2017, ജൂലൈ 28, വെള്ളിയാഴ്‌ച

കവികുലം വാഴ്ത്തപ്പെട്ടവരാകുന്നു



സ്വച്ഛന്ദ ഗതിയിൽ നിന്ന് വാഴ്വൊരു 
പുതു നദിയിലേക്കൊഴുകവേ
അസ്വസ്ഥ ചിത്തം കവിത പടരുന്നു
നിന്നെ അടക്കിയ ശ്മശാനത്തിൽ
പെരുമഴയിൽ ഞാൻ കേറി നിൽക്കവേ
കാഞ്ഞിരക്കയ്പ് ചങ്ങലയിൽ കുരുങ്ങുന്നു
ഞാനും നീയും ഒരേ കവിതയുടെ
വായിക്കാതെ പോയ രണ്ട് വരികളാണെന്ന്
പൊതുജനം പഠനക്കുറിപ്പെഴുതുന്നു
ഒരേ പന്തിയിൽ രണ്ട് ന്യായം പകരുന്ന
കുടുസ്സുമുറിയിലെ ഇരുട്ടിലാണാദ്യം നാം 
ഇരുവഴി പിരിഞ്ഞ് തെരുവിലിറങ്ങിയത്
എന്റെ പ്രണയം ജാതിപ്പെരുമ കൂട്ടലും
നിന്റെ സ്നേഹം കാമപ്പേക്കൂത്തുമായ്
ശൂലം നാട്ടി പെരുമ്പറ മുഴക്കി വിധി പറയവേ
നാട്ടുകൂട്ടവും നോട്ടുകെട്ടും ഭരണ കേന്ദ്രമാവുന്നു
മതം വിളയുന്ന വെറുപ്പിന്റെ താഴ്വരകളിൽ
നിറമളന്ന് ജ്ഞാനം പകരുന്ന വിദ്യാലയങ്ങളിൽ
ആസ്തി തൂക്കിയക്കനുഗ്രഹിക്കും വെള്ളിക്കോലുകളിൽ
എന്റെ കവിത ഇനിയും കഴുമരമേറു,മെങ്കിലും നിശ്ചയം
നാളെപ്പുലർച്ചയിൽ പുതു യൗവ്വനമൊന്ന് വരുമവർ
നിങ്ങളാളുമീ വ്യവസ്ഥയൊക്കെയും തിരുത്തി വായിക്കും
അന്ന് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഞാനുദിക്കും
00000000000000000000000000000000000

2017, ജൂലൈ 22, ശനിയാഴ്‌ച

കവിതയുടെ ത്രിമാന വായന

പൂക്കാതെ പോയ വസന്തത്തിന്റെ
ഓരോ മുടിസൂചി വളവുകളിലും
ഒറ്റക്കണ്ണുള്ള കവിതയൊന്നിന്റെ കൈപിടിച്ച്
ഞാൻ കാത്തിരിപ്പുണ്ടാവും
വേഗവിരൽത്തുമ്പിന്റെ മാന്ത്രികതയിൽ
സിംഹാസനമേറ്റ അധികാര മുദ്രകളൊക്കെയും
കാരാഗൃഹത്തിലടയ്ക്കപ്പെടുന്ന പൗർണ്ണമിയിൽ
എന്റെ മഹാ കാവ്യം പ്രകാശിതമാവും
പ്രണയത്തിന്റെ വിശുദ്ധ സൂക്തങ്ങൾക്കിടയിൽ
മാംസച്ചൊരുക്കിന്റെ മലവെള്ളപ്പാച്ചിലൊരുക്കിയ
അഭിനവ കവികളൊക്കെയും കുലംകുത്തിയൊഴുകും
അഭിമാന ശിഖയേന്തി വിശന്ന് മരിച്ച കർഷകനു
മതം തീണ്ടി വികലമാക്കാത്ത വിളനിലമൊരുക്കും
പ്രതീക്ഷയുടെ നിലാവിൽ ചുരം കേറിപ്പോയ നിനക്ക്
അതിർത്തിയിലെ പൊട്ടിച്ചൂട്ടിന്റെ കഥ പകരും
ഇവിടെ, നിയോൺ നീലിമയുടെ ലഹരിപ്പതകളിൽ
ജാതികോളത്തിന്റെ അവകാശപ്പെരുമയിൽ
അക്ഷരംകെട്ടവൻ വാഴ്ത്തപ്പെട്ടവനാകവേ
എട്ടണയ്ക്കെന്റെ കവിത തീറെഴുതാതെ,നിന്റെ
മകരത്തണുപ്പിനു ചൂടുപകരാൻ എരിഞ്ഞടങ്ങും
എങ്കിലും, മൂന്നാം നാൾ പിലാത്തോസ് കൈ കഴുകിയ
താളിനപ്പുറം എന്റെ കവിതഉയിർത്തെഴുന്നേൽക്കും

2017, ജൂലൈ 15, ശനിയാഴ്‌ച

നല്ല പാതി വീണുറങ്ങവേ. . .


