2016, ഡിസംബർ 10, ശനിയാഴ്‌ച

സ്ത്രീ ശാക്തീകരണം
ഒരു വാക്കൊരു വാർത്തയിൽ
ഒരു താലിച്ചരടിന്റെ മഞ്ഞപ്പിൽ, പിന്നെ
ഒരു പുളിയിലമറവിന്റെ സന്ദേഹത്തിൽ
പിഴച്ചവളെന്നു മുദ്രചാർത്തിയൊഴിയുന്ന
ഇന്നുമുതൽ മരണം വരെയെന്ന ഭർതൃബന്ധനം

പ്രണയം ഒറ്റുകൊടുക്കപ്പെട്ട
അടുക്കളച്ചാർത്തിൽ നിന്ന്
ആരുമെത്തിനോക്കാത്ത
കാവുകുളക്കടവിൽ നിന്ന്
മൂന്നുംകൂടിയ കവലയിലേക്ക്
നിന്റെ തീണ്ടാരിപ്പൂക്കളൊഴുക്കി വിട്ട
കാമുക സംസർഗ്ഗം

ഉപ്പൂറ്റി വിണ്ടുകീറിയ മകരശൈത്യത്തിൽ
ഒരുണരാ മയക്കത്തിലേക്ക് നയിച്ച്
നിന്റെ മുലക്കണ്ണും യോനിത്തടവും
ആതുരാലയമുറ്റത്ത് പ്രദർശനമൊരുക്കിയ
ഭിഷഗ്വര സിദ്ധാന്തം

വിശന്നൊട്ടിയ മക്കൾക്ക്
അമ്ളം കക്കിയുടഞ്ഞ സ്വന്തം വയറിനു
നല്ലുപ്പ്ചേർത്ത് മുളകുപുരട്ടിയൊരു
കയ്പക്കപോലും ചേർത്തന്നമേകാതെ
എട്ട്കൂട്ടാനുമേമ്പക്കത്തിനു രസവുമായ്
ഊട്ടിയൊടുക്കമുച്ചിയിൽ കൈചേർക്കയിൽ
രതിചേഷ്ടയൊളിപ്പിക്കും പുരോഹിത മതം

ഞാനിനിയും കവലകൾ തോറുമലറും
സ്ത്രീശാക്തീകരണം സമത്വം സംവരണം
ഇരുൾപരക്കുന്ന വെളിംപ്രദേശങ്ങളിൽ
നിന്റെ യൗവ്വനത്തിന്റെ നിമ്നോന്നതി തേടും
പിന്നെ, സാംസ്കാരികപ്രതിഭയെന്ന്
സ്വയം സ്ഥാപിത സാമ്രാജ്യത്വത്തിലേറും
അന്നൊക്കെയും നീ പെണ്ണായെനിക്ക് വഴങ്ങും

00000000000000000000000000000000
2016, ഡിസംബർ 7, ബുധനാഴ്‌ച

ഒരു നരകഗീതം കൂടി. . .
നരകപാതയൊടുങ്ങുന്ന ഒടുക്കത്തെപ്പടിയിൽ
നാളെയൊരു നാൾ നിന്നെ ഞാൻ കാത്തിരിപ്പുണ്ടാവും
കാലമെല്ലാമലിയാതെ കെട്ടിവച്ചയെൻ കാമനയെല്ലാം
കത്തുന്ന കടൽ നോക്കി ഞാൻ നിനക്കു നൽകും
വേനലിന്റെയൊടുക്കത്തെയാർത്തിയിലെരിയാതെ
വറ്റാതെ ഞാൻ കാത്ത മോഹമെല്ലാമന്ന് കെട്ടടങ്ങും
നീയെന്റെ മരവിച്ച സ്വപ്നകോശങ്ങളിൽ കിടന്ന്
ശ്വാസമറ്റ്,വസന്തം തേടി പടർന്ന ചില്ലയിൽ നിന്നൂർന്ന്
വീണ്ടുമൊരു ഇത്തിൾക്കണ്ണിയായെങ്കിലുമുയിർക്കുന്ന
നൽ വേള കാത്തു കിടന്ന ദുരിതകാണ്ഡം മാത്രമെൻ ജീവിതം
അരുത്, വിശന്നെരിഞ്ഞ വയറിന്റെ വിടരാത്ത കനവിന്റെ
ബാക്കിപത്രം വീണു പൊള്ളിയ പുണ്ണിൽ നീ വീണ്ടുമൊരു
കണ്ണീരുപ്പു പകർന്നെന്നെ നീറ്റരുത്, തീ തീറ്റരുതൊറ്റരുത്
ചക്രവാളദൂരമത്ര ദീർഘമെൻ തൃഷ്ണയതിലുമതി തീക്ഷ്ണം
വികാരമലയൊഴിയാ സാഗരമെൻ  മനസ്സതിവിപ്ലവം പ്രക്ഷുബ്ധം
ആർദ്ര ഭാഷയിലളക്കനാവാത്ത കുറ്റപത്രം ചാർത്തി നീയെന്നിൽ
പഴിചാരി പുലയാട്ട് പറഞ്ഞ് പുറപ്പെട്ട്പോയ ഒടുക്കത്തെ ഉച്ചയിൽ
ഒറ്റയാകലിന്റെ ഭീതി കക്കിയ ഭീകര രാത്രികളിൽ മരിക്കാതെ മരവിച്ച്
ജാലകങ്ങളൊക്കെയും കൊട്ടിയടച്ച ഒറ്റമുറിയിൽ വെന്തുറങ്ങവേ
മരണമൊരു കഴുകൻ ചുണ്ടുയർത്തി കൊത്തിവലിച്ച് കൊണ്ട് പോവത്
കാത്തു കാത്തൊടുക്കം ഒമ്പതു പേരുപോലുമെത്താത്തടക്കും കഴിഞ്ഞ്
ഇന്നിവിടെയീ നരകതീരത്ത് പാപമെരിഞ്ഞു തീരാൻ കടും വെയിലു കായവേ
നിന്നെ, നിന്നെ മാത്രം കാതോർത്തിരിക്കുന്നു,പെയ്യാത്തീമഴയിലെരിയുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxx


