2020 ഡിസംബർ 12, ശനിയാഴ്‌ച

പുക കണ്ട് മാത്രം തീരുന്ന പുകിലുകൾ



ആക്രി പെറുക്കി നേടിയ നൂറു രൂപാ നോട്ട് കൊണ്ട്

ആട്ടുതല വാങ്ങി സൂപ്പ് വെച്ചെങ്കിലോയെന്ന് മകൻ

അവനറിയില്ലല്ലോ, ആഗ്രഹം വളരുന്ന മുറയ്ക്ക്

അവനവൻ ആസ്തിയുടെ മൂല്യമുയരുന്നില്ലെന്ന്

അത്ര മോഹിച്ചതൊന്ന് കിട്ടാതെ പോവുകിൽ

അടുത്ത പടിയെങ്കിലും കയ്യെത്തിപ്പിടിക്കണം

അപ്പവുമയലക്കറിയും അങ്ങാടിയിലെപ്പീടികയിൽ

അന്തസ്സിലിരുന്നൊന്ന് അകത്താക്കണം, അത്

അതുവഴി പോകുന്നവരൊക്കെയും കാണണം

ആവുകില്ല മകനേ അത്ര കൂട്ടുവാൻ, ഇല്ലയൊട്ടും

അനുവദിക്കില്ല കാലമിത്തുക അഞ്ചപ്പത്തിനു

അയ്യായിരങ്ങളെയൂട്ടിയോനിനി അവതരിക്കില്ലൊട്ടുമേ

അമ്പ് പെരുനാളിനു പോകണം, ആനപ്പുറമേറണം

അവസാനിക്കാത്ത ആവർത്തനപ്പട്ടികയും നൂറുറുപ്പികയും

ആശകളുടെ അവസാന പടിയിലെത്തവേ, അവനുണരുന്നു

അഞ്ചു പായ കടലാസ്,അഗ്രം കൂർത്തൊരു പെൻസിൽ

അളവുകോലൊന്ന്, മായ്ക്കാ റബ്ബറൊന്ന് അതുമതി അത്രമാത്രം

അമിതാഭ് ബച്ചനെ വരയ്ക്കണം, ആഷിഷ് നെഹ്റ

അരുന്ധതി റോയ്, അയ്യപ്പൻ, അച്ചുതാനന്ദൻ, പിന്നെ

അഗതാ ക്രിസ്റ്റിയിലുറപ്പിച്ച് ആശ്വാസമാകുന്നു

അവശ്യ ലൊട്ട്ലൊടുക്കുകൾ വാങ്ങുവാൻ അവനൊപ്പം

അങ്ങേക്കവലയിലേക്കൊരു ഇരുചക്രമേറിപ്പോകവേ

ആൽത്തറ ചാരി നില്പുണ്ടേമാൻ അറിയണമങ്ങേർക്ക്

ആർസി മുതൽ ആയിരം കടലാസ്സുകളുടെ കാലാവധി

അതിലൊന്നുമടിക്കുവാൻ വടി കിട്ടാതെ തമ്പുരാനൊടുക്കം

ആരായുന്നെവിടെടോ, പുക നോക്കിയ സാക്ഷ്യപത്രം

അടുപ്പൊന്നു പുകയുവാൻ അത്ര തത്രപ്പാടാണേമാനേ

അതിനിടയ്ക്കെപ്പഴോ പുക നോക്കുവാൻ വിട്ടുപോയ്

ആധി വേണ്ട, അഞ്ഞൂറു തന്നാൽ തീരുന്നതേയുള്ളൂ

അലിവുള്ളവനാണങ്ങുന്ന്, ചിരിച്ച് റസിപ്റ്റ് നീട്ടുന്നു

അട്ടം പരതിയിരിപ്പാണു ഞാനിന്നുമെൻ സോദരാ

അർദ്ധ സഹോദരനോടന്ന് വാങ്ങിയ നാന്നൂറു രൂപ

അവൻ തേടി വരുന്നതിനും മുമ്പൊരു ആശ്വാസമായ്

അത്ഭുതം നടന്നെങ്കിലോയിത്തിരി എന്നേക്കുമായ്

അണയട്ടെ, ഇത്ര കല്പ്പിക്കയില്ല മറ്റൊന്നുമേ

=======================================










2020 നവംബർ 13, വെള്ളിയാഴ്‌ച

രസനയിൽ ജീവിതക്കയ്പ് കത്തുമ്പോൾ



ഋതു ബന്ധങ്ങളുടെ നട്ടുച്ചയിൽ നിന്ന്‌

ഋണ ബാധ്യതകളുടെ സായന്തനത്തിലേക്ക്‌

ഒരു കവിത മൂളിക്കൊണ്ടെന്നെ കുടിയിരുത്തുക

പോക്കുവെയിലിന്റെ ഉന്മത്തവേദികൾ മറുത്ത്‌

അമാവാസിയുടെ ചീവീടുസ്വരം എനിക്കു നേദിക്കുക

കുറ്റവിചാരണയുടെ ഏതൊരു വേളയിലുമൊരിക്കലും

ചെയ്ത തെറ്റെന്റേതു നീ തുറന്നെഴുതാതെ പോവുക

കാറ്റിനെ പ്രണയിച്ചതും കവിതയിൽ കലഹിച്ചതും

കൊടും കുറ്റമായെണ്ണിയെന്നെ കഴുവേറ്റുക, മൂടുക

പുഴ ഒഴുകിയതും തഴുകിയതും കണ്ണു കൊണ്ടതും

പെരും പാപമായ്ക്കൊണ്ട്‌ പുലയാട്ട്‌ പാടുക


പട്ടി പെറ്റിടത്ത്‌, പായ വിരിച്ചിടത്ത്‌ പക്കമൊക്കെയും

പുത്തരിയും പുലച്ചോറും വേവുനോക്കാതുണ്ടവനെ

പള്ളിമേടയിലെ പ്രഭുവായ്‌ വാഴ്ത്തുക, പേരിട്ട്‌ കൊള്ളുക

രാമജയം ശിവദേവ ഹിതം പരിപാവനമായതിനാകെ നലം

ജീവിതപ്പെരുവഴിയൊക്കെ ജപിച്ചോനെ ഒറ്റു കൊടുക്ക

പുരോഹിതപ്പെരുമാൾ പള്ളിയറ പുല്കയിലെത്തി നോക്കിയോൻ

ഭഗവതിത്തെയ്യമിട്ടോന്റെ പത്നിയെ സഹശയനമാടിയോൻ

ഇന്നും നടവരവെണ്ണി നാട്ടുകൂട്ടത്തിനു നടുവിലുലാത്തുന്നു

കവിതയൊന്ന് കെട്ടിയാടിയൊട്ട് കാല്പനികത കൊണ്ടെന്ന

കടിച്ചാലൊതുങ്ങാത്ത കുറ്റമോതിയെന്നെ പച്ചയ്ക്ക് കൊളുത്തുക

നിന്റെ ഉന്മാദ വേദികളൊക്കെ മറുത്തെന്നെ ഊരുവിലക്കുക


ഇല്ല സഖേ, സങ്കടമൊട്ടുമെന്റെ കവിതയിലോ വാക്കിലോ

എങ്കിലുമുണ്ട്, ഉടയോനോടായൊരു പരിഭവപ്പേക്കൂത്തുപാട്ട്

കൊണ്ട ജീവിതക്കയ്പ്പൊന്നിലും പങ്കുകാരെയാരെയും ചേർത്തില്ല

നാളെ, നിന്റെ വിധികൊണ്ട് തീപ്പെട്ട് പോവുന്ന കറുത്ത നാളിൽ

കണ്ണുനീരെനിക്കായ് കൊട്ടുവാനൊരു കഴുവേറിയോനുമെത്താതിരിക്ക

കത്തിച്ചു വെക്കുക, കരിമരുന്ന് പറ്റുവോളം , പിന്നെയിത്തിരി

കോലരക്ക് വെച്ചെന്റെ ശവപ്പെട്ടിയൊട്ടിച്ച് വെക്കുക ശക്തം

കണികാണാതെ പോവട്ടെയുലകമൊരിക്കലുമിവ്വിധമൊരു

കാരസ്കരപ്പട്ടയാൽ കരൾ തീർത്ത കൊടും വിധി കൊണ്ടോനെ 

00000000000000000000000000000000000000000




2020 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ചുട്ട് കൊല്ലുമ്പോഴും ചൂരക്കറി തിളയ്ക്കുന്നു



