2020 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ചുട്ട് കൊല്ലുമ്പോഴും ചൂരക്കറി തിളയ്ക്കുന്നു



വേദങ്ങളിൽ പെരുമഴപെയ്യുന്ന തൃസന്ധ്യയിൽ

എന്റെ സിരകളിലേക്ക് മൗഢ്യം കുത്തി വെക്കുക

വേരുകളിൽ കാളകൂടം വേവു നോക്കുന്ന ആലയങ്ങളിൽ

എന്റെ കാതുകളിൽ ഈയമുരുക്കി ഒഴിക്കുക


വയലുകളിൽ ജാതി പൂക്കുകയും തെരുവുകളിലെന്നും

മത സൗഹൃദ നാടകം അരങ്ങേറുകയും ചെയ്യുന്ന

കറുത്ത വെള്ളിയിൽ എന്നെ കുരിശേറ്റുക, കൊല്ലുക

ഉയിർത്തെഴുന്നേല്പ്പിനു പഴുതില്ലാതെയൊടുക്കുക


ചുട്ട ഉണക്കമത്സ്യത്തിന്റെ വിലനിലവാരത്തിലേക്ക്

എന്റെ സദസ്സുകളെ കെട്ടി ഉയർത്തുകയും

ബൊളീവിയൻ കവിതയുടെ വൃത്ത രാഹിത്യത്തിലേക്ക്

നിന്റെ സായന്തന ചർച്ചകളെ ഒതുക്കുകയും ചെയ്യുന്ന

വിധി മഹത്വത്തിനു ഹാലേലുയ പാടുക, വാഴ്ത്തുക


നടപ്പുദീനം, നട്ടെല്ല് തുളയ്ക്കുന്ന വേദന പെയ്യുമ്പോഴും

യോനിത്തടം മാത്രം ദൃഷ്ടികോണാവുന്ന നാളുകളെ

സ്ത്രീ സുരക്ഷാ കാലമെന്ന് കൊണ്ടാടുക, കൊടി കെട്ടുക

ഒടുവിൽ, നിന്റെ മാധ്യമക്കസർത്തുകളിൽ സുശക്തം

ഭരണ, പ്രതിപക്ഷ വീഴ്ചകളിൽ ചെളിവാരിയെറിയുക

അന്നുമെന്റെ കവിതകളിൽ  അഭയമാവുക, പെണ്ണാവുക

അവിടെ, അവിടെ മാത്രമാവും നീ കത്തി നില്ക്കുക

xxxxxxxxxxxxxxxxxxxxxxxxxxxxxxxx







2020 സെപ്റ്റംബർ 6, ഞായറാഴ്‌ച

കുഴിമാടത്തിലേക്ക് നീക്കിവെക്കുന്നത്

 


