2015 ജൂലൈ 30, വ്യാഴാഴ്‌ച

വിയർപ്പിന്റെ അഗ്നിവേഗം




ഓ പ്രിയേ,
നരക ചൂടിനുമപ്പുറം
നെഞ്ചുരുക്കുന്ന തീയിലാണു പ്രവാസമെന്ന്
നിനക്കു ഞാൻ കാവ്യ സന്ദേശമെഴുതുന്ന വേളയും
ഉള്ളിലൊരു കോണിൽ നീ പകർന്ന സ്നേഹവും
അതിനു ഞാൻ തീർത്ത മൂല്യവും ഒന്നു ചേർന്ന്
ഒരു കുളിരാവരണം എനിക്കു നിത്യമേകിയിരുന്നു

ഒറ്റപ്പെടലിന്റെ ബീഭത്സ രാവുകളിൽ
അല്പ മാത്രയെങ്കിലും  നീ നൽകിയ

അത്ര മഹത്തരമാം ചെറു ചൂടിനെ
കെട്ടിപ്പിടിച്ചടുക്കി വെച്ചു ഞാൻ
കാലമെല്ലാം നിനക്കൊത്ത് വാഴുവാൻ
ചെറു മുത്തുകളോരോന്നും പെറുക്കിയെടുത്ത്
മനകോണിനുള്ളിലൊരു മാളിക തീർത്തിരുന്നു

നൊന്ത് പെറ്റ്, ഞാനാകുവോളം
ഒരു പോള മാത്രമടച്ചുറങ്ങി
എനിക്കൊത്ത് പനിച്ച്
എന്നെയോർത്ത് തപിച്ച വയറിനെ
ഒരു കാലംപോലുമോർക്കാതെ
ഇന്നലെയെന്നിലേക്കണഞ്ഞതാണെങ്കിലും
ഒരു നാളുമണഞ്ഞു പോകാതെ നിത്യവും
എന്നിൽ പ്രഭയേകുവാൻ നിന്നെ
നിന്നെ മാത്രം കിനാ കണ്ടിരുന്നു

വെറുമൊരു ഉദ്ധാരണത്തിൽ തുടങ്ങി
വിയർപ്പിന്റെ അഗ്നി വേഗവും കടന്ന്
മടുപ്പിക്കുന്ന സ്ഖലന നോവിലേക്ക്
അലിഞ്ഞിറങ്ങുന്ന അരമാത്ര മാത്രമോർത്ത്
നീയെന്നെയോർക്കാതെ പോയതിലുമില്ല്ല
പരിഭവമെനിക്കു തെല്ലുമേ,യെങ്കിലും
ആർത്തിയുടെ ആവർത്തനപ്പട്ടികയിൽ
ഒരിക്കലെങ്കിലും നിന്റെ വ്യഭിചാര വൃത്താന്തം
നാട്ടുകൂട്ടം വർത്തമാനമാക്കുമെന്നും, അതെന്നും
നിന്നെയെന്നിൽ നിന്നടർത്തുമെന്നും
എനിക്കായെങ്കിലുമോർത്തിരുന്നെങ്കിലോമലേ
ഞാൻ കൊണ്ട വെയിലിനും തീർത്ത കനവിനും     
കണ്ണീരുമാത്രം തുണയാകുമായിരുന്നില്ല നിത്യവും
00000000000000000000000000000

2015 ജൂലൈ 19, ഞായറാഴ്‌ച

ഒറ്റുകാരനെത്തിനോക്കാത്തൊരു ഒറ്റപ്പൊളി ജാലകം



ഹേ കവേ,
ഞാനഭിരമിച്ചത്
നിന്റെ ദേഹ കാന്തിയിലല്ലെന്നും
കാലമെല്ലാം എന്റെ പ്രണയം
വാക്കുകളിൽ വസന്തം പൊതിഞ്ഞ
നിന്റെ കാവ്യങ്ങളിലായിരുന്നെന്നും
മാലോകർക്ക് നീ വെളിപാട് നൽകുക
വഴുവഴുത്ത ശരീരഭാഗങ്ങൾ
ഒന്നുചേർന്നൊരുക്കുന്ന
നൈമിഷിക സുഖങ്ങൾക്കുമപ്പുറം
ഒരു കൺകോണിൽ അസ്തമയം വരെ
നിന്നെ കണ്ടിരിക്കലാണു നിത്യ സുഖമെന്ന്
ഞാൻ പ്രമാണമൊരുക്കിയത്
നിന്റെ ജനതയ്ക്ക് നീ വേദാന്തമോതുക