വേദങ്ങളിൽ പെരുമഴപെയ്യുന്ന തൃസന്ധ്യയിൽ

എന്റെ സിരകളിലേക്ക് മൗഢ്യം കുത്തി വെക്കുക

വേരുകളിൽ കാളകൂടം വേവു നോക്കുന്ന ആലയങ്ങളിൽ

എന്റെ കാതുകളിൽ ഈയമുരുക്കി ഒഴിക്കുക


വയലുകളിൽ ജാതി പൂക്കുകയും തെരുവുകളിലെന്നും

മത സൗഹൃദ നാടകം അരങ്ങേറുകയും ചെയ്യുന്ന

കറുത്ത വെള്ളിയിൽ എന്നെ കുരിശേറ്റുക, കൊല്ലുക

ഉയിർത്തെഴുന്നേല്പ്പിനു പഴുതില്ലാതെയൊടുക്കുക


ചുട്ട ഉണക്കമത്സ്യത്തിന്റെ വിലനിലവാരത്തിലേക്ക്

എന്റെ സദസ്സുകളെ കെട്ടി ഉയർത്തുകയും

ബൊളീവിയൻ കവിതയുടെ വൃത്ത രാഹിത്യത്തിലേക്ക്

നിന്റെ സായന്തന ചർച്ചകളെ ഒതുക്കുകയും ചെയ്യുന്ന

വിധി മഹത്വത്തിനു ഹാലേലുയ പാടുക, വാഴ്ത്തുക


നടപ്പുദീനം, നട്ടെല്ല് തുളയ്ക്കുന്ന വേദന പെയ്യുമ്പോഴും

യോനിത്തടം മാത്രം ദൃഷ്ടികോണാവുന്ന നാളുകളെ

സ്ത്രീ സുരക്ഷാ കാലമെന്ന് കൊണ്ടാടുക, കൊടി കെട്ടുക

ഒടുവിൽ, നിന്റെ മാധ്യമക്കസർത്തുകളിൽ സുശക്തം

ഭരണ, പ്രതിപക്ഷ വീഴ്ചകളിൽ ചെളിവാരിയെറിയുക

അന്നുമെന്റെ കവിതകളിൽ  അഭയമാവുക, പെണ്ണാവുക

അവിടെ, അവിടെ മാത്രമാവും നീ കത്തി നില്ക്കുക

xxxxxxxxxxxxxxxxxxxxxxxxxxxxxxxx







2020 സെപ്റ്റംബർ 6, ഞായറാഴ്‌ച

കുഴിമാടത്തിലേക്ക് നീക്കിവെക്കുന്നത്

 