വസന്തം വ്യഭിചരിക്കുന്ന മഴക്കാടുകളിൽ

ദാഹജലം നിഷേധിച്ചെന്നെ കീഴ്ക്കാം തൂക്കിടുക

നരിച്ചീറുകൾ കുങ്കുമം കാക്കുന്ന താഴ്വരകളിൽ

ഒരു കനൽക്കട്ട പോലുമേകാതെന്നെ പട്ടിണിയാക്കുക


മന്ത്രമോതി നാക്കരിയുന്ന പൗരോഹിത്യ പീഡകളിൽ

നാല്പതാവർത്തി പശ്ചാതപിക്കും കുമ്പസാര മേടകളിൽ

നോവൊടുങ്ങി നാളായും നോട്ടെണ്ണുമാതുരാലയങ്ങളിൽ

ഒരു കഠാരയെങ്കിലും തന്നെന്നെ പ്രവാചകനാക്കുക


അക്ഷരങ്ങളിലാകാരമൊളിപ്പിക്കുന്ന കവിതകളിൽ

അകക്കണ്ണു പൊത്തിയെന്നെ ഇരുട്ടിനു നേദിക്കുക

വാക്കുകളിൽ ലിംഗഭേദവും വടിവവും പേറുന്ന കൃതിയിൽ

നോവു വാറ്റി കരളു കുറുക്കി കൊണ്ടതൊക്കെയും ചുടുക


നിന്റെ നിലാപ്പെയ്ത്ത് കൊള്ളുവാനായല്ല ഞാനൊട്ടും

ചലം വാർന്നയെൻ പുണ്ണുകളെ തെരുവിനു ബലിയേകുന്നത്

എങ്കിലും തെല്ലില്ലാതെയില്ല, മുറിവട്ടത്തിലൊരു മാത്ര

ഈച്ചയാർത്ത് ഉണ്ണികൾ കൂവിവിളിച്ച്, കൊഞ്ഞനം കാട്ടി

എന്റെ നരക കീർത്തനങ്ങളാലപിക്കുന്നത് കാണുവാൻ


നീ ആസ്വദിച്ച് കവിൾക്കൊണ്ടാലുമില്ലെങ്കിലും, പ്രിയതേ

കവിതയിൽ നിന്ന് കാടുകടത്തപ്പെടുന്നതെന്റെ

ഒടുക്കമാണെന്നറിവിൽ എന്റെ കൈത പൂത്തോട്ടെ

മൂന്നാളുമാത്രം ചുമക്കുമെന്റെ ശവമഞ്ചം പുതയ്ക്കുവാന്‍ 

കാട്ടുകോഴി പോലും നോക്കാത്ത കുഴിമാടം തീണ്ടുവാൻ

അപഹസിച്ച് വികൃതമാവാതെയെന്റെ വാക്ക് വെന്തോട്ടെ

0000000000000000000000000000000000000000
























2020 ജൂൺ 21, ഞായറാഴ്‌ച

കൂടെപ്പിറന്നവനാകയാൽ കുഴിയൊരുക്കുക



തിരസ്കരിക്കപ്പെട്ടവന്റെ പട്ടയ ഭൂമിയിൽ
പെരും കുരിശു നാട്ടി അധീശത്വം നടുക
തോളെല്ലു പൊട്ടിയവന്റെ തലയിൽ
കരിങ്കല്ല് കെട്ടി ഉത്തരവാദിത്വം ഓതുക
മത മൂല്യങ്ങളുടെ മൊത്ത വ്യാപാരിയായ്
മാമൂലുകളുടെ ശവക്കൂന തീറ്റുക,യെന്നെ ഒറ്റുക

അന്ന്,
ചാവുനിലം ഉഴുതു പരുത്തിക്കാട് തീർക്കുവാൻ
ഉടലോടെ സ്വർഗ്ഗമിറങ്ങിയവനെന്ന് നീ തന്ന
വെറും വാക്കുകളുടെ സാക്ഷ്യപത്രം ചിതലാവുന്നു
ഇന്നതേ ഭൂവിലൊരു അന്ത്യ ശ്വാസത്തിനരമാത്ര
കണ്മൂടിക്കിടക്കുവാനാവാതെ പുറങ്കാലു തട്ടുന്നു

എന്റെ മേലങ്കി, കാലുറ, കമ്പിളി പകുത്തത്
യവം, മന്ന,  മാംസമൊക്കെയുമെന്റേതുണ്ടത്
കുന്തിരിക്കവും മീറയും കോലരക്കും കൊണ്ടത്
ഒന്നിനും ഓർമ്മയിലൊരോരം പോലും കൊടുക്കായ്ക

മെലുഹയിലെ തെരുവുകളിൽ ചാട്ടവാറടി കൊള്ളയിൽ
കുതിരപ്പുറത്തിരുന്ന് നീയെന്നിൽ സഹതപിക്കായ്ക
മുൾക്കിരീടമണിഞ്ഞ് ഗബ്ബാത്ത നഗരം ചുറ്റവേ
മുന്തിരിച്ചാറു നുണഞ്ഞെന്റെ സാഹോദര്യം പറയരുത്
ഇടിവെട്ടേറ്റ് കരിഞ്ഞ് വീണു വെള്ള പുതക്കയിൽ
ഒരുനോക്ക് കാണുവാൻ വന്ന്, ചിലവോർത്ത് പ്രാകുക
ഒടുവിൽ,
പുഴുവരിച്ച്, എല്ലുപൂത്ത് കല്ലറക്കെട്ടിലഴുകവേ
നാല്പ്പത്തൊന്നാം പക്കമൊപ്പീസു നല്കയിൽ
കൊളുത്തിയ മെഴുകുതിരിയോർത്ത് വിലപിക്കുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2020 മേയ് 23, ശനിയാഴ്‌ച