എന്റെ ശവകുടീരം
മഴയിൽ കുതിർന്നലിഞ്ഞു പോകവേ
പണ്ടു നീ പകർന്ന ചുടുനീരുകൊണ്ടെന്നെ
വീണ്ടും പുതപ്പിക്കുക
നിന്റെ സ്വപ്നങ്ങൾക്കുമേൽ
പടർന്നിറങ്ങി ത്രസിപ്പിച്ച
എന്റെ മുടിച്ചുരുളിൽ
വീണ്ടുമൊരു കാറ്റായ് നീ നിറയുക
ഇനിയുമൊരു ഒറ്റുകാരൻ
എത്തിനോക്കി വികൃതമാക്കാത്ത വണ്ണം
എന്റെ കുഴിമാടത്തിലെയൊറ്റപ്പൊളി ജാലകം
നിന്റെ മുഖം വെച്ചു നീ ബന്ധിക്കുക
നിറുത്താതെയെന്നിൽ കവിത ചൊരിയുക


000000000000000000000000





 

2015 ജൂൺ 11, വ്യാഴാഴ്‌ച

മഴയോട്


വരിക, നീയെന്റെ ഉപ്പു തടാകം നിറയ്ക്കുന്ന വിയർപ്പായ്
തിമിർത്തു പെയ്ക, കാലം ഉഴിഞ്ഞിട്ട മലിനമെല്ലാമൊഴുക്കുക
സന്ധ്യയ്ക്കു വിരിഞ്ഞു പുലർന്ന അവിഹിത ബാന്ധവം
തോളിലിട്ട കൈ ഞെരിച്ചു തെറിപ്പിച്ച  സ്വപ്ന ജീവിതം
അക്ഷര ഭിക്ഷയിൽ കൂട്ടിക്കുഴച്ച് പകർന്ന രതിയമ്ളകണം
എല്ലാമെടുക്കുക, അങ്ങു ദൂരെ പെരുങ്കടലിലൊഴുക്കുക
അയല്ക്കാരനിലർപ്പിച്ചു പോയ മകളുടെ ഇടതു സ്തനം
തേരാളിയിൽ കാമകല്പം തേടിയ വാരിയെല്ലിന്റെ ചെറു കഷ്ണം
ഒന്നും ബാക്കി വെയ്ക്കരുത്, നാളെ സാക്ഷ്യപത്രമാകുവാൻ
നോട്ടുകെട്ടിൽ പരവതാനിയിട്ടുറങ്ങുന്നുണ്ട് ഭരണ മേല്ക്കോയ്മ
വിയർക്കാതെ ഭോഗിച്ച് ചുളിയാതെ ചരിക്കുന്നു പൗരോഹിത്യം
അരുത്, അലോസരപ്പെടുത്തരുതാരെയും നാളെയും വേണ്ടവർ
ഇടിവെട്ടിയൊന്നിലുമീർഷ്യയില്ലാതെ തുടർന്ന് പെയ്യുക
കാവിന്റെ തിണ്ണയിൽ പെരുമഴയത്ത് കയറിയഭയമേറ്റവനെ
തീണ്ടലിന്റെ തിരുവേദമോതിയറുക്കുന്ന വേദാന്തപ്പരിഷകൾ
കവിത കുറിക്കുന്നവൻ കാടു കാക്കുന്നവൻ കാഫിറെന്ന
പുതു സിദ്ധാന്തം നെയ്ത് സ്വവർഗ്ഗ ഭോഗം പകുക്കുന്നവർ
വീഞ്ഞിന്റെ ലഹരിയും കുമ്പസാര രഹസ്യവും ചേർത്ത്
പാതിരാക്കുർബാനയിൽ പാനപാത്രം മൊത്തിക്കുടിക്കുവോർ
ഇല്ല, നീയാരെയും കാണുന്നില്ലൊടുക്കുന്നില്ലറിയാതെ പെയ്യുന്നു
നീ പെയ്യുന്നതെന്റെ സ്വപ്നമാണൊഴുകുന്നതെന്റെ കവിതയും
നീ പകരുന്നതെന്റെ നീരാണു കെടുത്തുന്നതെന്റെയാധിയും
ഇനിയൊരു കർക്കിടകപ്പെരുങ്കോളിൽ തകർന്നടിയണം
മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക അസമത്വ ജാതകം
പുലരണം പുതു പുലരിയൊന്ന് ചെറു മഴയ്ക്കൊപ്പം
അതിൽ പൂക്കണം കീഴാള ജീവിതമേൽക്കണം  കരുത്തവർ
അതുവരെ തീരാതെ പെയ്യട്ടെ പെരുമഴയുമെന്റെ കാവ്യവും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2015 ജൂൺ 1, തിങ്കളാഴ്‌ച

