്‌ച

ബൊളീവിയൻ വിപ്ലവഗീതം വീണ്ടും വായിക്കുന്നു


ഒരാശയത്തിന്റെ രണ്ടതിർത്തികളാണു നാം
നീ ജനാധിപത്യത്തിന്റെ പറുദീസയിലും
ഞാൻ പീഢിതരുടെ നടുക്കാട്ടിലും

ഒരു സ്വപ്നത്തിന്റെ രണ്ട് വിവർത്തനമാണു നാം
നീ കുടുംബ വാഴ്ചയുടെ അധികാരക്കസേരയിലും
ഞാൻ വിപ്ലവത്തിന്റെ മുൾക്കിരീടധാരണത്തിലും

ഒരേ കൊടി തീർത്ത രണ്ട് നൂലിഴകളാണു നാം
നീ നക്ഷത്ര വെളുപ്പും ഞാൻ ചോരയുടെ ചുവപ്പും

ഒരേ പുഴയുടെ രണ്ട് കൈ വഴികളാണു നാം
നീ സമതലങ്ങളിൽ ശാന്തമായൊഴുകവേ
ഞാൻ തിക്താനുഭവങ്ങളിൽ കലങ്ങിത്തീരുന്നു

ആണ്ടാണ്ടുകളുടെ ഒളിക്കളങ്ങളിൽ നോവുന്ന നേരവും
നിന്റെ മണ്ണിലെനിക്കഭയമെന്ന് ഞാൻ കിനാ കണ്ടിരുന്നു
നിന്റെ മക്കളെനിക്ക് ശാന്തിഗീതമോതുമെന്ന് കൊതിക്കവേ
എന്റെ നിത്യശാന്തിയാണു നിന്നധികാര നിത്യതയെന്ന് നീ
ഇനി നിന്റെ വെടികൊണ്ടുയിർ വിട്ട് ഞാൻ പട്ടടയിലാകിലും
എന്റെ നീതിശാസ്ത്രമാണു ശരിയെന്ന് ജനമേറ്റുപാടും
അതുവരെ ബൊളീവിയൻ വിപ്ലവഗീതം കൊറിച്ചു ഞാനുറങ്ങട്ടെ
0000000000000000000000000000000000000000


2016, നവംബർ 26, ശനിയാഴ്‌ച

ഒഴുക്കൊടുങ്ങാത്ത കവിത


വിഷൂചിക പെയ്യുന്ന കീഴ്ക്കാംതൂക്കിൽ നിന്ന്
സ്വപ്നം നിഷേധിച്ച എന്റെ സമതലത്തിലേക്ക്
വീണ്ടുമൊരു പ്രണയമായ് നീ തിരിച്ചൊഴുകുക
വിയർപ്പൂറ്റിക്കുറുക്കിയ ഉപ്പു പരലുകൾ ചേർത്ത്
വർണ്ണാഭമായൊരു നാളെകൾ പണിയവേ
ഒരു കൊടുങ്കാറ്റ് വിതച്ചതൊക്കെയും, ചോരൻ
കൊയ്തുപോകുന്ന നെറികെട്ട വ്യവസ്ഥയിൽ
മണ്ണിന്റെ മണം മറന്നു നീ കയ്യിൽ നിണമണിയുക