വേദാന്തങ്ങളിലെഴുതപ്പെടാത്ത കവിതകൾ

നിത്യ ഹരിത ദേശങ്ങളിൽ
പെരുമഴ പെയ്യിച്ച്‌ 
ഊഷര ഭൂമികയിൽ
തീക്കാറ്റായുറഞ്ഞ്‌ തുള്ളുക
അപ്പത്തിനു വിയർക്കാനോടുന്നവന്റെ
കണങ്കാലൊടിച്ച്‌
ആത്മീയ വ്യാപാരിക്ക്‌
ആറ്റുകൊഞ്ചൊരുക്കുക
കവിത കെട്ടുന്നവന്റെ മൂർദ്ധാവിൽ
അർബുദം കുത്തിവെച്ച്‌
കുരിശുകൃഷിക്കാരനു മണ്ണൊരുക്കുക
മൈലാഞ്ചി പൂക്കേണ്ടുന്ന
പെരുനാൾ രാവുകളിൽ
പത്തായം കൊള്ളയടിച്ച്‌ നീ
കൊടുങ്കാറ്റിനു കോപ്പുകൂട്ടുക
വഴിയൊക്കെയൊടുങ്ങുന്നൊരു
തെക്കൻ മലഞ്ചെരുവിൽ
തീ പൂത്തിറങ്ങുമെന്ന്
വേദാന്തം പാടുക
അടഞ്ഞ കണ്ണിനപ്പുറമൊരു വസന്തം
ഹിമം മൂടിക്കിടപ്പുണ്ടെന്ന്
പൊട്ട ജനതയ്ക്ക്‌ പൊയ്‌ വാക്ക്‌ നൽകുക
കവിതയൊക്കെയും കരിഞ്ഞു തീരുന്ന 
കറുത്ത രാവിനെന്നെ പട്ടടയേറ്റുക
വാക്കുകൾ വറ്റുന്ന ഘോഷയാത്രയിൽ
പരിഹാസ്യനാക്കിയെന്നെ
പടികടത്തീടുക


എങ്കിലും,
തല വണങ്ങിയൊതുങ്ങിയവനു
സ്വർഗ്ഗരാജ്യവും
മൂക്കയററുത്ത്‌ മുക്രയിട്ടവനു
ചാട്ടവാറടിയും നൽകുന്ന
നൽഭരണം വരുമെന്ന് പ്രഘോഷിച്ച്‌ കൊള്ളുക

2020 മേയ് 10, ഞായറാഴ്‌ച

കല്ലു ദൈവത്തോടു തൊട്ടാവാടിയുടെ പരിഭവം

ജ്ഞാതിശാസ്യം ഓതപ്പെട്ടവന്റെ മുഖം
അമാവാസിയന്നുപോലും വെട്ടം കാണരുതെന്ന്
നിന്റെ ശാസനം കറുപ്പിച്ചെഴുതുക

കറുകറുത്ത കവിതയൂറുമെന്ന്
എന്നെയൊട്ടുക്ക്‌ ഭദ്രം
മൂശയിലിട്ടടച്ച്‌ വെക്കുക
തീയൊട്ടും കുറയ്ക്കാതെയുരുക്കുക

കടുംവെട്ട്‌ വെട്ടുന്ന പട്ടകളിൽ
പെരും പാലായൊഴുകി
ശിലാവരണം തകർത്തു വരും നാമ്പിനെ
നുള്ളിയെറിഞ്ഞ്‌ നരകനൃത്തമാടുക

ആഗ്നേയ ശയ്യകളിൽ അമൃത്‌ വർഷിച്ച്‌
ഹിമപ്പെയ്ത്തേറ്റുറങ്ങുന്നവനുമുന്നിൽ
ശീതവാതമായ്‌ തിരുതാണ്ഡവമാടുക

കെട്ടുകളിലൂതിയന്യന്റെ കഷ്ടപർവ്വം
കുംഭ മുട്ടുവോളം മോന്തുന്ന
നിന്റെ ഇഷ്ട ജനങ്ങൾക്ക്‌ കാവലാളാവുക
കാർക്കിച്ച്‌ തുപ്പിയോനിൽ ക്ഷയം നിറയ്ക്കുക

തുടയെല്ലുപൊട്ടി ഏച്ചുകെട്ടി
തെരുവുതെണ്ടുന്ന പട്ടിക്ക്‌
മുഴമളക്കാതെ മുന്നേയെറിയുക
വേച്ചു വീണവയുടെ ആണിയിളക്കുക
ഒടുവിലിത്ര ഹുങ്കോടെ മൊഴിയുക
പഞ്ചഭൂതങ്ങൾക്കൊക്കെയും

