2021 ജൂലൈ 31, ശനിയാഴ്‌ച

തെക്കോട്ടൊഴുകുന്ന തേക്കുപാട്ടുകൾ

പെരും പ്രളയത്തിനപ്പുറം വെളിപ്പെട്ട

 ഹിമശൈല ശൃംഘമായ് നീ ഉണ്ടായിരിക്ക

ആണ്ടാണ്ടുകളുടെ കാരാഗൃഹ വാസത്തിനു ശേഷം

അനർഹമായ് കിട്ടിയൊരു പ്രഭാതമാവുക

കവിതകളൊക്കെയും കണ്ടുകെട്ടി മുദ്രവച്ച്

ദ്വീപുകടത്തവേ, കാവ്യമായ് കാത്ത് കിടക്കുക

നടപ്പുദീനം കൊണ്ടൊറ്റുകൊടുക്കപ്പെട്ട്

അരക്കില്ലത്തിലാക്കവേ നീ മഴയാവുക


നിഷേധിക്കപ്പെട്ട ഓരോ മാംസ ഗോപുരങ്ങളിലും

തീയാട്ടമാടുവാനൊരു തിറക്കാലമുണ്ടെന്നുണർത്തുക

ചുഴറ്റുന്ന നാവിൻ തുമ്പിലും ഇറുകുന്ന കച്ചയിലും

തെരുക്കൂത്ത് കെട്ടുന്നൊരു സന്ധ്യ വാഗ്ദാനം ചെയ്യുക

പെരുമഴയൊക്കെയും പെയ്ത് തോർന്നൊടുങ്ങിലും

ഒരു ഇലപ്പെയ്ത്തായ് കൂടെയുണ്ടാകുമെന്നോതുക

അന്ന്,

തിരണ്ടുകല്ല്യാണത്തിന്റെ തലേനാൾ ഉച്ചയ്ക്ക്

പനന്തോപ്പിൽ നിന്നിറുത്ത മൈലാഞ്ചിച്ചോപ്പാവുക

കൂരിരുട്ടിൽ മാത്രം തൊട്ടറിഞ്ഞൊരു മുല്ലമൊട്ടിന്റെ

വിട്ടുമാറാത്ത സൗരഭ്യം വീണവഴിയൊക്കെയും വിതറുക

ഇനിയീ കനവ് കൊട്ടിയിറങ്ങി കിഴക്കുണരും മുമ്പേ

കെട്ടിയെടുക്കുകയെന്നെ, തെക്ക് നോക്കി കൊണ്ട് പോവുക

**********************************************************

2021 ഏപ്രിൽ 11, ഞായറാഴ്‌ച

കവിയുടെ രാപ്പകലുകളിൽ കരിന്തിരി പടരുന്നു


പെയ്യാതെ പോവുന്ന ഓരോ മഴമേഘത്തിലും 

ഒരു കവിതയുണ്ടെന്ന് കല്പ്പിച്ച് വെക്കുക 

വിടരാതെ പോയ ഓരോ ചെമ്പനീർ മൊട്ടിലും 

ഒരു വസന്തമുണ്ടെന്ന കാവ്യ ഉപമ പോലെ 

കാണാതെ കെട്ട, കനവുകളുടെ ഇടവേളകളിൽ  

ഒരു ഇലത്താളമിട്ട് നീയെന്നിലലിഞ്ഞൊന്നാവുന്ന

ഒരു വിശുദ്ധ മേളപ്പെരുക്കത്തിന്റെയന്ത്യമാത്ര 

മഹാകാവ്യമൊന്നുപോലും കുറിക്കാതെ ഞാനോമലേ

പ്രണയത്തിന്റെ പ്രവാചകനെന്ന് വാഴ്ത്തപ്പെടും

എന്റെ മൗനം കവിതകളുടെ മരണമാണെന്ന്

ഉപജാപകവൃന്ദം പെരുമ്പറ മുഴക്കി കൂവി നടക്കും

