2012 മേയ് 15, ചൊവ്വാഴ്ച

അപഥ സഞ്ചാരം



ഓ  സഖീ. . .
നീയെന്നിൽ വീണുടഞ്ഞ് തകർന്നടിയാൻ മാത്രമായ്
ഒരു സ്ഫടിക ഗോളമായെന്നെ ഭ്രമണം ചെയ്യാതിരിക്ക
പ്രിയേ,
നീയെന്റെ അഗാധ ഗർത്തങ്ങളിലാപതിച്ച് നിത്യവും
എന്റെ കാമകുണ്ഡങ്ങളിൽ വെന്തെരിയാൻ വീണ്ടുമെന്നെ
അത്രമേൽ ആത്മാർത്ഥമായ് പ്രണയിക്കാതിരിക്ക
എന്റെ കാന്തിക മണ്ഡലങ്ങൾക്കരികിലേതെങ്കിലും
കുഞ്ഞു താരകങ്ങളെത്തിനോക്കുന്ന വേളയിൽ തന്നെ
എന്നിലേക്കാഗിരണം ചെയ്തെന്റെ ഭ്രമണപഥത്തിലാക്കുവാൻ
അത്രകണ്ട് വൈകൃതമെന്റെ ജനിതക ഗോവണിപ്പടവുകൾ
എന്റെ അപഥ സഞ്ചാരങ്ങൾ കൊറിക്കാത്തൊരു നാഴികമണി
വ്യർത്ഥമെൻ വേണ്ടുതൽ മുഴങ്ങാത്തൊരു പള്ളിമേട
എന്റെ ഭ്രാന്തഭ്രമങ്ങൾ എത്തിനോക്കാത്തൊരു കന്യാമഠം
എന്റെ കുടില തന്ത്രങ്ങൾ കടിച്ചു വലിക്കാത്തൊരു കീഴ്ച്ചുണ്ട്
ഇല്ല, നീയെന്നിൽ അടിച്ചേൽപ്പിച്ച ദിവ്യത്വമൊന്നും
ഒരു മാത്രകൊണ്ടത്ര ഞാൻ തച്ചുടയ്ക്കുന്നില്ല
നീയെന്നെയറിയുന്നതിനും ഒരു യുഗം മുമ്പേ
നിന്നെ ഞാനറിഞ്ഞു നീയെന്നിലലിഞ്ഞു തീർന്നിരിക്കും
കവാടങ്ങളെല്ലാം കൂർത്ത ആണികൊണ്ടുറപ്പിച്ച ശേഷവും
നിനക്കു മാത്രമായ് ഞാനെന്റെ പിൻവാതിൽ തുറന്നിടുന്നു
ഇനിയെന്റെ രതിചിന്തകളുണർന്നു ശേഷം ഞാനൊരു
ഇരുണ്ട കാലത്തിലെ കൊടും പാപിയാകും മുന്നേ
ഒരു കണം മുൻപെങ്കിലും നീയെന്നിൽനിന്നോടിയകലുക
ഞാൻ ദിവ്യ ജലത്തിനു പകരം രേതസ്സിൽ ജ്ഞാനസ്നാനമേറ്റവൻ
വിലക്കപ്പെട്ടദിനങ്ങളിലൊക്കെയുംഅഹന്തയിൽമത്സ്യവേട്ടയ്ക്കിറങ്ങിയോൻ
അൾത്താരവചനങ്ങളിൽപോലും അരുതാത്തതുകാംക്ഷിച്ചവൻ
നീയെന്നിലുണർന്നു ഉയർന്നൊരു നിത്യ യൗവ്വനം നേടുമെന്ന
നിരർത്ഥമാം ചിന്ത വെടിഞ്ഞ് പിടഞ്ഞെണീക്കുക
ഇനിയുമത്ര വൈകിയിട്ടില്ലയെന്നെ തീർത്തും തട്ടിമാറ്റുവാൻ
ഇനി നിന്റെയമാന്തത്തിന്റെയൊരു ചെറു വേളപോലും
നീയെന്നിലെ നരകാഗ്നിയിൽ നിത്യമായ് വീണൊടുങ്ങലാവും
അതിനും ഒരു കണമൊരുമാത്രയൊരു നൊടിയിട മുമ്പേ
ഒരു പിടി ചരൽ വാരിയെറിഞ്ഞെന്നെ വെറുത്ത്
വിശുദ്ധമായൊരു ദാമ്പത്യ ലോകത്തേക്കെൻ പ്രിയേ
ഉയർന്നു പറക്ക നീ, ഒരു പുതു ഉഷസ്സാവട്ടെ നിനക്കെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwww

