2020, ജനുവരി 21, ചൊവ്വാഴ്ച

കുങ്കുമ നിറമുള്ള കഴുതകൾ



ഇന്നലെകളെ
കണ്ണിമവെട്ടാതെ
നോക്കിക്കൊണ്ടേയിരിക്കണം
കവിതകളായും കഥകളായും
രേഖപ്പെടുത്താവുന്നവയൊക്കെ
കരിങ്കല്ലിൽ കൊത്തിവച്ചീടണം

നോക്കിയിരിക്കേ ഓർമ്മകളിൽ നിന്ന്
ഓട്ടുകിണ്ടിയും മരച്ചക്കും വെള്ളിക്കോലും
ആഡ്യത്വ ലക്ഷണമാരോപിച്ചൊരു കൂട്ടർ
പടികടത്തിപ്പോകയിൽ ഒച്ചവെക്കണം

പൊട്ടിയ ചട്ടിയിൽ നിന്ന് കൂട്ടാൻ കയ്യിട്ട് വാരി
പൊതു നിരത്തിൽ പ്രദർശന വസ്തുവാക്കി
അപരാധമൊന്നു ചെയ്തെന്ന് ആർപ്പ് വിളിക്കവേ
ഉണ്ടിത്ര നാൾ കൊണ്ട ഉണർവ്വൊക്കെയും കാട്ടണം

പാട്ടൻ മുപ്പാട്ടൻ നാളുതൊട്ടേ കുമ്പിട്ടിരുന്ന ആണ്ടവനെ
കിഴക്കോട്ട് ദർശനം, കെടുകെട്ട ലക്ഷണം, അസഹ്യം
കുറ്റങ്ങൾ നൂറു കെട്ടിയേല്പ്പിച്ച് വിലക്കയിൽ
കുരവയിട്ട് കൂക്കി വിളിച്ച് കുത്തിയിരുന്ന് കൊണ്ടാടണം

എതിർക്കപ്പെടേണ്ടവനൊരിക്കലും ഭീരുവല്ല
അജ്ഞത, നടിക്കിലും തെല്ലുമവനറിയായ്കയല്ല
ചൊല്ലുന്ന ഭോഷത്തം വിലയാവില്ലിന്നെങ്കിലും
ഊട്ടിയുറപ്പിച്ചാവർത്തിച്ചുരുവിടും കെട്ടവാക്കൊക്കെയും
താനേ ചുമന്നിടാൻ കഴുതയായൊരു ജനം നാളെ വരും
എണ്ണമിതാണുള്ളിലുള്ളതെങ്കിൽ എണ്ണപകർന്ന്
ചുട്ടെരിച്ചീടുക 
എണ്ണം തികഞ്ഞൊരു ജനത ഉയിർത്തെഴുന്നേറ്റിടും
00000000000000000000000000000000000000









2020, ജനുവരി 13, തിങ്കളാഴ്‌ച

മരണക്കരം മുത്തമിടുന്നവർ



മൊത്തിക്കുടിച്ച്, കണ്ണുറങ്ങുന്നതിനു മുമ്പാണു
മുലക്കണ്ണിൽനിന്നടർത്തി, വൈര്യം ചുമത്തി
മൂത്തുമുരടിച്ച തീവ്രതയൊടുക്കാനെന്ന വാക്കാൽ
മഞ്ഞുതുള്ളിയൊന്നവർ കാരാഗൃഹമയച്ചത്

മുടന്തി വന്ന്, രാസനാദിപ്പൊടി തേടവേ
മിണ്ടാനൊന്ന് വായ തുറക്കുന്നതിനും മുമ്പ്
മുന്നാധാരത്തെത്തൂക്കി പട്ടാളം, പൂക്കാത്ത
മലകയറി ഒറ്റുകാരന്റെ ലായമെത്തിയിരുന്നു