എന്റെ ഉറക്കം പോലും സുന്ദര ധാമങ്ങൾക്കായ്

വിശ്രമമേകാൻ കുറിക്കപ്പെട്ട യാമമെന്ന് പാടും


ഊതിപ്പെരുപ്പിച്ച കള്ളിപ്പാൽ കുമിള പൊട്ടവേ

ശവഭോഗം വിധിക്കപ്പെട്ട വേട്ടനായ വെളിപ്പെടും

ഉപദംശമായിപ്പോലുമൊരു ഉരുണ്ട മാസം വാഴ്വിൽ

അരണ്ട വെളിച്ചത്തിലെങ്കിലും തൊടാനാവാത്തവൻ

വിപരീതോർജ്ജം വേണ്ടുവോളമുണ്ട് മോന്തുവാൻ

വൃണപ്പെട്ട് കോവർകഴുതയായ് തെരുവ് നീന്തുന്നു

വർണ്ണങ്ങളൊക്കെയുമെടുത്തെരിച്ച് കറുപ്പ് ചവച്ചവൻ

വേദിയൊന്നിലും വിളിക്കപ്പെടാതെ ഒറ്റ് കൊണ്ടോൻ

തലയിലെടുത്ത ചുമട് കാലമൊക്കെയും കനം പെരുപ്പിക്ക

അത്താണിയരുകിലുണ്ടെന്ന വിശ്വാസത്തിലാണിയടിക്കുക

കവിത സ്രവിക്കുവാനെൻ കരളുകത്തിയിരിക്കണമെന്നാകിൽ

കരിന്തിരിയൊന്ന് തലഭാഗത്ത് വച്ചെന്നെ ഉറക്കിക്കിടത്തുക   

000000000000000000000000000000000000000









2021 മാർച്ച് 16, ചൊവ്വാഴ്ച

കടുകു പാടങ്ങളിൽ കുന്തിരിക്കം പുകയുന്നു



സ്വപ്നങ്ങൾ ചുട്ടെരിച്ച പാടങ്ങളിൽ

കടുകെറിഞ്ഞ്, മുളപൊട്ടുന്നത് കാത്ത് കിടക്കുക

കുഴി തോണ്ടിയടക്കുവോളം കുത്തി നോവിച്ച്

കല്ലറയ്ക്ക് മുകളിലൊരു കള്ളിച്ചെടി നടുക

കാലിലെ തുടൽ നോക്കി കണ്ണീരൊഴുക്കുമെന്നെ

കാഞ്ചനക്കൂടിന്റെ മഹത്വമോതി കണ്ണുകെട്ടുക

കൊടി പറപ്പിക്കുന്നവർക്കിടയിൽ കുനിച്ച് നിർത്തി

പൂത്തൊടുങ്ങിയ പിൻ പറുദീസ ഇറങ്ങുമെന്നോതുക


കുന്തിരിക്കം പുകയുന്ന ശൈഖു പള്ളിയിൽ, പാതിരാ

കുത്ത് റാത്തീബ് തീരുവോളമെന്നെ ഇളകാനിരുത്തുക

റൂഹാനി കൂടിയെന്ന മഷിനോട്ട വായന പെരുപ്പിച്ചോതി

ആവണക്കെണ്ണയിൽ ആര്യവേപ്പിലയരച്ച് പച്ചയ്ക്ക് തീറ്റുക

മസിരിപ്പിഞ്ഞാണത്തിലറബിമഷിയിലിസ്മെഴുതി രാവിലെ

വെറും വയറ്റിൽ അന്നനാളം കറുക്കുവോളം കുടിപ്പിക്കുക

ചൊല്ലിയ കീർത്തനങ്ങളുടെ സ്വരസ്ഥാനം തെറ്റിയെന്ന്

തിരണ്ടി വാലിൽ മടുപ്പിറങ്ങുവോളമെന്നെ സ്വർഗ്ഗസ്ഥനാക്കുക