2016, ഡിസംബർ 5, തിങ്കളാഴ്‌ച

കാലമെല്ലാം നീയെന്ന കവിതഅത്രമേലാർത്തി കൊണ്ടതാലാവാം നിന്നെ
തൊട്ടു നോക്കുവാൻ പോലും കിട്ടാതെ പോയത്
ഒട്ടി നിന്ന കാലമെല്ലാമൊരിക്കലും
കട്ട് പോകാതെ കാത്ത പൊന്നല്ലയോ
തോട്ടം തൊടിയമ്പലമുറ്റത്തൊക്കെയും
പൂത്ത് നിന്ന് നീയുൾപ്പുളകമായെങ്കിലും
എന്റെ ചില്ലയിലെന്റെ ജീവിതപ്പാതയിൽ
ചെറു പുഞ്ചിരിയായെങ്കിലും വിടരാഞ്ഞതെന്തഹോ
ഒരു മയിൽപ്പീലിയൊരുണ്ണിമാങ്ങ വളപ്പൊട്ട്
ഓർമ്മയിലില്ലയൊന്നും നിന്നെ കൂട്ടുചേർക്കാതെ
പണ്ട് കാവുകുളത്തിലെ ആമ്പൽ നിനക്കായ്
കണ്ടെടുത്തതും, കാട്ടുനെല്ലി കനകാമ്പരം
നിറമുള്ള സ്വപ്നങ്ങളൊക്കെയും പകുത്തതും
നഗര ദുരിതങ്ങളിൽ, അമ്ളക്ഷാര വിക്ഷോഭങ്ങളിൽ
അന്നം തേടിയാത്മ പീഡയുണ്ട് അലയുന്ന കാലവും
കണ്ണിലെന്റെ കരളിൽ നീയെന്ന കനലു കത്തിയിരുന്നു
ഇരുൾ തിന്ന്, ഒറ്റപ്പെടലിന്റെ കടൽ കണ്ട്
പുണ്ണുകാർന്നു തിന്നും പുഴുക്കളിൽ വെറികൊണ്ട്
പീടികത്തിണ്ണയിൽ കവിതയും കൊറിച്ചു ഞാൻ
കാലനണയുന്നതും കാത്തുകാത്തിരിക്കുമീ സന്ധ്യയിൽ
വരിക, ഒരു ചെറുകാറ്റായെങ്കിലുമെന്നെത്തഴുകുക
എങ്കിൽ, സ്വസ്ഥമായെൻ ചിതയെരിഞ്ഞൊടുങ്ങയിൽ
ഒരു പെരുമഴയായ് നീയെന്നിൽ തിമിർത്ത് പെയ്യുക

zzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

2016, ഡിസംബർ 4, ഞായറാഴ്‌ച

ആണ്ടു പോവുന്ന ഭരണാസനം
ഉച്ചിപിളർന്നൊഴുകുന്ന കവിതയൊക്കെയും
ഒച്ചയില്ലാതെയൊരോർമ്മയിലടിയവേ
പച്ചനോവിന്റെ പടിപ്പുര താണ്ടി ഞാൻ
ഇച്ചെമ്പകച്ചോലയിൽ വെറും പോളയാവുന്നു

വിതയ്ക്കാതെ വരമ്പത്ത്  വറളിയായ് നിന്നവൻ
മെതി തീർന്നതൊക്കെയും കിഴികെട്ടിയെടുക്കവേ
ഓതിക്കനും കീഴ്ശാന്തിയും കഴകക്കാരനും വീതിക്കയിൽ
ചേതമെൻ മക്കൾക്കു മാത്രമെന്ന് കവിത കെട്ടുന്നു ഞാൻ

ഭരണം കയ്യാണ്ട രാജകുലമൊക്കെയും കാലമെല്ലാം
വരണം പ്രജകളുടെ ക്ഷേമക്ഷാമാന്വേഷകരായ്
തരണമൊരു സുരക്ഷിത ബോധവും സുഖ ശീതളിമയും
മരണമല്ലാതെ മറ്റെന്ത് നല്കുന്നു നീ ജനങ്ങളിൽ

ഉണ്ട്, ഉന്മാദം പൂണ്ട് ഉല്ലസിച്ചൂരൊക്കെയും കണ്ടു നീ
തണ്ട് പെരുത്ത് പുത്തൻ തീട്ടൂരമിട്ട് തെരുവു തെണ്ടിക്കയിൽ
കൊണ്ടുവരുമശാന്തപർവ്വമൊക്കെയുമൊടുക്കുമൊരു കാവ്യം
ആണ്ടവനാകിലുമതിലാണ്ട് പോകും നിന്റെ കെടു കാര്യസ്ഥത
00000000000000000000000000000000പ്രവാസ റംസാൻ

പലചരക്കു കടയിലെ പറ്റധികരിക്കുന്ന മാസമാകയാൽ പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ പോക്കരേക്കാൾ തനിക്കൊട്ടും പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ ...