2012 ഡിസംബർ 10, തിങ്കളാഴ്‌ച

തിരിഞ്ഞു നോട്ടം


പരധാരങ്ങളിൻ പൊലിമ നോക്കി നോക്കി
പാതിരയൊക്കെയും പകൽ മൂടും വരേക്കും
പകിടയെറിഞ്ഞു നടന്ന ജീവിതത്തിലൊരു മാത്ര
നിന്നെ പിന്തിരിഞ്ഞു നോക്കിടാനായിയെങ്കിൽ
പൊലിഞ്ഞു പോകുമായിരുന്നില്ലെന്നറിയുന്നു ഞാനെന്റെ
പൊന്നായ് പൂത്തിറങ്ങി ഉയർന്ന വസന്തം
ഇനിയില്ലയെന്റെ എഴുത്താണിക്കൊരു വിലപോലും
ഇല്ലില്ലയൊട്ടു ജീവനെന്റെ കാവ്യങ്ങൾക്കും
പാടങ്ങളും പറമ്പും മനസ്സുമെല്ലാം ഭംഗിയിൽ
പാവനമായ് പൂത്തു നിൽക്കുന്ന വേളയിൽ
നഗര സൗരഭ്യങ്ങളിൻ നാടക ശാലകളെ
വാഴ്വെന്നു എണ്ണി കൊയ്യാനിറങ്ങിയ പെരുങ്കള്ളനെന്നെ
പുകച്ച് പുറം തള്ളുക പച്ചയ്ക്കെരിച്ചീടുക
പകരമൊരിക്കൽക്കൂടിയീ സ്വപ്നങ്ങളൊക്കെയും
ഭിക്ഷയായങ്ങെന്റെ പാത്രത്തിലെറിയുകിൽ
പൊലിയാതെ ഞാനെന്നുമെരിച്ചു വെയ്ക്കും
കവിതയിൻ ചുണവീണു കറുത്ത നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 ഡിസംബർ 7, വെള്ളിയാഴ്‌ച

ഓർമ്മത്തെറ്റുകൾ


ഇനിയില്ല കവിതയിലൊരു തുണ്ടുപോലും
ഒലിച്ചിറങ്ങാനെന്റെയകക്കാമ്പിൽ നിന്നും
മനസ്സിൽ കരിന്തിരി കത്തിയൊഴിഞ്ഞ നന്മയും
ഓർമ്മത്തെറ്റുകൾ പോലെയേതോ വിശുദ്ധ ജന്മവും
ഒരു മാത്ര കൊണ്ടു ഞാൻ തല്ലിക്കെടുത്തിയ
വസന്തങ്ങളൊക്കെയും എന്നിൽ കുരുത്തത്
ആണ്ടുകളേറെ ഞാൻ മുതുകിൽ ചുമന്നെടുത്ത
നീയാം കാവ്യ സ്വപ്നങ്ങൾ കൊരുത്തതായിരുന്നു
അറിയുന്നു ഞാനൊരരണി കടഞ്ഞെടുത്ത്
അൽപം നെരുപ്പ് നെഞ്ചിലേറ്റീടുവാൻ
പ്രയത്നമത്രമേൽ വേണമൊരായുസ്സുമധികവും
ഒരു മാത്രയിലൊരു കണം പോലും നോക്കിടാതെ
ഊതിക്കെടുത്തിപ്പടിയിറങ്ങിയ കൊടും പാപി ഞാൻ
പ്രഭോ, എങ്കിലുമിപ്പുരുഷായുസ്സിനെ ശപിച്ചിടാതെ
കനിഞ്ഞേകുകിൽ ആ കാവ്യ ദീപ്തി വീണ്ടും
അണയാതെ കാത്തിടാം ശിഷ്ട കാലമെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 ഡിസംബർ 5, ബുധനാഴ്‌ച