നട്ടുച്ചയ്ക്ക് കനലു വിഴുങ്ങി തീ കായുമെന്നെ, മതം മോന്തി

അത്തറു മണമുള്ള മുന്തിരിച്ചാറു കക്കാൻ കെട്ടിവലിക്കരുത്

പശമുക്കാനെന്ന് കഞ്ഞിത്തെളി വാങ്ങി പശിമാറ്റുമെന്നെ

നിന്റെ നോമ്പിന്റെ പോരിശയോതി പ്രീണിപ്പിക്കുകയുമരുത്

എന്റെ കവിതകൾ ഇങ്ങനെയേ ആവൂ, കരളിൽ നിന്ന് ചുരണ്ടിയത്

അതിൽ പോത്തിറച്ചിയും പത്തിരിയും പരതരുത്, പരിഭവമരുത്

ഉലയിലിട്ട് കാച്ചിയാലേ ചേലൊത്ത കവിത വിരിയൂ എന്നായ്

ജീവിതപ്പെരും കയ്പ്പ് തീരുവോളം വെന്തെരിയാൻ മാത്രമായ്

ജനിതക ഘടനയെന്റേത് തീർത്തോനു സ്വസ്തിയേകട്ടെ ഞാൻ 

00000000000000000000000000000000000000000



2021 മാർച്ച് 7, ഞായറാഴ്‌ച

വിശുദ്ധനല്ലാത്തവന്റെ വിലാപകാവ്യം



വിലാസമില്ലാതെ ഒടുങ്ങുന്നവന്റെ

വിലാപകാവ്യമായ് കൂടെയുണ്ടായിരിക്ക

അന്യം നിന്ന് പോവുന്നവനെയെന്നുമൊരു

അക്കമായിട്ടെങ്കിലും രേഖപ്പെടുത്തുക

ഞാൻ വിതച്ചത്, കൊയ്തത്, മെതിച്ചെടുത്തത്

ജ്ഞാതിശാസ്യമോതിയെന്നെ വിലക്കിയുണ്ണുക

ജീവിതപ്പാച്ചിലിൽ തിരിഞ്ഞ് നോക്കാത്തയെന്നെ

തീപ്പെട്ട് പോയ പിൻ രക്തസാക്ഷിയാക്കിപ്പോറ്റുക

നിഷേധിക്കപ്പെട്ടവന്റെ നീതിശാസ്ത്രത്തിലേക്ക്

ചാട്ടുളി എയ്തുവിട്ട്, പ്രതികാരം യഹോവയ്ക്കുള്ളതെന്ന്

നീ മഹത്വപ്പെടുക, ചില്ലുകൂട്ടിലാസനസ്തനാവുക


അസ്വസ്ഥ ചിത്തം,കരാള ഹൃദയം, വിരൂപ മാനസം

കാട്ടുപോത്തിന്റെ നോട്ടമെന്ന് നീ കാടിളക്കിപ്പോയ

പെരും പാതിര മാത്രമാണു മൽ സഖീ എന്റെ ജീവിതം

ആകാശദൂരം കൈക്കുമ്പിളിൽ കൊള്ളുവാൻ കാലമൊട്ടുക്ക്

കനവ് കെട്ടി, അമ്മിക്കൽ ചുവട്ടിൽ അരബാക്കിയായവൻ

ഇരുട്ടിൽ, പകൽക്കാഴ്ചകളുടെ സങ്കല്പത്തിൽ കണ്ണടച്ചല്ലാതെ

നിലാവെട്ടത്തിലൊരു ചിരാതിന്റെ ശോഭയിൽ ഒരുമാത്ര

ഒരു നിറകൺ വിശുദ്ധിയായ് നിന്നിൽ ശയിച്ച്, ഉറയൂരി

മറുകണം മണ്ണെടുത്ത് പോവതാകിൽ അതെന്റെ സ്വർഗ്ഗം

