2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നരകം വിലയ്ക്ക് വാങ്ങുന്നവൻ



നീയെന്ന ഭ്രാന്തിന്റെ മൂർഛയിലാണു
ബന്ധങ്ങളുടെ മരവിപ്പ് കവിതയെ ബാധിച്ചത്
ഹരിവരാസനമാലപിച്ചുടുക്ക് കൊട്ട് നിലയ്ക്കവേ
തൊഴുതതൊക്കെയും കല്ലിനെയെന്നറിയുന്നു
വെടിക്കെട്ടിന്റെ പെരും പൂരത്തിനിടയിലും
പൊട്ടാത്തമിട്ടൊന്ന് പുകഞ്ഞ് നില്ക്കുന്നു
ആയുസ്സൊട്ടുക്ക് കത്തിനിന്നൊരു ദിനം
ഇന്ധനമൊഴിഞ്ഞ് പടുതിരിയെരിയവേ
ഇന്നലെകൾ വഴിയിടുങ്ങി കൊഞ്ഞനം കുത്തുന്നു
നീ സത്യവും ഞാൻ വിഴുപ്പുമെന്ന മുൻധാരണ
പുഴുക്കുത്തി പരിപ്പടർന്ന് ഭാരം തൂങ്ങുന്നു
പെരുമഴ പെയ്തിത്ര ഞാൻ നിന്നെ നനയിക്കയിലും
വരണ്ട തൊണ്ടയിൽ കനലുവെച്ച് കവിതകെട്ടുന്നു
ജാതിക്കോളങ്ങൾ വടിവാളു കക്കിയുറയവേ
ദൈവം കാനേഷുമാരിയിൽ ആധിപത്യം നേടുന്നു
ഭണ്ഡാരം നിറച്ചവൻ, വേണ്ടതിനൊക്കെയും
വഴിപാട് നേർന്നവൻ, എണ്ണ പകർന്നവൻ
സ്വർഗ്ഗത്തിലിടം മുൻകൂറു നേടവേ
കവിത കത്തുന്നിടത്തൊരു നെരിപ്പോടിൽ
കീഴ്ക്കാംതൂക്കായ് ഞാൻ നരകം കാത്തിടാം
000000000000000000000000000000

2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

കവിതയുടെ ത്രിമാനതലം ഭ്രാന്താവുന്നു


പ്രിയതേ, 
നീ മുളയ്ക്കാത്ത തുരുത്തിൽ
കവിതകൊയ്യാൻ അയക്കപ്പെട്ടവൻ ഞാൻ
പുഴയൊഴുകാത്ത തീരങ്ങളിൽ
പനിനീർപ്പൂ കിനാ കാണുവോൻ
ഉത്സവപ്പെരുമയുടെ ആൾക്കൂട്ടങ്ങളിൽ 
ഒറ്റയറ്റിപ്പാത വെട്ടിയെടുപ്പവൻ
നൂലറ്റമാരോ നിയന്ത്രിക്കുന്നതറിയാതെ
സ്വതന്ത്ര വാനം അവകാശപ്പെട്ടവൻ
സ്വപ്നങ്ങളൊക്കെയും തീയെടുത്ത പകലിലാണു
തീവ്ര വാദത്തിന്റെ ആണിയെന്നിൽ തറഞ്ഞത്
ഇത്തിൾക്കണ്ണിമതം വളർന്ന് നിന്റെ അസ്തിത്വം
ഇഞ്ചിഞ്ചായ് മൂടിയൊതുക്കിയ വാരാന്ത്യമാണു
അദ്യമായെന്റെ കവിത കൂവൽ കൊയ്തത്
പതിറ്റാണ്ട് നീണ്ട പട്ടിണിപ്പോരു നല്കാ സുഖം
പതിയോടൊത്തൊരു പാതിരാ കിട്ടുമെന്ന് നീ
തിരിച്ചറിയുന്ന മഞ്ഞുവീഴ്ചയിൽ നിഷേധിയാവുന്നു
സമാധാനത്തിന്റെ പ്രാവിൻകൂട്ടിൽ നിന്ന്
എത്ര വേഗമാണു നീ വിദ്വേഷത്തിന്റെ
കഴുകാവതാരം കെട്ടിയാടി വെറുക്കപ്പെട്ടത് 
ഇനി കടലെടുക്കാതെ കത്തിയിറങ്ങാതെ
പട്ടിണിത്തോണിയിൽ നിന്നവരിറങ്ങും വരെ
എന്റെ കവിത രാപ്പകലൊക്കെയും  കത്തിനില്ക്കും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