പരദേശി


ഒരു ബംഗാളിയൻ കാലാൾപ്പട നടന്നുപോകുന്നെൻ മുന്നിലൂടെ
അവർതൻ കലപിലകൾക്കിടയിലുമുണ്ടൊരു മൗനം
അലച്ചിലുകൾക്കിടയിലുമൊരു ദൃഢ ലക്ഷ്യം
ഇല്ലാതെ പോയതെനിക്കുമെൻ വംശത്തിനും അതു മാത്രം
ഉണ്ണുവാൻ തെരുവു മുഴുവൻ വിഭവങ്ങൾ
അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന നേരവും
സ്വരുക്കൂട്ടിയവയൊരു ഭാണ്ഡത്തിലാക്കുവാൻ
എന്നോ എന്റെ നാട്ടാർക്കാവാതെ പോയ്
തൂമ്പയെടുത്ത്, കയർപിരിച്ച്, ഭാരംചുമന്നൊരു തലമുറ
ഒട്ടു നന്നായി മേച്ചു നടന്നയെൻ ജനതയെ
ഒരു പെട്ടി തുറന്നു വന്നൊരു ഭൂതം പുതു
വിപണന തന്ത്രം പഠിപ്പിച്ചു വഞ്ചിച്ചു
തൊലി വെളുപ്പിന്റെ സൗന്ദര്യം, രാസക്കൂട്ടുക്കളുടെ മേളനം
രുചി ഭേദങ്ങളുടെ പറുദീസ, പിടിമുറുക്കിയവൻ
എന്റെ മക്കളുടെയോരോ ബലഹീനത നോക്കിയും
ഇന്നൊന്നു നട്ടെല്ലു നിവരുവാനെൻ സഹജനു
ഇല്ല പരദേശിയില്ലാതൊരു മാർഗ്ഗമില്ല
ഇനിയുണ്ണുവാൻ ഉറങ്ങുവാനുലാത്തുവാൻ
എന്തിനും പരദേശിയെത്തേടിയൊടുക്കമൊരു
ഉണ്ണിയുണ്ടാക്കുവാൻ പോലുമാ കാൽപാദം
ഉമ്മവെയ്ക്കേണ്ട ഗതികേടിലാകുമോ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 ഡിസംബർ 4, ചൊവ്വാഴ്ച

പാറാവ്


പാറാവു ജോലി കിട്ടിയെനിക്കെന്റെ തമ്പ്രാന്റെ
പാവന മന്ദിരം കാക്കുവാൻ കഴുകുവാൻ
കോട്ടു സൂട്ടൊന്നണിഞ്ഞു ഞാൻ പുതിയൊരു
കോമാളി വേഷത്തിലവിടെ പൊറുക്കലായി
ഈച്ചയിലയനക്കം ഒരു ഈർക്കിൾ കമ്പു പോലും
ഇല്ല ഞാനറിയാതകത്ത് പ്രവേശമില്ല
എന്റെ സ്വന്തബന്ധമെന്നെ സ്നേഹിപ്പവർ
ഏതൊരാൾക്ക് മുന്നിലും ഞാനിളകിയില്ല
ഒരു തുള്ളി വെള്ളമാർക്കെങ്കിലും ലഭിച്ചിടാൻ
ഒട്ടില്ല മാർഗ്ഗം ഞാൻ കനിഞ്ഞിടാതെ
ഗമയിൽ ഞാനങ്ങനെ ഭരണം തിരിച്ചിരിക്കെ
ഗൗളിയൊന്നു ചിലച്ചതിൻ കാരണം ജോലി പോയി
തമ്പ്രാനില്ല തലപ്പാവില്ല ഇല്ലയിന്നെൻ തലക്കനം പോലും
തല ചായ്ക്കുവാനെനിക്കിന്നെൻ ചെറു കുടിലു മാത്രം
മറ്റുള്ളവർ തന്റെ മാറ്റുകണ്ടൂറ്റം കൊൾകിലോ
മറുപക്ഷമില്ല തകർന്നു താഴെ വീഴും നിശ്ചയം

