2023, ഡിസംബർ 5, ചൊവ്വാഴ്ച

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

 

------------–-------------------------------------


വളവുകളിലോരോന്നിലും 

വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു

വരണ്ട നിലമെന്റെ ജീവിതം

വേദാന്തപ്പൊരുളുകളിൽ നിന്ന് 

വ്യഥകൾ മാത്രമൂറിവരുന്നൊരു

വേറിട്ട രണഭൂവെന്റെ രേഖ

വിശന്നവനു അപ്പവും

വിറളി കൊണ്ടവനഭയവും

വാഗ്ദാനം ചെയ്യുക

വിശുദ്ധ യുദ്ധങ്ങളെക്കുറിച്ച്

വാ മൂടിക്കെട്ടുക, ഉരിയാടാതെ പോവുക

വ്യഭിചാരത്തിന്റെ ഉദ്ദാരണ വേളകളിൽ മാത്രം

വേലികെട്ടപ്പെട്ടവന്റെ സ്വാതന്ത്ര്യം ഓർക്കുക

വർത്തമാനത്തിന്റെ വീഞ്ഞ് മൊത്തവേ

വീഥികളിൽ കൊടിപിടിച്ചവൻ കൊണ്ട വെയിലും

വിരഹങ്ങളിൽ പ്രണയാർത്ഥി കണ്ട കദനവും പാടുക


വിടരാതെ പോയ വസന്തങ്ങൾക്ക് പകരം

വീശാനൊരു കട്ടിക്കടലാസെങ്കിലും നീട്ടുക

വറചട്ടിയിൽ നിന്ന് വെണ്ണീർക്കടലുറ്റ് നോക്കുവോനു

വാറ്റുചാരായക്കടയിലെ ചില്ലലമാര കാട്ടുക


വെറുപ്പിന്റെ പുഴുക്കളുണ്ട മുറിവിൽ

വ്യവഹാരങ്ങളുടെ ബാക്കിപത്രം തിരയുവോർക്ക്

വീറോടെ നിന്ന് വീഴാതെ കാത്ത് വാർത്ത

വെണ്ണക്കൽ ഗോപുരം എടുത്ത് കാട്ടുക

വീണ്ടുമൊരു മരണക്കട്ടിലിൽപ്പോലും

വീണ്ടുവിചാരം കൊണ്ട  കുമ്പസാരം കേൾക്കുവാൻ

വഴിപോക്കനായ്ക്കൂടിയെന്നെ കൂട്ടായ്ക

വേച്ച് പോയ പിൻ വഴികളും വെട്ടേറ്റ പാതിരാകളും താണ്ടി

വാസനത്തൈലവും വെഞ്ചാമരവുമുള്ള സ്വപ്നങ്ങളിൽ വീണുറങ്ങട്ടെ

2023, നവംബർ 18, ശനിയാഴ്‌ച

രാഗസാന്ദ്രം രണഭൂവിലും ജീവിതം



ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു

മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം

വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ

മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്ങൾക്ക് ഒത്തുനോക്കാൻ

വിഷ്ണുക്രാന്തിയും മുക്കുറ്റിയും തഴുതാമയും കൊതിച്ചോനെ

കടുക്ക വെള്ളത്തിലേക്ക്, നായ്ക്കുരണപ്പകയിലേക്ക്

കുടിയിരുത്തിയ അഭ്യുദയ കാംക്ഷികൾക്ക്

നീരൊഴുക്കിലേക്ക് വേരു പായിക്കാൻ തുനിഞ്ഞോനെ

