2015 ജനുവരി 27, ചൊവ്വാഴ്ച

പകൽക്കിനാവ്


പ്രണയാതുരമല്ല,
കാമത്താൽ കല്ലിച്ചതല്ല
അസഹിഷ്ണുതയുടെ ആഴങ്ങളിൽ
ആർത്തി മൂത്ത വേളകളിൽ
സ്വയമോർത്ത് കോർത്തെടുത്തതല്ല
അത്ര വെളിച്ചത്തിൽ ഞാൻ
നിന്നെയൊരു മാത്രയെങ്കിലും കണ്ട്
അടുത്ത കണമെന്നായുസ്സ്
എരിഞ്ഞൊടുങ്ങുമെന്നാകിലും
ആത്മ നിർവൃതിയെന്ന് പുലമ്പുകില്ല
കൈക്കുമ്പിളിൽ ഞാൻ കൊണ്ട നിലാച്ചീന്ത്
കാലമെല്ലാം എനിക്കൊത്ത് ശയിച്ചാലും
അയൽക്കാരന്റെ ജാലകപ്പഴുതിലൂടെയത്
ഊർന്നിറങ്ങുന്ന വേളയിൽ ഞാനുറ്റു നോക്കുന്നു
ഇനിയെന്റെ സ്വപ്നങ്ങളൊക്കെയും
ഒരു പകൽ മുഴുക്കെ തിളച്ചുരുകി
വെന്ത് വേപഥു പൂണ്ട് പാകമായി
അരമനകളിലെല്ലാം കൊറിക്കപ്പെടും
വഴിപിഴച്ചവനെന്ന് മുദ്ര ചാർത്തപ്പെട്ടവൻ
മൂന്നാം യാമത്തിനപ്പുറം വിശുദ്ധനായ് വാഴ്ത്തപ്പെടും
അസ്തമയത്തിനൊടുവിൽ അവനായ്
ചില്ലുമേടയൊരുക്കി കുന്തിരിക്കം പുകയ്ക്കും
തിളയ്ക്കുന്ന ദുരിതങ്ങളിൽ നിന്നാണവൻ
കവിത വാറ്റിയിരുന്നതെന്നു ജനം ഏറ്റു പറയും
ഒടുവിൽ, സാഗരമൊരുനാൾ നദിയിലേക്ക്
ആസക്തിയോടെ തിരിച്ചു കയറും
അതു വരെ ഞാനൽപം കൺതുറന്നുറങ്ങട്ടെ

00000000000000000000000000000000

2014 ഡിസംബർ 18, വ്യാഴാഴ്‌ച

വിധവ


വസന്തം മധു ചുരത്തിയ മുതൽ ദശയിലൊരു നാൾ
പറിച്ചെറിഞ്ഞെന്നിലെ പ്രിയതരമായതൊക്കെയും
പകരമെനിക്കേകിയതൊരു സഹതാപക്കാഴ്ചയും
വിധവയെന്നൊരു കടും വെറുപ്പിന്റെ വിളിപ്പേരും


കാണാൻ നിറങ്ങളിലാറാടിയ ആയിരം സ്വപ്നങ്ങളും
പകരാൻ നെഞ്ച് നിറഞ്ഞ് കവിയും നൽ സ്നേഹവും
പാടാൻ പ്രണയ ഗാനവും, കുറിച്ചിട്ട നൂറു കവിതയും
കരിഞ്ഞു വീണതെല്ലാം വെറും നൊടിയ്ക്കുള്ളിലായ്


ഉണ്ട് കാരണം പലത് നിങ്ങൾക്കു കാണുവാൻ
ശുദ്ധ ജാതകം, ഗ്രഹനില, സർപ്പ ദോഷമങ്ങനെ
ശവതുല്യയായിന്നു നാളുകഴിപ്പതിലിത്ര ക്ലേഷമായ്
ഉന്മാദാവസ്ഥയിൽ വെന്തു വിരഹമുണ്ട് തീരുന്നു


മന്ത്രമുരുക്കഴിക്കും തിരുവമ്പല നടകളിൽ
ശാന്തി ശാന്തിയെന്നോതും പുരോഹിതർ
ശിവാവതാരമായ് സദാചാരം കാക്കുവോർ
മൂവന്തിനേരം മൂളിപ്പാട്ടുമായ് വരുവതെന്തിനോ