മൈലാഞ്ചി മൊഞ്ചൊന്ന് നന്നായിക്കാണും മുൻ
മുഹബ്ബത്തിൻ വർത്തമാനം മിണ്ടിപ്പറയും മുമ്പേ
മുഖകാന്തിയിടനെഞ്ചിൽ മുദ്രചാർത്താൻ വിടാതെ
മുനിഞ്ഞു കത്തുന്ന ദീപമവർ ചവിട്ടിക്കെടുത്തുന്നു

മുത്തച്ഛനും മൂത്തപിള്ളയും മുന്നേ പറന്നവരൊക്കെയും
മണ്ടിക്കളിച്ചതും ഇണ്ടൽ പകുത്തതും കണ്ടിരുന്നതും
മതം പൂക്കാതെ മതികെട്ടുപോകാതെ മോദമോടെ
മണ്ണിതൊന്നിലാണെങ്കിൽ, മദംകൊണ്ടവരറിയുക
മേലോട്ടെടുത്ത ശ്വാസമൊന്ന് തിരിച്ച് നല്കുമെന്ന്
മൂർദ്ധാവ് തൊട്ടാർക്കും വാക്കൊന്നും നല്കിയിട്ടില്ല
മഞ്ഞ പുതപ്പിച്ച് കിടത്താൻ നീ വരും കണം മുന്നേ
മിന്നലൊന്ന് പാഞ്ഞിരിക്കുക കെട്ട തലയോടിനുള്ളിൽ




2020, ജനുവരി 5, ഞായറാഴ്‌ച

ഒരു ദേശീയ ഗീതം കൂടി. . .