2012 ഏപ്രിൽ 17, ചൊവ്വാഴ്ച

സൽവ, അഫ്രീൻ,ഇനി. . . ?


ഞാൻ - ആട്ടിൻതോലെത്രയണിഞ്ഞിട്ടും
എന്നെ മറയ്ക്കാനാവാത്ത ചെന്നായ
എന്റെ ദംഷ്ട്ര
കളിലെത്ര ഒളിക്കാൻ ശ്രമിച്ചീടിലും
തെളിഞ്ഞു കാണുന്ന ചോരപ്പാടുകൾ
വസൂരിക്കുത്തുകളെന്റെ മുഖത്തിന്റെയല്ല
കാമം തീണ്ടിയ മനസ്സിന്റെ സാക്ഷ്യപത്രം
കഷണ്ടിയേറിയ തലയിൽ തെളിയുന്നത്
വരണ്ട വികാരങ്ങൾ പുകയുന്ന ചിന്തകളുടെ രേഖകൾ


പെങ്ങളെന്നു നിന്നെ ഞാൻ സസ്നേഹം
പേരെടുത്തു വിളിക്കുന്ന നേരവും
പെണ്ണാണു നീയെന്നതൊന്നു മാത്രമാണു

പേപിടിച്ചെന്റെ മനസ്സിൽ നിൽപതുള്ളൂ


കാന്തക്കല്ലെത്ര ഊക്കോടെയൊരു കഷ്ണം
കാരിരുമ്പിൻ മേനിയെ തേടുന്നുവോ
കരിന്തിരി പടരാൻ കാത്തുനിൽപാണെങ്കിലുമതിലേറെ
കാമനയെന്നിൽജ്ജ്വലിക്കുന്നു കത്തിക്കയറുന്നു


മാൻപേടയൊന്നൊരുനാളെന്റെ മുന്നിൽ
മിഴിയിൽ കൗതുകം നിറച്ചു മധുരമായ് നിൽക്കവേ
മാമ്പഴം നൽകുവാനെന്റെ മകൾക്കവൾ നീട്ടിയ കൈകളിൽ
മരണം വെച്ചു പകരം രതി തേടുന്നു ഞാൻ


മകളൊന്നെനിക്കു പിറന്നതിൽ പോലും
മുടിഞ്ഞ കാമമൊന്നേ ഞാൻ കാണ്മതുള്ളൂ
മാംസദാഹമൊന്നെന്റെ മകൾക്കു നേരെ
മുളച്ചു പൊങ്ങും മുമ്പേ ഞാനവളെയൊടുക്കിടട്ടെ


സൽവ - നീയെന്റെ ശൗച്യാലയത്തിലൊടുങ്ങിയോൾ
നീണ്ട കണ്ണുള്ളവൾ, നറുനിലാവായൊഴുകുവോൾ
നിയമപുസ്തകത്തിൽ നിനക്കു ഷേബയെന്നു പേർ
നീരണിയാത്ത കണ്ണുമായ് ഞാനാരായുന്നു
നെരിപ്പോടിലെരിക്കുവാൻ മാത്രമായ് ഞാനെന്ത്
നെറികേടു കാട്ടി നിങ്ങളോടായ് അല്പം കാമമല്ലാതെ