ഏകകായം പരബ്രഹ്മം


കവിതകളെന്നിൽ നിന്ന്
കരകടത്തപ്പെടുമ്പോൾ
മരുഭൂമി തീർക്കുന്നതെന്റെ
ഹൃദയ തീരങ്ങളിലാണു
ആഭിചാരത്തിന്റെയന്ത്യ മാത്രയിൽ
വെള്ളരിപ്പച്ചപ്പുകളിൽ
ഇരുമ്പാണി തറയ്ക്കവേ
വ്രണപ്പെടുന്നതെന്റെ
വിശ്വാസപ്പാടമാണു


നീ ഉരുവാക്കിയതുയിർ കൊടുത്തത്
നിന്റെ ഊർജ്ജത്തിനു
സമരേഖ തീർക്കുകിൽ
നീയെന്ന ബിംബം അസ്തമിച്ചൊടുങ്ങുന്നു
 

കൂവളത്തളിരുകളിൽ തിരുനൂറു പുരട്ടി
നാളികേരപ്പാതിയിലൊരു നെയ്ത്തിരിയിട്ട്
തെക്കോട്ട് നോക്കി പുലഭ്യമോതുകിൽ
പൊലിയുന്നതാണു ശ്രീയും ശനിയുമെന്നാൽ
നീയുമെൻ കണ്ടത്തിലെ നെടുങ്കോലവും
നന്നായ് ഒന്നെന്ന് മാത്രമേ എനിക്ക് തോന്നൂ


ഇനിയീ ഇടവപ്പാതിയും ശങ്കയും തീർന്ന്
നന്നായൊന്നുറഞ്ഞ് പെയ്ത്
കർക്കടകത്തിൽ കുതിർന്നലിഞ്ഞ്
ഒരു പുതു ചിങ്ങപ്പുലരി ഉദിച്ചുയരും
അതിലൊടുങ്ങണം വിധി വിപരീതം
പിന്നെ, വശ്യവും മന്ത്രവും തേരിറക്കവും മുടിഞ്ഞ്
ഏക കായം പരബ്രഹ്മമെന്നെന്റെ
മാനസം മന്ത്രിക്കും നൽ നാളു വരെ
കുറിക്കില്ല ഞാനിനി കവിതയൊരു വരി പോലും
0000000000000000000000

 

2015 ഏപ്രിൽ 26, ഞായറാഴ്‌ച

കവിതയായ് വീണ്ടും


ഒറ്റപ്പെടലിന്റെ വിഷമ വൃത്തങ്ങളിൽ
പഴി പറഞ്ഞ് പുലയാട്ട് പാടി കഴുതപ്പുറമേറ്റുന്ന
കറുത്ത, ചൊവ്വാഗ്രഹ സന്ധ്യകളിൽ
വിശപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
മഞ്ഞച്ച നീരുകക്കി മയക്കത്തിലാകവേ
മണൽക്കാടു മാത്രം മുൻവഴിയെന്നറിയവേ
ദശാസന്ധികളിൽ ദുരിതപ്രവേഗങ്ങളിൽ
കാലമൊക്കെയും കവിതയൊരു ഭ്രമമായിരുന്നു


