2019, ജൂൺ 29, ശനിയാഴ്‌ച

ജാതി പൂക്കുന്ന പാതിരാമേടകൾ

പ്രഭാഷണ വേദികളിലെ 
പ്രമാണിത്തമായിരുന്നു
ഒരു രാവിലൊമ്പത്‌ മേടകൾ
പകർന്നേകിയ തത്വചിന്തകൾക്ക്‌
പകരം കൊയ്ത്‌ പണച്ചാക്കുകളും
വിഭാഗീയതകൾ, വിഷം വച്ച വാക്കുകൾ
വിപ്ലവമെത്ര വിഷൂചികയായ്‌ ചീറ്റുന്നുവോ
വിശ്വമാധ്യമങ്ങളിൽ പൂത്തു നിൽക്കയായിരുന്നു
വിശുദ്ധ വചനങ്ങളെ വേരോടെ പിഴുതും
നല്ല വാക്കുകളെ നാലായ്‌ പകുത്തും
നെറികേടുകളെ നിയമങ്ങളിൽ തിരുകിയും



മണൽക്കാടു തിന്ന മഹാമേനിയെ
വിശന്നൊട്ടിയ തിങ്കളൊളിയെ
ഒരുകാരക്കച്ചീന്തിലൊരപ്പക്കഷ്ണത്തിൽ
ദാന മഹിമയുടെ പെരുമയെക്കാണിച്ച്‌
ലളിതജീവിതം കൊണ്ട്‌, നിലയ്ക്കാത്ത
സ്വർഗ്ഗപ്രാപ്തി പഠിപ്പിച്ച പൊരുളിന്റെ മഹാവേദമോതിക്കൊടുത്ത്‌
ശീതീകരണിയില്ലാതെ, പഞ്ചനക്ഷത്രസദ്യയില്ലാതെ
പ്രസംഗപീഠമേറില്ലെന്ന് ശഠിച്ച്‌
അന്യദൈവങ്ങൾക്ക്‌ തെറിപ്പാട്ട്‌ നേർന്ന്
അയൽക്കാരിൽ ജാതിയുടെ അതിർവരമ്പ്‌ പണിത്‌
ഒടുവിലിന്നീ കാലഗതിയുടെ യേറുകൊണ്ട്‌
ശകടമെരിഞ്ഞുവീണു, വീണു കിടക്കവേ
സർക്കാരാതുരാലയത്തിലൊരു മൂലയിൽ
കരുണയുടെ നോട്ടമൊന്നു കൊതിക്കവേ
പൊതിച്ചോറു തന്നവൻ പാണനാവാം പുലയനാവാം
പാൽ മൊന്ത നീട്ടിയത്‌ പൂണൂൽധാരിയാവാം
മരുന്നുറ്റിച്ചത്‌ നസ്രാണിയും
വച്ചുകെട്ടിയത്‌ ചോവനോ മാപ്പിളയോ ആരുമാവാം
ഒടുവിലിന്നെന്റെ കരൾ കക്കിയ പെരും
വിഷത്തിനൊക്കെയും പകരമായി
ജീവന്റെകണികയൊന്നു പോവാതെ കാക്കാൻ
എന്റെ ധമനികളിലേക്കിറ്റു വീഴുന്ന
ഈരക്തത്തുള്ളികളിലൊന്നിലെങ്കിലും
ജാതിയോ ഉപജാതിയോ ജാതകമോ കാണാതെ
അടുത്ത കട്ടിലിലെകാരണവരുടെ 
കുലം തേടാൻ നാവുയർത്തവേയറിയുന്നു
ജീവനെന്നിൽ നിന്ന് ജാലകം തുറന്ന്
പറന്ന് പോകാതെയൊരിക്കലും
ജാതിചിന്ത പിരിഞ്ഞ്‌ ഞാൻ നീയായ്ത്തീരുകില്ലയെന്ന്

2019, ജൂൺ 24, തിങ്കളാഴ്‌ച

പ്രിയനേ,

നിന്നെ സ്നേഹിച്ച അതേ വേളയിൽ
ഈ പൂച്ചയെ പാലൂട്ടി ഞാനിത്ര
പാലിക്കാതിരുന്നെങ്കിലെത്രമാത്രം
ഏകയായ്‌ പോകുമായിരുന്നിന്ന്
വീണു വശംകെട്ട്‌ വെറുക്കപ്പെട്ടവളാകയിൽ