മരണത്തിന്റെ വെള്ളിനൂലിഴ
നമുക്കിടയിൽ കിനിഞ്ഞിറങ്ങിയ
മിഥുനവാവിന്റെ പാതിരാത്രിയിൽ
ഒരേ തലയിണയിൽ ഒന്നിച്ചു കിടന്നിട്ടും
വ്യത്യസ്ത താഴ്വരകളിൽ ഉറക്കം നടിച്ചവർ
ആദി കാലത്തൊരു വരണ്ട വേളയിൽ
വെറും ലോഹച്ചരടിന്റെ നീതി വ്യവസ്ഥയിൽ
എന്നിൽ പ്രഭുത്വം കെട്ടിയേൽപ്പിച്ചവൾ
മാംസ ദാഹത്തിന്റെ ഉദ്ധാരണപ്പകയിൽ
ഒരു പൊയ് വാക്കിന്റെ നിമിഷാർദ്ധ സുഖത്തിൽ
എനിക്കായ് ഉടയാടകൾ വിലകി വെന്തവൾ
കല്ല്യാണം, കാത്കുത്ത്, തിരണ്ട് കുളി, കാവുതീണ്ടൽ
പിന്നേ കാലമൊക്കെയും ഗമിച്ചീടിലും ഒട്ടും
ഗണിച്ചിട്ടില്ല നിന്നെ നല്ലപാതിയായ് നാളൊരിക്കലും
എന്റെ മക്കളെ പെറ്റ് പോറ്റുവാൻ, വഴി നടത്താൻ
വിശക്കാതെ, രസനകളെ ത്രസിപ്പിച്ച് രുചിക്കുവാൻ
എന്റെ ഊണിനായ് കാലമൊക്കെയുമുരുകിയോൾ
നീയുറങ്ങാത്ത പകലുകൾ, കരയാത്ത രാവുകൾ
അത്രമേൽ കൊതിച്ചിട്ടും കേൾക്കാത്ത കൊഞ്ചലുകൾ
ഇന്നെന്റെയീ അവഗണനയുടെ കൈതപ്പായയിൽ
കണ്ണൊരിക്കലും തുറക്കാതെ നീ വീണുറങ്ങയിൽ
ഇല്ല, വിശ്വസിക്കുന്നില്ല ഞാനൊട്ടുമേ,യിനിയൊരിക്കലും
ഒരു പൊളിമാത്രം തുറന്നവാതിലിൽ മറുപൊളിയായ്
കണ്ണുപായാത്ത പാടവരമ്പിന്റെയങ്ങേത്തലവരെ
കാത്തുകാത്തിരിക്കാനൊരു മുനിഞ്ഞ നാളമായ്
കാതര നീയില്ലയെന്ന സത്യം, കൊതിക്കട്ടെയതിനൊപ്പം
ഉദിക്കാതിരിക്കട്ടെ ഇനിയൊരു പുലരിയെൻ വാഴ്വിൽ
ഒടുങ്ങട്ടെയിക്കണം നീ പകരാനിടയില്ലാത്ത നീർ കൊണ്ട്
xxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 8, ശനിയാഴ്‌ച

ജനിതക സംക്രമണം



ജനിമൃതികളുടെ സ്ഥൂലാവിഷ്കാരങ്ങളിൽ
ഏത് തന്തുവിലാണു നീയെന്നിലുടക്കിയത്
ആദ്യ ഉറവക്കണ്ണി പൊട്ടി ഞാനൊഴുകവേ
കാര്യകാരണമായ മൂലസ്ഥാനം നീയായിരുന്നു
കൈപിടിച്ചെന്നെ നടത്തിയ കരുണയിൽ
കാലമെല്ലാം പോറ്റിയ ജീവിത വ്രതശുദ്ധിയിൽ
കരുത്തുറ്റ കാവലാളായ് എന്നെ വേട്ടവൻ
എന്നിൽ കുരുത്ത് എന്നെ ഭ്രമണം ചെയ്തവൻ
എന്റെ മകനായ് കുസൃതിക്കുരുന്നായവൻ
ജാരസംസർഗ്ഗത്തിന്റെ ഇരുൾമേനി പകുത്തവൻ
തിരസ്കൃത, മധ്യ അയുർദശയിലെ വെറുപ്പിനെ
പകൽ പാതിരയറിയാതെ നെറുകയിൽ മുത്തി
ഒരോ പുലരിയും പുതു പ്രതീക്ഷയെന്നിൽ നട്ടവൻ
നീയാരെന്ന ചോദ്യം എന്നിലേക്ക് ചൂണ്ടും മുന്നേ
നീ മാത്രമാണു സത്യമെന്ന പൊരുളിലെത്തുന്നു
ഇനിയെന്റെ അന്ത്യമാത്രയില്‍ കൂദാശയാവുക
അയ്യായിരം കൂടുന്ന സംസ്കാര ശുശ്രൂഷയിലും
ആളൊരുത്തനായെന്റെ ശവമഞ്ചം താങ്ങുക
പിന്നെ, ശ്മശാനത്തിലെ തെക്കൊരു മൂലയിൽ
കുതിർന്നു കിടക്കവേ എന്നിൽ കുടികൊള്ളുക
വീണ്ടും മൂന്നാം പക്കം ഞാനായുയിർത്തീടുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 4, ചൊവ്വാഴ്ച

ജൈവ നീലിമ നീ. . .



