2012 നവംബർ 18, ഞായറാഴ്‌ച

ഗാസ


ഗാസ,
സ്വപ്നങ്ങളുടെ മുനമ്പുകളിൽ
ചോര ചിതറുന്ന പൈതങ്ങളുടെ
നിലയ്ക്കാത്ത രോദനം
വെടിച്ചില്ലുകളുടെ പ്രഭകളാൽ
ഉറക്കം നിഷേധിക്കപ്പെടുന്ന രാവുകളിൽ
വേട്ട നായ്ക്കളുടെ കൂർത്ത ഓരിയിടൽ
അലസി ഒഴിയാത്ത ഓരോ ഗർഭങ്ങളിലും
ഒരു പ്രതീക്ഷ നാമ്പെടുക്കുന്നുണ്ട്
സ്വതന്ത്രമായ ഒരു ജനനം അതു കിനാകാണുന്നു
യുദ്ധക്കൊതിയുടെ രാസത്വരകങ്ങളിലേക്ക്
പ്രസവിച്ച് വീഴുന്ന ഓരോ പൈതലും
മുഷ്ടി ചുരുട്ടി ഒരു അവകാശമുന്നയിക്കുന്നുണ്ട്
സ്വന്തം അമ്മയോടെന്നതുപോലെ
മാതൃരാജ്യത്തോടും ഒട്ടിനിൽക്കാൻ
അവൻ ജന്മ വാസന കാട്ടുന്നു
തന്റെ കൂടാരത്തിൽ തല ചായ്ക്കാൻ
ഒട്ടകത്തിനിടം നൽകിയ അറബിക്കഥ
മടിയിൽ കിടത്തി സസ്നേഹം പകർന്നേകാൻ
നിശ്ശബ്ദ വേളയൊന്നുപോലും അമ്മമാർക്ക്
വാഴ്വിൽ ലഭിച്ചിരിക്കാനിടയില്ല
എങ്കിലും,
മണ്ണിന്റെ ഗന്ധം നുകർന്നു പിച്ച വെയ്ക്കേണ്ട നാളിൽ
ഗന്ധകപ്പുകയും തീരാ കുടിപ്പകയും തങ്ങളിൽ വർഷിച്ച്
കുഞ്ഞിളം കാലുകളറുത്ത് മാറ്റിയ ക്രൂരത
സിരകളിലോടുന്ന രക്തം ചീറ്റി വറ്റിയൊടുങ്ങിലും
അവന്റെ മനസ്സിലൊരു കോണിലെന്നും
ശക്തിയിൽ നിശ്ചയം കാത്തു വെക്കുന്നുണ്ട്
രസങ്ങളെല്ലാമൊരുനാളിലൊരിക്കലെങ്കിലുമുൾച്ചേർന്ന്
പുതിയൊരു രാസ സംയുക്തമായാഞ്ഞടിക്കും നിങ്ങളെ
അതിലൊടുങ്ങും നിങ്ങളും നിങ്ങടെ രാഷ്ട്ര തന്ത്രജ്ഞതയും
പടക്കോപ്പും പകൽമാന്യതയും പണക്കൊഴുപ്പുമൊക്കെയും
അന്ന് സൂര്യനുദിക്കുമവർതൻ കൈവെള്ളയിൽ സാകൂതം
അതുവരെ ധീരമായ്തന്നെയേറ്റുവാങ്ങട്ടെയീ അറുംകൊല