ശേഷമെന്റെ കവിതയും കിനാക്കളും കരിച്ചെടുത്തൊടുക്കുക

ഓർത്തെടുക്കാത്തൊരു കാട്ടുപാതയിലെന്നെക്കിടത്തുക











2021 ജനുവരി 28, വ്യാഴാഴ്‌ച

ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന ജീവിതക്കൂട്ടുകൾ



മർദ്ദ വ്യതിയാനങ്ങൾ തീർക്കുന്ന ചുഴിക്കുത്തുകൾക്കു മീതെ
ഒരു വ്യർത്ഥ പ്രവാചകനായ് എന്റെ രൂപം കാത്തു കൊൾക
രൂപാന്തരം പ്രാപിക്കുന്ന പ്രേമ നാടകങ്ങളിൽ വീണ്ടും
പാരിജാതച്ചോട്ടിൽ കാലുകൊണ്ടെനിക്കായ് വട്ടം വരയുക
പലവ്യഞ്ജനങ്ങളുടെ രസക്കൂട്ടുകൾക്കിടയിൽ, ചായമിട്ട്
നഷ്ട സ്വർഗ്ഗം തിരയുന്ന വിഡ്ഡിയെന്നെ കാണുക
ചെറു പൂവിനു പോലും മണ്ണൊരുക്കാത്തയെന്നിൽ
നിന്റെ വസന്തം കാട്ടി കൊതിപ്പിച്ച് നിറുത്തുക
പ്രണയ പാരവശ്യം മൂത്ത് മധു നുകർന്ന് മത്തായാണവൻ
കവിത കെട്ടുന്നതെന്നെന്നിൽ അസൂയ കൊള്ളുക
മഞ്ഞ് മൂടാതെയൊരു മൊട്ട് പോലും കാണാതെ ഞാൻ
ദാഹം പെരുത്ത് ദയ തേടുന്നതെന്നിൽ മാത്രം കാക്കുക
എന്നിൽ ഉയിർക്കുന്നവയുടെ ഓരോ ദളങ്ങളിലും നാളെ
ഉന്മാദം കൊണ്ട് കത്തിനില്ക്കുമൊരു സൂര്യനെ തേടുക
ആകാശക്കോട്ടയിലേക്ക് നിറജാലകം പണിത്, പുലരവേ
ആറാട്ട് കടവ് പോലും അന്യമായവനെ കല്ലെറിയുക
നീലസാഗരം വരച്ച് ചേർത്ത ചായക്കൂട്ട് ഉണങ്ങും മുന്നേ
നേർത്ത സ്വപ്നമൊന്ന് പോലും നഷ്ടമായവനെയറിയുക

പ്രിയതേ,
ഭ്രമങ്ങളെന്റേതൊടുങ്ങിയെങ്കിൽ തീർപ്പാക്കിക്കൊള്ളുക
ബാക്കിയൊന്നും വെക്കാതെ ഭ്രമണമെന്റേത് നിലച്ചുവെന്നായ്
വ്യഥകളൊന്നുമില്ലാതെയെൻ കവിത പിറക്കുന്നുവെന്നാകിൽ
വേപഥു പെയ്യാത്തൊരു തെരുവ് തേടി കവിയിവൻ നാളെ
കൂട് മാറാൻ കോപ്പ് കൂട്ടുന്നുവെന്ന് നന്നായുണർന്ന് കൊൾക
ഒടുവിൽ,
ചരമകോളങ്ങളിലൊന്നിലും പ്രസിദ്ധപ്പെടുത്താത്തൊരു
ഒറ്റക്കോള വാർത്തയായ് ഞാൻ നിന്റെ കരളിൽ മാത്രം
ചവർപ്പും കയ്പ്പുമായ് ഒരു കൊള്ളിയാനായെരിഞ്ഞ് തീരും
============================

























