2017, മേയ് 23, ചൊവ്വാഴ്ച

കാർവർണ്ണനോടൊരു വേണ്ടുതൽ



ഇരുപത്തിമൂന്നാണ്ടുകൾ
നീണ്ട ഇരുപത്തിമൂന്നാണ്ടുകളെന്റെ കൃഷ്ണാ
നിന്നെ, നിന്നെമാത്രം ധ്യാനിച്ചവൾ ആതിര
നീലക്കടമ്പിൽ, കരിമ്പുപാടങ്ങളിലെവിടെയും
നീ പൂക്കുന്ന കടവുകളിലൊക്കെയും തൊഴുതവൾ
ബാല ചാപല്യം വഴിനടത്തും മുമ്പെന്റെ ഗോപാലകാ
നിന്റെ മുരളിക മാത്രമെൻ മുക്തിയെന്ന് കൊണ്ടവൾ
തരളിത യൗവ്വന മോഹങ്ങളൊക്കെയും അമ്പേ പാപമെന്ന്
നിന്റെ കാളിയമർദ്ദനം കരളിൽ കവിതയായ് നെയ്തവൾ
ഇല്ലയെൻ വാഴ്വിലൊരു കണം പോലും നിന്നെയോർക്കാതില്ല
ജീവിത മാത്രകളൊട്ടും, ഒട്ടുമില്ല നിൻ നാമം വാഴ്ത്താതെ പാടാതെ
വേട്ടവനൊരുവനെയല്ലാതെ കണ്ടില്ല നിനക്കൊത്ത് പൂജിക്കുവാൻ
കണവനൊത്ത് കതിർമണ്ഡപം ചുറ്റി അമ്മിചവിട്ടി അമ്മയാവാൻ
പുതുജീവിതം തേടി പൊലിമമാറും മുന്നെ നല്ല പാതിപകുത്തോനെ
കാലയവനികയ്ക്കപ്പുറത്തേക്ക് തുടച്ചെറിഞ്ഞ നട്ടുച്ചയിലും ഹരീ
ആവതില്ലയെനിക്കൊട്ടുമേ പഴിചാരി നിൻ തിരിയൊട്ട് താഴ്ത്താൻ
എങ്കിലുമെന്റെ കണ്ണാ,
കണ്ണാളനൊരുവനെ തീയെടുത്ത് എരിതീയിൽ ഞാൻ വെന്തുരുകയിൽ
എൻ ജാതകക്കേടും കർമ്മഫലവും കൊട്ടിഘോഷിച്ചെന്നെയൊറ്റവേ
നീയെന്ന ശബ്ദം കല്ലിനപ്പുറം ഉണ്മയൂറുന്നൊരു കാർവർണ്ണമാവുകിൽ
തിരിച്ചെടുക്കയെന്നെയാരും പഴിച്ചിടാതെ മണ്ണിൽ കുഴിച്ച് മൂടുക കണ്ണാ
===============================================

2017, മേയ് 21, ഞായറാഴ്‌ച

അവജ്ഞ ഗീതം



ഈശനാണു പോലുമീശൻ
ഔചിത്യ ബോധമൊട്ടുമില്ലാത്തവൻ
അവസരത്തിനൊത്തുയരാത്തവൻ
അശരണരവശർ അംഗ പരിമിതർ
മാലോകർക്കാർത്തു ചിരിക്കാൻ മാത്രം
ആയിരങ്ങളെപ്പടച്ച് ആശ തീർപ്പവൻ
കാലത്തിനൊത്ത് കേടു തീർക്കാത്ത
കോലമൊക്കെയും കാലഹരണമാകവേ
കൊല്ലമൊട്ടുക്കെന്റെ കോവിൽ ഭരിപ്പവൻ
യോഗ്യത കൊണ്ടവനെ യവം കൊയ്യാൻ വിട്ട്
കറക്കിക്കുത്തിയോനെ ഭരണചക്രമേൽപ്പിച്ചവൻ
ഇല്ല, പടിയടച്ച് പുലയാട്ട് പാടി പ്രാകിയകറ്റുവാൻ
പുരോഹിതപ്പരിഷകൾക്ക് ഞാനായ് കാരണമാവുന്നില്ല
എങ്കിലും,
ദ്രവീകൃത വേദനയുടെയാഴങ്ങളിൽനിന്ന്,തീരാ നോവിന്റെ
കത്തിയുരുകുന്ന പ്ലാസ്മയിലേക്കെന്റെ തിരസ്കൃത യൗവ്വനം
ഒഴുക്കിവിട്ട്, ഇരുൾക്കയത്തിലെന്നെയെറിഞ്ഞോനെയെങ്ങനെ
വാഴ്ത്തുവത്, സ്തുതിഗീതം കുറിപ്പത്, സ്ഥായിയായഭയമേൽപ്പത്
ഇനിയീ നരക തീയൊക്കെയും നക്കിക്കുടിച്ച് നായായലഞ്ഞവനെ
ന്യായവിധിനാൾ കാട്ടി തീയിൽ കുറുക്കുവാൻ നിന്റെ തീട്ടൂരമിറങ്ങവേ
നിസ്സംഗമെൻ കരളിലില്ല തരിമ്പും ഭയഭീതിയാകയാൽ ഇക്കണം
എഴുതിയൊടുങ്ങട്ടെയെന്റെയീ ഒടുക്കത്തെ കവിതയുമൊപ്പം ഞാനും
00000000000000000000000000000000000000000000000000000000


2017, മേയ് 13, ശനിയാഴ്‌ച

പക്ഷാന്തരമായവൾ



ഞാൻ അമ്മ 
പത്തുമാസക്കാലം ഗർഭ പാത്രത്തിൽ
ഉദയാസ്തമയങ്ങളിൽ ഉറക്കത്തിൽ
നിന്റെ സ്പന്ദനം മാത്രം കാത്തവൾ
എന്റെ വിചാരങ്ങളെന്റെ നോവുകൾ
എന്റെയുള്ളിലെ അഗ്നി കോണുകൾ
ഒരു കണമേശരുത് നിന്നെയെന്നായ്
കാലമൊക്കെയും കടിഞ്ഞാണിട്ടവൾ

ഞാൻ നിന്നെ പെറ്റവൾ
കൂരവെയ്ക്കാൻ കോറ വാങ്ങാ,നുണ്ണാൻ
കാര്യ സാധ്യത്തിനു ഗർഭപാത്രം വിറ്റവൾ
ലോകമെന്ത് വിളിച്ചാലുമപഹസിച്ചാലും
ഉണ്ട്, എന്നുയിർപ്പാതി നീയെന്ന ബോധം
മോഹമില്ലൊന്നിലും അവകാശ വാദമില്ല
അമ്മയെന്നസ്തിത്വമൊട്ടും കാപ്പതില്ല
അറിയുകയംഗീകരിക്കുക, അനുവദിക്ക
ഞാനൊരബലയാണാശയുണ്ടത്രമാത്രം
പെറ്റുവീണ നേരമാ മുഖമൊട്ട് കാണാൻ
മാറിലണയ്ക്കാൻ, മൂർദ്ധാവ് മുത്താൻ
മതി, മതിക്കുന്നു ഭൂവിലതേതമ്മയ്ക്കും
മാമലയോളം കനകമേകിലുമതിനപ്പുറം
=================================











കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...