തെറ്റായൊരുമാത്രയൊന്നും കണ്ടില്ലയോർത്തില്ല
മറ്റൊരാളൊത്ത് മനസ്സിലെങ്കിലും ശയിച്ചില്ല
മങ്കയാണു ഞാനെന്ന വിചാരമുണ്ട് വേപഥുണ്ട്
തീരാ മോഹം തലയിണയിലമർത്തി വെയ്പൂ


വിധവയെന്നെന്റെ വേദനയുടെ പേരുമാറ്റി
പതിതയെന്നു പതിച്ചു തന്നു പുലഭ്യം പറഞ്ഞു
പത്താളു കൂടുന്നിടത്തെല്ലാം പറഞ്ഞാടാൻ
വേശ്യയായ് വാഴ്ന്നു തീർക്കുന്നു കാലമെല്ലാം

000000000000000000000000000000

2014 ഡിസംബർ 10, ബുധനാഴ്‌ച

ചുംബന സ്വാതന്ത്ര്യം


പെറ്റവളോടൊത്ത് പെരുവഴി തെണ്ടവേ
പിൻ വിളി വിളിച്ചവൻ ജാതി ചോദിക്കുന്നു
കൂടെപ്പിറന്നവൾക്ക് കൂട്ട് പോകവേ
കണ്ടവനൊക്കെയും കാര്യം തിരക്കുന്നു
മതി മറന്ന് മനം തുറന്ന് ചിരിക്കവേ
മതമേലാളന്റെയസഭ്യ വർഷം
ദൈവ സന്നിധിയിൽ നൊന്ത് കരയവേ
താലി കെട്ടിന്റെ സാക്ഷ്യപത്രം തേടുന്നു
ഇനിയെന്റെ മണ്ണിലൊരു യുഗ്മ ഗാനം പാടാൻ
തെരുവീഥിയൊക്കെയും തുണയായ് പോകാൻ
കൊതി പൂണ്ട് മതി കൊണ്ട് കഴിയുന്നുവെങ്കിലും
ഇല്ല ഞാനില്ല ചുംബിച്ച് തീർക്കാൻ
ഒരു കണവുമാകില്ല കെട്ടിപ്പുണരാൻ
സ്നേഹമെന്നുള്ളിൽ നിന്നുറവയായ് ചുരത്താൻ
പ്രണയ പാരവശ്യം പകർന്നാടിയൊഴുകാൻ
ആവില്ലൊരിക്കലുമൊരു പകൽ ചൂടിൽ
പ്രണയം തെരുവിലേക്ക് വലിച്ചിഴക്കുന്നോൻ
സമത്വ സ്വാതന്ത്ര്യം ചുണ്ടിൽ പുരട്ടിയോൻ
പ്രഘോഷിക്കുന്നില്ലൊരു പാവന സ്നേഹം
തമ്മിലുരുണ്ട് സ്ഖലിച്ച് തീരാൻ
തെരുവു നായ പോലും മറയൊന്നു തേടും


xxxxxxxxxxxxxxxxxxxxxxxxxxxxxx

2014 ഡിസംബർ 6, ശനിയാഴ്‌ച

കല്ലറയിലേക്കൊരു കാതമളന്ന്. . .



വിഭവ നിരാസകനൊരുവനെന്നെ
വിടാതെ പിന്തുടരുന്നതറിയുന്നു
വട്ടുരുട്ടി വട്ടം ചാടി തകര തല്ലി
വയലും വരമ്പും തോടും നിരങ്ങി
വീടണയുമൊരു ബാല്യം വെറുതെ
വിത്തിനെങ്കിലുമെറിയാതെയെന്നിൽ
വെറുങ്ങലിച്ച് വീണെരിഞ്ഞിരുന്നു


കഥയില്ലാതെ കളിക്കൂട്ടില്ലാതെ
കിന്നാരം പറയാനൊരു കിളിയില്ലാതെ
കലാലയവും കാത്തിരിപ്പുമില്ലാതെ
കാണാനൊരു കിനാവില്ലാതെ
കത്തുന്ന നഗരത്തിന്റെ കരിമ്പുകയിൽ
കൊഴിഞ്ഞു പോയ യൗവ്വനകാലം
കിരാത പർവ്വം തഴമ്പിച്ചു കിടക്കുന്നു


സ്വന്തമായൊരു വിലാസമില്ലാതെ
സ്വപ്ന തുല്യമൊരു വാമഭാഗമില്ലാതെ
സാഗരം സരിത്തും സ്വയം വരവുമില്ലാതെ
സഹിച്ചും ക്ഷമിച്ചും കരിഞ്ഞു തീരാൻ
സൂര്യനു കീഴിൽ വെറുമൊരു കരിന്തിരിയെരിയുന്നു