വസന്തം വ്യഭിചരിക്കുന്ന മഴക്കാടുകളിൽ

ദാഹജലം നിഷേധിച്ചെന്നെ കീഴ്ക്കാം തൂക്കിടുക

നരിച്ചീറുകൾ കുങ്കുമം കാക്കുന്ന താഴ്വരകളിൽ

ഒരു കനൽക്കട്ട പോലുമേകാതെന്നെ പട്ടിണിയാക്കുക


മന്ത്രമോതി നാക്കരിയുന്ന പൗരോഹിത്യ പീഡകളിൽ

നാല്പതാവർത്തി പശ്ചാതപിക്കും കുമ്പസാര മേടകളിൽ

നോവൊടുങ്ങി നാളായും നോട്ടെണ്ണുമാതുരാലയങ്ങളിൽ

ഒരു കഠാരയെങ്കിലും തന്നെന്നെ പ്രവാചകനാക്കുക


അക്ഷരങ്ങളിലാകാരമൊളിപ്പിക്കുന്ന കവിതകളിൽ

അകക്കണ്ണു പൊത്തിയെന്നെ ഇരുട്ടിനു നേദിക്കുക

വാക്കുകളിൽ ലിംഗഭേദവും വടിവവും പേറുന്ന കൃതിയിൽ

നോവു വാറ്റി കരളു കുറുക്കി കൊണ്ടതൊക്കെയും ചുടുക


നിന്റെ നിലാപ്പെയ്ത്ത് കൊള്ളുവാനായല്ല ഞാനൊട്ടും

ചലം വാർന്നയെൻ പുണ്ണുകളെ തെരുവിനു ബലിയേകുന്നത്

എങ്കിലും തെല്ലില്ലാതെയില്ല, മുറിവട്ടത്തിലൊരു മാത്ര

ഈച്ചയാർത്ത് ഉണ്ണികൾ കൂവിവിളിച്ച്, കൊഞ്ഞനം കാട്ടി

എന്റെ നരക കീർത്തനങ്ങളാലപിക്കുന്നത് കാണുവാൻ


നീ ആസ്വദിച്ച് കവിൾക്കൊണ്ടാലുമില്ലെങ്കിലും, പ്രിയതേ

കവിതയിൽ നിന്ന് കാടുകടത്തപ്പെടുന്നതെന്റെ

ഒടുക്കമാണെന്നറിവിൽ എന്റെ കൈത പൂത്തോട്ടെ

മൂന്നാളുമാത്രം ചുമക്കുമെന്റെ ശവമഞ്ചം പുതയ്ക്കുവാന്‍ 

കാട്ടുകോഴി പോലും നോക്കാത്ത കുഴിമാടം തീണ്ടുവാൻ

അപഹസിച്ച് വികൃതമാവാതെയെന്റെ വാക്ക് വെന്തോട്ടെ

0000000000000000000000000000000000000000
























2020 ജൂൺ 21, ഞായറാഴ്‌ച

കൂടെപ്പിറന്നവനാകയാൽ കുഴിയൊരുക്കുക



തിരസ്കരിക്കപ്പെട്ടവന്റെ പട്ടയ ഭൂമിയിൽ
പെരും കുരിശു നാട്ടി അധീശത്വം നടുക
തോളെല്ലു പൊട്ടിയവന്റെ തലയിൽ
കരിങ്കല്ല് കെട്ടി ഉത്തരവാദിത്വം ഓതുക
മത മൂല്യങ്ങളുടെ മൊത്ത വ്യാപാരിയായ്
മാമൂലുകളുടെ ശവക്കൂന തീറ്റുക,യെന്നെ ഒറ്റുക

അന്ന്,
ചാവുനിലം ഉഴുതു പരുത്തിക്കാട് തീർക്കുവാൻ
ഉടലോടെ സ്വർഗ്ഗമിറങ്ങിയവനെന്ന് നീ തന്ന
വെറും വാക്കുകളുടെ സാക്ഷ്യപത്രം ചിതലാവുന്നു
ഇന്നതേ ഭൂവിലൊരു അന്ത്യ ശ്വാസത്തിനരമാത്ര
കണ്മൂടിക്കിടക്കുവാനാവാതെ പുറങ്കാലു തട്ടുന്നു

എന്റെ മേലങ്കി, കാലുറ, കമ്പിളി പകുത്തത്
യവം, മന്ന,  മാംസമൊക്കെയുമെന്റേതുണ്ടത്
കുന്തിരിക്കവും മീറയും കോലരക്കും കൊണ്ടത്
ഒന്നിനും ഓർമ്മയിലൊരോരം പോലും കൊടുക്കായ്ക

മെലുഹയിലെ തെരുവുകളിൽ ചാട്ടവാറടി കൊള്ളയിൽ
കുതിരപ്പുറത്തിരുന്ന് നീയെന്നിൽ സഹതപിക്കായ്ക
മുൾക്കിരീടമണിഞ്ഞ് ഗബ്ബാത്ത നഗരം ചുറ്റവേ
മുന്തിരിച്ചാറു നുണഞ്ഞെന്റെ സാഹോദര്യം പറയരുത്
ഇടിവെട്ടേറ്റ് കരിഞ്ഞ് വീണു വെള്ള പുതക്കയിൽ
ഒരുനോക്ക് കാണുവാൻ വന്ന്, ചിലവോർത്ത് പ്രാകുക
ഒടുവിൽ,
പുഴുവരിച്ച്, എല്ലുപൂത്ത് കല്ലറക്കെട്ടിലഴുകവേ
നാല്പ്പത്തൊന്നാം പക്കമൊപ്പീസു നല്കയിൽ
കൊളുത്തിയ മെഴുകുതിരിയോർത്ത് വിലപിക്കുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2020 മേയ് 23, ശനിയാഴ്‌ച

