2019, നവംബർ 28, വ്യാഴാഴ്‌ച

തീപ്പെട്ട് പോകും മുമ്പൊരു കനൽത്തരി


തെരുവിന്റെ തെക്കേ മൂലയിൽ നിന്ന്
ഇന്നലെയൊരു തുളസിച്ചെടി
യാത്ര പറയാതെ വേരറ്റു പോയി
പുസ്തകത്തിന്റെ നടുത്താളിൽ നിന്ന്
പെട്ടെന്നൊരു കണം ചില വാക്കുകൾ
മുന്നൊരുക്കമില്ലാതെ മായ്ക്കപ്പെട്ടു
ദേവാലയത്തിൽ നിന്ന് നീട്ടി വിളിച്ചിരുന്ന
സമാധാന ഗീതികളിൽ, ഉച്ചമുതൽ
വാക്കുകൾക്ക് സ്ഥാനഭ്രംശമുണ്ടായി

എന്നു മുതലാണു നിന്റെ കുശിനിപ്പുരയും
എന്റെ പ്രാർത്ഥനാലയവും മതിൽ കെട്ടി
രണ്ട് ആകാശത്തിനു കീഴിലാക്കപ്പെട്ടത്
എന്റെ കവിതയിൽ നിന്ന് നിറ്റെ അലങ്കാരവും
നാട്ടുകൂട്ടത്തിന്റെ വൃത്തവും ചുരണ്ടിമാറ്റിയത്

നിന്റെ എഴുന്നള്ളത്തിനെന്റെ പടിപ്പുരയിൽ നിന്ന്
പറയെടുക്കുന്ന നാളെന്റെ സ്വപ്നം, അളവറ്റ മോഹവും
എന്റെ നേർച്ചയ്ക്ക് അപ്പം വിളമ്പാൻ ആദ്യവരിയിൽ
നീ മത്സരിച്ചെത്തുന്ന ദിനമെന്റെ വിജയം, കനവും

മോഹങ്ങളുടെ കൂടൊക്കെയും അഗ്നിചീറ്റിയെരിക്കുന്ന
അഭിനവ ഭക്തകുലം ഒടുക്കത്തെ തരിയുമൊടുങ്ങി
പുത്തൻ നിലാവുദിക്കും വരെ എന്റെ കവിതയാകെ
പൂത്തുതന്നെയിരിക്കട്ടെ, ഞാൻ വിപ്ളവം കാക്കട്ടെ
00000000000000000000000000000000000



2019, നവംബർ 17, ഞായറാഴ്‌ച

തീപ്പെട്ട് പോകും മുന്നേ തിരിച്ചറിയുന്നവ



പതിറ്റാണ്ടുകളുടെ പെരുക്കത്തിനപ്പുറം
പഴയ ഓർമ്മകളിൽ പരതി നില്ക്കവേ
കവലയൊന്നിൽ കണ്ട കൂട്ടുകാരീ
എന്നെക്കുറിച്ചാരായുമ്പോൾ
അധികമൊന്നും നീട്ടിപ്പരത്താനില്ല
അതിലും വലിയൊരു വട്ടപ്പൂജ്യം തന്നെ
എവിടെയാണിപ്പോൾ എന്ന മറുചോദ്യം
തുടങ്ങിയിടത്ത്‌ തന്നെ തളംകെട്ടി നില്ക്കുന്നു
നേടിയതിനെക്കുറിച്ച്‌ വീമ്പ്‌ പറയാനോ
നേദിച്ചതിനെയോർത്ത്‌ കണ്ണുകലങ്ങാനോ, ഇല്ലാതെ
ഉപ്പുവെച്ച ലോഹമൊന്തയായ് കുന്തിച്ചിരിക്കുന്നു
എങ്കിലും,
ഭാണ്ഡത്തിലുണ്ടൊരു പിടിയവലിനു പകരം
പൊട്ടാതെ ചീറ്റാതെ പുകയാത്ത കവിത
നെഞ്ചിലുണ്ടുണ്ണാതെ ഉഷ്ണിച്ച ഓർമ്മകൾ
വഴികൾ, മരങ്ങൾക്കപ്പുറത്തേക്ക് വളർന്നപ്പോഴും 
ചില്ലകളുടെ ബലത്തിൽ അവിശ്വസിച്ചവൻ
നീന്തുവാനറിയുമെന്നഹന്തയിൽ നിലാവൊടുങ്ങുവോളം
നീരൊഴുക്കിനെ പഴിച്ചവൻ, അക്കരെയണയാത്തവൻ
ഇനിയെന്റെ കെട്ട പുണ്ണിലേക്കെത്തി നോക്കായ്ക
വസന്തമാളികയിലിരുന്ന് കൊളുത്തി വലിക്കായ്ക
കുഴിമാടം നിറയുവോളം കെടുകെട്ട കവിതകെട്ടി
ഒരു മകരമാസത്തിനപ്പുറം ഞാനൊടുങ്ങട്ടെ
000000000000000000000000000000000

