പ്രിയതേ
നിന്നിലും കവിതയിലുമെനിക്ക്
മാർജ്ജാരാവതാരമാണു
പടിയടച്ചെത്ര കരകടത്തിയാലും
അടുത്ത പകലിൽ തിരിച്ചെത്തും
ഉറഞ്ഞ് കിടക്കുന്ന ബീജത്തിലൊന്നു പോലും
എഴുതിയൊടുങ്ങാതില്ലൊരൊടക്കം
ചുംബനങ്ങളുടെയവസാന ചിന്ത് പോലും
നിന്റെ ചുണ്ടിലർപ്പിക്കാതില്ല മടക്കവും
ഇന്നൊരു സന്ധ്യയിൽ പെയ്യാതെ പോയ
ചെറുമഴ മാത്രമല്ലെന്റെ ജീവിതം
മേഘങ്ങൾ വിലക്കപ്പെട്ടൊരുവേള
ആകാശം തന്നെ നിഷേധിച്ചാലും
നാളെ പുലർക്കാലത്ത് തിമിർത്ത് പെയ്യും
തമ്പ്രാന്റെ തിരുമുറ്റത്തെയമൃതേത്തിനപ്പുറം
എന്റെ കുടിലിലെ കുമ്പിൾക്കഞ്ഞിയാണു
ഹിതമെന്ന് നീ വരും ദിനമാണെന്റെ വസന്തം
സ്വർണ്ണക്കൊഴുപ്പിന്റെ കടലുകൾ താണ്ടി
കവിതകൾകൊണ്ട് തീർത്ത എന്റെ
എട്ടാം വൻകരയിലേക്കുള്ള നിന്റെ
പ്രണയപ്പ്രവേശം ആകെയെന്റെ സ്വപ്നം
ഒരു പകലിന്റെയർദ്ധ വേള മാത്രമൊന്നായ്
എന്നിൽ ചേർന്ന് നീ കുതിരുന്ന തിരുനാളിൽ
ആയിരം കവിതക്കുഞ്ഞുങ്ങളെ ഞാൻ സ്രവിക്കും
പിന്നെയൊന്നുമൊന്നുമല്ലാതെയൊരു നിരത്തിൽ
അപഹസിച്ചവർക്കുമുന്നിൽ ഞാൻ നിന്ന് കത്തും
====================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