2019, ജനുവരി 30, ബുധനാഴ്‌ച

ജപ്തിവ്യവഹാരങ്ങളിൽ ഒടുങ്ങാതെ പോകുന്നവ




തിരിച്ചേൽപ്പിക്കാനായ്
ചീന്തിയെടുത്ത് വച്ചിട്ടുണ്ട്
ചിതലെടുത്തിനിയുമൊടുങ്ങാത്ത
തകിലുപോൽ കൊട്ടും ഹൃദയം

മടക്കിത്തരാനുറച്ച് തന്നെയാണു
ചാവു നിലമെന്നറിഞ്ഞും ഓർമ്മയുടെ
ചാമയെറിഞ്ഞ്,കൊയ്യാതെ പോയ
മൃതാവശിഷ്ടമെന്റെ മനസ്സിനെ

ജപ്തി വ്യവഹാരത്തിനൊക്കെയും
ചാഞ്ഞു തന്നെ കിടന്നൊടുങ്ങിടാം
ചീയാതെയിപ്പഴും തുടിക്കുന്ന,
ജീവനെന്ന് നീ മൊഴിഞ്ഞയെൻ കരൾ

കുഴിച്ചെടുത്ത് കൊണ്ട്പോയീടുക
ചരിക്കുന്നത് ചരിയുന്നതെന്ന്
ചിമ്മാതെ കാലമൊക്കെയും
കലങ്ങാതെ നിന്നെ കാത്തുവച്ച കണ്ണുകൾ

എങ്കിലും പ്രിയതേ,
തിരിച്ചുവരവില്ലെന്നത്ര ശാഠ്യമാണു
ചാറുമാത്രം പിഴിഞ്ഞ് തേൻ വരിക്ക
ചേലിലങ്ങനെ മൊത്തിക്കുടിച്ച്, ചുംബന
ഉന്മാദം കൊണ്ട് തുടുത്ത അധരങ്ങൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2019, ജനുവരി 27, ഞായറാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത



എന്റെയീ അന്ത്യത്താഴ വേളയിലെങ്കിലും
കൺതുറന്നൊരു മാത്രയിരിക്കുവാൻ
നിറകണ്ണൊഴിഞ്ഞു നിന്നെമാത്രം
നറുനിലാപോൽ കണ്ട് യാത്രയോതുവാൻ
കരുണപെയ്യുകെന്നിൽ കടാക്ഷമാവുക
അത്ര വന്യമാമെന്റെ കടൽ യാത്രയിൽ
ഒരു മാത്രയെങ്കിലും മാംസച്ചൊരുക്കാവുക
സിരകളിലൊക്കെയും ഭ്രാന്ത് പൂത്തനട്ടുച്ചയിൽ
ഒരിക്കലുമൂട്ടാതെ പോയ സദ്യയ്ക്ക് നീ ഇലയിടുക
കവിതയൊന്നുപോലും കൊത്താത്ത ശിലയിൽ
കിറുക്കനെന്നെ കാലമെല്ലാം കെട്ടിയിട്ടേക്കുക
ഒരു ചെറുതിരിപോലും കൊളുത്താത്ത വീഥിയിൽ
പാതിരാവിലെന്നെ നീയൊറ്റു കൊടുക്ക, ഭത്സിക്ക

സ്വർഗ്ഗവാടം പുരോഹിതൻ ജപ്തിചെയ്ത മറുകണം
രാജിവച്ചോമലേ ഞാൻ ജാതി നെരിപ്പോടിൽ നിന്ന്
മദപ്പാടുനോക്കികൊത്തിയാലേ മതവൈരമൂറുവെന്ന്
രാജ്യസേവ തിരുത്തിമൊഴിമാറ്റിയ പിറ്റേന്ന്
കൊടിക്കൂറ വെടിഞ്ഞു ഞാൻ മൂരാച്ചിയായ് തിരിയുന്നു
ഇനിയെൻ പ്രണയിനീ, 
പ്രജ്ഞയൊടുക്കുന്ന നിന്റെ ഗന്ധം നുകർന്നൊന്ന്
ഹൃദയതാളം പെരുക്കുന്ന പദനിസ്വനം തുടർന്നൊന്ന്
പുലരാതെയൊരിക്കലും പൂർണ്ണമാവാതെയുറങ്ങണം
പിന്നെ, പുനർജ്ജനിക്കണമൊരു വേനൽ കൂടി,യന്ന്
അധികാരക്കസേരയ്ക്കുമപ്പുറം അക്ഷരം പൂത്ത് നിൽക്കും
000000000000000000000000000000000000










2019, ജനുവരി 9, ബുധനാഴ്‌ച

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .



പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും
പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ
പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌
വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ
വ്യഥകൾ വേവാതെ കല്ലിച്ച നോവുണ്ട്‌
എട്ടാം വയസ്സിൽ കെട്ടുകഴിഞ്ഞന്ന്‌ തൊട്ട്‌
ആട്ടുമസഭ്യവും കേട്ട്‌ കണ്ണീരു കൊണ്ട്‌ കെട്ട അടുപ്പ്‌
കല്ലടർന്ന്‌, പെരുച്ചാഴിതുരന്ന മൂലയിൽ
കമഴ്ന്ന്‌ കിടന്നാരും കാണാതെ മരവിച്ച
അമ്മയെ ഒരുനോക്ക്‌ കണ്ട ഓർമ്മയുണ്ട്‌
നാട്ടുകൂട്ടത്തിൽ നല്ലവാക്കോതി, ഞെളിഞ്ഞ്‌
നൂറുപൊള്ളിയ നാക്കിട്ടച്ചനട്ടഹസിച്ച പാതിര
പുലരാതെ പൂമുഖത്തേക്കെത്തിനോക്കുന്നുണ്ട്‌
താടി നീട്ടിയ പുരോഹിതപ്പരിഷയന്ന്‌, വെറും
ആട്ടിറച്ചിക്കുമപ്പത്തിനും അഞ്ചുറുപികയ്ക്കുമായ്‌
പേടിച്ച ജീവനൊന്നിനെത്തള്ളിയിട്ട പെരും കിണർ
പേപിടിച്ചലറിയിപ്പോഴും മുറ്റത്ത്‌ വറ്റിക്കിടപ്പുണ്ട്‌
കണ്ണേറു നാപ്പോരു മാറ്റുന്ന കിളവന്റെ
നീണ്ടകാതുള്ള പെണ്ണിനെ കെട്ടേണ്ട, കെട്ട
വിപരീത വിധികൊണ്ടെന്നൊറ്റക്കാരണം കൊണ്ട്‌
ഇട്ടുമൂടണം ഞാനീ കൊഞ്ഞനം കുത്തുന്ന
ഓർമ്മകളൊക്കയുമെന്നേ ദുർന്നടപ്പെന്നിൽ
വന്നുകൂടിയെങ്കിലതിനുമൊരു മാത്ര മുമ്പെ ഞാൻ
കുഴിതോണ്ടിയൊടുക്കട്ടെ അനാചാരമൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...