2014 മാർച്ച് 20, വ്യാഴാഴ്‌ച

നിഷേധാത്മക കവിത

 
കവിത നിഷേധാത്മകമാവുന്നുവെന്നും
കാവ്യഭാവം വല്ലാതെ കയ്പുരസമാണെന്നും
പരുക്കൻ വാക്യങ്ങളെന്നും പരിതഭിക്കുന്ന സുഹൃത്തിനു
വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്വിൽ
വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
തെല്ലു മധുരം കാംക്ഷിപ്പതെങ്ങനെ സ്നേഹിതാ
അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി വാർക്കയിൽ
വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു
വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരുമന്ന്
എന്റെ പേരും ശരീരവും മണ്ണെടുത്ത് തീരുമെങ്കിലും
അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധാത്മകത

                                                   


 

2014 മാർച്ച് 10, തിങ്കളാഴ്‌ച

കണ്ണീർ ചിത


തമോ ഗർത്തത്തിൽനിന്നൊരുനാളുമുയരാതെ
എന്റെ നക്ഷത്രത്തെ വീണ്ടും കുത്തിയിറക്കുക
വെളിച്ചം കൺപാർക്കാൻ അവസ്ഥയേകാതെ
എന്റെ നീച ഗ്രഹമൊട്ടുക്ക് കറുപ്പായ് നിറയുക
കരിങ്കൂവളം വളരുന്ന താഴ്വരകളിൽ നിന്ന്
അവഗണനയുടെ കടലിലേക്കെന്നെയൊടുക്കുക
എന്റെ ഭ്രമണ പഥങ്ങളിൽ തീയൊഴുക്കുക
ഇല്ലാത്ത മോഹങ്ങളിൽ എനിക്കു കണ്ണീർ ചിതയാവുക
ശരണവഴികളിലെന്നഭയത്വം പൊളിച്ചെഴുതി
ചുവന്ന മാർഗ്ഗങ്ങളിലെന്നെ വ്യഭിചാരിയെന്നു വിളിക്ക
എന്നെ വെറുക്കുക, പന്തിയിൽ നിന്നു വിലക്കീടുക
പരധാര ബന്ധമാരോപിച്ച് പരസ്യമായ് കല്ലെറിയുക
ഇനിയെന്റെ ഭ്രാന്ത സ്വപ്നങ്ങളിൽ ഭ്രമങ്ങളിൽ
കലങ്ങിയൊഴുകുന്ന പുഴയും ചുവന്നൊരാകാശവും
എന്റെ വഴികളിലെ കൂർത്ത നോട്ടങ്ങളും
എനിക്കെതിരായുയരും പരുത്ത വചനങ്ങളും കടന്ന്
നുരയുന്ന വാക്കുകളിൽ ഹിമം ചാലിച്ച്
വ്രണിത ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ കരുത്തുള്ള
പുതു കാവ്യമായ് ഞാനുയിർക്കും നൽ നാളുവരെ
നിത്യമീ അന്ധകാരത്തിലിങ്ങനെ വെന്തു നീറട്ടെ

000000000000000000000000

2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഹുകേതു


ആസ്വാദനത്തിന്റെ അന്ധകാര വഴികളിൽ
ഒറ്റുകൊടുക്കാനൊരു കരിമ്പൂച്ച
മുന്തിരിച്ചാറിന്റെ പാനപ്രാപ്തിയിൽ
ചുണ്ടു നക്കിത്തുടയ്ക്കാനൊരു എച്ചിൽപ്പട്ടി
തേരുരുളും വഴികളിൽ കാരമുള്ളു വിതറി
സഹതപിക്കാനെനിക്കൊരു രക്ത ബന്ധു
ആഭിചാര ഗൂഢ തന്ത്രങ്ങൾക്കു നടുവിലായ്
രക്ഷായന്ത്ര വിപണനത്തിന്റെ പൗരോഹിത്യം


വെറ്റിലനാക്ക് തെക്കോട്ട് നീട്ടി
നൂറ്റൊന്നാവർത്തി ശത്രുക്ഷയം ചൊല്ലി
തിരു നൂറു തേച്ച്, തിരി നീട്ടി വെച്ച്
കെടുത്തിക്കളഞ്ഞതെന്റെ മനസ്സെന്റെ ബോധം
ഇനിയെന്റെ ജന്മനക്ഷത്രത്തെയൊട്ടുക്ക്
ഒരു രാഹുവായ് വന്ന് വിഴുങ്ങിക്കളയുക
എന്റെ തലക്കുറി കൊത്തിയെടുത്ത് വലിച്ചിട്ട്
മിണ്ടാതെ ഉരയാതെ നീറ്റിലൊഴുക്കിയൊടുക്കുക


വാക്കു വറ്റി, വസന്തം വെടിഞ്ഞ് വിലക്കപ്പെട്ടവനായ്
നിന്റെ ഗർവ്വിൻ വഴികളിലൂടെ എല്ലാം തുലഞ്ഞ്
ഞാൻ ഭ്രമണം ചെയ്യുന്ന നേരവുമോർക്കുക
കാലമൊടുങ്ങുന്നില്ല ഇന്നെന്ന വെറും നാഴികയിൽ
നാളെ ഗ്രഹണം കഴിഞ്ഞുമുദയം വരുമന്ന്
നേടുമെന്റെ വാക്കും തുടിപ്പും വെളിച്ചം നിശ്ചയം
പൂക്കുമൊരു നൂറു കാവ്യവുമതിലെന്റെ മോഹവും


...............................................
 

