2018, ജനുവരി 20, ശനിയാഴ്‌ച

പൂത്ത് പോവുന്ന കവിതാന്ത്യം



ഭൂവല്ക്ക ശീതളിമയിൽ നിന്ന്
ഭൂമിയിലേക്ക് കുരുത്തു വരവേ
സ്വാതന്ത്ര്യത്തിന്റെ നീലാകാശം
സ്വപ്നങ്ങളിൽ നിവർന്ന് കിടക്കുന്നു 
സമാധിയിലെ സുരക്ഷിത മാനം ഭേദിച്ച്
ചിറകുകളിൽ തൻപോരിമ നെയ്യവേ
മധുവുണ്ണുന്നത് മാത്രം ജന്മലക്ഷ്യമാവുന്നു
തന്റെ കിണറിലെയിറ്റു വെള്ളം മാത്രമാണു
തനിക്കു ലോകമെന്നും മിച്ചം സാഗരമാകിലും
മൗഢ്യമെന്നും മത്സ്യം തിരിച്ചറിയവേ
ദൈവീകവേഷം കെട്ടിയേല്പ്പിക്കപ്പെടുന്നു
കവിതയെനിക്കൊരു മൂടുപടമാണെന്റെ
കാപട്യകോലം കറുത്തു തന്നെ കാക്കാൻ
കവിതയെനിക്കൊരു മറുമുഖമാണെന്റെ 
വാക്കുകളെന്നും ഉച്ചത്തിലാക്കാൻ
നീ നീയായ് തന്നെ നിലകൊള്ളുകയെന്നിൽ
ഒരുകാലവും സഹതാപം വിസർജ്ജിക്കാതാവുക
മുഷ്ടിയിലും മുഴുത്ത കണ്ഠങ്ങളിലും മതം വളരവേ
നഗ്നമാക്കപ്പെടുന്ന യോനിത്തടങ്ങളിൽ
വേദവാദങ്ങൾ പൊട്ടിയൊഴുകിയനാഥമാവുന്നു 
ഇനി നിന്റെ സ്വർഗ്ഗത്തിലേക്കെന്നെയൊരിക്കലും 
തിരിച്ചു വിളിച്ചു നീ വാഴ്ത്തപ്പെട്ടവനാവാതിരിക്ക
കത്തുന്ന കനലിനു കൂട്ട് കിടന്നു ഞാൻ കാലമൊക്കെയും
കനകശോഭയിലങ്ങനെ കവിത നുണയട്ടെ
===================================



2018, ജനുവരി 17, ബുധനാഴ്‌ച

എരിച്ചു കളയുന്ന തിരിച്ചറിവ്



നീ, ഇരുളിനാഴങ്ങളിലൊരു പൊട്ട് വെളിച്ചം
എന്നെ നയിക്കുന്നവൻ, അറിവോതുന്നവൻ
അത്രമേൽ ഭ്രമമായിരുന്നു, പ്രിയമായിരുന്നു

ഇന്നലെപ്പുലരുവോളമോതിയ വേദം മുഴുവനും
കദനമൊഴിയുമെന്ന് തൊഴുത ദേവരൊക്കെയും
കരിന്തിരി പടരാതെ കാത്ത കൽവിളക്കും
കവിയൊരുവന്റെ കരവിരുത് മാത്രമെന്ന്
തിരിച്ചുണരുന്ന വേദനയാണെന്റെ മരണം

ആൾരൂപമായ് പൂർണ്ണനായ്, പെരുവഴിയിൽ
കൈപിടിച്ചു നടത്തുന്ന കാരുണ്യ മൂർത്തിയായ്
കണ്ണടച്ച് കൈകൂപ്പി,  കരയുന്ന മാത്രയിൽ
കൂടെയുണ്ടെന്ന്  പറയാതെ പറഞ്ഞതൊക്കെയും 
കള്ളമായിരുന്നെന്നുള്ളമുണരുന്നതെന്റെ മരണം

അറിയുന്നെന്നിലേക്കൊഴുകിയ പ്രഭയൊക്കെയും
അതിശക്തം ചിറകെട്ടി തടഞ്ഞു തമസ്സ് തീർത്തതും
വ്യർത്ഥ ബന്ധങ്ങളാലെന്റെ ഹൃത്തടം തകർത്തതും
ചോരൻ നിന്റെ നേരമ്പോക്കൊന്നായിരുന്നെന്നതും
എങ്കിലും,
കാലമൊക്കെയും കരളിലെച്ചോര പോൽ കാത്തത്
ഇരുട്ടി വെളുത്തൊരു മറുകണം മുഖം പോലുമില്ലാതെ 
കല്ലായിരുന്നെന്ന് കണ്ടറിയുന്നതെന്റെ മരണം
 00000000000000000000000000000000





2018, ജനുവരി 8, തിങ്കളാഴ്‌ച

മേനി പൂത്ത പാതിര



അർബുദ കണികകൾ മേനിയൊന്നായ്‌
ചെഞ്ചേല ചുറ്റി, നീയൊടുങ്ങുമെന്നൊട്ടും
ശങ്കയ്ക്കിടമില്ലാതെയറിയുന്ന നേരവും
അമ്മ, നിനക്കാധി ഞാനായിരുന്നില്ല
അന്ത്യശ്വാസമെടുക്കുന്നതിനല്പമാത്ര
അവധിയിട്ടെൻ കരം കയ്യിലെടുത്ത്‌ 
എൻ താതനവനൊരു നാളൊരിക്കലും
ഒറ്റയായ്‌ കണ്ണു കലങ്ങാതെ കാക്കാൻ
മാത്രമെന്നിൽ നീ സത്യമിരന്നു വാങ്ങി
നീയൊഴിഞ്ഞ കട്ടിലിൽ പിതാവിന്റെ
ചൂടു തട്ടിയൊട്ടിക്കിടക്കുന്ന മാത്രയിൽ
മകളെന്ന മൂന്നക്ഷരത്തിൽ നിന്നെപ്പഴോ
പെണ്ണെന്ന രണ്ടെഴുത്തിലേക്കെന്റെ
സ്വാതന്ത്ര്യം തിരിച്ചൊഴുകിയിരുന്നു
അനർഹമാണപരാധമാണഹിതമാണു
അറിയാതെയന്നാ കെടുകെട്ട പാപബീജം
ഏറ്റു വാങ്ങി ഞാൻ തോറ്റ്‌ പിഴച്ചവളായതും
ഏറ്റുപാടുന്നോർക്കൊക്കെയും മുന്നിലുണ്ട്‌
ചോദ്യം, നീയറിഞ്ഞു പുണരാതെയെങ്ങനെ

കുരുത്തു വന്ന ഞെട്ടൊന്ന്‌ കൂമ്പവേ, തൊട്ടാൽ
പൊട്ടുന്നതാണെന്നറിവെത്തിടും മുന്നവേ
മൊത്തിക്കുടിപ്പവൻ താത,നവൻ ചെയ്യുവതത്‌
കൊയ്യുന്നെന്റെയെതിർകാലമൊക്കെയും

ഇനിയിക്കയ്പ്പു പേറി ഞാനപഹസിക്കപ്പെട്ട്‌
ഒടുങ്ങാനുമടങ്ങാനുമാവാതെ കാലമൊക്കെയും
തെരുവിലലഞ്ഞിടാമന്നൊക്കെയും തുടരട്ടെ
പിഞ്ചിലേ നുള്ളി നഖപ്പാടു വീഴ്ത്തും കുടിലത
പിന്നെ പകൽമാന്യ വേഷം കെട്ടുമപാരത
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...