അഫ്രീൻ - മകളായ് പിറന്ന നിന്നെ തറയിലടിച്ചു കൊല്ലാൻ
മനസ്സിലെനിക്കു പുത്രഭ്രാന്തത്രയില്ല, എങ്കിലും
മൺപുറ്റുപോലെയെന്നിലനുദിനമുയരുന്ന
മൂത്ത കാമഗോപുരമൊരുനാളെങ്കിലും നിന്നിൽ
മറിഞ്ഞുവീണു നിന്നെ പുൽകിയൊടുക്കും മുന്നേ
മർത്യ നീതിക്കു നിരക്കാത്ത ന്യായം പറഞ്ഞുകൊണ്ടെങ്കിലും
മാറ്റിടട്ടേ നിന്നെയെൻ കരാള ഹസ്തങ്ങളിൽ നിന്ന്


ഇനിയെന്റെ കുമ്പസാരം കേട്ടൊരുവനെങ്കിലും
ഇത്രമേൽ പാപം ചെയ്യാത്തവനെന്ന നല്ലുറപ്പോടെ
ഇക്കണ്ട കാലത്തിനിടയ്ക്കെപ്പെഴെങ്കിലുമെന്നെ
ഇരുത്തി വിസ്തരിക്കാൻ, കല്ലെറിയാൻ തുനിയും മുന്നേ
ഇല്ലയെനിക്കുണർത്തുവാൻ ഇത്രയല്ലാതെ
ഇറ്റുവീഴുവാൻ ഒരിക്കലും ഇടം നൽകാതിരിക്കയെൻ നിണം
ഈ പാവനമണ്ണിൽ വീഴുന്ന എന്റെയോരോ തുള്ളി രക്തവും
ഇനിയുമുയിർത്തേക്കാം ഇതിലും മൂത്ത പാപിയായ് തന്നെ


നിന്റെ കല്ലേറുകൊണ്ടെന്നിലെ കൊടിയ അഹന്ത
നിണം വാർന്നു പോകുന്നതിനു പകരമെൻ കാമദാഹം
നിരർത്ഥമായെൻ ജീവിതം, നിലയ്ക്കാത്ത മോഹം
നാൾക്കുനാളുയരുന്ന പാപ പട്ടിക, പെരും ദാഹം
നീണ്ടുപോകുന്ന കണക്കുകളിലൊന്നെങ്കിലും
നീറിയൊടുങ്ങിയെങ്കിൽ ശേഷമീ നശിച്ച ജീവനും

wwwwwwwwwwwwwwwwwwwwwwwwwwwwww

2012 മാർച്ച് 21, ബുധനാഴ്‌ച

അഭിസാരിക


ഇനിയും വിളിക്കു നീയെന്നെയൊരായിരം വട്ടം
ഇഷ്ടം കൂടി നീയെനിക്കു പട്ടംചാർത്തിനല്കിയ നാമം അഭിസാരിക
ഇനിയും വിതയ്ക്കു നീ നിന്റെ വിഷബീജമെന്നിൽ വീണ്ടും
ഇല്ല, ഒരിക്കലും മുളയ്ക്കില്ലതെന്നു മുൻകൂർ ഉറപ്പിച്ച ശേഷം


മോഹഭ്രമങ്ങളും കാന്തമുനകളും വിലയം ചെയ്തെന്റെ കണ്ണുകൾ
മോഹനകാവ്യം രചിക്കാൻ തുടിക്കും നൽ നാളു മുമ്പേ
മറ്റാരുമറിയാതാ സരസ്വതീ മന്ദിരത്തിൽ വച്ചെന്റെ
മാനം കവർന്നെടുത്ത വെറുപ്പിന്റെ നാൾ മുതൽ
മാലോകർക്കു മുൻപിൽ നീയെന്നെ വിളിപ്പൂ അഭിസാരിക