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 നവംബർ 16, വെള്ളിയാഴ്‌ച

ഉത്തരാധുനികം


പ്രിയപ്പെട്ടവളേ
ഞാനകലുകയാണു
നാഴികകളും തവണകളും തിരിച്ച് വരാത്ത
നെടുവീർപ്പളക്കുന്ന നാലുകെട്ടും കടന്ന്
മനസ്സ് രൂപാന്തരം പ്രാപിക്കുന്ന
മറ്റൊരു തുരുത്തിലേക്ക്
അവിടെ എന്റെ ഭ്രമങ്ങൾക്ക്
ഞാനൊരു കടുത്ത വർണ്ണം നൽകും
എന്റെ വാക്കുകളെ അലഞ്ഞു തിരിയുന്ന
അനുഭവങ്ങളുടെ ആലയിലിട്ട്
പുതിയ ചാണയിൽ തേച്ചെടുക്കും
വികാരങ്ങൾ അലിഞ്ഞു പോകാതെ
ഈയമുരുക്കിയ മൂശയിൽ ചേർത്ത് വയ്ക്കും
ഓർമ്മകളിൽ പറന്നിറങ്ങാൻ
പ്രണയത്തിന്റെയൊരു ചാണകക്കിളി
ഇടയ്ക്കൊന്നു കരഞ്ഞു കയറാൻ
പട്ടിണിയിൽ കൊരുത്ത ബാല്യരൂപം
അണ്ണാറക്കണ്ണൻ ആർത്തി കാട്ടുന്ന
തേഞ്ഞു തീരാത്തൊരു വരിക്കപ്ലാവ്
പിന്നെ, വർണ്ണങ്ങളുടെ ആധിക്യങ്ങളിൽ
പുതിയ രൂപകം തേടി ഞാനലയുമ്പോൾ
എന്റെ കാലിൽ തടഞ്ഞൊരു നിരൂപണവും
അക്കാദമിയുടെ വിരൂപ മരംകൊത്തിയും
ഒടുവിൽ ആധുനികതയും ഉത്തരാധുനികതയും
ഒന്നിനൊന്നെന്നെ വേട്ടയാടുമ്പോൾ
നിന്റെ കന്യാരക്തം ചിതറിയ ഇടവഴികളിലേക്ക്
ഞാൻ തിരിച്ച് നടക്കും
റാപ്പും റേപ്പും റോക്കുമറിയാത്ത
എന്റെ ആദിമനുഷ്യർക്കിടയിൽ
ഞാനെന്റെ വാക്കുപക്ഷികളെ തുറന്നു വിടും
സ്വപ്നങ്ങളെ, ഓർമ്മകളെ ചക്കിൽ പിഴിഞ്ഞെടുത്ത്
കാട്ടുതേൻ സമം ചേർത്ത് ഞാൻ
എന്റെ അന്തിമ ഗീതം രചിക്കും
ഒടുക്കമെൻ ശവമഞ്ചമൊരു സന്ധ്യയിൽ
മൂന്നാളുമാത്രം ചുമക്കുന്ന നേരവും
അത്രമേലുയർന്നു നില്ക്കുമന്നും
ആർക്കും തീറെഴുതി നൽകാത്തയെൻ
പാവനമൊരു കാവ്യ അഹന്ത മാത്രം