നട്ടുച്ച വെയിലിലേക്ക് പറിച്ച് നട്ട നല്ല നടപ്പുകാർക്ക്


ഇതെന്റെ കുഴിമാടമെന്റെ ഒറ്റുകൊടുക്കപ്പെട്ടിടം, തടവറ

ഇതെന്റെ ചിതാഭൂമിയെന്റെ വത്മീകം, മരുഭൂ

തലയോട്ടി പിളരുന്ന സാന്ദ്രരാഗം രസിക്കുവാൻ

താവഴിയൊക്കെയും കൂട്ടി തീർത്ഥയാത്ര വന്നോരേ

കേൾക്കുക,യെൻ മേഘമൽഹാർ, തോഡിയും ബാഗേശ്രീയും

കെടുത്തുവാനാണൂതിയതു നീ അറിയുന്നു,വെങ്കിലും

ആളിക്കത്തിക്കുവാൻ തന്നെയാണു തീരുമാനമുള്ളിലെയഗ്നിയെ

അണയ്ക്കുവാനെത്ര ആഞ്ഞ് ശ്രമിക്കിലും നീ തുടരുക

അണച്ച് പിടിച്ചിരിക്കുകയാണെന്നാത്മാവിനെ അതിശക്തം

ആഗ്രഹം കൊണ്ട ആട്ടമൊക്കെയും ആടിയേ പോകൂ

പാടുക പുലരുവോളം, പാടു നോക്കിപ്പോവുക, പിടി വിടുക

പേടിയില്ലയൊട്ടും പ്രേതാലയമത്ര കണ്ടവൻ ഞാൻ

2023, നവംബർ 3, വെള്ളിയാഴ്‌ച

 കുഴിമാടത്തിൽ നിന്ന് പറിച്ച് നടാനാവാത്തവ

+++++++++++++++++++++++++++++


ഒരു കുന്നൊക്കെയും ഒന്നിച്ച് നിന്ന്

എന്നെ മാത്രം കടലിലേക്കുന്തുന്നു

ഒരു കൂനവൻ ഭ്രമമായ് ചുമന്നിട്ട്

എന്റെ കുഴിനഖം പെരുപ്പിച്ച് കാട്ടുന്നു

നീണ്ടൊഴുകുന്ന മരുഭൂമിയിൽ നിൽക്കക്കയമില്ലാത്തവൻ

എന്റെ തുരുത്തിനെ മാത്രം കുന്നായ്മ കുത്തുന്നു


നിനക്ക് സമാന്തരമായ് നീന്തുന്നവനു മാത്രം

നിത്യസ്വർഗ്ഗവും നിലയ്ക്കാത്ത ലക്ഷ്മിയും

വിരൽത്തുമ്പുയർത്തുവോനു താഡനങ്ങളും തെറിപ്പാട്ടുമെന്ന

നാലാം വേദം ചുട്ടെരിക്കുക  


എന്റെ യാതനകളൊക്കെയും കൊണ്ടത്

നിന്റെ അന്നത്തിനു കോട്ടമാവാതിരിക്കാൻ കാത്തതെന്ന

സത്യക്കിത്താബ് മരണത്തിനു മുമ്പൊരിക്കലെങ്കിലുമോതുക


എന്നെ പടിയിറക്കിയതിനു ശേഷമുള്ള നിന്റെ കണ്ണുനീർ

ശൗചാലയത്തിലെ ഒഴുക്ക് ജലത്തേക്കാൾ മഹത്തരമല്ല

എന്നെ തെരുവ് തെണ്ടിച്ചതിനപ്പുറമുള്ള നിന്റെ കുമ്പസാരം

നാട്ടുപട്ടിയുടെ കന്നിയോരിയായ് കീഴൊതുങ്ങും


ഇനി, നിത്യവും ഇവിടെ വന്നെന്റെ ഖബർ മാന്തി നോക്കുക

ചത്ത് പോയോ, സത്ത് പെരുത്തോ സത്യമാരോ എന്ന്

ഇഴ കീറി നോക്കുക, എങ്കിലുമറിയുക

നിന്റെ കാട്ടായ്മകൾക്കൊന്നിനും ഇനിയെന്നെ തിരിച്ചു നടാനാവില്ലെന്ന്

2023, നവംബർ 1, ബുധനാഴ്‌ച

ഉദാത്തമായതവനവൻ ഉയിർ മാത്രം

 


