2022 ഡിസംബർ 13, ചൊവ്വാഴ്ച

രക്ത താരകം പൂത്ത് നിൽക്കുന്നു



ഇനിയുമീ പുഴ പൂക്കുമെൻ സഖാവേ

വീണ്ടുമീ വാക ചോക്കും, തണൽ പരക്കും

ഇനിയുമീ പ്രാണൻ തുടികൊട്ടി പാടുമെൻ പ്രിയനേ

ഈങ്ക്വിലാബിന്റെ ഈണം തുടിക്കും, സിരകൾ ത്രസിക്കും


ചാരം പൊതിഞ്ഞെൻ കനൽക്കട്ട കിടക്കുകിൽ

ചാരെ നീയില്ലെന്ന് കരളിൽ വ്യഥ തീർക്കുകിൽ

പ്രണയം നിന്നോട് മാത്രമായ് പോവുകിൽ

അവനിയിൽ മറ്റാരുയിർക്കുമീ രക്ത പതാകയേന്തുവാൻ


ആർദ്ര സംഗീത ധാരയൊഴുകുന്ന പോൽ

ആത്മ സാരാംശ ഗാഥയുണരുന്ന പോൽ

അരികിൽ നീ പൂവാകയായ് പൂത്ത നാളൊക്കെയും

അത്രമേൽ വസന്തമായിരുന്നെന്നിൽ പ്രിയ തോഴാ


രക്ത താരകം ഉദിച്ചുയർന്നൊരു 

ശുഭ്ര പതാകയും കയ്യിലേന്തി നീ

വീര്യം നുരച്ച് വിപ്ലവം കൊറിച്ച് 

വീഥിതോറുമലയവേ സഖാവേ

പെണ്ണായ്പ്പിറന്നവളെന്നെന്നെ 

വീട്,നാടൊക്കെയും പഴിക്കവേ

ഭീതിയായിരുന്നു കൂടെയിറങ്ങുവാൻ


ഇന്നീ പീത സായന്തനത്തിൻ തുടിപ്പൊക്കെയും കെട്ട്

പോക്കു വെയിൽ തന്ന കാന്തിയാകെയും കരിഞ്ഞ്

നീയിത്ര ഘോരം, കാറി വിളിച്ച തൊണ്ടയും തീ തിന്ന്

കൂനിക്കൂടിക്കാർക്കിച്ച് തുപ്പിയൊരു മൂലയിലൊതുങ്ങവേ

കൈ നീട്ടിപ്പിടിക്കുന്നു ഞാനെന്റെ സ്നേഹിതാ പരവശം

വരിക, ഇനിയുമുണ്ട് വസന്തമായിരം നമ്മിൽ പൂക്കുവാൻ

കവിതയുണ്ട്, കാർമുകിലുണ്ട്, കീഴാളമുദ്രകൊണ്ടോരുണ്ട്

അരികുവത്കരിക്കപ്പെട്ടവർ, ആശ്രയമറ്റവരഗതികൾ

നാളെയും നം ചെങ്കൊടി പാറിപ്പറക്കണം, നേരു കാക്കണം

മുന്നിൽ നിന്ന് നമ്മളേ നയിക്കണം, ജയിക്കണം പിന്നെയും

ചുറ്റികയരിവാൾ നക്ഷത്രം ചുറ്റുമൊരുകോടി ചാരു വക്ത്രം

ചുറ്റിത്തിരിയുന്നതു കണ്ടേ കണ്ണടയണം, കൂടെ നീയുണ്ടാവണം

കൂട്ടിനുണ്ടാവണം, ഒരേ കുഴിയിലുറങ്ങണം, നന്നായ് കുതിരണം

പിന്നെ, നമ്മിൽനിന്നുയിർക്കണം നന്മ കായ്ക്കുമായിരം പൂമരം

=====================================================








2022 ഡിസംബർ 11, ഞായറാഴ്‌ച

കനവല്ലിതു കട്ടായം



ആർദ്രേ, നിൻ മിഴിയിതളിലൊരു മൃദു

ചുംബനങ്ങളാലെൻ ആരതിയർപ്പണം

ആതിരേ, നിൻ കാർകൂന്തലിലൊരു ചെറു

ചെമ്പനീർപ്പൂവാലാത്മനൈവേദ്യ തേൻ കണം


എൻ ഹൃദയ തംബുരുവിലത്ര മായാജാല വേഗം

നീ ശ്രുതിമീട്ടിയ പുലരിയൊരു മഞ്ഞുരുകും കാലം