ഒടുവിലെന്റെ വാക്കുകളൊക്കെയും
ഒടുങ്ങാത്തൊരു ഒഴുക്കായ് വന്ന്
ഓരോ കല്ലറയും പിളർന്നതിൽ നിന്ന്
ഒപ്പിയെടുക്കുമെന്റെയസ്തിത്വം
ഒറ്റപ്പെട്ടൊഴിയട്ടെ അന്നുവരേക്കുമീ ഞാൻ


0000000000000000000000000000000

2014 നവംബർ 11, ചൊവ്വാഴ്ച

മുലക്കരം


ഞാൻ നങ്ങേലി
നങ്ങേലിയാരെന്നോ ?
തെരുവിലേക്കിറങ്ങുന്ന ചുംബനങ്ങളും
വഴുക്കുന്ന ആലിംഗനങ്ങളും
സ്വതന്ത്ര രതിപ്രകടന ചിന്തകളും കടന്ന്
ചരിത്രത്തിന്റെ മരവിപ്പുകളിൽ
സ്വയം മറന്നു വെച്ചവൾ
ഒരു മേൽമുണ്ട് പോലും മറുത്ത്
റൗക്കയും മുലക്കച്ചയും നിഷേധിച്ച്
ശരീര വടിവുകൾക്കും വളർച്ചയ്ക്കും
കരം ചുമത്തിയ കാലത്തിന്റെ ഒരേട്
സാമ്പത്തിക അസമത്വം തീർത്ത
ദുഷ് പ്രഭുത്വ മേലാളരുടെ
ഇഛയ്ക്കുമിംഗിതത്തിനുമനുസൃതം
കാലാകാലങ്ങളിൽ മുലക്കരം കെട്ടിയോൾ
ഒടുവിലെന്റെ കിടാത്തിക്കു നൽകാൻ
ഒരു തുള്ളി സ്തന്യം ചുരത്താതെ
ഉടയോനവന്റെ പരവേശമൊടുക്കാൻ
ഒരു തുണ്ടു പോലും നീക്കി വെയ്ക്കാതെ
മുലയൊന്നു വെട്ടിയരിഞ്ഞു നല്ലിലയിൽ
ഉദ്യോഗ മേലാളനു കാണിക്ക വെച്ചവൾ
സ്വന്തം മരണത്തിനുമൊപ്പമൊരു മൗഢ്യ
നീതി വ്യവസ്ഥയെ നാടുകടത്തിയോളൊടുക്കിയോൾ
ഇന്നു ഞാനീ നരകകോണിനുമപ്പുറം
നോക്കിക്കാണുന്നു നിങ്ങൾ തൻ പിത്തലാട്ടങ്ങൾ
മാറു മറയ്ക്കാൻ മാനം കാക്കാൻ
മനുഷ്യനായൊരു നൊടി വാഴാൻ
ചോരചിന്തിപ്പോരെടുത്ത വീരർ തൻ പിന്മുറ
തെരുവിലിറങ്ങിരതി തീർക്കുവാൻ
തമ്മിലുരഞ്ഞ് സ്ഖലിച്ച് തീരുവാൻ
ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി
ജാതിയും കൊടിഭേദവും മറന്ന്
ഒന്നായ്ത്തീരുന്നയീ വേളയിൽ
പ്രളയമൊന്നു കിനാകണ്ടു ഞാൻ
തുടച്ചെറിയപ്പെടട്ടെ ഓർമ്മയ്ക്കുമപ്പുറം

xxxxxxxxxxxxxxxxxxxxxxxxxxx

2014 നവംബർ 4, ചൊവ്വാഴ്ച

മരണം



ഇതെന്റെ മരണമാണു
നാൽപതാണ്ടുകൾ
നായായലഞ്ഞ്
നഗര ഹൃദയങ്ങളിലൊക്കെയും
നരക രസം മോന്തിയൊടുക്കം
കിതച്ചുവീണിവിടെ കിടക്കയിൽ


സ്വന്ത ബന്ധങ്ങളുടെ
ഞരമ്പുകളൊക്കെയും
വെട്ടിയറുത്ത് തീയിട്ട്
വേപഥു തെല്ലും തീണ്ടാതെ
പരിഭവം പകുക്കാതെ
തെല്ലൊന്നുപോലും
കൺ കലങ്ങാതെ, നിറയാതെ
നിഴൽ രൂപമൊത്ത് ശയിക്കയിൽ