ഇനിയെത്ര നാളെന്റെ സോദരരേ

ഇന്ത്യയീ വിഷദംശനമേറ്റ്‌ തുടിക്കണം

ഇനിയെത്ര കാതമെൻ സതീർത്ഥ്യരേ

ഇക്കണ്ട ദുരിത വേഷം നമ്മൾ സഹിക്കണം


വെട്ടി മുറിക്കുന്ന വേളയിലൊക്കെയും, നമ്മൾ

വിഢ്ഢിയായ്‌ ചമഞ്ഞിരിക്കുന്നതാകിലോ, കഷ്ടം

വേർപെട്ടു പോകുമീ മതേതര സ്വപ്നങ്ങൾ, പിന്നെ

വെറും ജാതി പൂക്കുന്ന കാടായ്‌ മാറിടും നം ഭാരതം


ഹിന്ദു, മുസൽമാൻ, സിക്ക്‌ പാർസി, ജൈനനെന്നങ്ങനെ

ഹന്ത, സോദരായ്‌ വാഴുമീ സിന്ധു തട സ്വർഗ്ഗ ഭൂമിയെയ-

ഹന്ത പെരുത്തൊരു കൂട്ടമെരിക്കുവാൻ പോർതൊടുക്കുകിൽ

ഹിന്ദോള രാഗമാലപിച്ചൊന്നായ്‌ പ്രതിരോധിക്കുക


തെരുവുകളൊക്കെയും രാഗസാന്ദ്രമാക്കുക തോഴരേ

തീരാ നഷ്ടം വന്നു ഭവിക്കും മുൻ ഐക്യ കാഹളമാവുക

തെല്ലു ഭയം പൂണ്ട്‌, വിപ്ളവ താളം മീട്ടാതെ പോവുകിൽ

തീപ്പെട്ടു പോകും നം നാടിന്റെ പേരും പെരുമയും


ഒന്നാണു, ഒന്നാണു നമ്മളൊന്നാണെന്നുറക്കെ, കൂട്ടേ

ഒറ്റ ശ്വാസത്തിലുച്ചത്തിലാമോദം വിളിക്ക നമ്മൾ

ഒറ്റുകാരനും ഓഛാനിച്ച്‌ നില്ക്കുവോനുമൊടുങ്ങും, പിന്നെയും

ഓം ശാന്തി ശാന്തിയെന്നൊന്നായ്‌ മുഴക്കുക ശാന്തിമന്ത്രം


-മമ്പാടൻ മുജീബ്



2020, ജനുവരി 4, ശനിയാഴ്‌ച

മീസാൻ കല്ലുവരെയനുഗമിക്കുന്ന രാമനാമം



പടപ്പുറപ്പാടിലാണു
വാക്കുകളൊഴുകിയെത്തുന്ന
എന്റെ കൈവരികളെ
ഒരാൾ നോട്ടമെറിഞ്ഞിട്ടുണ്ട്
ഭ്രമങ്ങൾ പൂക്കുന്ന തലച്ചോറു
പൊതിയാൻ തൂശനിലയെടുത്തിട്ടുണ്ട്
ചിന്തകളിൽ തീപ്പന്തമെരിയുന്നത്
മൂടോടെയെടുക്കാൻ കനൽപ്പാത്രമുണ്ട്
പാട്ടൻ മുപ്പാട്ടൻ കൊണ്ട വഹകളൊക്കെയും
മുച്ചൂടും അരിഞ്ഞെടുക്കാൻ ചിലർ
അരിവാളിനു മൂർച്ച കൂട്ടുന്നുണ്ട്
മൂന്നും കൂടിയിടത്ത് ശാന്തിയോതുന്ന
കാഹളം കെട്ടിയിറക്കാൻ തക്ക
കയറുതേടിപ്പോയവരുണ്ട്
കാവി പുതച്ചവനു കാശൊന്നും വേണ്ട
കുലച്ചിരിക്കുന്നയെന്റോളെയോർത്തവൻ
കൊലച്ചിരി ചിരിച്ച് കൂനിയിരിപ്പുണ്ട്
ഉപ്പു കർപ്പൂരം തൊട്ട് തൊടിയിലെ
ഉപ്പനിരിക്കുന്ന പ്ളാവിനു പോലും
അവകാശം കൊണ്ടവർ കാത്തിരിപ്പുണ്ട്

അതിനപ്പുറം, അവർക്കറിയില്ലല്ലോ
രാവിലെ ദേവനു ചാർത്തിയ തുളസിമാല
പുലരുവോളം കെട്ടിയ പാത്തുവിനെ
എന്റെ സൂറയുടെ തിരണ്ടു കുളിക്ക്
ചന്ദനമരച്ച് ഉറക്കൊഴിച്ച സിന്ദുവിനെ
മാർഗ്ഗം കളിക്ക് മക്കളെയൊരുക്കി വിട്ട്
എന്റെ മകന്റെ മാർക്കക്കല്ല്യാണത്തിനു
കൂട്ടു വന്ന പള്ളിമേടപ്പറമ്പിലെ ത്രേസ്യയെ

മനസ്സിലൊരു കോടി കുടിലത കെട്ടുന്ന
ചെറുവിരലൊപ്പമുള്ള ഞാഞ്ഞൂലിനെക്കണ്ട്
മൈത്രിപൂത്ത് മൈലാഞ്ചിച്ചോപ്പ് തേച്ച്
മുഹബ്ബത്ത് പെരുത്ത് മീസാൻ കല്ലുവരെ
രാമപാഹിമ ജപിച്ചെന്നെയനുഗമിക്കുന്ന
നാരായണ നമ്പീശ നടേശ കുലമുള്ളിടം
നരകമാക്കാൻ പോരെടുക്കുന്ന കാവികുലമറിയുക
ഒടുക്കമതിദൂരമല്ല നിന്നൊടുക്കത്തെ മോഹത്തിനു
ത്രിവർണ്ണക്കൊടിക്കപ്പുറം അത്ര ഉയരമൊന്നും
വച്ചു പൊറുപ്പിക്കില്ല ജനം നിന്റെ കളസത്തെ
=================================


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...