ഉപ്പുചേർക്കാത്ത കഞ്ഞിയിത്തിരി 

ഉറ്റി വീഴുന്ന കണ്ണീരു ചേർത്തുണ്ടതുണ്ടോ

ഉറ്റതെന്നേറ്റ് ചേർത്ത ഉറവിലേതെങ്കിലും

ഉൾക്കാമ്പ് കരിയുമളവിൽ ഒറ്റിയതോർമ്മയുണ്ടോ

ഉപ്പനെപ്പോൽ ഒപ്പമിരുന്ന് കണ്ട്

ഉച്ചവെയിലിലേക്ക് തള്ളിയ തകപ്പനുണ്ടോ

ഉറക്കത്തിലൊരുമാത്ര കരിങ്കനവായ്പ്പോലും വരാതെ

ഉണ്മയെന്ന് ഒരുക്ഷണം ഇടിച്ചിറങ്ങിയ നിനവതുണ്ടോ

ഉൾ വലിയലുകൾ ഉണക്കിക്കളയലുകൾ

ഉപരിപ്ലവമായ കാട്ടായ്മകൾ കൊണ്ട്

ഊട്ടുപുര വാതിൽ കൊട്ടിയടച്ചോരുണ്ടോ


ഉണ്ട് ഉണ്ടെന്നാണുത്തരമെന്നാകിൽ

ഊറ്റം കൊള്ളുകയെന്റെ സോദരാ

ഊറയ്ക്കിട്ടപോൽ തന്നെ കിടക്കട്ടെയോർമ്മകൾ

ഉതവാതെ പോകില്ല നാളെയുടെ കനൽപ്പാത താണ്ടുവാൻ

ഉരുകിയുമിത്തീയിൽ നീറിയുള്ളിലെ ഉഷ്ണവും

ഉപ്പ് വെച്ച ലോഹമൊന്ത പോൽ കരളും കയ്പ്പൊക്കെയും

ഉലയിലെ കത്തി പോൽ കത്തി നിൽക്കട്ടെ

ഊറിവരുമതിൽ നിന്ന് കവിതകളായിരം

ഉയരമത്രയേറെയുണ്ടവനിലേക്കെന്നല്ല

ഉണ്ടവനവനിയെലെയോരോ പുൽനാമ്പിനൊപ്പവുമുൾപ്പുളകമായ്

2023, സെപ്റ്റംബർ 3, ഞായറാഴ്‌ച



പരാജിതന്റെ പരാതിപുസ്തകത്തിൽ

ഒരു പാരിജാതമെങ്കിലും പൂത്തിറങ്ങുമൊരു

പാതിരാ വരുമെന്നതേ പുലർകാലസ്വപ്നം

സ്വയം ക്രൂശിതനാകുവാൻ നാട്ടിയ കുരിശിലും

മച്ചിൽ നിന്ന് ഞാത്തിയിട്ട കയർത്തുമ്പിലും

കത്തിജ്ജ്വലിച്ചൊരു സൂര്യനുയരുമെന്ന്

പാഴ്ക്കിനാ ചുമക്കുവതേ ജീവിത സാരാംശം

വഴികളെല്ലാം വെട്ടിത്തെളിച്ചൊരു വേപഥുവില്ലാ 

ആകാശം തേടിച്ചെല്ലവേ പെരുവഴിയിലാകുന്നു