2020 ഡിസംബർ 12, ശനിയാഴ്‌ച

പുക കണ്ട് മാത്രം തീരുന്ന പുകിലുകൾ



ആക്രി പെറുക്കി നേടിയ നൂറു രൂപാ നോട്ട് കൊണ്ട്

ആട്ടുതല വാങ്ങി സൂപ്പ് വെച്ചെങ്കിലോയെന്ന് മകൻ

അവനറിയില്ലല്ലോ, ആഗ്രഹം വളരുന്ന മുറയ്ക്ക്

അവനവൻ ആസ്തിയുടെ മൂല്യമുയരുന്നില്ലെന്ന്

അത്ര മോഹിച്ചതൊന്ന് കിട്ടാതെ പോവുകിൽ

അടുത്ത പടിയെങ്കിലും കയ്യെത്തിപ്പിടിക്കണം

അപ്പവുമയലക്കറിയും അങ്ങാടിയിലെപ്പീടികയിൽ

അന്തസ്സിലിരുന്നൊന്ന് അകത്താക്കണം, അത്

അതുവഴി പോകുന്നവരൊക്കെയും കാണണം

ആവുകില്ല മകനേ അത്ര കൂട്ടുവാൻ, ഇല്ലയൊട്ടും

അനുവദിക്കില്ല കാലമിത്തുക അഞ്ചപ്പത്തിനു

അയ്യായിരങ്ങളെയൂട്ടിയോനിനി അവതരിക്കില്ലൊട്ടുമേ

അമ്പ് പെരുനാളിനു പോകണം, ആനപ്പുറമേറണം

അവസാനിക്കാത്ത ആവർത്തനപ്പട്ടികയും നൂറുറുപ്പികയും

ആശകളുടെ അവസാന പടിയിലെത്തവേ, അവനുണരുന്നു

അഞ്ചു പായ കടലാസ്,അഗ്രം കൂർത്തൊരു പെൻസിൽ

അളവുകോലൊന്ന്, മായ്ക്കാ റബ്ബറൊന്ന് അതുമതി അത്രമാത്രം

അമിതാഭ് ബച്ചനെ വരയ്ക്കണം, ആഷിഷ് നെഹ്റ

അരുന്ധതി റോയ്, അയ്യപ്പൻ, അച്ചുതാനന്ദൻ, പിന്നെ

അഗതാ ക്രിസ്റ്റിയിലുറപ്പിച്ച് ആശ്വാസമാകുന്നു

അവശ്യ ലൊട്ട്ലൊടുക്കുകൾ വാങ്ങുവാൻ അവനൊപ്പം

അങ്ങേക്കവലയിലേക്കൊരു ഇരുചക്രമേറിപ്പോകവേ

ആൽത്തറ ചാരി നില്പുണ്ടേമാൻ അറിയണമങ്ങേർക്ക്

ആർസി മുതൽ ആയിരം കടലാസ്സുകളുടെ കാലാവധി

അതിലൊന്നുമടിക്കുവാൻ വടി കിട്ടാതെ തമ്പുരാനൊടുക്കം

ആരായുന്നെവിടെടോ, പുക നോക്കിയ സാക്ഷ്യപത്രം

അടുപ്പൊന്നു പുകയുവാൻ അത്ര തത്രപ്പാടാണേമാനേ

അതിനിടയ്ക്കെപ്പഴോ പുക നോക്കുവാൻ വിട്ടുപോയ്

ആധി വേണ്ട, അഞ്ഞൂറു തന്നാൽ തീരുന്നതേയുള്ളൂ

അലിവുള്ളവനാണങ്ങുന്ന്, ചിരിച്ച് റസിപ്റ്റ് നീട്ടുന്നു

അട്ടം പരതിയിരിപ്പാണു ഞാനിന്നുമെൻ സോദരാ

അർദ്ധ സഹോദരനോടന്ന് വാങ്ങിയ നാന്നൂറു രൂപ

അവൻ തേടി വരുന്നതിനും മുമ്പൊരു ആശ്വാസമായ്

അത്ഭുതം നടന്നെങ്കിലോയിത്തിരി എന്നേക്കുമായ്

അണയട്ടെ, ഇത്ര കല്പ്പിക്കയില്ല മറ്റൊന്നുമേ

=======================================