നീയെൻ കനവിലാർദ്ര നദിയായൊഴുകും ഊഷ്മള രാഗം

മാൻ പേടയായ് നീ തുള്ളിയാടിയ കരളൊരു സ്നേഹതീരം


കവിതയിൽ കൊതുമ്പു വള്ളമൊന്നിനെ കെട്ടി വച്ചിടാം

കൺകളിൽ നീലക്കടമ്പൊരുക്കി ഊഞ്ഞാൽ കെട്ടിടാം

കൈക്കുടന്നയിൽ നറു നിലാവിനെക്കോരിത്തന്നിടാം

കനകാംബരം കാട്ടു ചമ്പകം പൂത്ത പാതയിലൊന്നായിടാം


പീത സായന്തനങ്ങളിൽ പറുദീസ തീർക്കുമാത്മ രാഗം

ഹൃദ്യ മേളങ്ങളിൽ പെരുമ്പറ കൊട്ടും നിൻ ശ്വാസതാളം

പുലർ വേളയിൽ പൂത്തുമ്പിയായെന്നെ ചുറ്റുന്ന ദേഹം

പൂത്തു നിൽക്കട്ടെയായിരം താരകങ്ങളായ് ഇനിയുള്ള കാലം









2022 ഡിസംബർ 7, ബുധനാഴ്‌ച

എഫ്രായിമും മൻശ്ശെയും പോലെ

 


വിലാസമെരിച്ചു ചേർക്കാതെ പോയ

ജീവകോശങ്ങളിലേക്ക് ഗന്ധകമിറ്റിക്കുക

വിപ്ലവം മാത്രം രുചിച്ച് മരിച്ചവരിലേക്ക്

മുന്തിരിച്ചെടിയുടെ വേടായിറങ്ങിച്ചെല്ലുക

അനാഥ ബാല്യങ്ങളെ ഉറക്കിക്കിടത്തി

അനർഹമായ അപ്പം മറിച്ച് വിറ്റവനു

ജഡസ്വഭാവവും നിത്യദണ്ഡനവുമേകുക


പ്രിയതേ, പൂഴ്ത്തിവെപ്പിന്റെ ഓരോ കിളയിലും

ചാട്ടവാറിന്റെ ശീൽക്കാരം ഓർമ്മപ്പെടുത്തുക 

കവിത കെട്ടുന്ന കറുത്ത പകലിലെങ്കിലും

വാക്കുകൾക്കധികാരവും അംശവടിയും തരിക

ഒരേ തോല്പാത്രത്തിൽ തന്നെയെനിക്കളക്കുമെന്നും

അതേ വെള്ളിക്കോലാൽ എനിക്ക് തരുമെന്നും

എന്റെ ബോധത്തിലേക്ക് ഉരുക്കിയൊഴിക്കുക


ധൂർത്തപുത്രന്റെ ഗർവ്വിഷ്ഠ കിരീടത്തിനും കോപ്പിനും

മദോന്മത്ത കുലത്തിന്റെ അഹന്തയ്ക്കുമാർപ്പിനും

ഒരു വെള്ളിടിയായ് നീ നിഗ്രഹിക്കാനുണ്ടെന്ന്

എഫ്രായിമുകാരോടെന്ന പോലെ എക്കാലത്തോടും

നീ താക്കീതായിരിക്കുക,തല മുണ്ഡനം ചെയ്തയക്കുക


കാട്ടാടിനെ വറുത്തതും യവം പാലൊഴിച്ചതും തേനും

കിട്ടാവുന്ന ഫലമൊക്കെയും ചേർത്തുണ്ടവനെ വീണ്ടും

തന്റെ കൊത്തളത്തിലേക്കാനയിച്ച് സത്കരിക്കയും

പുളിക്കാത്ത അപ്പവും മുന്തിരിനീരും കൊതിച്ചവനെ

തീൻമേശയിൽ നിന്നാട്ടിയോടിക്കയും ചെയ്കയാൽ

നീ നരകപ്രവേശം നേടുകയെന്ന് അരുളിച്ചെയ്ക

ചുടുവാനുള്ളത് ചുടുകയും പാകം ചെയ്യാനുള്ളതാക്കയും

ശേഷിക്കുന്നത് ശബ്ബത്തിലേക്ക് ശേഖരിക്കയുമാക

എന്തെന്നാൽ, സൂചിക്കുഴയിലെ ഒട്ടകത്തേക്കാൾ

അവർക്കുമുന്നിൽ ഉപമയേതുമില്ലെന്നുണർത്തുക

0000000000000000000000000000000000000000000


 