കമ്പോളത്തിലന്നെന്നെയൊരു കന്നുകാലിക്കു വിലപറയും പോലെ നീ
കച്ചവടമുറപ്പിച്ച ശേഷമതൊടുക്കുവാനെന്റച്ഛൻ
കഴുതക്കാലു പലതു പിടിച്ചും കരഞ്ഞു കൺകലങ്ങിയും
കിതച്ചൊടുവിലൊരു പാളത്തിൽ ജീവനൊടുക്കിയ
കറുത്ത നാളിലന്തിയിൽ കൂട്ടുകിടക്കാൻ കരുണ കാണിച്ച നിൻ
കുടില തന്ത്രം വിജയം കൊണ്ട നാൾ തൊട്ടെന്നെ വിളിപ്പൂ നീ അഭിസാരിക


വാഴ്വിന്റെയോരോ കോണിലും ദുരമൂത്ത സാമ്പത്തിക അസമത്വം
വിതയ്ക്കാതെ കൊയ്യാതെ ഇടയാളായ് വിറ്റെടുത്തു നീ
വിഷൂചിക പോലെന്നിലേക്ക് കെട്ടിയെടുത്തു പകർന്നാടി
വിഭ്രമ വേളകളിലെന്നിലെയൊടുക്കത്തെ നീർത്തുള്ളിയും
വലിച്ചൂറ്റിയെടുത്തൊടുക്കം ജനമദ്ധ്യത്തിൽ നീയെന്നെയൊറ്റുകൊടുക്ക ഇവ്വിധം
വിശപ്പിന്റെ പേരു പറഞ്ഞു വിലപിച്ച് വേഷം കെട്ടിയാടുന്ന ഇവളഭിസാരിക


ഒടുവിലെന്റെ പാപ ഭോഗങ്ങളിൽ കുരുത്തൊരു കുരുന്നിളം പൈതലിനു
ഒരിക്കലും നിന്റെ നാട്ടുകൂട്ടങ്ങളിൽ, നഗര സായന്തനങ്ങളിലെവിടെയും
ഒരിത്തിരി കരുണയും കനിവും കടാക്ഷവും തെല്ലു നീ നൽകാതെ
ഒരു നുള്ളു വിദ്യാ ഭിക്ഷ പോലും ഉള്ളറിഞ്ഞു പകർന്നേകാതെ
ഓടിച്ചു വിട്ടതിൻ കാരണമെന്നിൽ കെട്ടിവയ്ക്കുക, ഞാനഭിസാരിക


ഇനിയെന്റെ നാൾവഴികളിലെല്ലാം മുഴച്ചു നിന്നാ നാമം
ഇത്രമേലെന്നെ വീർപ്പു മുട്ടിച്ചൊടുക്കിയ ശേഷവും
ഇക്കണ്ട കാലമെല്ലാം ഞാൻ കഷ്ടകാണ്ഡം താണ്ടി വലുതാക്കിയ
ഇവളെന്റെ മകളെയും നീയതേ വെറിപൂണ്ട കണ്ണുകൊണ്ടേ
ഇനിയളന്നാരതിയുഴിഞ്ഞ് നിൻ കെടുകെട്ട രതിഭ്രമ
ഇക്കിളികൾക്കു പാത്രമാക്കാൻ തുനിയവേ അറിയുക
ഇവിടെ ഞാനാടിത്തിമിർക്കുമൊരു രുദ്ര താളം ഭയാനകം
ഇറ്റിറ്റുവീഴുമതിൽ കാലമെല്ലാം നിന്റെ നിണവും നെറികെട്ട നടനവും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2012 മാർച്ച് 6, ചൊവ്വാഴ്ച