നാളിതുവരെ പോറ്റിയ വയറുകളെല്ലാം ഊറ്റംകൊണ്ട്

അമ്പലപ്പുറമേറി തോറ്റംപാട്ട് പാടുവത് കാലഹിതം

എങ്കിലും, കെട്ടിയാടുന്ന കോലക്കളികളിൽ പാടുന്ന

പാട്ടൊക്കെയും ഗതികേടെന്റേത് കഥയാക്കുന്നുവെങ്കിൽ

വിധിയെന്നല്ല, നിന്റെ അലംഘനീയ അനീതിയെന്നേ

ആർത്തനാദമൊന്ന് മാത്രം താളമേറ്റയിവനു തോന്നുവുള്ളൂ


പൂരക്കൊടിയേറിയോടമെല്ലാം പാഞ്ഞുകേറി പൂതിയേറി

പച്ചയ്ക്ക് പകലന്തി നോക്കാതെ പേക്കൂത്താടിയോൻ

പെങ്ങളെന്ന് പരധാരമെന്ന് ഗണിക്കാതെ ഭോഗിച്ചവൻ

കാപ്പ്കെട്ടുന്ന വേദിയൊക്കെ കള്ളവാക്കാൽ നേടിയോൻ

കാശുകൊണ്ട് കാവൊക്കെയുമാണ്ട് നേദിക്കേണ്ട കാഴ്ചയേതെന്ന്

തൻ കുരുട്ടാശയമൊന്ന് കൊണ്ട് മാത്രം തീർപ്പാക്കുന്നവൻ

നിന്റെ കണ്ണിലിവരൊക്കെയാണു ദേവനീതിക്കർഹരെങ്കിൽ

നരകമാണിവനു ഹിത,മവിടെ നീറിയാലും പുതുമയേത്

നെരുപ്പാണു ഹൃത്തടമൊക്കെയും കരളിലുമാമാശയവും


കറകളഞ്ഞ കവിതയൊന്ന് വാറ്റുവാനെന്നെയിങ്ങനെ

വാട്ടുവതാണു നിന്റെ നീതിശാസ്ത്രത്തിലെന്നെക്കുറിച്ച്

നീ കുറിച്ചിട്ട സാമാന്യ യുക്തിയെങ്കിൽ ഞാനൊന്ന് കൂറട്ടെ

വിഭോ, കവിതയെന്നതടിയനു അധരവ്യായാമമൊന്നല്ല

എങ്കിലും, അതിലും വലുതാണു വയറ്റിലെ പുകച്ചിലും

ദേഹേച്ഛ, മാനസിക വികാരമൊക്കെയും അറിയുക

ആദ്യമതിനൊക്കെയും പരിഹാരമാവട്ടെ,യതുവരെ

പാതി വെന്തിട്ടാണെങ്കിലും ഉന്തി നീക്കട്ടെയിജ്ജീവിതം

00000000000000000000000000000000000000000




2023, ജൂലൈ 25, ചൊവ്വാഴ്ച

കുകിയും മെയ്തേയുമല്ലാ മെയ്യനങ്ങാതുണ്ണുന്നവൻ

 