-----------------------

2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിചാരണ


നിൽപ്പു ഞാൻ നിങ്ങൾ തൻ ന്യായാസനത്തിന്നു മുന്നേ
വിസ്തരിച്ചീടുക ഇപ്പൊഴെൻ ചെയ്തികളൊക്കെയും
എന്റെ അപഥ സഞ്ചാരങ്ങളെന്റെ സ്വാർത്ഥ മോഹങ്ങൾ
ഞാൻ തീ തുപ്പി വിട്ട വാക്കുകളതിൽ കുരുത്ത ദുർ മൂർത്തികൾ
എന്റെ നയന രേഖയിൽ തെറിച്ചുടഞ്ഞ വാഴ്വുകൾ
ഞാനുപ്പു നോക്കി തൊട്ടു നോക്കിയശുദ്ധമാക്കിയ ദേഹങ്ങൾ
എന്റെയനർഹ ലാഭത്തിനെന്റെ വ്യർത്ഥ മോഹത്തിനായ്
എന്റെയവിശുദ്ധ ബാന്ധവം കാക്കുവാൻ മാത്രമായ്
ഞാനുരുവാക്കി ഞാനുയിർപ്പിച്ചു നിർത്തിയ ശാസനകൾ
സരസ്വതീമണ്ഡപത്തിലൊരുസൽ
വാർത്തപകരുന്നതിന്നുപകരം
രതി തീർത്ഥമൊരുപാടു തീർത്തതിൽ കുതിർന്ന നാളുകൾ
വേദങ്ങളുരുവിട്ടു വിശ്വാസ മന്ത്രം കുരുക്കഴിച്ച കാലമത്രയും
ദേവ വചനങ്ങളൊക്കെയും സ്വലാഭത്തിനൊത്ത് പകുത്ത വേദികൾ
വിസ്തരിച്ചീടുക, ഇല്ല ഒന്നുമൊന്നിനേയും മറുക്കുന്നില്ല ഞാൻ
എങ്കിലുമുണ്ടെനിക്കെന്റെ ഭാഗം ജയിക്കുവാൻ വാദങ്ങൾ
അയോഗ്യരർഹതപ്പെടാത്തവരൊക്കെയും വന്നെന്റെ
മുകളിലൊരു സിംഹാസനം തീർത്തെന്നെ ഭരിക്കുമ്പോൾ
തെറ്റാണു നിയമവും വ്യവസ്ഥയുമെന്നറികിലും
തരിമ്പും തെറ്റാതെ കൊള്ളുവാനെന്നെ മെരുക്കുമ്പോൾ
പേരിന്നുപോലുമൽപ സൗന്ദര്യബോധം തീണ്ടാത്തവൻ
സുന്ദര ധാമങ്ങളെ തെളിച്ചെന്റെ മുന്നേ പറക്കുമ്പോൾ
വിധി വിധിയെന്നുരഞ്ഞെല്ലാ വികല നയങ്ങളൊക്കെയും
വാരി വലിച്ചപ്പാടെ വിഴുങ്ങുവാനെനിക്കു നേരെ വാളോങ്ങുമ്പോൾ
ഇനിയുമൊരിക്കലും ഞാനാവില്ല ഇവ്വിധമല്ലാതെ
അറിയുന്നു കയ്പാണു ജീവിതമെങ്കിലും ഞാനത്
അത്രമേലമൃതായ് ഗണിച്ചു തന്നെ ഭുജിച്ചിടുന്നു
വിസ്തരിച്ചീടുകെന്നെ കല്ലെറിഞ്ഞീടുകെന്നെ കഴിയുമെങ്കിൽ
കഴുവേറ്റിയെൻ ഒടുക്കത്തെ പിടച്ചിൽ വരെ ആസ്വദിച്ചീടുക
എന്റെ നെഞ്ചിൻ കൂടിലെയൊടുക്കത്തെ തിരിയുമണയും വരെ
എന്റെ എഴുത്താണിയെന്നുമുയർന്നേ നിൽക്കുമെന്നായ്
അൽപമൊട്ടഹന്തയോടെ അടിവരയിട്ടു തന്നെ ഞാനീ
അവസാന മാത്രയിലുമിവിടെ ശക്തം കുറിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 സെപ്റ്റംബർ 12, ബുധനാഴ്‌ച

ജാരൻ


ആതിരേ, നീയെനിക്കാരാണു ?
ഉള്ളിൽ നിന്നു വിഷപ്പുകയായ് വമിക്കുന്നു ചോദ്യം
അനുദിനമെന്റെ ചിന്താധാരകളിൽ പിണഞ്ഞാടി
ആർദ്രമെൻ വാഴ്വിന്റെയോരോ ഭ്രമണവും ത്രസിപ്പിച്ച്
എന്നിലെ ഭാവങ്ങളെയെന്നിലെ രാഗങ്ങളെ ശമിപ്പിച്ച്
എന്നിലെയെന്നെ ഞാനാക്കുന്ന നീയെനിക്കാരാണു?