പ്രകടനം


ഒരു കനലെരിയുന്നു, കത്തിപ്പടരുന്നു, വിഴുങ്ങുന്നു
എന്റെ മനസ്സിനെ, ഊർദ്ധശ്വാസമിടും വ്രണിത മോഹങ്ങളെ
ശങ്കരന്മലയൊട്ടുക്ക് തീ പടരുന്നു, നക്കിത്തുടയ്ക്കുന്നു
ആർത്തു ചിരിക്കുന്നെന്റെ മക്കൾ
പുതു തലമുറയവർക്കെന്തുമേതും
പുളകം കൊള്ളുവാനുള്ള കാര്യമല്ലോ
ജനം കാഴ്ച കാണുന്നു, കൗതുകം കൂറുന്നു
എഴുപത്തഞ്ചിനു ശേഷമിതാദ്യത്തെയനുഭവം
അറിയാമെനിക്കെന്റെ നാടിൻ
കാവൽ നായ്ക്കളുടെ വിലാസവും
വിവരണപ്പട്ടികയിൽനിന്നവരുടെ നമ്പറും
ഡയൽചെയ്ത മാത്രമുതലൊടുക്കം വരെ
ചിലയ്ക്കുന്നു ടെലിഫോൺകിളി വ്യർത്ഥമായ്
എന്റെയാധികണ്ടെന്റെ വേപഥുകണ്ട്
ഭാര്യയിരിക്കുന്നൊരു മൂലയിൽ, ഉണ്ട്
തെല്ലു പരിഹാസമവൾ നോട്ടത്തിലും വാക്കിലും
ഒടുവിലൊരുകണമങ്ങേത്തലയ്ക്കൽ
ഏമ്പക്കമിട്ടേമാന്റെ ഘനശബ്ദം
ഒരു മുട്ടൻ തെറി, ഭത്സിച്ചുകൊണ്ടൊരു ചോദ്യം
കുശലം പറയുവാൻ വിളിക്കുവാനെന്തിതു
അമ്മായിയപ്പന്റെ വീടെന്നു നിനച്ചുവോ
ഉണർത്തി ഞാനെന്റെ പേരു വിവരം
മാധ്യമ കോലാഹലങ്ങൾക്കിടയിലെന്റെ സ്ഥാനം
കാലു പിടിക്കുവാൻ ഞാനൊരുക്കമാണേമാനേ
കാടിനെയൊന്നായ് തീയൊടുക്കും മുൻപ്
കാര്യമാത്ര പ്രസക്തമായ് ചെയ്ക വല്ലതും
എന്തു ചെയ്യാൻ ഡ്യൂട്ടിക്കു ഞാനുണ്ട്, കൂടെ
എന്തുമേതും തിരിയാത്തൊരു പുത്തൻ വനിതയും
നാടിനെ കാക്കാൻ പ്രതിജ്ഞ കൈകൊണ്ടൊരു
നല്ല മന്ത്രിപുംഗവൻ നഗരം കീഴടക്കിയിന്ന്
പ്രകടനം ചെയ്യുന്നതതറിയുന്നില്ലയോ ?
മുട്ടി ഞാനധികാരധാർഷ്ട്യക്കൊടി
ഉയർന്നു നിൽക്കുന്നയോരോ വാതിൽപ്പടികളും
ഉത്തരം പലതാണു കിട്ടിയതെനിക്കെങ്കിലും
ഉണരുന്നു ഞാനതിലെല്ലാമൊരേ നിഷേധസ്വരം
കത്തിക്കയറുന്നു മന്ത്രി വികാര വിക്ഷോഭമായ്
പ്രകൃതിക്കിണങ്ങുന്ന ജീവിതം, ഓസോൺ പാളികൾ
ലോകതാപനം, കുടിവെള്ള ക്ഷാമം അങ്ങനെ
എത്തിയൊടുവിൽ ഞാനാ ഗസ്റ്റ് ഹൗസിൽ തിരു സന്നിധേ
ഉണർത്തിച്ചു കാര്യം എന്തെങ്കിലും ചെയ്യണം
ആലോചിക്കുവാനില്ലിനിയൊരു മാത്രപോലും
ഉണ്ട്, ഖദറിട്ട കോലങ്ങൾ മുപ്പതുമതിലധികവും ചുറ്റും
ഉണ്ടെന്നു സംശയമൊന്നിനെങ്കിലും നൽ ബോധം
എന്നിൽനിന്നുയർന്ന വാക്കിൽനിന്നൊരക്ഷരമെങ്കിലും
വേർതിരിക്കുവാനുൾക്കൊള്ളുവാനാവില്ലൊരുത്തനും
പരിഹാസച്ചിരികളും പുകച്ചുരുളുകളും താണ്ടി
പച്ചമണ്ണിലേക്കു ഞാൻ വീണ്ടുമിറങ്ങവേ
പകയില്ല പരാതിയില്ലൊരു പാതി വികാരം പോലുമില്ല
എന്നിൽ നിറയുന്നതൊരു തരം ശൂന്യത മാത്രം
ഫണ്ടും പദ്ധതികളും പകൽ വെളിച്ചത്തിലിനിയും വരും
പങ്കെന്റെതെന്തതിൽ കയ്യിട്ടുവാരാനെന്നതേ
പുലരുവോളം നിനച്ചിടേണ്ടൂ ഞാൻ, അല്ലാതെ
പ്രകൃതി സ്നേഹവും പിണ്ണാക്കും പകരില്ലെനിക്കൊരു
പത്തുകാശും പ്രശസ്തിയും പട്ടു കൗപീനവും
എരിഞ്ഞൊടുങ്ങട്ടെയോരോ പുൽനാമ്പും പാരിലെ
വെളിവായിടട്ടെ അവ്വിധമെങ്കിലുമിടയിലെ
കളകൾ ഉയർന്നൊരു കള്ളിമുള്ളായ്
ഉലകമൊടുക്കുവാൻ ഉയർന്നു നിൽക്കുന്നുവെന്ന്