2020 നവംബർ 13, വെള്ളിയാഴ്‌ച

രസനയിൽ ജീവിതക്കയ്പ് കത്തുമ്പോൾ



ഋതു ബന്ധങ്ങളുടെ നട്ടുച്ചയിൽ നിന്ന്‌

ഋണ ബാധ്യതകളുടെ സായന്തനത്തിലേക്ക്‌

ഒരു കവിത മൂളിക്കൊണ്ടെന്നെ കുടിയിരുത്തുക

പോക്കുവെയിലിന്റെ ഉന്മത്തവേദികൾ മറുത്ത്‌

അമാവാസിയുടെ ചീവീടുസ്വരം എനിക്കു നേദിക്കുക

കുറ്റവിചാരണയുടെ ഏതൊരു വേളയിലുമൊരിക്കലും

ചെയ്ത തെറ്റെന്റേതു നീ തുറന്നെഴുതാതെ പോവുക

കാറ്റിനെ പ്രണയിച്ചതും കവിതയിൽ കലഹിച്ചതും

കൊടും കുറ്റമായെണ്ണിയെന്നെ കഴുവേറ്റുക, മൂടുക

പുഴ ഒഴുകിയതും തഴുകിയതും കണ്ണു കൊണ്ടതും

പെരും പാപമായ്ക്കൊണ്ട്‌ പുലയാട്ട്‌ പാടുക


പട്ടി പെറ്റിടത്ത്‌, പായ വിരിച്ചിടത്ത്‌ പക്കമൊക്കെയും

പുത്തരിയും പുലച്ചോറും വേവുനോക്കാതുണ്ടവനെ

പള്ളിമേടയിലെ പ്രഭുവായ്‌ വാഴ്ത്തുക, പേരിട്ട്‌ കൊള്ളുക

രാമജയം ശിവദേവ ഹിതം പരിപാവനമായതിനാകെ നലം

ജീവിതപ്പെരുവഴിയൊക്കെ ജപിച്ചോനെ ഒറ്റു കൊടുക്ക

പുരോഹിതപ്പെരുമാൾ പള്ളിയറ പുല്കയിലെത്തി നോക്കിയോൻ

ഭഗവതിത്തെയ്യമിട്ടോന്റെ പത്നിയെ സഹശയനമാടിയോൻ

ഇന്നും നടവരവെണ്ണി നാട്ടുകൂട്ടത്തിനു നടുവിലുലാത്തുന്നു

കവിതയൊന്ന് കെട്ടിയാടിയൊട്ട് കാല്പനികത കൊണ്ടെന്ന

കടിച്ചാലൊതുങ്ങാത്ത കുറ്റമോതിയെന്നെ പച്ചയ്ക്ക് കൊളുത്തുക

നിന്റെ ഉന്മാദ വേദികളൊക്കെ മറുത്തെന്നെ ഊരുവിലക്കുക


ഇല്ല സഖേ, സങ്കടമൊട്ടുമെന്റെ കവിതയിലോ വാക്കിലോ

എങ്കിലുമുണ്ട്, ഉടയോനോടായൊരു പരിഭവപ്പേക്കൂത്തുപാട്ട്

കൊണ്ട ജീവിതക്കയ്പ്പൊന്നിലും പങ്കുകാരെയാരെയും ചേർത്തില്ല

നാളെ, നിന്റെ വിധികൊണ്ട് തീപ്പെട്ട് പോവുന്ന കറുത്ത നാളിൽ

കണ്ണുനീരെനിക്കായ് കൊട്ടുവാനൊരു കഴുവേറിയോനുമെത്താതിരിക്ക

കത്തിച്ചു വെക്കുക, കരിമരുന്ന് പറ്റുവോളം , പിന്നെയിത്തിരി

കോലരക്ക് വെച്ചെന്റെ ശവപ്പെട്ടിയൊട്ടിച്ച് വെക്കുക ശക്തം

കണികാണാതെ പോവട്ടെയുലകമൊരിക്കലുമിവ്വിധമൊരു

കാരസ്കരപ്പട്ടയാൽ കരൾ തീർത്ത കൊടും വിധി കൊണ്ടോനെ 

00000000000000000000000000000000000000000




കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...