എന്റെയുള്ളിലെ പൈതലിൻ ഗതിക്കനുസൃതം
മണ്ണും ചിരട്ടയും മഞ്ചാടിയും കളിക്കുന്നൊരോമന
എന്റെ കളിവാക്കുകളും തലോടലും കാത്തെന്നും
എന്റെ സ്വപ്നം പ്രതിഫലിപ്പിക്കും കുഞ്ഞു പെങ്ങൾ
എന്റെ നോട്ടങ്ങളുടെ കാന്തിക ഗതിയിൽ
വളകിലുക്കത്തിനൊപ്പം ചിരിയുതിർക്കുമെൻ പ്രണയിനി
ഒരായുസ്സു മുഴുവൻ എന്റെ ഇഷ്ടാനിഷ്ടങ്ങൾക്കായ്
സ്വജീവിതം തീറെഴുതിയൊടുങ്ങുമെന്റെ നേർപ്പാതി
കൈകാൽ വളരുന്നതും കാത്തിരുന്നൊടുക്കമെൻ
അവമതിയുടെ കൈപ്പേറ്റ് വൃദ്ധാലയം പറ്റിയ മാതൃത്വം


ഇല്ല, ഇന്നെനിക്കെൻ നിഘണ്ടുവിൽ നിനക്കായ്
കുറിച്ചിടപ്പെട്ട ഇവ്വിധമൊരു നിർവ്വചനമൊന്നുമേ
ഇന്നു ഞാൻ കട്ടെടുത്ത നിൻ മുലച്ചൂടിലൊട്ടിക്കിടക്കുന്ന നേരവും
പെണ്ണെന്നതെന്റെ വിഷമിറക്കുവാൻ കണ്ടെടുത്തൊരുപാധി
തേനുതിരും കീഴ്ച്ചുണ്ട് നിഷ്കരുണം കടിച്ചെടുക്കും വേളയിൽ
തേനായ് നിനക്കു നൽകുമൊരായിരം വാഗ്ദത്ത ശരങ്ങൾ മാത്രം
പ്രിയേ, ഇന്നീ വാഴ്വിന്റെയൊടുക്കത്തെയസംതൃപ്ത മാത്രയിൽ
സദാചാര പേപ്പട്ടികൾ നമുക്കു ചാർത്തിയ നാമം ജാരൻ, കുലട
എങ്കിലുമൊന്നിലുമൊടുങ്ങുന്നില്ല നമ്മുടെ ജീവിത നേർരേഖകൾ


അന്യന്റെ പാന പാത്രത്തിൽ വിളമ്പിയ വീഞ്ഞിനെ
അർഹതയൊട്ടുമില്ലാതെ ഞാൻ നക്കിത്തുടച്ചെടുക്കുന്ന നേരം
മരണമെന്നിലൊടുങ്ങിയെങ്കിൽ ഞാനറിയുന്നെൻ സഖീ
മതിക്കില്ലൊരുത്തനുമെൻ ശേഷവുമൊരു നായ കണക്കെ പോലും


 

2012 ജൂലൈ 25, ബുധനാഴ്‌ച

എന്റെ മഴ





മഴ എന്നിലെന്നുമൊരു തീവ്ര വികാരമായിരുന്നു
വറുതിയുടെ ബാല്യങ്ങളിൽ വലിവുകൾക്കിടയിലെപ്പഴോ
മുത്തശ്ശി ശപിച്ചു തള്ളിയ കർക്കിടകപ്പെരുമഴയെ
പട്ടിണി കൊറിച്ചുകൊണ്ടെങ്കിലുമന്നു ഞാൻ
എന്നിലൊന്നായറിഞ്ഞു നന്നായ് സ്നേഹിച്ചിരുന്നു



കിറുക്കനെൻ കാവ്യ പ്രണയത്തിനൊപ്പം ജീവനായ്
കുറിച്ച കുറിമാനങ്ങളൊക്കെയും കശക്കിയെറിഞ്ഞ
കാർത്തിക നിനക്കായ് അന്നു ഞാനൊഴുക്കിയ കണ്ണുനീർ
മാലോകരൊന്നും കാണാതെയറിയാതെ തുടയ്ക്കുവാൻ
മഴ മാത്രമെനിക്കൊരു നൽ തുണയായിരുന്നു