ആരവങ്ങളിൽ ആൾക്കൂട്ടങ്ങളിൽ അരമനയിൽ
അംഗീകരിക്കാതെ പോകിലും ഒടുങ്ങാതെ പെയ്യും
അശരണർക്കായുള്ള ശംഖനാദമായെൻ കവിത
ഇന്നലെയറിച്ച പോക്കുവെയിലൊക്കെയും കൊണ്ട്
നീ പൊൻ നിറമണിഞ്ഞ് പൂത്ത് നിൽക്കുന്ന നേരവും
ഒരു പൂജയ്ക്കുമൊരു പുലർ വേളയ്ക്കുമുതവാതെ
മലരണിഞ്ഞ് ചാഞ്ഞിരിപ്പുണ്ടറിയുക തൊടിയിൽ ഞാൻ
ഉമ്മറത്തൊക്കെയും ഓണം വിഷു  സംക്രാന്തി ആടയിൽ
കാട്ടുകിഴങ്ങും കൂട്ടിനു വിപ്ലവ ഗാനവും മാത്രമായ് ഞാനലയും
ഇനി നിന്റെ വെടിയേറ്റ് ഉയിരറ്റ് ഈ കാട്ടുവഴിയിൽ ഞാൻ
വീണൊടുങ്ങി വെന്തെരിഞ്ഞ് പോകിലും ഒഴുക്കടങ്ങുന്നില്ല
നിന്റെനാഗരികതയ്ക്ക്മുകളിലെന്നുമലയടിക്കുമെന്റെയാശയം

2016, നവംബർ 14, തിങ്കളാഴ്‌ച

അസാധുവാകാത്ത കവിതഒറ്റരാത്രി പുലരുമ്പൊഴേക്കും
പടികടത്തപ്പെടുന്ന ചില സത്യങ്ങളുണ്ട്
കണ്ണു ചിമ്മിത്തുറക്കുന്നതിനിടെ
ഒന്നുമല്ലാതായ്ത്തീരുന്ന ചില ബന്ധങ്ങളും
ആകാശവും ഭൂമിയും നഷ്ടമായി
പുഴവഴി തേടവേ ബോധിത്തണൽ 
വിദൂരതയിലേക്ക് പാഞ്ഞകലുന്നു
കൈമാറ്റം ചെയ്യപ്പെടുമ്പോൾ മാത്രമാണു മൂല്യമെന്നും
പുഞ്ചിരി പൂഴ്ത്തി വെച്ച് പിണമായതെന്നും 
തിരിച്ചറിയും മുമ്പേ മുകളിൽ മണ്ണു കനമേറുന്നു
കൊട്ടിഘോഷിക്കാതെ പോയ വാക്കുകളിലല്ല
കണ്ണീരു തിന്ന വ്യഥകളിലാണു കവിതയുടെ വിത
ഏറ്റുവിളിക്കാനാരുമില്ലാത്ത മുദ്രാവാക്യങ്ങളിൽ
തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം, അറിയുക
തോറ്റം പാട്ടുപാടി ഉടവാളെടുത്തുറഞ്ഞ് തുള്ളി
അമാവാസിതീരുവോളം കൊമ്പും കുഴലെടുത്താലും
അര നാഴിക സ്വാസ്ഥ്യം കെട്ട് ദുരിതം ചവച്ച്
കവിത കുറിക്കുന്ന നോവിന്റെ നാലയലത്ത്
നീയും നിന്റെയൊമ്പത് തലമുറയും എത്തുകില്ലെന്ന
സത്യം കൊടുമുടിതീർത്തെന്നിലെഴുന്ന് നിൽക്കവേ
മൂല്യം വറ്റാത്ത കാവ്യമായ് ഞാൻ സാധുവാകുന്നു
000000000000000000000000
2016, നവംബർ 4, വെള്ളിയാഴ്‌ച

