ആറ്റ്നോറ്റല്ലാതെ പിറന്നതാലാവാം
അമ്മിഞ്ഞയിൽപ്പോലും അളവ് കുറിച്ചത്
രണ്ടാനമ്മയിലനിയനൊന്നായന്നുമുതൽ
രണ്ട് പാത്രത്തിലുണ്ട് വിഭവമാറ്റം പഠിച്ചത്
തങ്കപ്പസാറിന്റെ മകളടുത്തിരിക്കയാൽ
തികഞ്ഞൊമ്പത് ശരിപോലും കിട്ടാതെപോയത്
പായസം ചുക്കുമല്ലിക്കാപ്പിയെന്ന് ചൂട് കൊണ്ട്
പലരോട് തെണ്ടിയും പത്ത് കാശ് മിച്ചമാവാഞ്ഞത്
പ്രണയിച്ചതില്ലൊരുനാളുമെങ്കിലും നിന്നെ
പ്രിയമായിരുന്നെന്ന് പറയവേ നീ ഒറ്റിയത്
പകിടകളിച്ചവൻ പഞ്ചായത്ത് മേലാളാകവേ
പഠിച്ചിത്ര പയറ്റിയുമുദ്യോഗപ്പടി ചവിട്ടാതെപോയത്
വളഞ്ഞവൻ വരാലിനെ വേളികഴിക്കവേ
വിത്തിനൊരു പരലുപോലും കിട്ടാതെ പോയത്
ഊരുതെണ്ടി ഉരുക്കുരുക്കി വിയർപ്പൊഴുക്കിയും
ഉറങ്ങാനൊരു ഉലക്കപോലും നേടാതെയായത്
ഉഴുതത് ഞാൻ ഉപ്പ്ചാൽ നീന്തിയത് ഞാൻ
ഉറക്കമൊഴിച്ചത് ഞാൻ ഉണ്ണാൻ നേരം മാത്രം
ഉയിർക്കാലാവകാശം പറഞ്ഞു നീ താടിയുഴിഞ്ഞ്
ഉടയോനായ് ഒപ്പത്തിനൊപ്പമിരിക്കവേ അറിയുക
പണ്ട് ഞാനെഴുതിയ കവിതകളൊക്കെയും
പങ്ക് പറ്റി നീ പ്രജാപതിയായ് പല്ലിളിച്ചപോൽ
പ്രിയരെന്റെ ജനത്തിനായ് ഞാൻ കൊയ്യുന്ന
പച്ചരിയിൽ വരെ ജാതിതേച്ച് പകുത്തിടാൻ
പൂണൂലവകാശമെന്ന് നീ വരവേ ഓർക്കുക
ജനമെന്നതൊക്കെയും വെറും ജാതിയല്ല
ജനിതക ഘടനയിൽ സാഹോദര്യമേറ്റവർ
ജയിക്കുമവരുടെ സ്നേഹക്കരുത്തതിൽ
ജീവനെടുക്കും നിങ്ങൾ തൻ വെറികളെ
====================