വിളയാത്ത വയലുകളുംചുരത്താതെപോയൊരാഅകിടുകളുംതാണ്ടി
നഗര ഗർജ്ജനങ്ങളിൽ അന്നന്നത്തെ അഷ്ടിതേടിഞാനലയവേ
എന്നിലെ അമ്ള ക്ഷാരങ്ങൾ ഒഴുക്കി എന്നെ ഞാനാക്കുവാനായ്
ചില മുഹൂർത്തങ്ങളിലെങ്കിലും മഴ വിരുന്നെത്തുമായിരുന്നു



ചേർത്തു വച്ചൊരു അപ്പവും വീഞ്ഞുമെല്ലാം നല്ല വാക്കു നാലോതി
അരികുപറ്റിനിന്നവർകൊത്തിപ്പറന്നശേഷമൊരുതോടായയെന്നെ
വെറുമഴുക്കെന്നു ചൊല്ലിത്തെരുവോരമെടുത്തെറിഞ്ഞ നേരം
മഴമാത്രമൊരുസാന്ത്വനമായ്എന്നിൽതിമിർത്തുപെയ്യുകയായിരുന്നു



കാലചക്രമൊരുപാടു കറങ്ങിയൊടുവിലിന്ന്
കാൽ ചക്രത്തിനു പോലുമുതവാത്തവനായ്
നെടു ചക്ര ശ്വാസം വലിച്ചു ഞാനീ കടത്തിണ്ണയിൽ
ചരിഞ്ഞു കിടക്കുന്ന നേരവുമൊന്നു കൺ പാർക്കുവാൻ
കാത്തിരിക്കയാണു ഞാനൊരു കർക്കിടകപ്പെരുമഴയെ

2012 മേയ് 15, ചൊവ്വാഴ്ച

അപഥ സഞ്ചാരം



ഓ  സഖീ. . .
നീയെന്നിൽ വീണുടഞ്ഞ് തകർന്നടിയാൻ മാത്രമായ്
ഒരു സ്ഫടിക ഗോളമായെന്നെ ഭ്രമണം ചെയ്യാതിരിക്ക
പ്രിയേ,
നീയെന്റെ അഗാധ ഗർത്തങ്ങളിലാപതിച്ച് നിത്യവും
എന്റെ കാമകുണ്ഡങ്ങളിൽ വെന്തെരിയാൻ വീണ്ടുമെന്നെ
അത്രമേൽ ആത്മാർത്ഥമായ് പ്രണയിക്കാതിരിക്ക
എന്റെ കാന്തിക മണ്ഡലങ്ങൾക്കരികിലേതെങ്കിലും
കുഞ്ഞു താരകങ്ങളെത്തിനോക്കുന്ന വേളയിൽ തന്നെ
എന്നിലേക്കാഗിരണം ചെയ്തെന്റെ ഭ്രമണപഥത്തിലാക്കുവാൻ
അത്രകണ്ട് വൈകൃതമെന്റെ ജനിതക ഗോവണിപ്പടവുകൾ
എന്റെ അപഥ സഞ്ചാരങ്ങൾ കൊറിക്കാത്തൊരു നാഴികമണി
വ്യർത്ഥമെൻ വേണ്ടുതൽ മുഴങ്ങാത്തൊരു പള്ളിമേട
എന്റെ ഭ്രാന്തഭ്രമങ്ങൾ എത്തിനോക്കാത്തൊരു കന്യാമഠം
എന്റെ കുടില തന്ത്രങ്ങൾ കടിച്ചു വലിക്കാത്തൊരു കീഴ്ച്ചുണ്ട്
ഇല്ല, നീയെന്നിൽ അടിച്ചേൽപ്പിച്ച ദിവ്യത്വമൊന്നും
ഒരു മാത്രകൊണ്ടത്ര ഞാൻ തച്ചുടയ്ക്കുന്നില്ല
നീയെന്നെയറിയുന്നതിനും ഒരു യുഗം മുമ്പേ
നിന്നെ ഞാനറിഞ്ഞു നീയെന്നിലലിഞ്ഞു തീർന്നിരിക്കും
കവാടങ്ങളെല്ലാം കൂർത്ത ആണികൊണ്ടുറപ്പിച്ച ശേഷവും
നിനക്കു മാത്രമായ് ഞാനെന്റെ പിൻവാതിൽ തുറന്നിടുന്നു
ഇനിയെന്റെ രതിചിന്തകളുണർന്നു ശേഷം ഞാനൊരു
ഇരുണ്ട കാലത്തിലെ കൊടും പാപിയാകും മുന്നേ
ഒരു കണം മുൻപെങ്കിലും നീയെന്നിൽനിന്നോടിയകലുക
ഞാൻ ദിവ്യ ജലത്തിനു പകരം രേതസ്സിൽ ജ്ഞാനസ്നാനമേറ്റവൻ
വിലക്കപ്പെട്ടദിനങ്ങളിലൊക്കെയുംഅഹന്തയിൽമത്സ്യവേട്ടയ്ക്കിറങ്ങിയോൻ
അൾത്താരവചനങ്ങളിൽപോലും അരുതാത്തതുകാംക്ഷിച്ചവൻ
നീയെന്നിലുണർന്നു ഉയർന്നൊരു നിത്യ യൗവ്വനം നേടുമെന്ന
നിരർത്ഥമാം ചിന്ത വെടിഞ്ഞ് പിടഞ്ഞെണീക്കുക
ഇനിയുമത്ര വൈകിയിട്ടില്ലയെന്നെ തീർത്തും തട്ടിമാറ്റുവാൻ
ഇനി നിന്റെയമാന്തത്തിന്റെയൊരു ചെറു വേളപോലും
നീയെന്നിലെ നരകാഗ്നിയിൽ നിത്യമായ് വീണൊടുങ്ങലാവും
അതിനും ഒരു കണമൊരുമാത്രയൊരു നൊടിയിട മുമ്പേ
ഒരു പിടി ചരൽ വാരിയെറിഞ്ഞെന്നെ വെറുത്ത്
വിശുദ്ധമായൊരു ദാമ്പത്യ ലോകത്തേക്കെൻ പ്രിയേ
ഉയർന്നു പറക്ക നീ, ഒരു പുതു ഉഷസ്സാവട്ടെ നിനക്കെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwww

