2021, മാർച്ച് 16, ചൊവ്വാഴ്ച

കടുകു പാടങ്ങളിൽ കുന്തിരിക്കം പുകയുന്നു



സ്വപ്നങ്ങൾ ചുട്ടെരിച്ച പാടങ്ങളിൽ

കടുകെറിഞ്ഞ്, മുളപൊട്ടുന്നത് കാത്ത് കിടക്കുക

കുഴി തോണ്ടിയടക്കുവോളം കുത്തി നോവിച്ച്

കല്ലറയ്ക്ക് മുകളിലൊരു കള്ളിച്ചെടി നടുക

കാലിലെ തുടൽ നോക്കി കണ്ണീരൊഴുക്കുമെന്നെ

കാഞ്ചനക്കൂടിന്റെ മഹത്വമോതി കണ്ണുകെട്ടുക

കൊടി പറപ്പിക്കുന്നവർക്കിടയിൽ കുനിച്ച് നിർത്തി

പൂത്തൊടുങ്ങിയ പിൻ പറുദീസ ഇറങ്ങുമെന്നോതുക


കുന്തിരിക്കം പുകയുന്ന ശൈഖു പള്ളിയിൽ, പാതിരാ

കുത്ത് റാത്തീബ് തീരുവോളമെന്നെ ഇളകാനിരുത്തുക

റൂഹാനി കൂടിയെന്ന മഷിനോട്ട വായന പെരുപ്പിച്ചോതി

ആവണക്കെണ്ണയിൽ ആര്യവേപ്പിലയരച്ച് പച്ചയ്ക്ക് തീറ്റുക

മസിരിപ്പിഞ്ഞാണത്തിലറബിമഷിയിലിസ്മെഴുതി രാവിലെ

വെറും വയറ്റിൽ അന്നനാളം കറുക്കുവോളം കുടിപ്പിക്കുക

ചൊല്ലിയ കീർത്തനങ്ങളുടെ സ്വരസ്ഥാനം തെറ്റിയെന്ന്

തിരണ്ടി വാലിൽ മടുപ്പിറങ്ങുവോളമെന്നെ സ്വർഗ്ഗസ്ഥനാക്കുക


നട്ടുച്ചയ്ക്ക് കനലു വിഴുങ്ങി തീ കായുമെന്നെ, മതം മോന്തി

അത്തറു മണമുള്ള മുന്തിരിച്ചാറു കക്കാൻ കെട്ടിവലിക്കരുത്

പശമുക്കാനെന്ന് കഞ്ഞിത്തെളി വാങ്ങി പശിമാറ്റുമെന്നെ

നിന്റെ നോമ്പിന്റെ പോരിശയോതി പ്രീണിപ്പിക്കുകയുമരുത്

എന്റെ കവിതകൾ ഇങ്ങനെയേ ആവൂ, കരളിൽ നിന്ന് ചുരണ്ടിയത്

അതിൽ പോത്തിറച്ചിയും പത്തിരിയും പരതരുത്, പരിഭവമരുത്

ഉലയിലിട്ട് കാച്ചിയാലേ ചേലൊത്ത കവിത വിരിയൂ എന്നായ്

ജീവിതപ്പെരും കയ്പ്പ് തീരുവോളം വെന്തെരിയാൻ മാത്രമായ്

ജനിതക ഘടനയെന്റേത് തീർത്തോനു സ്വസ്തിയേകട്ടെ ഞാൻ 

00000000000000000000000000000000000000000



2021, മാർച്ച് 7, ഞായറാഴ്‌ച

വിശുദ്ധനല്ലാത്തവന്റെ വിലാപകാവ്യം



വിലാസമില്ലാതെ ഒടുങ്ങുന്നവന്റെ

വിലാപകാവ്യമായ് കൂടെയുണ്ടായിരിക്ക

അന്യം നിന്ന് പോവുന്നവനെയെന്നുമൊരു

അക്കമായിട്ടെങ്കിലും രേഖപ്പെടുത്തുക

ഞാൻ വിതച്ചത്, കൊയ്തത്, മെതിച്ചെടുത്തത്

ജ്ഞാതിശാസ്യമോതിയെന്നെ വിലക്കിയുണ്ണുക

ജീവിതപ്പാച്ചിലിൽ തിരിഞ്ഞ് നോക്കാത്തയെന്നെ

തീപ്പെട്ട് പോയ പിൻ രക്തസാക്ഷിയാക്കിപ്പോറ്റുക

നിഷേധിക്കപ്പെട്ടവന്റെ നീതിശാസ്ത്രത്തിലേക്ക്

ചാട്ടുളി എയ്തുവിട്ട്, പ്രതികാരം യഹോവയ്ക്കുള്ളതെന്ന്

നീ മഹത്വപ്പെടുക, ചില്ലുകൂട്ടിലാസനസ്തനാവുക


അസ്വസ്ഥ ചിത്തം,കരാള ഹൃദയം, വിരൂപ മാനസം

കാട്ടുപോത്തിന്റെ നോട്ടമെന്ന് നീ കാടിളക്കിപ്പോയ

പെരും പാതിര മാത്രമാണു മൽ സഖീ എന്റെ ജീവിതം

ആകാശദൂരം കൈക്കുമ്പിളിൽ കൊള്ളുവാൻ കാലമൊട്ടുക്ക്

കനവ് കെട്ടി, അമ്മിക്കൽ ചുവട്ടിൽ അരബാക്കിയായവൻ

ഇരുട്ടിൽ, പകൽക്കാഴ്ചകളുടെ സങ്കല്പത്തിൽ കണ്ണടച്ചല്ലാതെ

നിലാവെട്ടത്തിലൊരു ചിരാതിന്റെ ശോഭയിൽ ഒരുമാത്ര

ഒരു നിറകൺ വിശുദ്ധിയായ് നിന്നിൽ ശയിച്ച്, ഉറയൂരി

മറുകണം മണ്ണെടുത്ത് പോവതാകിൽ അതെന്റെ സ്വർഗ്ഗം

ശേഷമെന്റെ കവിതയും കിനാക്കളും കരിച്ചെടുത്തൊടുക്കുക

ഓർത്തെടുക്കാത്തൊരു കാട്ടുപാതയിലെന്നെക്കിടത്തുക











കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...