2014 ജനുവരി 22, ബുധനാഴ്‌ച

പിറക്കാത്ത കവിതകൾ



വൃത്തമോ ചതുരമോ വശങ്ങളേതാകൃതി കൊൾകിലും
വക്രതയില്ലാത്തൊരു ജീവിതം വാഴുവാനൊരു നാളെങ്കിലും
എതിരൊഴുക്കു ശീലിക്കേണ്ടിവന്ന ഗതികെട്ടൊരു നീർകണം
പെയ്തുവന്ന വേളയിൽ മണ്ണു നഷ്ടമായൊരു മഴത്തുള്ളി
ദുരിതകാണ്ഢമെരിഞ്ഞൊടുങ്ങിയവശേഷിക്കും നരക
ചാരം പോലും നീറി വാഴ്വിൽ നിലനില്ക്കവേ
എങ്ങുപോയെന്റെ വിപ്ലവ വീചികൾ
എവിടെയെന്റെ കാവ്യ തന്ത്രികൾ
ചെറുകുടിലിലവഗണനയിലുരുകിടും ചെറുമനും പുലയനും
ചെന്നായ്ക്കൾ കടിച്ചു തുപ്പിയ അബലയാമൊരു പെണ്ണിനും
തിരികൊളുത്തിയുറഞ്ഞു തുള്ളി സാന്ത്വനമോതവേ
തുന്നിച്ചേർത്തു നിങ്ങളെന്നിലൊരു വ്യഭിചാരാരോപണം
ഉറവവറ്റാതെ വാക്കുകൾ ഉരുണ്ടുകൂടി നിത്യവും
ഉലകളവിൽ, കാവ്യമായ് ഉയർന്നെന്നിൽ നിൽക്കിലും
ഇല്ല ഒന്നുപോലുമുയർത്തില്ല ഞാനെന്നെ ന്യായീകരിക്കുവാൻ
ഇനിയില്ല ദിനമൊട്ടും മൗനം രുചിക്കുവാൻ
രചിക്കുവാൻ ബാക്കിയുണ്ടൊരു നൂറു ഗീതികൾ
അബലരശരണർ ആശ്രയമറ്റവർ
ആശിക്കുവാനൊന്നും ബാക്കിയില്ലാത്തവർ
പീഢനമേറ്റവർ പച്ചയായെരിഞ്ഞവർ
പതിതർ പാന്ഥാവൊടുങ്ങിയോർ
വീതിച്ചു നൽകുന്നു നിങ്ങൾക്കൊക്കെയുമെന്റെ ജീവിതം
വരിക, വരികളിൽ കാളകൂട വിഷം നിറച്ച്
വിപ്ലവഗീതി രചിച്ചൊടുക്കിടാം ശത്രുപക്ഷത്തെയൊക്കെയും
ഇനിയില്ല വിശ്രമം വിഭ്രമമേതുമെൻ വീഥിയിൽ
വിരിയട്ടെ വെമ്പൽകൊണ്ടായിരം കവിതകൾ