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

ബോധ തലങ്ങൾ


ഞാൻ നിന്നിലേക്കടുക്കുന്തോറും
എന്നിലെ ആസക്തി വർദ്ധിതമാകുന്നു
ഞാൻ നിനക്കായ് അലയുന്തോറും
എന്നിൽനിന്നത്രമേൽ നീയകന്നു പോവുന്നു
എന്റെ തേട്ടങ്ങളെന്തെന്നു ഞാൻ
ഒരു പുനർവായന നടത്തവേ
എന്നിലൊരു ശൂന്യത മാത്രം
എനിക്കു പുറംതിരിഞ്ഞിരിക്കുന്നു
ഉയരങ്ങളിലെ ഗോപുരങ്ങളിലാണു
എന്റെ കണ്ണുകളുടക്കിയിരിക്കുന്നത്
ഭാവങ്ങളുടെ ഉഛസ്ഥായികൾ
ഭ്രമങ്ങളുടെ ഉയർനിലങ്ങൾ
വികാരങ്ങളുടെ തുടർചലനങ്ങൾ
ഞാൻ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു
എന്നിൽ പൂവുതിർക്കാതെ പോയ
ഓരോ വ്രണിത വസന്തങ്ങളും
പെയ്യാതെ പോയ ഓരോ വർഷങ്ങളും
വെറുപ്പിൻ ചുമരുകളതിരിട്ട
മത മേൽക്കോയ്മ തീർത്ത വിഷവിത്തുകളാണു
വേദങ്ങളിലെഴുതാത്ത, വെഞ്ചെരിക്കാത്ത
പൗരോഹിത്യ സ്വാർത്ഥ വചനങ്ങളും
പുത്തൻ മതശാസനകളും പറിച്ചെടുത്തെറിഞ്ഞത്
എന്നിൽ തളിർത്തുയരേണ്ട ചില്ലകളാണു
എനിക്കുചുറ്റുമൊരുനൂറു നീരാളിക്കൈകളായ്
എന്റെ ചിന്താധാരകളെപ്പോലും വഴികെടുത്തുന്ന
ഉഗ്ര അൾത്താര ബോധനങ്ങളായ്
ഇനിയും മതമൊരു പുതുപരിവേഷമായ്
പുരോഹിത വൃന്ദത്തിൻ പുത്തൻ വിളംബരവുമായ്
എന്റെ ബോധതലങ്ങൾക്കൊരു കാരഗൃഹം തീർക്കും മുൻ
എന്റെ ഓർമ്മകളൊക്കെയും അടവെച്ചു 
ഞാൻ വ്യർത്ഥം വിരിയിച്ചെടുക്കട്ടെ
000000000000000000000000000000000000000000000