വിപ്ലവം പകരാത്ത പാലും
ആദർശം നൽകാത്ത പഴവും
ലഹരി തീണ്ടാത്ത വീഞ്ഞും കൊണ്ട്
വീറുമൂത്ത് തെരുവെല്ലാം അലഞ്ഞ്
ജാതികോമരങ്ങളെ ഭത്സിച്ച്
പുരോഹിത വേഷങ്ങളെ വെറുത്ത്
മതം കെട്ട് മതി കെട്ട് സ്മൃതിയറ്റ്
സ്വന്തം പുണ്ണുനോക്കി ചിരിക്കയിൽ


ഓർത്തു കഴിയുവാൻ കൂട്ടിനുണ്ട്
പഴയ ആർത്ത നാദങ്ങൾ
കവിതാ ശകലങ്ങൾ
പീഢാനുഭവങ്ങൾ
പരിഹാസങ്ങൾ


ഇനി മരണമെന്നിലെത്തിയാൽ
കാരുണ്യ കരം ഗ്രഹിച്ചു നടത്തം
നൽസമ്മതമെന്നിരിക്കയിൽ
നിന്റെ നിർബന്ധ ബുദ്ധിയിൽ
ചോരാ കണ്ണീർപ്പെരുമഴയിൽ
പരിഭവ വാഴ്ത്താരിയിൽ
ആൾദൈവമൊന്നിന്റെ
കാൽ തൊട്ട് വന്ദിച്ചു വണങ്ങി
ശോഭന ഭാവിയൊന്നും
സ്വസ്ഥ ജീവിത മാർഗ്ഗവും
കേണു കെഞ്ചി കൈകൂപ്പവേ
അറിയുന്നു ഞാൻ മരണമെന്നത്
ചലനമൊന്ന് നിലയ്ക്കലല്ല
മറിച്ച്,ആദർശം താത്പര്യം
ചിന്താ ധാരയെല്ലാം അന്യന്റെ
ചൊൽപ്പടിക്കീഴിലർപ്പിച്ച്
സ്വയമുരുകി കൃമിയായ് കീടമായ്
മണ്ണിലലിഞ്ഞൊടുങ്ങലാണു

0000000000000000000000

2014 ഒക്‌ടോബർ 29, ബുധനാഴ്‌ച

വട്ടപ്പൂജ്യം


വലിയ വട്ടപ്പൂജ്യം അത്രയിഷ്ടമാണെനിക്ക്
കാറ്റു നിറഞ്ഞു പൊട്ടാറായൊരു ബലൂൺ
അതിൽ ഞാനെന്നെ കണ്ടെടുക്കുന്നു
വിശന്നൊട്ടിയ വയറുമായ് വരുന്നവനു
പുലരുവോളം വിശുദ്ധ വചനം വിളമ്പരുത്
ഒരുവേളയെങ്കിലും അപ്പമാവുക
ആർത്തി മൂത്ത ദാഹം കൊണ്ടവന്റെ വായിൽ
വേദം നിറച്ച് ആർത്ത് ചിരിക്കായ്ക
കുമ്പസരിക്കാൻ ചെറുകൂട് പണിത്
വ്യഭിചരിക്കാൻ മണിമേട തീർക്കുന്ന
കപട ഭക്തി വാഴ്ത്തപ്പെടും
ന്യായ വിധി നാളന്നു വരെ
സർക്കാരാതുരാലയപ്പടിക്കെട്ടിൽ
ക്ഷയം തിന്ന് ചോര തുപ്പുവോനു
കരുണയുടെ നോട്ടം നിഷേധിച്ച്
ധൂർത്ത് തീർത്ത യാഗ കുണ്ഡത്തിലേക്ക്
പതിനാറു കാതം ദൂരെ നിന്ന് നീ പറന്നിറങ്ങുക
നിന്റെ താര പരിവേഷവും മാംസ ഗോപുരവും
നീ ചെലുത്തിയ കാണിക്കപ്പെരുങ്കൂനയും കടന്ന്
മാധവ നയനമെൻ വിയർപ്പു തുള്ളിയിൽ
മൃദുവായ് തട്ടിത്തലോടാതെ വരുകിൽ
ഗണിക്കുന്നു ഞാനീശനുമെൻ തൊടിയിലെ
കരിമ്പാറയും വെറുപ്പിന്റെ വേലിക്കെട്ടിനപ്പുറം
തമ്മിൽ ഭേദമില്ലാതെ തുല്ല്യരായ്

oooooooooooooooooooooooooo

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...