 





2022 നവംബർ 15, ചൊവ്വാഴ്ച

കഥയെന്നാകിലൊട്ടും വ്യഥയില്ല



കാലമെത്രയായെന്റെ പെങ്ങളേ

കടവിലിങ്ങനെ നീ കാത്തിരിപ്പു 

കരിമുകിൽ വകഞ്ഞുമാറ്റിയവൻ

കര തൊടാനെത്തുമെന്നിനിയും

കനവു കണ്ടു ദാഹമൊടുക്കയാണോ


പീത സായന്തനങ്ങൾ സഖി,യെത്ര നമ്മൾ

കപോത പ്രണയഗീതികൾ പകുത്തിരുന്നു

ദേവ,  രാഗാർദ്ര പുലർ വേളകളെത്ര തോഴീ

തോടിയും മോഹനവുമായ് നിറഞ്ഞിരുന്നു

രാഗമാലിക തീർത്തു ഭഗവൻ രചിച്ചതെന്ന്

ലോകമൊക്കെയും നമ്മെ സ്തുതിച്ചിരുന്നു


എത്ര വസന്തങ്ങളെത്ര പൗർണ്ണമികൾ ഋതു

ഭേദങ്ങളെത്ര നമ്മിൽനിന്നൊലിച്ച് പോയീ

എത്ര സ്വപ്നങ്ങളെത്ര ശില്പങ്ങളെൻ പ്രിയതേ

മണൽ കോട്ടകൾ പോൽ നാം തീർത്തിരുന്നു


ഹാ, പ്രണയമെന്നാൽ മൽ സഖീയുണരുന്നു

പൊയ്യതില്ല മറ്റൊന്നിത്ര മധുരവും നോവുമായ്

അന്തരാത്മാവിനെ പറിച്ചെടുക്കും പക്കം വരെ

നിരന്തരം മനസ്സിനെ മദിക്കും പരംപൊരുളത്


ഹേമന്തമൊന്നു കഴിഞ്ഞ മകരന്ദ നിലാ രാവിൽ

പ്രേമാനന്ദതുന്ദിലനായിവൻ കനവു കണ്ടിരിക്കെ

കനലൊന്നു കോരിയിട്ടു നീയെൻ ഹൃത്തടത്തിൽ

കണ്ടുകൊൾകയെന്നെയൊരു പെങ്ങളായെന്ന്

കൈത്തണ്ടയിലൊരു രാഖി ബന്ധിച്ച് കടന്ന 

നാളിന്നു വരെ ഇണ്ടൽ തീർന്നൊന്നുറങ്ങിയില്ല


കൊണ്ടവനൊരാണ്ട് കണ്ട് തീരും മുന്നവേ

കൊണ്ടു പോയ് നിൻ സ്വാസ്ഥ്യമൊക്കെയും

ഉണ്ടയുരുള ആമാശയം കൊള്ളുവാനില്ലാതെ

ആശയറ്റ് നീയാർദ്രമിക്കടവിൽ കാറ്റടി കൊണ്ട്

വാത്മീകമായ് മിഴി പൂട്ടി അശ്രു പൊഴിച്ചു നില്ക്കേ

നീട്ടുന്നു കരമിവനിനി കിട്ടുന്ന മിച്ച ദിനമൊക്കെയും

മെച്ചത്തിലൊരു സോദരനായിവൻ കൂടെയുണ്ട്

000000000000000000000000000000000000000000000




2022 നവംബർ 14, തിങ്കളാഴ്‌ച

കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ



ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക


നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക


അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി


ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം  സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2022 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