2012 ഏപ്രിൽ 17, ചൊവ്വാഴ്ച

സൽവ, അഫ്രീൻ,ഇനി. . . ?


ഞാൻ - ആട്ടിൻതോലെത്രയണിഞ്ഞിട്ടും
എന്നെ മറയ്ക്കാനാവാത്ത ചെന്നായ
എന്റെ ദംഷ്ട്ര
കളിലെത്ര ഒളിക്കാൻ ശ്രമിച്ചീടിലും
തെളിഞ്ഞു കാണുന്ന ചോരപ്പാടുകൾ
വസൂരിക്കുത്തുകളെന്റെ മുഖത്തിന്റെയല്ല
കാമം തീണ്ടിയ മനസ്സിന്റെ സാക്ഷ്യപത്രം
കഷണ്ടിയേറിയ തലയിൽ തെളിയുന്നത്
വരണ്ട വികാരങ്ങൾ പുകയുന്ന ചിന്തകളുടെ രേഖകൾ


പെങ്ങളെന്നു നിന്നെ ഞാൻ സസ്നേഹം
പേരെടുത്തു വിളിക്കുന്ന നേരവും
പെണ്ണാണു നീയെന്നതൊന്നു മാത്രമാണു

പേപിടിച്ചെന്റെ മനസ്സിൽ നിൽപതുള്ളൂ


കാന്തക്കല്ലെത്ര ഊക്കോടെയൊരു കഷ്ണം
കാരിരുമ്പിൻ മേനിയെ തേടുന്നുവോ
കരിന്തിരി പടരാൻ കാത്തുനിൽപാണെങ്കിലുമതിലേറെ
കാമനയെന്നിൽജ്ജ്വലിക്കുന്നു കത്തിക്കയറുന്നു