കണ്ണനില്ലാത്തിടം



കണ്ണാ. . .
ഇവ്വുലകിലില്ല നിന്റെ പ്രണയം
ഇത്രമേലെന്നെ ഓർമ്മിപ്പിച്ചിടാത്ത
ഒരു ചെറു മുളന്തണ്ടു പോലും
പതിനാറായിരത്തെട്ട് 
പ്രണയപാരവശ്യത്തിനപ്പുറം
നിന്റെ മനോമുകുരമെന്നെ മാത്രം
ഇത്രമേൽ കൊണ്ടാടുവാനെന്ത് സുകൃതം
ഈ പാഴ്ജന്മം ചെയ്തു, നീ സ്വപ്നം
നീ തന്നെ സത്യവും ധർമ്മവും
മയിൽപ്പീലിയൊന്ന് പൊഴിഞ്ഞു കിടപ്പത്
മാലൊകർക്കൊക്കെയും വെറും കാഴ്ചയാവാം
എന്റെ നാഥാ,
കരളുപിടയ്ക്കുന്ന വിരഹനോവത് അറിയുന്നു, നീ
പോയതിൽപ്പിന്നെ, നീ തൊട്ടതൊക്കെയും
പൂജാദ്രവ്യമായ് കാക്കുന്നയെന്നെ കാണുന്നുവോ
അറിയുന്നു ഞാനെന്റെയകതാരിലത്രമേൽ
ആഴത്തിലുണ്ട് നീ, നീറുമൊരു കനവായ്
ഇനിയില്ല കണ്ണാ ജന്മാഷ്ടമിയൊന്നുപോലും
കലങ്ങാതെയെന്റെ കണ്ണും കരളുമൊരിക്കലും
കാത്തിരിപ്പാണേറ്റവും കയ്പേറിയ ജീവിതമെങ്കിലും
നിന്നെക്കാത്തുകാത്തുഴന്നെനുൾക്കണ്ണിലുദിക്കും
മധുരമാം നാളൊന്നിനു മാത്രമായ് കാത്തിരിപ്പൂ
വരിക, വീണ്ടുമെൻ ആടകളൊക്കെയും കവരുന്ന
കള്ളക്കാർവർണ്ണനായ് നീയെന്റെയമ്പാടി
സ്വർഗ്ഗമാക്കീടുക,നിന്നിലൂടെ നേടട്ടെ ഞാൻ നിത്യത
==========================