2012 ജനുവരി 26, വ്യാഴാഴ്‌ച

എന്റെ വിശ്വാസം


നേരിട്ടൊരു നിവേദ്യമർപ്പിക്കാൻ
പൗരോഹിത്യ മേൽക്കോയ്മയില്ലാതൊന്നു
മനസങ്കടമുണർത്തുവാൻ
എനിക്കാവാതെ പോവുന്ന നാളൊക്കെയും
ദൈവമെന്നിൽനിന്നത്രമേൽ
അകന്നു നിൽക്കുന്നുവെന്നെന്റെ വിശ്വാസം


വിയർപ്പിന്റെയോരോ കണങ്ങളും
കമ്പോള മൂലയിൽ ചേർത്തുവെച്ച്
വിലപേശി വിൽക്കുവാൻ എനിക്കാകും വരെ
മണ്ണിന്റെ മണമറിഞ്ഞൊരു നൽവിത്ത്
വിതച്ചത് കൊയ്തെടുക്കുവാൻ
എനിക്കാവാതെ പോകുമെന്നതെന്റെ മതം


തെരുവിന്റെയോരോ മൂലയിൽ നിന്നും
കൊടിയ സാമ്പത്തിക അസമത്വം ദൈന്യമായ്
ഒരു നേരത്തെയന്നത്തിനു വേണ്ടി കൈനീട്ടവേ
കൺമൂടിയുറക്കം നടിക്കുന്ന ഭരണകൂടമോരോന്നും
നാടിനെ കാർന്നൊടുക്കുന്ന അർബുദമെന്നത്
ഒരു നടുക്കത്തോടെയുൾക്കൊള്ളുന്ന എന്റെവിപരീതവിശ്വാസം


ഒരേ നാളിലൊമ്പത് വട്ടം അനാഥത്വം കൽപ്പിച്ച്
വിദ്യാ ഭിക്ഷ പോലും നിഷേധിച്ച് പടിയടച്ചൊതുക്കുന്ന
ബാല രോദനം മുഴങ്ങുന്ന നാളൊക്കെയും
ദൈവ വചനമൊന്നു പോലും കടന്നെത്തില്ല
ഏതൊരാത്മാവിലുമെന്നതിന്നെന്റെ
വികല മനസ്സിന്റെ വിശ്വാസപ്രമാണം


വാക്കുകൾ പകർന്നാടാനാവാത്ത
വികാരങ്ങൾ പങ്കുവെയ്ക്കാനരുതാത്ത
വിശുദ്ധ സങ്കൽപങ്ങൾ പടച്ചുവിടുന്ന
വികാരികൾക്കെതിരെയൊരു വാളെടുക്കുവാൻ
എന്റെ കുറിമാനങ്ങൾക്കാവാത്ത ദിനമൊക്കെയും
ഒടുങ്ങട്ടെയെന്റെയുള്ളിലെയുൾക്കടലിൽ തന്നെ
എന്നിലെ വാക്കും വിശപ്പും വികാരങ്ങളത്രയും
00000000000000000000000000000000000000000000000000000000000

2012 ജനുവരി 22, ഞായറാഴ്‌ച

പ്രണയ ഹാരം


സ്നേഹത്തിന്റെ സ്വന്തമെൻ സുചിത്രയ്ക്ക്
ഇനിയൊരു ചിത്രം കോറിയിടാൻ പോലുമാവാതെ
എന്റെ ഓർമ്മകളുടെ പാളികൾ എന്നിൽ നിന്നും
തുരുമ്പെടുത്തടർന്നു പോയൊരു നാളതറിയുന്നുവോ
ഒരു ചെറുപുഷ്പം പോലും വിടരുവാനാവാതെ
എന്റെ വസന്തങ്ങളുടെ ഏടുകൾ മണ്ണടിഞ്ഞന്നു
ചിതലെടുത്ത് പോയത് നീയറിയുന്നുവോ


