2018, ഫെബ്രുവരി 20, ചൊവ്വാഴ്ച

നിനക്കായ് മാത്രം. . .



നിഴലായ്‌ കൂടെ നടക്കുന്ന നിനക്കു ബദലായ്‌
നിനയ്ക്കുവാൻ പോലുമാവുമോ മറ്റൊരാളെ സഖീ
അന്നൊരു കർക്കടകപ്പെരുമഴ തോർന്ന രാവിൽ
ഇന്നുമുതൽ മരണം വരെയെന്ന്‌ ചേർത്ത നിന്നെ
പൊന്നായ്‌ കാലമൊക്കെയും കൂട്ടിയണയ്ക്കുമെന്ന്‌
നന്നായ്‌ കനവുകണ്ട്‌ പുലരവേ നീ പോയതെങ്ങോ
ഉണ്ട്‌ കാരണമോതുവാൻ കാരണവന്മാർക്കൊക്കെയും
ഉന്മാദം കൊണ്ട്‌ നിന്നെപ്പ്രണയിച്ച്‌ വേട്ടതു തെറ്റ്‌
കൂപ്പിയില്ല കയ്യൊരുനാളും ദേവിക്കു മുന്നിൽ പിന്നെ
കാപ്പിപൂത്ത സൗരഭ്യമായ്‌ നീ എന്നിൽ ചേർന്നതിൽ

ജീവിതം നീണ്ടുകിടക്കയാണു റെയില്പ്പാതപോൽ
ജാതകത്തിലുണ്ടാകും രണ്ട്‌ പുടമുറി, മറുക്കായ്ക
പെറ്റു നീയെന്റെകയ്യിലിട്ടു പോയ പൊന്നിനു തുണ
തെറ്റല്ല ചെയ്യുന്നതെന്നെന്നെ ഉറപ്പിക്കുവാനിത്ര
അറിയുന്നു വസന്തമേ നിന്നെയറിഞ്ഞതിൽ പിന്നെ
അത്ര ദീപ്തമാകുവാനാവില്ല, താരതമ്യം ചെയ്കയിൽ
ഇനി,നീയെന്നിൽ ശയിച്ച പകലുകൾക്ക് പകരമായ്
ഇത്ര കരുതി മറ്റൊന്ന് പൂക്കയിൽ, ക്ഷയിക്കട്ടെ ഞാൻ
മണ്ണിൽ നീയലിഞ്ഞ അതേ കാലവേഗത്തിൽ തന്നെ
മറുക്ഷണം ഞാൻ ലയിക്കട്ടെ നിന്നിലിത് കുറിക്കയിൽ
ooooooooooooooooooooooooooooooooooo

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

കവിതതൻ ലക്ഷ്യം കാലക്ഷേപം



പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു
ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ
അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ
വെറുപ്പിന്റെ ഉല്ക്ക തുപ്പി വിഷാഗ്നി പടരുമ്പോൾ
സ്വയം ഹിമമായുരുകി കവികൾ തീയണയ്ക്കാറുണ്ട്
ശരീര ശാസ്ത്രങ്ങളുടെ നിമ്ന്നോന്നതികളിൽ
പൗരോഹിത്യം, വെളിപാടുകളിൽ വിപരീതമാകവേ
വേദങ്ങളുടെ സത്തയൂറ്റി കവിത വഴി നടത്തുന്നു
അന്യന്റെ ചങ്കിലെ ചോര പിഴിഞ്ഞ്; തെരുവിൽ
അനാഥ ബാല്യങ്ങളുടെ പെരുക്കപ്പട്ടിക നീളവേ
അമൃതായാശ്വാസമായാശയായ് കവികൾ
അദ്വൈത മന്ത്രങ്ങൾക്കുമപ്പുറം ഇന്ദ്രജാലമാവുന്നു

പട്ടിണി മോന്തിയ ഉമ്മറപ്പടികളിൽ നിന്ന്
പ്രലോഭനങ്ങളുടെ പറുദീസയിലേക്ക് ചേക്കേറവേ
മുഖാവരണമണിഞ്ഞവൻ, ആന്ദോളനം ചെയ്യുന്നു
അധികാരത്തിന്റെ, കൊഴുത്ത തേങ്ങാപ്പൂളുകളിൽ
ജാതീയതയുടെ പുളിച്ച ചക്കര പുരട്ടി, ചായമിട്ട്
പ്ളാവില കാട്ടി ആരാച്ചാർ തുടലിട്ട് വലിക്കവേ
കവി, ദൈവനഗ്നതയെ ചൂണ്ടി കൊഞ്ഞനം കുത്തുന്നു
കൊടി മഹിമ കീറി കോണകമുടുക്കുന്നു
കാവിലെപ്പാട്ടിനെ, താടിതൻ ചോപ്പിനെ
ഉടൽ മൂടിപ്പൊതിഞ്ഞുമുഷ്ണിക്കാത്ത കറുപ്പിനെ 
കുന്തിച്ചിരുന്ന് കുറ്റം പറയുന്നു: കൂവി വിളിക്കുന്നു
ഇനി ജാതികവി, ചുവപ്പുകവി, കാവിക്കൊടിയിങ്ങനെ
കാലമൊക്കെയും തമ്മിൽ ഭത്സിച്ച്, കുന്നായ്മ കുത്തി
പോരിന്റെ അക്ഷരം കുറിക്കുക, അച്ച് നിരത്തുക
ഏറ്റുപാടാൻ ഏറാൻ മൂളികൾ പെരുകുന്ന നേരവും
തോറ്റുപോവാതെ കവിത കാടേറിയൊടുങ്ങട്ടെ
00000000000000000000000000000000000000

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

സ്വർഗ്ഗാരോഹണം



തീയുണ്ട് കരിഞ്ഞ കുടലിൽ
തെക്ക് പുറപ്പെടും നേരമാണു
ഉപ്പ് ചേർത്തൊരുരുള കൊണ്ടത്
ഉച്ചവെയിലാറും മുമ്പ് കെട്ട പട്ടട

ഉദ്ധാരണവേഗത്തിന്റെ ഉച്ചിയിൽ
ഉഷ്ണമാപിനിയുടെ ഒടുക്കത്തിൽ
പെരും ദാഹമേറി പഴുക്കയിൽ
പാർക്കാനാവാതെ, പശിയടങ്ങാതെ
പൂരം കഴിഞ്ഞ്, കൊടിയിറങ്ങി പെരുമഴ

മാറ്റിയുടുക്കാനില്ലാതൊരു കൗപീനം
മാറി നില്ക്കാൻ മറുത്തൊരു പുളിയില നിഴൽ
സ്വപ്നങ്ങളിൽ നിന്നാട്ടിയിറക്കപ്പെട്ട നിദ്ര
സീമകളും ശീലങ്ങളും മെരുക്കുന്ന ചവിട്ടടി

അന്നമൊരുവേള തന്നില്ലെങ്കിലുമെന്റെ
ആമാശയത്തിലേക്കു നീ മതമെറിയുക
നൊന്തു പെറ്റതിനു നനച്ചവലില്ലെങ്കിലും
നേർച്ചയിടുക, നോമ്പ് നോല്ക്കുക, നേദിക്കുക

00000000000000000000000000000000000000000













കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...