ഉലകമൊക്കെയും ഒരേ കൂരയ്ക്ക് കീഴിൽ

ഉണ്ട്, ഭോഗിച്ച്, ഉന്മാദ സ്വപ്നങ്ങൾ നെയ്ത്

ഉടമകളായ് ഉത്സവത്തിമിർപ്പിലാറാടവേ

ഒറ്റയ്ക്കൊരു വെളിമ്പ്രദേശവും വാനവും

കുടിച്ച് വറ്റിക്കുവോനെ കവിയെന്ന് ആക്ഷേപിക്ക


വീണുകിട്ടിയ അപ്പമൊക്കെയും വീഞ്ഞിൽ മുക്കി

തരിശുകിടന്നദേവഗൃഹങ്ങളിൽ കറുപ്പ് വാറ്റി

കക്കുവോളം ഭുജിക്കയും തല പെരുക്കുവോളം

രാപ്പകൽ തിരശ്ശീലയൊടുക്കി ഭോഗിക്കയും ചെയ്യും

ഭൂരിപക്ഷ ഭണ്ഡാരങ്ങളെ വകഞ്ഞ് മാറ്റിയൊറ്റപ്പെട്ട്

ഏകതാരകം കൊണ്ടേഴാകാശവും വെളുപ്പിക്കും

ഭ്രാന്തപുത്രനൊരുവനെ കല്ലെറിയുകയൊറ്റ് കൊടുക്ക


കല്ലു ദൈവങ്ങൾക്ക് പാൽപ്പായസം നേദിച്ച്

രക്തരൂപിണികളെ ഹൃത്തിലാവാഹിച്ച്

അവിലുമലരാവണക്കെണ്ണ തെച്ചി തെള്ളിപ്പൊടി

കണ്ടതൊക്കെയും നടയിലർപ്പിച്ചട്ടഹസിച്ച്

പ്രാർത്ഥനയും പേക്കോലവും കൂട്ടിക്കുഴച്ചോരെ

മനസ്സിലൊരു നരകമെരിച്ചതിലൊടുക്കി

പാതാളവും സ്വർഗ്ഗവും പുനരുദ്ധാരണവുമെല്ലാം

പച്ചമണ്ണിലാണെന്നുഴുവോനെ ഭ്രാന്തനെന്ന് ഭത്സിക്ക


സ്വന്തമാകാശത്തിനു താഴെ,ഭരണകൗപീനത്തിനു കീഴെ 

എണ്ണത്തിൽ കുറഞ്ഞോനെരിക്കപ്പെടുകയുമൊടുക്കയും

കണ്ണകിമാരെയൊക്കെയും കാമകേളിക്ക്  കൂട്ടിക്കൊടുക്കയും

കുരുന്നുകളെ ശൂലമുനകളിൽ കൊരുക്കയും ചെയ്യുന്ന

ഗതികെട്ട കാവി വിഴുപ്പിന്റെ  കറുത്ത ദിനങ്ങളെ ഘോഷിച്ച്

തമ്പ്രാനു ജയമെന്ന് തെരുക്കൂത്ത് കെട്ടുവോനെ തനിച്ചിട്ട്

തീത്തെയ്യമാടി, തിരുക്കവിത പാടി തുള്ളിയുറഞ്ഞ്

നാടൊക്കെയും പന്തം കൊളുത്തി പേയ് പിടിച്ചലറി

പുലഭ്യമോതി പകലിരവില്ലാതലയുവോനെ വെറുക്ക


ഇനിയുമുദയം വരും ഇത്ര സൗമ്യമായാനന്ദമായ്

നമ്മിലൊന്നായറിഞ്ഞൊന്ന് പുഞ്ചിരിക്കാൻ പോലുമേ

തമ്മിലൊന്ന് പേരെടുത്ത് നീട്ടി വിളിക്കാൻ കൂടി

ജാതി കായ്ക്കാത്തൊരു തോട്ടം തൊടി കാണുവാൻ

കുലം തിരക്കാത്തൊരു ഗുരുകുലമെങ്കിലും കുരുക്കുവാൻ

ആവതില്ലാത്തൊരു പുതു ഭാരതം പിറക്കും അന്നും

അഹന്തമാത്രമായിരിക്കട്ടെ,യെടുക്കാത്ത നീക്കിയിരുപ്പ്




 





2023, ജൂലൈ 19, ബുധനാഴ്‌ച

പെയ്തുതീരാതെ മിഥുനം



ഇനിയുമാർദ്രമായണയൂ സഖേ ചാരെ

മിഥുനമതിമൃദുലമായ് പെയ്തീടവേ

ഒരു കവിതയീണമായ് മൂളുകെൻ ജീവനേ

പ്രണയ സാരംഗി സിരകളിൽ മീട്ടവേ


ഹാ, പ്രണയമേ, പൂക്കുകെൻ പുലരിയിൽ

തേൻ തുള്ളിയായ് മധുരിക്കയെൻ രസനയിൽ

ചെമ്പകച്ചേലിലെൻ അംബരം ചോക്കവേ

ഒരു കുങ്കുമസന്ധ്യയായ് നീയുണ്ടാവുകയെന്നിലേ


വാർത്തിങ്കളിൽ പുതുവസന്തം ചേർത്തിടാം

നീർച്ചോലയിൽ നാളൊക്കെയും നീന്തിടാം

ഹൃദയ താളങ്ങളിൽ ഇന്ദ്രനീലിമ ചാലിച്ചിടാം

കടക്കണ്ണിൽ കവിതയൊന്നൊളിപ്പിച്ച് വച്ചിടാം


ഇനിയീ കനവിലെൻ കാലമാകെയും കലരട്ടെ

വിഷാദ ഗ്രന്ഥികൾ ഉടൽ വേർപ്പെട്ട് പോകട്ടെ

ധമനികളിൽ പ്രേമരസം പുണ്യനദിയായൊഴുകട്ടെ

പൂത്തുലയട്ടെ കായ്ക്കട്ടെ പിന്നെയും തളിർക്കട്ടെ













കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...