2019, നവംബർ 10, ഞായറാഴ്‌ച

കാനന പർവ്വം തീർപ്പാകുന്നു



വിവാഹ പൂർവ്വ കാലേ
അവനുമായ് സംസർഗ്ഗത്തിനു
പ്രഥമ ദൃഷ്ട്യാ തെളിവൊന്നുമില്ല
തോട്ടം തൊടി, തെരുവിലെവിടെയോ
ഒന്ന് നോക്കി കണ്ണിറുക്കിയതിനു
ഒറ്റ നോട്ടത്തിലാധാരവുമില്ല
നീ താലി കെട്ടിയതിനും
കൂടെപ്പൊറുത്തതിനും
ഊരു കൂട്ടവും ഉത്തമ ജനതയും
കാഴ്ചക്കാരാണു താനും
പെറ്റതൊക്കെയും നിന്റെ
പിള്ളകളെയാണെന്ന്
പൂർണ്ണ തെളിവുകൾ
പൊതുജന സമക്ഷം തയ്യാർ
അന്യന്റെ ഭാര്യയെ  അടക്കി വാഴുന്നതും
ബലാത്കാരമായ് ആസ്വദിക്കുന്നതും
ഒരു രാജസഭയ്ക്കും ഉൾക്കൊള്ളാവതല്ല
അതു വകയിലവൾ പക്ഷേ
ഗർഭിണിയാണെങ്കിൽ പോലുമേ
എങ്കിലും, എന്നാലുമെങ്കിലും
അവന്റെയടിവസ്ത്രമവളുടെ
കിടപ്പറയിൽ നിന്ന് 
കണ്ടെടുത്തെന്നൊറ്റക്കാരണം
അവളെയവനിനിയാണ്ടു കൊള്ളട്ടെ
പകരമായ്, നീ ഊറ്റം കൊള്ളുക
കന്യകയായൊരു കാട്ടു നിവാസിയെ
കെട്ടി, നീ ഊരു വിട്ട് വിലകിക്കൊള്ളുക
===================================



2019, നവംബർ 9, ശനിയാഴ്‌ച

വിധിയൊടുങ്ങുന്നിടം



എന്റെ കവിതയുടെ വൃത്തം
നിന്റെ അധികാരമുദ്രയാണു
ഞാനെടുക്കുന്ന അലങ്കാരങ്ങൾ
നിന്റെ വാഴ്ത്തിപ്പാടലുകളും
എന്റെ കുറിമാനങ്ങൾ
വിവർത്തനമാവുന്നത്, നിന്റെ 
വിധിപ്പകർപ്പുകൾക്കനുസൃതം

പുലരുവോളം ചുംബിച്ചുടച്ച്
ഉന്മത്ത മുനമ്പിലേക്കൊരു കാതം മാത്രം
മീതിയാകുന്നൊരു തന്തുവിൽ
മുലഞ്ഞെട്ട് കടിച്ചെടുത്തെന്നിലെ
രസച്ചരടെന്നേക്കുമായ് തകർക്കുന്ന
അഭിശപ്ത നാടകം നിന്റെ തീട്ടൂരം

