2021, ജനുവരി 28, വ്യാഴാഴ്‌ച

ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന ജീവിതക്കൂട്ടുകൾ



മർദ്ദ വ്യതിയാനങ്ങൾ തീർക്കുന്ന ചുഴിക്കുത്തുകൾക്കു മീതെ
ഒരു വ്യർത്ഥ പ്രവാചകനായ് എന്റെ രൂപം കാത്തു കൊൾക
രൂപാന്തരം പ്രാപിക്കുന്ന പ്രേമ നാടകങ്ങളിൽ വീണ്ടും
പാരിജാതച്ചോട്ടിൽ കാലുകൊണ്ടെനിക്കായ് വട്ടം വരയുക
പലവ്യഞ്ജനങ്ങളുടെ രസക്കൂട്ടുകൾക്കിടയിൽ, ചായമിട്ട്
നഷ്ട സ്വർഗ്ഗം തിരയുന്ന വിഡ്ഡിയെന്നെ കാണുക
ചെറു പൂവിനു പോലും മണ്ണൊരുക്കാത്തയെന്നിൽ
നിന്റെ വസന്തം കാട്ടി കൊതിപ്പിച്ച് നിറുത്തുക
പ്രണയ പാരവശ്യം മൂത്ത് മധു നുകർന്ന് മത്തായാണവൻ
കവിത കെട്ടുന്നതെന്നെന്നിൽ അസൂയ കൊള്ളുക
മഞ്ഞ് മൂടാതെയൊരു മൊട്ട് പോലും കാണാതെ ഞാൻ
ദാഹം പെരുത്ത് ദയ തേടുന്നതെന്നിൽ മാത്രം കാക്കുക
എന്നിൽ ഉയിർക്കുന്നവയുടെ ഓരോ ദളങ്ങളിലും നാളെ
ഉന്മാദം കൊണ്ട് കത്തിനില്ക്കുമൊരു സൂര്യനെ തേടുക
ആകാശക്കോട്ടയിലേക്ക് നിറജാലകം പണിത്, പുലരവേ
ആറാട്ട് കടവ് പോലും അന്യമായവനെ കല്ലെറിയുക
നീലസാഗരം വരച്ച് ചേർത്ത ചായക്കൂട്ട് ഉണങ്ങും മുന്നേ
നേർത്ത സ്വപ്നമൊന്ന് പോലും നഷ്ടമായവനെയറിയുക

പ്രിയതേ,
ഭ്രമങ്ങളെന്റേതൊടുങ്ങിയെങ്കിൽ തീർപ്പാക്കിക്കൊള്ളുക
ബാക്കിയൊന്നും വെക്കാതെ ഭ്രമണമെന്റേത് നിലച്ചുവെന്നായ്
വ്യഥകളൊന്നുമില്ലാതെയെൻ കവിത പിറക്കുന്നുവെന്നാകിൽ
വേപഥു പെയ്യാത്തൊരു തെരുവ് തേടി കവിയിവൻ നാളെ
കൂട് മാറാൻ കോപ്പ് കൂട്ടുന്നുവെന്ന് നന്നായുണർന്ന് കൊൾക
ഒടുവിൽ,
ചരമകോളങ്ങളിലൊന്നിലും പ്രസിദ്ധപ്പെടുത്താത്തൊരു
ഒറ്റക്കോള വാർത്തയായ് ഞാൻ നിന്റെ കരളിൽ മാത്രം
ചവർപ്പും കയ്പ്പുമായ് ഒരു കൊള്ളിയാനായെരിഞ്ഞ് തീരും
============================

























കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...