ബന്ധങ്ങളുടെ ഉഷ്ണമാപിനിയിൽ
ഏത് നട്ടുച്ചയിലാണു നീയെൻ
തന്ത്രികളെ ത്രസിപ്പിച്ച് ചിറകൊതുക്കിയത്
ഏത് ഊഷര സംഗമവേദിയിൽ വച്ചാണു
ഇരുണ്ട ഇടനാഴിയിലെ രതിശില്പം സാക്ഷിയായ്
നീയെന്റെ വിതുമ്പലിനെ കരിയിച്ചത്
അറിയുന്നു പ്രിയ രാഗമേ നീയെന്റെ
അകക്കണ്ണിൽ ആദി തൊട്ടുരുവായിരുന്നെന്ന് 
പനിച്ച് വിറയ്ക്കുന്ന ശൈശവപ്പാതിരയിൽ
അമ്മിഞ്ഞക്കണ്ണിളക്കാതെ എന്റെ ഉറക്കം കാക്കവേ
നീ വാത്സല്ല്യമൂർത്തിയായ അമ്മയായിരുന്നു
മിഥുനപ്പുലരിയിൽ തോട്ടുവെള്ളത്തിൽ
പരൽ മീനൊത്ത് നീയെന്റെ ബാല്യം പകുക്കവേ  
കളിക്കൂട്ടിന്റെ കൈവിരൽത്തുമ്പായ് നീയുണ്ടായിരുന്നു
കലാലയങ്ങളിലെ വിരസ പാഠങ്ങളിൽ
കശുമാവിൻ തോട്ടത്തിലഭയമേൽക്കാൻ 
കാമിനിയായ് വന്നവൾ നീതന്നെയായിരുന്നു
ചുവന്ന ചേലയിലെന്റെ ചിതലരിച്ച ജീവിത
ചവർപ്പ് കറന്നെടുത്ത സുന്ദര ധാമമേ
ഇനിയെന്റെ ഈർഷ്യമൂത്ത യൗവ്വനപ്പകകളിൽ
തുരിശും ഗന്ധകവുമായ് ചിതറിപ്പൂക്കുവാൻ വരിക
ആറടിയിലോരോ അംഗുലവും അമൃതൊളിപ്പിച്ച
നിന്റെ അഭൗമ ചഷകമെനിക്കായ് ചുരത്തുക  
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

2017, ജൂലൈ 1, ശനിയാഴ്‌ച

പൂജയ്ക്കെടുക്കാത്ത നീതി



പൂവുകൾ പലതുണ്ട് നിന്റെ താലത്തിൽ
പുലർ വേളയിൽ പൂജാദ്രവ്യങ്ങൾക്കൊപ്പമായ്
ഒരുനാളെങ്കിലും പ്രഭോ ഉള്ളറിഞ്ഞെന്നെ
ഒരു മാത്ര നിന്നെപ്പുണരാനനുവദിക്ക
ആണ്ടാണ്ടുകൾക്ക് മുമ്പൊരമാവാസിയിൽ
അടിയന്റെ കുലം കണ്ട,പരാധം കൊണ്ട് നീ
കാലമൊക്കെയുമൊതുക്കായ്ക പടിപ്പുറത്ത്
കൈതപ്പൂവെന്നിൽ കരുണ പെയ്യുക
നിന്നെ നിന്നെമാത്രമുൾക്കൊണ്ട് ഇരവൊക്കെയും
നിദ്രകൊള്ളാതെ ധ്യാനത്തിലലിഞ്ഞു പുലരവേ
പെരും വിഷം കൊണ്ട മൂർഖനൊന്നിനെ
പ്രണയിച്ചു പാതിരാവൊക്കെയും പുൽകിയെന്ന്
കള്ളക്കഥ മെനഞ്ഞെന്നെ കളങ്കിതയാക്കിയ കാലം
കറുത്ത കമ്പളക്കെട്ടിൽ നിന്ന് നീലക്കടൽ കാണും
അന്നൊരു നാളെങ്കിലുമെൻ അയലത്ത് പൂത്തവരൊക്കെയും
ആർത്തിയോടെയെന്നെ ചേർത്ത് വയ്ക്കുമതു വരേക്കും
ഈ മുൾക്കെട്ടിൽ മുനിഞ്ഞ് കത്തും വെറുപ്പിൻ നെരുപ്പിൽ
ഇത്രമേൽ വേപഥു കൊണ്ട് നിന്നെ പ്രണയിച്ച് തീരട്ടെ

00000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...