ദൂരങ്ങളിലെവിടെയോ എന്റെ താളുകളിൽ
സ്വപ്നങ്ങളുടെ ചില്ലകളൊക്കെയും പൂവണിഞ്ഞ്
വർണ്ണ വിസ്മയം തീർത്തിരുന്നത് ഞാനുണരുന്നു


വറുതിയുടെ ബാല്യവും വെറിപൂണ്ട യൗവ്വനവും താണ്ടി
തെളിനീരു കിനിയുന്ന നാളെകൾക്കു മാത്രമായ്
അടരാടുന്ന വേളകളിൽ പോലുമെന്റെ
വിദൂര സ്വപ്നങ്ങളുടെ മേടയിലെനിക്കു താങ്ങായ്
എന്നിലൊരു നിറദീപമായ് നിന്നെ ഞാൻ കിനാകണ്ടിരുന്നു


എന്റെ പൂക്കാലങ്ങളുടെയൊടുക്കത്തെ മധുകണം പോലും
ഊറ്റിക്കുടിച്ചൊടുക്കമൊരു വെറുംതോടായെന്നെ
കാൽക്കാശിനുതവാത്തവൻ, കാൽപ്പനികതയറിയാത്തവൻ
കെടുകെട്ടവനെന്നായിരം ശാപവാക്കുകളുമായ് ഭത്സിച്ചു
എന്നെയോരോ ആൾക്കൂട്ടങ്ങളിലുമപഹാസ്യനാക്കി
കല്ലെറിയാനെന്നെയൊരു പടതന്നെ സജ്ജമാക്കി
എന്നിലെ കരിന്തിരിപോലും ചവിട്ടിമെതിച്ചു കടന്നവൾ


നീയെന്റെയപചയങ്ങൾക്കു കാതോർത്തൊരു കോണിൽ
ഞാൻ വീണടിഞ്ഞൊരു മൺപുറ്റായ്ത്തീരും ദിനം
മനസ്സിലെണ്ണി വീണ്ടുമേറെ തരളിതയായ് പ്രണയ വിവശയായ്
ആയിരം തേന്മാവുകളിൽ പടർന്നു കയറുന്ന നേരവും
ഞാനെന്റെ താളുകളിൽ പടരാതെപോയ വാക്കുകൾക്കായ്
അടയിരുന്നാത്മ വേദനയിൽ നീറിയൊടുങ്ങുകയായിരുന്നു


ആത്മ നൊമ്പരങ്ങളിലമർഷമടഞ്ഞൊടുവിലൊരു നാൾ
എന്നിൽ നിന്നുതിർന്ന വാക്കുകൾക്കൊക്കെയും
നൂറുപൊൻ നാമ്പുകൾ കിളിർത്തതിൽ സുന്ദര
മോഹനമൊരു പുതുയുഗമുദയം കൊള്ളവേ
ആശിച്ചുകൊള്ളട്ടെ ഞാനൊട്ടഹന്തയോടെ


വിശുദ്ധമീ പ്രണയമൊട്ടുകൾ നിഷ്കരുണം പറിച്ചെടുത്ത്
വിഷം ചീറ്റുന്ന വർഗ്ഗീയ കായ്കളുമായ് കൂട്ട്ചേർത്ത്
വിഭ്രമ രക്തഹാരം പണിയുവോരെയൊടുക്കുവാൻ
വീണ്ടുമൊരു മുഗ്ദ്ധ പ്രണയമായ് നീയെന്നിലുദയം കൊള്ളുക


ഇന്നെന്നിൽ തളിർത്തുലകളവിൽ പടർന്നു നിൽക്കുമീ
കാവ്യ വന്മരത്തണലിൽ നിന്നൽപ്പം ശുദ്ധ പ്രണയം
ഒരുനുള്ളു സ്നേഹം ഒരിറ്റു പരിഭവം നല്ല കണ്ണീരൊരു കണം
പകരുവാനെനിക്കാവുമെങ്കിൽ എന്റെ തൂലികത്തുമ്പതു
വിലമതിക്കുന്നു ഞാൻ മറ്റേതു കനകകൂമ്പാരവുമതിലധികവും


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...