സ്വപ്നാടനം



എന്റെയാകാശവുമെന്നുയിർ ഭൂമിയും

എന്നാത്മഹർഷവും നീയേ, ദേവീ

എന്റെ വേനലുമെന്റെ വസന്തവും

എന്റെ സർവ്വസ്വവും നീയേ


എന്നിലെ കാരസ്കര കയ്പുകളൊക്കെയും

കറന്നു കളയുക, മമ കോമള വദനേ

എന്നന്ധകാര വിഹായസ്സിൽ നീയൊരു

പൗർണ്ണമിയായുദയം കൊള്ളുക വേഗം

മന്ദാകിനി നീ പുഞ്ചിരി തൂകുക ഹൃദ്യം

മൂളുകയെൻ പ്രണയ കവിതകൾ നിത്യം


പ്രിയതേ നിൻ ഹേമന്ത ചുരുൾമുടിക്കെട്ടിൽ

മൊട്ടിട്ട ജലകണമൊക്കെയും നുകരുവാൻ

തംബുരു മീട്ടുമീ സ്വപ്നാടകനെ അനുവദിക്കൂ

എൻ സായന്തനങ്ങളെ അനുഗ്രഹിക്കൂ, നീയനുഗമിക്കൂ


മലർമഞ്ചമേറിയൊരു മകരനിലാത്തണുപ്പിൽ

നിൻ മന്ദഹാസം മനം നിറയെക്കൊണ്ടെൻ സഖീ

കവിതയൊന്നെഴുതുവാൻ മോഹമുണ്ടോമലേ

കനവു കണ്ടുറങ്ങുവാനാശയുണ്ട്, പെരും ദാഹമുണ്ട്

00000000000000000000000000000000000000000000000000





2022 ഒക്‌ടോബർ 12, ബുധനാഴ്‌ച

ഭദ്രമാം കാലത്തെ നല്കുവോൾ നീയാകുന്നു


ഹേ ഭദ്രേ, ആലവട്ടങ്ങളുടെ ആലക്തികതയിൽ

തിരുനൂറും സിന്ദൂരവും ചെമ്പരത്തി മാലയും ശോഭിക്കവേ

ഗുരുതി ദാഹം മൂത്ത്, നീയെന്റെ ചാമുണ്ഡീ നാവു നീട്ടുക

മകരച്ചൊവ്വയിൽ മതിമറന്ന് കോഴി നിവേദ്യം കൊതിച്ച്

കെട്ടു കാഴ്ചയിൽ പെട്ടു നീ കണ്ണകീ, കടും പായസമുണ്ണുക

മുടിയേറ്റുകളുടെ രൗദ്ര വേഗങ്ങളിൽ പ്രസാദിച്ച് നാഗകാളീ

ചെമ്പട്ടും തവിടും നേദിച്ച് ഞാൻ കോമരം തുള്ളവേ കാണുക


കോപേഷുകാളീ നിന്റെ പ്രീതിക്കായ് മാത്രം കൊതിച്ചിവൻ

എന്നെ വേട്ടവളെ, പച്ച മണ്ണിൽ പരിപൂർണ്ണ നഗ്നയായ് 

നിന്റെ ദാസനു സ്ഥിരവേഴ്ചയ്ക്കായൊരുക്കിക്കിടത്തുന്നു 

ഭക്തിപൂണ്ടാസ്വദിക്കുന്നു, അന്ധമായ വിശ്വാസിയാകുന്നു

ശാപദുരിതങ്ങളിൽ നിന്നെന്നെപ്പറിക്കുവാൻ, ദൃഷ്ടിയകറ്റുവാൻ

കാവ്യകുലത്തിൽ കാളിദാസനോളം കെങ്കേമിയാകുവാൻ

സർവ്വൈശ്വര്യത്തിനായ് പൊങ്കാലയിട്ടത് പോരാതെ ദേവീ

പരദാരങ്ങളെ തിരു സന്നിധേയിരുളിൽ ബലിദാനമേകുന്നു

കരളും കയ്പും യോനിത്തടവും മുലക്കണ്ണും  ചൂടോടെ ഭുജിക്കുന്നു


മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്മിതാം ചൊല്ലി

ഭൂലോകമൊക്കെയും ഭദ്രമായ കാലത്തെ നല്കും ഭദ്രകാലി നീ

ദാരിക നിഗ്രഹത്തിനിപ്പുറം വീണ്ടും നടയിറങ്ങുക, വാളെടുക്കുക

വിശ്വാസ വേദ വേദാന്തങ്ങൾക്കുമേൽ പുകമറയേറ്റും കുടിലരെ

വേരോടെയറുക്കുക, വീണ്ടെടുത്തു തരിക ഭഗവതീയെന്റെ വസന്തം

കാത്തു കൊൾക, കാലമിനിയും പൂക്കുവാനുണ്ട് ജാതി പൂക്കാതെ

ജാതകമൊക്കെയും ചീന്തിയിട്ട് ജൈത്രയാത്ര ചെയ്യുവാനൊരു കുലം

ഭൂജാതമാകുമന്നാൾ വരെ എന്റെ കവിതകളൊക്കെയും നിന്ന് കത്തട്ടെ

00000000000000000000000000000000000000000000000000000000000000000






കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...