xxxxxxxxxxxxxxxxxxxxxxxxxxxx

2014 ജനുവരി 19, ഞായറാഴ്‌ച

പുത്താണ്ടു ചിന്ത


വസന്തങ്ങളും വർണ്ണങ്ങളും വിട്ട്
വെറുംവാക്കു പോലും വറ്റി
ഉദയഗിരിയിൽ നിന്നൂർന്ന്
അസ്തമന ശൃംഗത്തിലെത്താതെ
ഒളികെട്ടു വഴിയടഞ്ഞ് നിൽക്കവേ
മൃതിയടഞ്ഞ വരികളിലൊരു പുനർവായന
കൈവിട്ട അക്ഷരങ്ങളിലൊരു കരസ്പർശം
കരിങ്കൂവളം കറ്റാർവാഴ കൃഷ്ണതുളസി
മകരക്കൊയ്ത്ത് തേക്കുപാട്ട് നാലമ്പലം
ഓർമ്മകളുടെ ഈറനൊടുങ്ങാത്തയേതോ
മറുകോണിലെങ്കിലും കരിഞ്ഞുണങ്ങാതെ
കാവ്യം മുനിഞ്ഞു കത്തുന്നുണ്ടാവണം
മുങ്ങാങ്കൂളിയിട്ട് വെള്ളാരങ്കല്ലു തേടി
കാവുകുളത്തിലൊരു പരൽമീൻ പിടിച്ച്
കേട്ടെഴുത്തും മനക്കണക്കും മലയാളവും നിറഞ്ഞ
ബാല്യത്തിന്റെ ഹരിത താഴ്വരകളിൽ
കവിതയിന്നും പൂത്തു നിൽപ്പുണ്ടാവണം
വാക്കുകൾ മരവിച്ച മൗനവർഷങ്ങളിൽ
ഊർജ്ജം ഉറവക്കണ്ണിയടഞ്ഞ ദുരിത ചക്രങ്ങളിൽ
വിധികൽപിതം വിപത്തെന്നു വെറുതെ
വിറങ്ങലിച്ചൊടുങ്ങയില്ലിനി നാളുകൾ
എഴുത്താണിയിൽ എളിമ നിറച്ച്
മസ്തിഷ്കം മടക്കു നിവർത്തിയുണർന്ന്
വാക്കുകളുടെ കർക്കടകക്കോളുമായ് വീണ്ടും
തിമിർത്തുപെയ്യാനൊരു പുത്താണ്ടു ചിന്ത


ooooooooooooooooooooooooooooooo

 

2013 ഡിസംബർ 17, ചൊവ്വാഴ്ച

സ്വപ്നം


പാഴ്മോഹങ്ങളുടെ ഭാണ്ഢമഴിച്ച്
പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം
കനിയാത്ത മുലപ്പാലിനു പകരംവെച്ച
കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
കനൽമഴ പെയ്ത ബാല്യങ്ങളിൽ
കരയാൻ മറന്നതെല്ലാം തീർക്കണം
ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ
വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം


ദുരിതം വിളയുന്ന താഴ്വരകളിൽ
ദയയില്ലാത്തൊരു മകരക്കൊയ്ത്ത്
പടിയടച്ച് പുണ്യാഹം തെളിച്ച പടവുകളിൽ
പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
തിരിമുറിയാതെ തിമിർത്ത് പെയ്യവേ
തകര,താളുപോലും തിന്നാതെയൊരു കൂത്ത്
ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ
ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്
ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്
കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ
കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി

---------------------

2013 ഡിസംബർ 12, വ്യാഴാഴ്‌ച

അന്ത്യമൊഴി


എനിക്കായ് അറുക്കപ്പെട്ട ബലിമൃഗം
ഒരിക്കലെൻ തെരുവുകളിൽ ഞാൻ കണ്ടെടുക്കും
മരിച്ച സ്വപ്നങ്ങളെ കുഴിയിലിറക്കിവെയ്ക്കും മുന്നേ
ഒരു ശാന്തിഗീതമോതി സ്വസ്ഥമാക്കാൻ
വെറുപ്പിന്റെ മടിശ്ശീലകളിൽ നിന്നു വിമുക്തമായ്
മുടന്തില്ലാതെ സ്വർഗ്ഗനദി കടക്കാൻ
എന്റെ വാക്കുകൾ കടമെടുക്ക,
ഏന്റെ വികലാക്ഷരങ്ങളെ കൂട്ടുപിടിക്ക
മരുഭൂവിലെയൊടുക്കത്തെയൊട്ടകവും ഒഴിയും മുമ്പ്
ഒറ്റവിരൽ പിടിച്ചെങ്കിലും എന്നിൽ പൊറുക്കുക
എനിക്കു വിലക്കിയ വിഭവങ്ങൾ, ഒടുക്കിയ സ്വരങ്ങൾ
എന്നിൽ നിന്നു നീക്കിയ വർണ്ണങ്ങൾ
കൂടെയെടുക്കുകയോ കുപ്പയിലെറിയുകയോ ചെയ്യുക
എങ്കിലും ഒരു നോട്ടംകൊണ്ടെങ്കിലും എന്നെ സ്നേഹിക്ക
ശവമഞ്ചമേറ്റാൻ, മേൽമണ്ണു നീക്കാൻ ഞാൻ കുനിയും മുമ്പ്
എന്റെ കാതുകളിലൊരു സ്നേഹ മന്ത്രമോതുക
വെറുപ്പിന്റെ വാതിലുകൾക്കൊരു സാക്ഷയാവുക
നീയെടുത്തതും ഉടുത്തതും ഉരുവാക്കിയതുമെല്ലാം
നിന്റെ മണ്ണുണങ്ങും മുന്നൊരു മാത്രയിൽ
ഇഷ്ടജനങ്ങളിൽ ചോരപ്പാടു തീർക്കും
ഞാനാവഴിയൊട്ടു വിട്ടു നടക്കട്ടെ, പുതിയ വാക്കു തേടട്ടെ
അതിനുമാത്രമെങ്കിലും എന്നിലൊരു കരുണ പെയ്യുക

oooooooooooooooooooooooooooooooooooo

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...