നാഥൻ ഞാൻ അഞ്ചാതെയെന്നെ വണങ്ങുക

2020 ഏപ്രിൽ 11, ശനിയാഴ്‌ച

കുന്തിച്ചിരിക്കുന്നവന്റെ നിന്ദാസ്തുതി



ഉന്മത്ത ജീവിതം കൊട്ടിഘോഷിക്കുന്ന
ഭ്രാന്ത ശൈലങ്ങൾക്ക് കാവലാകുവാൻ
മുക്കോടിയാണ്ടവരെ പൂവിട്ട് മൂടുന്ന
ജാതി മരങ്ങൾക്ക് ജീവജലമൂട്ടുവാൻ
ഉടലാഴങ്ങളിലൊക്കെയും മധു പൂത്ത്, വീണ്ടും
ഇടവഴികളിൽ ഇക്കിളി കൊയ്യും കൂട്ടരെ
നിർവ്വികാര മൊഴികളിലേക്ക് പകർത്തുവാൻ
എന്നെ, എന്നെമാത്രം ജീവിത രേഖയിൽ
മുദ്ര ചാർത്തി വാതിൽപ്പടിയിൽ കെട്ടിയിട്ടേക്കുക

പൂക്കുവാൻ കായ്ക്കുവാൻ ഉൾപ്പുളകമാകുവാൻ
പിൻനിരപ്പോത്തിനെ വരെയൊരുക്കി
പകലൊക്കെയും വ്യഥമോന്തി നീന്തിക്കയറിയ
പശിജന്മമെന്നെ തെരുവിലേക്കെറിയുക
പാതിരാവൊക്കെയും വസന്തം മൊത്തിക്കുടിച്ച്
പട്ടാപ്പകൽ പരധാരങ്ങളിൽ പേക്കൂത്ത് കൊണ്ട്
പള്ളിമേടകളിൽ വാഴ്ത്തപ്പെട്ടവരാക്കുവോരെ
പാർത്ത് കൊതികൊള്ളുവാനെന്നെ കാലമൊക്കെയും
പതിയാക്കി വെയ്ക്കുകയൊരു പേട്ടെരുമ തന്നുടെ

വിധിവിപരീതമായൊന്നും വന്നു കൂടുകയില്ല
കുറിച്ചിടപ്പെട്ടതല്ലാതുലകിൽ ഇളകിടില്ല
നിശ്വാസമൊന്നുപോലും പാരിൽ ഭവിക്കുവാൻ
ഭവാന്റെ കാരുണ്യമില്ലാതൊനുമില്ല,യെന്നായ്
ഗതികേടെന്റേതവിടുത്തെ കൃപയിലൊന്നെന്ന്
തത്വജ്ഞാനം മൊഴിയുന്ന തിരുവായിലിത്തിരി
ഗന്ധകവും തുരിശും കൂട്ടിക്കുഴച്ചിട്ട് തീ പകരുന്നു
അവനമൃതുമടിയനു കയ്പുനീരും കാലമെല്ലാമെന്ന്
കൃപ ചെയ്യുമീശനു തെക്കുനോക്കി നിന്ദാസ്തുതിയിടുന്നു

==================================






2020 ഏപ്രിൽ 1, ബുധനാഴ്‌ച

പുണ്യ ദേഹങ്ങളിൽ പുഴുക്കൾ മേയുന്നു



ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോൻ
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവൻ
കോഴിമുട്ടയിൽ ഇസ്മെഴുതി
പിഞ്ഞാണക്കോപ്പയിൽ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരിൽ കനകം കൊണ്ടോൻ
ചുവപ്പ് രാശി കൽപ്പിച്ച നാൾ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു

ചേട്ടയെച്ചെകുത്താനെ ചൊൽപ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തിൽ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോൻ 
വെള്ളരിയിൽ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പിൽ
തിരുനൂറു പുരട്ടി, തിലകം ചാർത്തിയോൻ
പൂട്ടിട്ട നാൾ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു

ദിവ്യബലിയിൽ സാത്താനെയലിയിച്ച്
അൽത്താരയ്ക്കുമുന്നിൽ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകൾക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടൽ പിളർത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവൻ
കതകിനു പിറകിലൊരു രേഖ കൊത്തിയതിൽപ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു

കൊണ്ട കോലങ്ങളിൽ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുർവൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകിൽ
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക
0000000000000000000000000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...