എന്റെ നാടിന്റെ ജാതി
വരിയുടയ്ക്കപ്പെട്ട
ആദർശങ്ങളിൽ നിന്ന്
വറുതിയിലാക്കപ്പെട്ട
വേദാന്തത്തിലേക്ക് കുടിയിറക്കവേ
അസ്തിത്വമറിയിക്കാൻ
ശൂലമേന്തേണ്ടി വരുന്നു
നെറ്റിത്തടത്തിലെ വടുക്കളിൽ
കണങ്കാൽത്തഴമ്പുകളിൽ
വിശ്വാസമെഴുതി വെയ്ക്കേണ്ട
ഗതികെട്ട കാലം ആടിയൊഴിയുന്നു
ഒച്ചപെരുപ്പിച്ചാളുകൂട്ടിയുച്ചത്തിൽ
വിളിച്ചുകൂവിയാൽ മാത്രമുണരുന്ന ദൈവം
കൊച്ചു കുഞ്ഞിനമ്മിഞ്ഞ നൽകാൻ                  
കാണിക്കയിട്ടഞ്ചു കാലം കാക്കുന്ന ജന്മം
ഉച്ചിമുതലുള്ളം കാലുവരെയംഗങ്ങളൊക്കെയും
പാപപങ്കിലം മുക്തിക്ക് യാഗം, യോഗിപാദം
വിദ്യയെന്റേത് വിളഞ്ഞിരിക്കിലും, വളഞ്ഞ
യുക്തിക്കുപിന്നിൽ കാവിയും കളഭവും  തേടുന്നു
ഇനിയെന്റെ ഭക്തി വളർന്ന് ജാതികൊത്തളത്തിൽ
പടർന്ന് കേറിയതിലൊരു മൗഢ്യം കുലച്ച് നിൽക്കും
അതിലെന്റെ നാടിന്റെ കരൾ പകുക്കും, ഇരുൾ പരക്കും
അതിനുമുമ്പെഴുതിയടങ്ങാത്ത കവിത വിട്ട് ഞാനൊടുങ്ങും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2016, നവംബർ 2, ബുധനാഴ്‌ച

നിന്നിലേക്ക് വീണ്ടും. . .


നിന്നെപ്പൂർണ്ണമായ് കണ്ട കാഴ്ചയിൽ നിന്ന്
മറുക്കുന്നുണ്ട് കണ്ണു മറ്റൊന്നുമുൾക്കൊള്ളുവാൻ
അഗാധഭ്രമം അടങ്ങാത്താവേശം ഒടുക്കത്തെ രതി
കാര്യകാരണങ്ങൾ കഥകൾക്കപ്പുറമസ്തമിക്കിലും
നിന്നെ, നിന്നെ മാത്രം മസ്തിഷ്കം അയവിറക്കുന്നു
നിന്റെ മുലക്കണ്ണിന്റെ കറുപ്പിൽ സ്തന്യം കിനിയവേ
മൂർദ്ധാവിലുമ്മ വെച്ചെന്നെയുറക്കുന്ന അമ്മയാവുന്നു നീ
പുകമണമിറ്റുന്ന ഒറ്റമുറിയിൽ മറ്റെന്തും മറന്നെനിക്കായ്
കിടപ്പറയൊരുക്കവേ , യുദ്ധഭൂവിൽ ജീവൻ ത്യജിച്ച
യോദ്ധാവിനെക്കാത്ത് നോമ്പെടുപ്പവൾക്കുമപ്പുറം
നീ പുണ്യവതിയാവുന്നു, വാഴ്ത്തപ്പെട്ടവളെന്ന് കുറിക്കുന്നു
അബലയെന്നാർത്തു വിളിച്ചയൽക്കാരൊക്കെയും
കുലടയെന്ന് കൂട്ടിവായിച്ച് കഴുതപ്പുറമേറ്റാൻ തുനിയവേ
മനമിണങ്ങിയൊരുവനെ മറ്റൊന്ന് ഗണിപ്പതിലപ്പുറം
കണ്ടത്, കരകടത്താൻ ഇടയതാകുന്നുവെങ്കിൽ
പൊറുക്ക, അതിനുമപ്പുറം കിനാ കാണുക വരും
നല്ല നാളൊന്നതിലൊഴിയും നിൻ വ്യഥകളൊക്കെയും
കവിതയെയരുവിയെ കാനനക്കുളിരിനെ,നാട്ടുപച്ചയെ
കാമിപ്പതിലൊരു പാതി നിന്നെയും കണ്ട് ഞാൻ
കവിത ചൊല്ലി കലപില കൂട്ടി നിൻ കളിത്തോഴനായിടും
000000000000000000000000000000


പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...