നിന്നെപ്പ്രണയിച്ച അതേ തീവ്രതയിലോമലേ
കവിത ഞാൻ കാത്തുവച്ചില്ലായിരുന്നുവെന്നാൽ
എത്ര കയ്ക്കുമായിരുന്നെന്റെ ജന്മം
കട്ടിലിൽ പണയപ്പെട്ട്‌ കാലമെല്ലാം
കിടക്കേണ്ടവളായ്‌ വിധിക്കപ്പെട്ട നാളിതിൽ


നിന്നെക്കണ്ടു മതിവരാത്ത കണ്ണിമയിലൊക്കെയും
ഒരു തുണ്ടു നീലാകാശം ഞാനെന്റെ നാഥാ
കട്ടെടുത്തു വയ്ക്കാതെ പോയിരുന്നെങ്കിലോ
കെടുകെട്ടവളായിന്നീയിരുണ്ടറയിൽ
ഒടുങ്ങവേ, ജാലകക്കീറിൽ തെല്ലു തെളിയുന്ന
നരച്ച വാനം പോലുമില്ലാതെയായേനെ


നൂറ്റിമുപ്പത്തിരണ്ടാളെന്നിലൊരു പകലിൽ
സഹതപിക്കാൻ വന്ന ആദ്യ നാളു വിട്ട്‌
മർത്ത്യ ജന്മമൊന്നുപോലും പടികടന്നെത്താത്തയീ വെറുത്ത വേളയിലേക്ക്‌
പറിച്ചു നടവേ വെറുതെ കാതോർക്കുന്നു കണവനേ
കടലേഴും താണ്ടിയൊരു കണമെങ്കിലും
നിന്റെയൊച്ചയെങ്കിലുമെന്റെ കാതുതേടി
വരണമതു കണ്മൂടിക്കേൾക്കണം
ആവുവോളം മൊത്തിക്കുടിച്ചതിൻ
നോവു തീരും മുമ്പേയെന്നിൽ
മുനിഞ്ഞു കത്തുന്ന തിരിയൊന്നു
കെട്ടടങ്ങണം, എങ്കിലെൻ പ്രാണനാഥാ
സ്വർഗ്ഗമൊന്നു കാത്തിരിപ്പുണ്ടാമകലെ
മറിച്ചാകിലോ, കാലമെല്ലാം താണ്ടിയ
വൈതരണി തന്നെ വീണ്ടും നീണ്ട്‌
വെറുപ്പിന്റെ ചുനകുടിച്ച്‌ വെന്ത്‌
വേതാളങ്ങൾക്കപശ്രുതി മീട്ടിയുരുകിടാം

2019, ജൂൺ 21, വെള്ളിയാഴ്‌ച

ശവദാഹപ്പെരുനാൾ

ധനു ചന്ദ്രികയിൽ നിന്ന്
കർക്കടകപ്പാതിരാവിലേക്ക്‌
ഒരു സ്വപ്നാടനം നടത്തിയിട്ടുണ്ടോ ?
വസന്തങ്ങളുടെ താഴ്‌വരയിൽ നിന്ന്
ഉത്സവപ്പിറ്റേന്നിന്റെ ജീർണ്ണതയിലേക്ക്‌
ഒരു മുങ്ങാംകൂളിയെങ്കിലുമിടണം
കുറുന്തോട്ടിയൊട്ടുമില്ലാതെന്ത്‌
അങ്ങാടി മരുന്നുശാലയെന്നതിൽ നിന്ന്
ഒരു കുറ്റിച്ചൂലുപോലുമല്ലെന്ന്
ഉപബോധത്തെ ഉണർത്താൻ ശ്രമിച്ചിട്ടുണ്ടോ ?
ഞാനെന്നഹന്തയുടെ ഞാണൊടിയാൻ
കണ്ണിമ തുറന്നടയാനെങ്കിലും
മാത്ര വേണ്ടാതെ പോവുന്നു
എഴുതിയ കവിതയിലെ കാമ്പുപോലും
ഏറ്റുചൊല്ലാനാരുമില്ലാതെയുടയും
ഇനിയെന്റെ ജൽപനങ്ങളൊക്കെയും കൂട്ടേ
ഒരു സന്നിപാതജ്വ്രാനന്തര ഭ്രമമായ്‌
മറക്കുക,യത്ര കൽപ്പിക്കാതിരിക്ക
പ്രണയമൊരു പാൽ മധുരമായിരുന്നെന്ന്
ജീവിതം നിറകൺ നിലാവായിരുന്നെന്ന്
നിന്റെ സൗഹൃദമനന്ത സാഗരമെന്ന്
മറ്റു കള്ളത്തരങ്ങളായിരം പ്രിയ സഖേ
കവിതയിലിവനേറ്റി വച്ചിരുന്നതൊക്കെയും
കൂട്ടിപ്പെറുക്കിയൊരു പെരുങ്കുഴിയിലിടുക 
മുകളിലെന്റെ മാംസമിട്ടേക്കുക
ഒടുക്കത്തെ ദാഹമൊടുക്കാനൊരു
ഒതളങ്ങ നാലായ്‌ കീറി വച്ചേക്കുക,യിനി
മണ്ണിട്ടു മൂടുക,യൊട്ടും സഹതപിച്ചീടായ്ക
പിന്നെ,യൊരിക്കലും പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട്‌ പോവുക, പേരു ചീന്തിയിട്ടേക്കുക