വേദാന്തങ്ങളിലെഴുതപ്പെടാത്ത കവിതകൾ

നിത്യ ഹരിത ദേശങ്ങളിൽ
പെരുമഴ പെയ്യിച്ച്‌ 
ഊഷര ഭൂമികയിൽ
തീക്കാറ്റായുറഞ്ഞ്‌ തുള്ളുക
അപ്പത്തിനു വിയർക്കാനോടുന്നവന്റെ
കണങ്കാലൊടിച്ച്‌
ആത്മീയ വ്യാപാരിക്ക്‌
ആറ്റുകൊഞ്ചൊരുക്കുക
കവിത കെട്ടുന്നവന്റെ മൂർദ്ധാവിൽ
അർബുദം കുത്തിവെച്ച്‌
കുരിശുകൃഷിക്കാരനു മണ്ണൊരുക്കുക
മൈലാഞ്ചി പൂക്കേണ്ടുന്ന
പെരുനാൾ രാവുകളിൽ
പത്തായം കൊള്ളയടിച്ച്‌ നീ
കൊടുങ്കാറ്റിനു കോപ്പുകൂട്ടുക
വഴിയൊക്കെയൊടുങ്ങുന്നൊരു
തെക്കൻ മലഞ്ചെരുവിൽ
തീ പൂത്തിറങ്ങുമെന്ന്
വേദാന്തം പാടുക
അടഞ്ഞ കണ്ണിനപ്പുറമൊരു വസന്തം
ഹിമം മൂടിക്കിടപ്പുണ്ടെന്ന്
പൊട്ട ജനതയ്ക്ക്‌ പൊയ്‌ വാക്ക്‌ നൽകുക
കവിതയൊക്കെയും കരിഞ്ഞു തീരുന്ന 
കറുത്ത രാവിനെന്നെ പട്ടടയേറ്റുക
വാക്കുകൾ വറ്റുന്ന ഘോഷയാത്രയിൽ
പരിഹാസ്യനാക്കിയെന്നെ
പടികടത്തീടുക


എങ്കിലും,
തല വണങ്ങിയൊതുങ്ങിയവനു
സ്വർഗ്ഗരാജ്യവും
മൂക്കയററുത്ത്‌ മുക്രയിട്ടവനു
ചാട്ടവാറടിയും നൽകുന്ന
നൽഭരണം വരുമെന്ന് പ്രഘോഷിച്ച്‌ കൊള്ളുക

2020 മേയ് 10, ഞായറാഴ്‌ച

കല്ലു ദൈവത്തോടു തൊട്ടാവാടിയുടെ പരിഭവം

ജ്ഞാതിശാസ്യം ഓതപ്പെട്ടവന്റെ മുഖം
അമാവാസിയന്നുപോലും വെട്ടം കാണരുതെന്ന്
നിന്റെ ശാസനം കറുപ്പിച്ചെഴുതുക

കറുകറുത്ത കവിതയൂറുമെന്ന്
എന്നെയൊട്ടുക്ക്‌ ഭദ്രം
മൂശയിലിട്ടടച്ച്‌ വെക്കുക
തീയൊട്ടും കുറയ്ക്കാതെയുരുക്കുക

കടുംവെട്ട്‌ വെട്ടുന്ന പട്ടകളിൽ
പെരും പാലായൊഴുകി
ശിലാവരണം തകർത്തു വരും നാമ്പിനെ
നുള്ളിയെറിഞ്ഞ്‌ നരകനൃത്തമാടുക

ആഗ്നേയ ശയ്യകളിൽ അമൃത്‌ വർഷിച്ച്‌
ഹിമപ്പെയ്ത്തേറ്റുറങ്ങുന്നവനുമുന്നിൽ
ശീതവാതമായ്‌ തിരുതാണ്ഡവമാടുക

കെട്ടുകളിലൂതിയന്യന്റെ കഷ്ടപർവ്വം
കുംഭ മുട്ടുവോളം മോന്തുന്ന
നിന്റെ ഇഷ്ട ജനങ്ങൾക്ക്‌ കാവലാളാവുക
കാർക്കിച്ച്‌ തുപ്പിയോനിൽ ക്ഷയം നിറയ്ക്കുക

തുടയെല്ലുപൊട്ടി ഏച്ചുകെട്ടി
തെരുവുതെണ്ടുന്ന പട്ടിക്ക്‌
മുഴമളക്കാതെ മുന്നേയെറിയുക
വേച്ചു വീണവയുടെ ആണിയിളക്കുക
ഒടുവിലിത്ര ഹുങ്കോടെ മൊഴിയുക
പഞ്ചഭൂതങ്ങൾക്കൊക്കെയും

നാഥൻ ഞാൻ അഞ്ചാതെയെന്നെ വണങ്ങുക

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...