2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

നഗരവാരിധി നടുവിലൊരു സ്വർഗ്ഗം



വാക്കുകളുടെ ഊഷരപ്രവാഹത്തിൽ
മാന്ത്രികതയൊളിപ്പിച്ച അക്ഷരക്കൂട്ടുകളിൽ
തിരിച്ചറിയാത്തത്ര കുഴച്ചെടുത്ത ബിംബങ്ങളിൽ
എന്നും സ്വയമൊരു സ്വർഗ്ഗതലം പടച്ചിട്ടുണ്ട്
സുകുമാര കവിതകളുടെ ആകത്തുകകളിൽ
ആനമറിക്കുന്നിന്റെ വശ്യതയൊപ്പിയെടുക്കയിൽ
ഞാൻ, ഞാൻ മാത്രമായിരുന്നു ഭാഗ്യം കൊയ്തവൻ
നിന്നിലേക്കൂളിയിട്ടിറങ്ങിയ ചിങ്ങപ്പകൽ
നിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ നഗരവെയിൽ
നിന്നെ മുട്ടിയിരുന്ന് നുണഞ്ഞ ഹിമമധുരിമയിൽ
പ്രകാശത്തിന്റെ സപ്തസ്വരൂപം സത്യമായിരുന്നു
ഞാനും നീയുമെന്ന ബന്ധത്തിനു ചിത്രലഹരിയിൽ
കറുത്ത ചായം മാത്രം കരുതിവെച്ച മേല്ക്കൂട്ടം
മഴവില്പ്പാലത്തിനുമപ്പുറം കായലും താണ്ടി
ശാലമോന്റെ കൊത്തളം കാണാതെ പോയതാവാം
റയിൽപ്പാതയിലെയിടുങ്ങിയ തുരങ്കങ്ങൾ മാത്രം
ചുമർ ചിത്രങ്ങളിൽ കൊത്തിവെക്കാൻ ശഠിക്കവേ
കുങ്കുമപ്പൂ വിതറിയ നനുത്ത പുൽമേടുകൾ ഒരായിരം
ജീവിതപ്പാതയിൽ നിറയുന്നത് വിരൽച്ചൂണ്ടിക്കാട്ടുന്നു
കോടികളുരുക്കിപ്പണിത ഇടപ്പള്ളിക്കുമപ്പുറം
കുഞ്ഞുറങ്ങുന്ന പനിനീർമെത്തയും താണ്ടി
സ്നേഹം വാരിക്കോരിച്ചിറകെട്ടിയ നിന്റെ
കുഞ്ഞു ഭവനമാണു സ്വർഗ്ഗമെന്ന് തിരിച്ചറിയവേ
മടക്കയാത്രയ്ക്കു മടിച്ചു ഞാൻ പടിപ്പുറം നില്ക്കുന്നു
=========================================================

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൗരീ,നീ ഞാനായിരുന്നു


പ്രത്യയങ്ങൾ നഷ്ടപ്പെട്ട
എന്റെ ശബ്ദകോശത്തിലേക്ക്‌
ഇനിയുമൊരു തറയ്ക്കുന്ന വാക്കായ്‌ നീ പുനരവതരിക്ക
വർണ്ണങ്ങൾക്ക്‌ മേൽ വസന്ത ക്ലാവൊട്ടിയുറയുന്ന 
വെറിപൂണ്ട സായന്തനങ്ങളിൽ വിറയ്ക്കാതെ നിതാന്തം 
വീശിയടിക്കുന്ന വിപ്ലവജ്ജ്വാലയായ്‌ നീ വീണ്ടും മുളയെടുക്ക
വെട്ടിയറുക്കപ്പെട്ട കവിതയുടെ ആഴങ്ങളിൽ
ഒരു പരൽ മീനായെന്നും കുഞ്ഞോളങ്ങളെ പടക്കുക
ദൂരെ പ്രകാശവർഷങ്ങൾക്കുമകലെ നിശ്ചയം 
കവിതയുടെയൊരു മഹാമേരു കാത്തിരിപ്പുണ്ടെന്ന്
എന്റെ കാതിൽ കിന്നാരമാവുക, എന്നിലെ ഞാനാവുക  
വാക്കിന്റെ മൂർച്ചയിൽ തലയറ്റുപോയ
ബന്ധങ്ങളെ പനിനീർ തെളിച്ചു നീ പടികയറ്റുക
ഇന്നലെ നീന്തിയകന്നൊരു പൊന്മാൻ, അമ്പേറ്റ മാന്‍പേട
ജാതി പൂത്തൊരയൽക്കാർ, മതം വെന്ത അടുക്കള 
മതിലുയര്‍ത്തിയ സമുദായം, മരണം ചവയ്ക്കുന്ന പുരോഹിതന്‍  
നീ  കറമാറ്റുമൊരു അങ്ങാടിമരുന്നായ്‌ എന്നില്‍ ഉണ്ടാവുക
ക്ഷാരപരലുകൾ വിതറി നിർവ്വീര്യമാക്കപ്പെട്ട  വാതായനങ്ങളിൽ
ഒരമ്ലമേഘമായ്‌ വന്ന് രാസബന്ധങ്ങളിൽ സ്നേഹം  പെയ്തിറങ്ങുക
കൊട്ടിഘോഷിക്കപ്പെടാത്ത കാവ്യ വരികളിൽ
കോമാളിവേഷം കെട്ടിവെക്കുന്ന മുഖങ്ങളിൽ
ഒട്ടുമാർക്കും വേണ്ടാത്ത ചുവരുകളിൽ
നീ നല്ലെഴുത്തായ്‌ കല്ലിച്ചു കിടക്കുക
ചോരകൊണ്ട്‌ ഭരണാസനമുറപ്പിക്കുന്ന
ചെകുത്താൻ വർഗ്ഗം തഴച്ച്‌ നിൽക്കിലും
നിന്റെ എഴുത്താണി നിരാലംബർക്ക്‌ നിത്യ വസന്തമാവട്ടെ
വിപ്ലവത്തിന്റെ വാൾത്തലയ്ക്കപ്പുറം
വീര്യം മൂത്ത നിന്റെ തൂലിക തെന്നി നീങ്ങവേ
കാവി വെടിയുണ്ടയുടെ കരിഞ്ഞ ആദർശം  
നിന്‍റെ പ്രഭാതങ്ങളെ  ഊതിക്കെടുത്തയിൽ
അപ്പോൾ, അപ്പോൾ മാത്രം ഞാൻ തിരിച്ചറിയും
ഗൗരീ, നീ ഞാനായിരുന്നു, നിലകൊണ്ടതൊക്കെയും
എന്നെയിരുൾ മൂടി കവിത നിലയ്ക്കാതെ കാത്തതായിരുന്നു