wwwwwwwwwwwwwwwwwwwwwww

2012 ഡിസംബർ 1, ശനിയാഴ്‌ച

ഒടുക്കത്തെ കവിത


പ്രഭോ
ഈ ശുഭ്ര വസ്ത്രത്തിൽ നിന്നുമീ കറുത്തയെന്നെ
വലിച്ചെടുത്തു പുറത്തെറിയുക, തുറന്നു കാട്ടുക
വിചാരണയേതുമില്ലാതെ തന്നെ സമൂഹ മദ്ധ്യത്തിൽ
പച്ചയ്ക്കു കത്തിക്ക,മൊത്തമായ് തുടച്ചെറിയുക
അത്രമേൽ വിശുദ്ധമായൊരു ജീവിതം കയ്യേന്തി
ആണ്ടേറെ നടന്നിട്ടുമ്മതിൽ നിന്നൽപം
അരുതുന്നതെടുത്തണിയാതെ തന്നെ
എടുത്തെറിഞ്ഞുടച്ചിട്ട പാപം പൊറുക്കായ്ക
ഇല്ലില്ലിനിയൊരിക്കലുമെന്റെ കയ്യിൽ
തിരിച്ചിറങ്ങാൻ വഴിയില്ലയീ സൗഭഗമൊട്ടുമേ
എങ്കിലുമൊട്ടുമതിമോഹമായ് ഞാനാശിച്ച് കൊള്ളട്ടെ
ഇനിയും വസന്തം പെയ്തിറങ്ങുമീ പാപിയിൽ
ഒലിച്ചൊഴിയുമതിലെന്റെ കെടുകെട്ട കറകളൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2012 നവംബർ 30, വെള്ളിയാഴ്‌ച

നിള


ഇന്നെന്റെ നിളേ എന്റെ മുന്നിൽ
നിളയില്ല നീണ്ടൊരു മണൽക്കെട്ടു മാത്രം
നിളയെന്റെ നിള നീയൊരു നീർച്ചാൽ മാത്രമായ്
നീണ്ടൊഴുകുന്നതെന്റെ ഹൃത്തിൽ നിന്ന്
വിഴുപ്പുകെട്ടുകളായിരം നിൻ മാറിലേക്ക്
കറുത്ത ഹസ്തങ്ങൾ ചേർത്തിരിക്കെ
എത്ര കരാള ഹൃദയങ്ങളനുദിനം
നിൻ ചാരെയൊരു റയിൽച്ചാലിലൂടൊഴുകിടുന്നു
എനിക്കെന്തുകാര്യമെന്നോതിയോരോ
കിങ്കരന്മാരൊക്കെയിപ്പുഴ താണ്ടിടുമ്പോൾ
താണ്ടുന്നതോർക്കുക വെറുമൊരു പുഴയല്ല
വരുംകോടി തലമുറയ്ക്കായ് തീർത്തുവച്ച
കറുത്ത കോടിയിൽ പുതച്ചൊരു ശവപ്പറമ്പിതെന്ന്
ഇനിയുണരുകയണിചേരുകയിവിടം
ഇനിയുമൊടുങ്ങിയിട്ടില്ലാത്ത ഈ കുളിരിൽ
ഒന്നു നന്നായ് മുങ്ങി ബോധം വീണ്ടെടുക്ക
എഴുതിവെയ്ക്കുക ആപ്ത വാക്യങ്ങളീ കൽപടവിൽ
വായിച്ച് സ്വയം ബോധ്യപ്പെടുക വേഗം
കാലമിനിയുമനുസ്യൂതമിപ്പുഴയിലൂടെ
നം കാവലാളായെന്നുമൊഴുകിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ദുരിത കവിതകൾ


ഓർമ്മകളുടെ ശവപ്പറമ്പിൽ
തെക്കൻ ചരുവിലാണു
ദുരിത കവിതകൾ പൂത്തിറങ്ങുന്നത്
വിജനതയുടെ കനൽപ്പാടങ്ങളിൽ
കവിത കായ്ക്കുന്നതും കാത്തിരിക്കുമ്പോൾ
ആളൊഴുക്കുകളുടെ ആരവങ്ങളിൽ
ആയിരം വാക്കുകളായ് കവിത കിനിയുന്നു
പീഢന മഴക്കാടുകൾക്ക് മുകളിലായ്
വ്രണിത ഹൃദയങ്ങളിലേക്ക് പെയ്യുന്ന വാക്കിൽ
നിസ്സഹായതയൂറ്റിക്കുടിക്കുന്ന കഴുമരങ്ങൾക്ക് താഴെ
കൊട്ടിഘോഷിച്ച് തീ കുടിപ്പിക്കുന്ന കറുത്ത നീതിയിൽ
ഉറവകൾ ചേർത്തടച്ച് കറ തീറ്റിപ്പിക്കുന്ന കുടിലതകളിൽ
കവിത അന്യം നിൽക്കാതെ കടന്ന് വരുന്നു
ഇനിയൊരു വെറും വാക്കിന്റെ പിണ്ഡം പോലും
തൂക്കിയെടുക്കാൻ നിങ്ങൾക്കരുതാതെ
കവിത പിറന്നുവരുമുൾവാക്കായെന്നും
പ്രകമ്പനംകൊണ്ടായിരം തൂലികത്തുമ്പിൽ നിന്നും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...