ചിറകെരിയുന്ന ശലഭ ജന്മങ്ങളിൽ
ചവിട്ടിയരയ്ക്കപ്പെടുന്ന അരളി ദളങ്ങളിൽ
ചൂഷണ വിഭവമാക്കുന്ന മത ശാസനകളിൽ
കൂകിയാർത്ത് പ്രതിഷേധ വചനമോതാൻ
നിത്യവും ഓരോ നിമിഷവും കവിതയെന്നെ
നിർബന്ധമോതുന്നുണ്ട്, വഴി നടത്തുന്നുണ്ട്
വേവുന്ന ഹൃത്തിൽ നിന്ന് മാത്രമാണു
കവിത ലാവയായ് പൊട്ടിയൊലിക്കുവെന്നും
നിറയുന്ന കണ്ണിലാണു അത്ര ലാസ്യമായ്
കാവ്യ നടനം അരങ്ങേറുകയെന്നുമറിയുന്നു


ഇന്നീ വിഭവങ്ങളുടെ പെരുങ്കൂനയിൽ
സ്വന്ത ബന്ധങ്ങളുടെ കപട നാട്യങ്ങളിൽ
കൃത്രിമ മലരുകൾ തീർത്ത വസന്തങ്ങളിൽ
വാക്കുകൾ ചത്ത് മരവിച്ച്, കവിത ജീർണ്ണിച്ച്
ഉപ്പു സൂക്ഷിച്ച ലോഹ മൊന്തയായ് ഹൃദയം
പുഴുക്കുത്തി ദ്രവിച്ചു വീഴവേ, തിരിച്ചറിവിന്റെ
പെരുമ്പറ മുഴങ്ങുന്നു ഞെട്ടിയുണരുന്നു
നാളെ നാളെയെന്ന മുട്ടുശാന്തിയിൽ നിന്ന്
ഈ മാത്രയിലേക്കെന്ന സത്യത്തിലേക്കിറങ്ങാൻ
ഭ്രൂണം മുറിച്ച കാവ്യ ഭാവങ്ങളും
ജനനം മറുത്ത ചിന്താ ശകലങ്ങളും
തിരിച്ചെടുത്ത് കുടിയിരുത്താതെ പോവുകിൽ
ഞാനെന്നഹന്തയുടെ ഒടുക്കമാവുമത്
വെളിച്ചം കടക്കാത്ത തമസ്സായ് തീരുമത്
അതിനുമുമ്പൊരുകണമൊരു മാത്ര മുന്നേ
പ്രതിബന്ധങ്ങളൊക്കെയും തകർത്തെറിഞ്ഞ്
ഞാൻ പഴയ ഞാനായ് തീരട്ടെ ഉരുകിയൊലിക്കട്ടെ