2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ജാതി ജാതകം



ആടിത്തിമിർക്കുന്ന ഉത്സവപ്പറമ്പിൽ നിന്ന്
എന്റെ പ്രിയനേ, നിനക്കായ് ഞാൻ
ആശംസകൾ പടച്ച് വിടുകയാണു
ജാതിക്കാടുകളിൽ വെട്ടേറ്റ് വീണ നിന്നിലേക്ക്
എന്റെ വാക്കുകൾ ചത്ത മത്സ്യങ്ങളായ്
എടുത്തെറിയപ്പെട്ടേക്കാം
സഹനവും സ്നേഹവും സമം ചേർത്ത്
ദേവസൂക്തങ്ങളിൽ ചാലിച്ച്
പള്ളിമേടകളിൽ വിളമ്പിക്കൊണ്ടിരിക്കെ
പകയൊരുകഴഞ്ച് വിഭാഗീയതയിൽ കുറുക്കി
വിശുദ്ധ രാവുകളിൽ കൈവെള്ള ചോക്കുന്നു
ഞാനും നീയുമെന്ന പ്രണയപൊയ്കയ്ക്കപ്പുറം
രണ്ട് വിശ്വാസമെന്ന രക്തവർണ്ണമൊഴുക്കി
സദാചാരപ്രേമികൾ കൊയ്തതെന്താണു ?
ആയിരം തിരികളുടെ ആലക്തിക സന്ധ്യയ്ക്കക്കരെ
കാരാഗൃഹ വാസത്തിന്റെ കടുംകൂട്ട് രുചിച്ച്
എന്നെ നോറ്റിരിക്കുന്ന നിന്നിലേക്കെൻ ദേവനേ
ഒരു മന്ത്രോച്ചാരണ പുണ്യം പോൽ പടരാൻ
ഏത് ധൂമക്കുറ്റിയിലാണു ഞാൻ കനലിടേണ്ടത് ?
ഇരുമേനികളുടെ ഇഴചേരലിനപ്പുറം
ഇരട്ടമനസ്സുകളുടെ സ്വരച്ചേർച്ചയാണു ദാമ്പത്യമെന്ന്
വാളോങ്ങും മുമ്പെൻ ജാതിക്കോമരമൊന്ന്
വീറുവെടിഞ്ഞുണരുന്ന  പുലരിയിലെൻ മണാളാ
നിന്റെ വാമഭാഗത്ത് ഞാൻ വെറും തറയിൽ
കൈകൂപ്പി പ്രണയവേദം ചൊല്ലി സ്വപ്നം പകുക്കും
അതുവരെ, തമ്മിലീർഷ്യ പെരുക്കുന്ന പുത്തൻ
ജാതിവ്യവസ്ഥകൾക്കോശാന പാടി ഞാൻ
നല്ല ആട്ടിൻ കുട്ടിയായിത്തിരിയീ വിശ്വാസപ്പാടത്ത്
പുരോഹിതപ്പരിഷകൾക്കുദ്ധാരണം പകരട്ടെ
=========================






കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...