ഉണ്ടു കഴിയാനുരുളയോ
നെറ്റിത്തടമുരയ്ക്കാൻ ഭൂമിയോ
കണ്ട് പെരുമകൊള്ളാൻ കോട്ടയോ
വേണ്ടുവോളമെന്റെ ജനം
ചേർത്തുകൊള്ളുമിനിയും പീഠമേ
വേണ്ടത് കരളിലൊരുറപ്പാണു
കണ്ണുകെട്ടിയുള്ളിലിരിപ്പെങ്കിലും
ഉള്ളിലിരുപ്പൊട്ടും കുടിലമല്ലെന്നൊരു
നിതാന്ത നിശ്ചയം, പകരുകയത്
വേപഥുവൊട്ടുമില്ലാതെ ചരിക്കട്ടെ ജനം

ജയം പാടുവോൻ ജനിച്ചിടമാവാം
ജയിച്ചു കേറിയോൻ കുഴിച്ചതുമാവാം
ജപിച്ചിരിക്കുവാൻ ഒരുപാടുണ്ട്
ജീവിഥ വ്യഥകളാകയാൽ
നടന്നതൊക്കെയും നല്ലതാവട്ടെ
നോക്കുക, മേലിൽ നരകമാവാതെ
നാളെയും പുലരിയുണ്ട് നടന്നു തീർക്കുവാൻ





2019, നവംബർ 5, ചൊവ്വാഴ്ച

പരിപ്പുവട വട്ടത്തിലൊരു ബോളീവിയൻ ഗീതം



കവിതയിലേക്ക് നിന്നെ
കുടിയിരുത്തുമ്പോൾ
ചിത്രശലഭത്തിന്റെ 
കാന്തിക്കായ്
നീ ശഠിക്കുന്നു
തല നീട്ടുന്നൊരു മരയോന്തിനെ
ഞാൻ എഴുത്താണിയിൽ നിന്ന്
പിഴുതെറിയുന്നത് നീയറിയുന്നില്ല

നിന്റെ ആലയത്തിൽ ഞാൻ
തലകുനിച്ചിരിക്കുമ്പോൾ
വിശുദ്ധമായതിനെ മാത്രം
മനസ്സിലേക്കാവാഹിക്കാൻ
നീ കട്ടായപ്പെടുത്തുന്നു
കണ്ണടച്ചാലുടൻ ഓടിയണയുന്ന
നിന്റെ കാമപ്പേക്കൂത്ത് കാഴ്ചകളെ
നീയുടുത്ത ളോഹയിൽത്തന്നെ 
ഞാൻ തുടച്ച് കളയുന്നു

നിന്റെ പുസ്തകങ്ങളിൽ ഞാൻ 
വാക്കുകളെ മെരുക്കുമ്പോൾ
നീ എഴുതിയത് തന്നെ
ഞാൻ വായിക്കുമെന്ന്
നീ മനക്കോട്ട കെട്ടുന്നു
നിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ
വാക്കുകളെ ബലാത്കാരം ചെയ്യുന്നത്
എന്നിൽ തികട്ടികൊണ്ടിരിക്കുന്നു

പുലരുന്നതിനൊരു കാതം മുമ്പ്
എന്റെ കവിതകളൊക്കെയും
രാജകൂടം കണ്ടുകെട്ടിയേക്കും
ഒരു ഖണ്ഡികയിലും അഭയമാവാതെ
കരിനിയമങ്ങളിൽ കുരുങ്ങിക്കിടക്കും
അപ്പോഴും ചുണ്ടിലൊരു തുണ്ടുബീഡിയും
കയ്യിലൊരു പരിപ്പുവടയുമായ് ഞാൻ
ബൊളീവിയയിലെ വിപ്ളവഗീതികൾ
ഉരുക്കഴിച്ചുകൊണ്ടേയിരിക്കും

00000000000000000000000000000000



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...