2019, ജൂൺ 20, വ്യാഴാഴ്‌ച

ഓട്ടപ്പാച്ചിലിലായിരുന്നു

ആമയാണോ മുയലാണോ

ജയിച്ചിരിക്കുന്നതാരെന്നൊരിക്കലും

പിന്തിരിഞ്ഞു നോക്കാൻ

അവസരമൊത്തിട്ടില്ല

ആശ്രിതരും പ്രായോജകരും

കാലാനുസൃതം മാറുന്നവരായിരുന്നു

ഇത്തിൾക്കണ്ണി വളർന്ന്

തായ്മരം മറച്ചതോ

കൈത്തോട്‌ പരന്ന്

നീർച്ചാലു നികന്നതോ

നാളൊരിക്കലും നോവറിയിച്ചില്ല

കൊത്താവുന്നവയൊക്കെയും

കൊക്കിലൊതുക്കിപ്പറക്കവേ

അരുതായ്മകൾക്കപ്പുറം ലക്ഷ്യം

നിന്റെ അന്നന്നത്തെ അപ്പമായിരുന്നു

കൊണ്ട കപ്പൽച്ചാലുകളെത്ര

കണ്ടവൻ കൊണ്ടു പോയ്‌

വെട്ടിയ വന്മരമൊക്കെയും

വേരോടെ വശത്താക്കിയോരാവും

ഇണ്ടൽ കൊള്ളാൻ ദണ്ണമോർക്കാൻ

ഇക്കണ്ട നാളൊരിക്കലുമൊരു ചില്ലയിലിരുന്നില്ല

ഇന്നു മരുപ്പച്ചയെന്ന് കണ്ട്‌

ദൂരദേശം മണൽ കൊത്താൻ

ചിറകിലാകാശമൊതുക്കിപ്പറക്കവേ

വെന്ത പാറയിലൊന്നു തട്ടി

വീണതുമാത്രമാണു സഖേ

വേദനിക്കുന്ന ജീവിതപ്പരമാർത്ഥം

ഉച്ചവെയിൽ താണു സൂര്യൻ

തെച്ചിമറവിലൊളിക്കാറായിട്ടും

പച്ചവെള്ളമിച്ചിരി ചവച്ചിറക്കിയോ

പേരിനെങ്കിലും പങ്കുപറ്റിയോരാരെങ്കിലും

നന്നായൊന്നു പുഞ്ചിരി തൂകി

അന്വേഷിച്ചിരുന്നെങ്കിലെന്തിത്ര

ആശങ്കയെന്നിൽ പടിയിറങ്ങിപ്പോകുവാൻ

പൂതലായ്‌ മാറുന്നയെൻ പടുമേനിയിൽ നിന്ന്

പകരക്കാരനൊരുവൻ പിറക്കുമായിരിക്കും

വീണ്ടുമടുത്ത വട്ടമോടിത്തികയ്ക്കുവാൻ

2019, ജൂൺ 19, ബുധനാഴ്‌ച

ഞാനെന്നഹന്തയുടെ
നാലു വളവുകൾക്കപ്പുറം
പൂത്തിരി കത്തിച്ചപോൽ
ചിന്നിച്ചിതറാനൊരപകടം
വേളകുറിച്ച്‌ കാത്തിരിപ്പുണ്ട്‌