മാൻപേടയൊന്നൊരുനാളെന്റെ മുന്നിൽ
മിഴിയിൽ കൗതുകം നിറച്ചു മധുരമായ് നിൽക്കവേ
മാമ്പഴം നൽകുവാനെന്റെ മകൾക്കവൾ നീട്ടിയ കൈകളിൽ
മരണം വെച്ചു പകരം രതി തേടുന്നു ഞാൻ


മകളൊന്നെനിക്കു പിറന്നതിൽ പോലും
മുടിഞ്ഞ കാമമൊന്നേ ഞാൻ കാണ്മതുള്ളൂ
മാംസദാഹമൊന്നെന്റെ മകൾക്കു നേരെ
മുളച്ചു പൊങ്ങും മുമ്പേ ഞാനവളെയൊടുക്കിടട്ടെ


സൽവ - നീയെന്റെ ശൗച്യാലയത്തിലൊടുങ്ങിയോൾ
നീണ്ട കണ്ണുള്ളവൾ, നറുനിലാവായൊഴുകുവോൾ
നിയമപുസ്തകത്തിൽ നിനക്കു ഷേബയെന്നു പേർ
നീരണിയാത്ത കണ്ണുമായ് ഞാനാരായുന്നു
നെരിപ്പോടിലെരിക്കുവാൻ മാത്രമായ് ഞാനെന്ത്
നെറികേടു കാട്ടി നിങ്ങളോടായ് അല്പം കാമമല്ലാതെ


അഫ്രീൻ - മകളായ് പിറന്ന നിന്നെ തറയിലടിച്ചു കൊല്ലാൻ
മനസ്സിലെനിക്കു പുത്രഭ്രാന്തത്രയില്ല, എങ്കിലും
മൺപുറ്റുപോലെയെന്നിലനുദിനമുയരുന്ന
മൂത്ത കാമഗോപുരമൊരുനാളെങ്കിലും നിന്നിൽ
മറിഞ്ഞുവീണു നിന്നെ പുൽകിയൊടുക്കും മുന്നേ
മർത്യ നീതിക്കു നിരക്കാത്ത ന്യായം പറഞ്ഞുകൊണ്ടെങ്കിലും
മാറ്റിടട്ടേ നിന്നെയെൻ കരാള ഹസ്തങ്ങളിൽ നിന്ന്


ഇനിയെന്റെ കുമ്പസാരം കേട്ടൊരുവനെങ്കിലും
ഇത്രമേൽ പാപം ചെയ്യാത്തവനെന്ന നല്ലുറപ്പോടെ
ഇക്കണ്ട കാലത്തിനിടയ്ക്കെപ്പെഴെങ്കിലുമെന്നെ
ഇരുത്തി വിസ്തരിക്കാൻ, കല്ലെറിയാൻ തുനിയും മുന്നേ
ഇല്ലയെനിക്കുണർത്തുവാൻ ഇത്രയല്ലാതെ
ഇറ്റുവീഴുവാൻ ഒരിക്കലും ഇടം നൽകാതിരിക്കയെൻ നിണം
ഈ പാവനമണ്ണിൽ വീഴുന്ന എന്റെയോരോ തുള്ളി രക്തവും
ഇനിയുമുയിർത്തേക്കാം ഇതിലും മൂത്ത പാപിയായ് തന്നെ


നിന്റെ കല്ലേറുകൊണ്ടെന്നിലെ കൊടിയ അഹന്ത
നിണം വാർന്നു പോകുന്നതിനു പകരമെൻ കാമദാഹം
നിരർത്ഥമായെൻ ജീവിതം, നിലയ്ക്കാത്ത മോഹം
നാൾക്കുനാളുയരുന്ന പാപ പട്ടിക, പെരും ദാഹം
നീണ്ടുപോകുന്ന കണക്കുകളിലൊന്നെങ്കിലും
നീറിയൊടുങ്ങിയെങ്കിൽ ശേഷമീ നശിച്ച ജീവനും

wwwwwwwwwwwwwwwwwwwwwwwwwwwwww

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...