0000000000000000000000000000000

2015 മാർച്ച് 14, ശനിയാഴ്‌ച

കാലാന്തരക്കോലങ്ങൾ


ജനന മരണങ്ങളുടെ ആവർത്തന കാണ്ഡങ്ങൾ
എന്നിലൂടനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കിലും
മേൽവിലാസത്തിന്റെ തുരുത്ത് തേടി
അത്ര തത്രപ്പെട്ട് ഞാനോടിക്കൊണ്ടിരിക്കുന്നു
നാമമില്ലാത്ത നാൾവഴിക്കുമപ്പുറം
മൃതദേഹമെന്ന പൊതുനാമമെന്നെ
പെരുവഴിയിലെവിടെയോ കൺപാർത്തിരിക്കുന്നു
നാളിതുവരെയെന്റെയതിർ പങ്കിട്ട നല്ലയല്ക്കാരനെ
കാലഘടനയിലെപ്പഴോ കർക്കടകപ്പെരുമഴയിൽ
വസൂരിനക്കിയെടുത്തൊടുക്കിയതറിയാതെ പോകുന്നു
വ്യഭിചാര വൃത്താന്തമോതി അസ്തമയത്തിനുമപ്പുറം
പീടികക്കോലായകൾ പൊട്ടിച്ചിരിക്കവേ
ഒരുതുണ്ട് കയറിലിറങ്ങിപ്പോയ ശാന്തയെ
ഓർമ്മയിൽ നിന്നുപോലും ചാണകം തെളിച്ചകറ്റുന്നു
തസ്രാക്കിലെയപ്പുക്കിളിയും നൈനിറ്റാളിലെ വിമലയും
എന്റെ ചോരയെന്നൂറ്റം കൊണ്ട നൽ നാളുകൾ വിട്ട്
ഒരേ മാതൃ ഉദരം പകുത്ത് പിറന്നൊരേ വടക്കിനിയിലുണ്ട്
ഒന്നായ് വളർന്ന നേർ പകുതിയെപ്പോലും അറിയാതാകുന്നു
ഇനിയെന്റെ മരണം വന്ന് നവമാധ്യമം വിളംബരം ചെയ്ത്
ഉദകകൃയ ചെയ്യാൻ ശവമഞ്ചമേറ്റാൻ ഒരു കഴഞ്ച് കരയാൻ
അന്യ ദേശത്തു നിന്നൊരു കരാറുകാരൻ എത്തിനോക്കും വരെ
അഹന്തയുടെ പടുതിരി കൊളുത്തി ശ്വാസം മുറുക്കെപ്പിടിച്ച്
നിന്നെയറിയാതെ നേരറിയാതെ ഞാൻ പരികർമ്മിയാകട്ടെ,
ഇറ്റു മന്ത്രമോതട്ടെ, സമത്വ സ്വാതന്ത്ര്യം പാടി നടക്കട്ടെ


00000000000000000000000000000000

2015 ഫെബ്രുവരി 19, വ്യാഴാഴ്‌ച

നിരർത്ഥകം


ഒരു സമുദ്രമെന്നു ഞാൻ
തീർത്തു സങ്കൽപ്പിക്കുന്നു
രൗദ്ര ഭാവത്തോടെ ആഞ്ഞടിക്കുന്നു
എങ്കിലുമുണരുന്നു സത്യം
ഒരു ചെറു അരുവിയായ് പോലും
ഒഴുകുവാനരുതാതെ ഒടുങ്ങുകയാണെന്ന്
നിരാസത്തിന്റെ രതി മേടകളിൽ
അതി രൂക്ഷം ഉറ്റു നോക്കുന്നു
വർഷിക്കാത്ത അമൃത കുംഭങ്ങളിൽ
അവജ്ഞയുടെ തിരശ്ശീലകളിൽ
കണ്ണെടുക്കാതെ കാത്തിരിക്കുന്നു
എങ്കിലുമറിയുന്നു വാസ്തവം
സൂക്ഷ്മ ദർശനത്തിന്റെ
ആദ്യ കിരണങ്ങളിൽ തന്നെ
തണ്ടൊടിയാനും തളർന്നടിയാനും
അത്രമേൽ നിരർത്ഥമെന്റെ കൗതുകം
ഒരു യുഗം ഞാൻ വേഴാമ്പലാകുന്നു
ഒരായുസ്സൊട്ടുക്ക് തീറെഴുതുന്നു
ജന്മ ലക്ഷ്യങ്ങളിൽ നിന്ന് അസ്തമിക്കുന്നു
ഒരു മാത്ര മാത്രം കാതലാവുന്നു
ഇനിയെന്റെ വിഷ ബീജമെല്ലാം
നായ്ക്കും നരിക്കുമുതവാതെ
കഴുതയായൊഴുകിത്തീർന്ന്
കറ തീർന്നെന്നെ കാർന്നു തിന്നുന്ന
കാമ കളങ്കമെല്ലാം കരിഞ്ഞ്
പുതു യൗവ്വനം തിരിച്ചെടുക്കുമൊരു
നൽ നാളുവരുമന്ന് നിശ്ചയം
കവിതയെന്നിൽ പൂത്തു നിൽക്കും
പടരുമതിന്റെ സൗരഭ്യം കാലമെല്ലാം

ooooooooooooooooooooooooooooo

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...