ഓങ്ങിയറയാൻ പേശിബലം കൊണ്ട
കയ്യൊന്നനക്കാൻ മൂന്നുപേരെ
കരുണപെയ്യാൻ നോമ്പെടുക്കുന്നു
അകംകൊണ്ടതൊക്കെയും
തിരിച്ചെടുക്കുന്ന നിയതിവിളി
നീയൊരാളിന്റെ ദയാവായ്പിൽ
മാത്രമാവുന്ന ദുരവസ്ഥ

കാൽക്ഷണം കൊണ്ടൊരു
കവിത കക്കുമെന്നും
കലാലയങ്ങളിലൊക്കെയും
വരികളെന്റേത്‌ പൂക്കുമെന്നും
കടത്തിണ്ണയിലെന്റെ കുറിപ്പുകൾ
അമിട്ട്‌ പൊട്ടുമെന്നും കണ്ടത്‌
കെട്ട കിനാവിനുമപ്പുറം
തണുത്ത മെത്തയിൽ
ചതഞ്ഞ്‌ കിടക്കുന്നു

ഇനിയെന്റെ വിരൽത്തുമ്പ്‌ വീണ്ടും
കാവ്യ സംസർഗ്ഗം കൊണ്ട്‌
പെറ്റ്‌ കൂട്ടുമെന്നാകിൽ വിഭോ
വാഴ്ത്തിടുമടിയനന്നൊരിക്കൽ
വേഗശരമെടുത്തെറിയാതെ പോയ
ആയുസ്സവിടുത്തെ ദാനമെന്ന്

2019, ജൂൺ 13, വ്യാഴാഴ്‌ച

ശസ്ത്രക്രിയ അറയിലെ ശീതോഷ്മാവ്‌ തന്ന കവിത



വെള്ളയുടുത്ത്‌ കേറിവന്നവനെ

മൂടിപ്പുതച്ച്‌ കെട്ടിയെടുക്കാതെ പോവാൻ

അനസ്തേഷ്യ നീഡിലിൽ കൊന്ത ചൊല്ലിക്കൊണ്ട്‌

ഒരു മാലാഖഹസ്തം നോമ്പെടുക്കുന്നുണ്ട്‌

ചിതറിയ അസ്തിക്കഷ്ണങ്ങളിൽ

ചിത്രപ്പണി ചെയ്തുകൊണ്ട്‌

ചിരിയുടെ തമ്പുരാൻ, വിരിയാനിടയുള്ള

കവിതയൊന്നുപോലും കരിയാതെ കാക്കുന്നുണ്ട്‌

ഓർമ്മയുടെ ഏതോ ഒരു ധ്രുവത്തിൽ

ഒരു മരപ്പണിക്കാരന്റെ ഡ്രില്ലിംഗ്‌ ഗൺ

പച്ച മാംസം തുരന്ന്

ശ്രുതിപിഴക്കാതെ ചരണം മൂളുന്നുണ്ട്‌

പങ്കജ്‌ ഉദാസിൽ നിന്ന് കിശോർക്കുമാറിലേക്കും

ഉദിത്‌ നാരായണിൽ നിന്ന് മുഹമ്മദ്‌ റഫിയിലേക്കും

ഗാനവീചികൾ തെന്നി നീങ്ങവേ

ജാലകപ്പാളി തുറന്ന് മരണം

തണുത്ത കരം നീട്ടാതെ

തടുത്ത്‌ നിറുത്തിയോരൊക്കെയും

പലദൈവങ്ങൾക്ക്‌ പാൽച്ചോർ നേദിച്ചോരായിരുന്നു

ഇനിയെന്റെ അഹന്തയൊക്കെയും അറുത്ത്‌ മാറ്റി

പൂർണ്ണതയുള്ളൊരു പുതു മനുജനാക്കുക

മുദ്രാവാക്യങ്ങൾക്കും കൂർത്ത വാക്കുകൾക്കും

കൊത്താനാവാതെ പോവതൊക്കെയും

നീ ചിരിക്കുന്നതുപോലൊരികലെങ്കിലും

പുഞ്ചിരിക്കാനാവുകിൽ ആവുമെന്ന്

എന്റെ കരളുനുള്ളിൽ നീ കോറിയിട്ടേക്കുക

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...