2017, നവംബർ 5, ഞായറാഴ്‌ച

നരകവാതകത്തിന്റെ പെരുക്കപ്പട്ടിക



മൂന്ന് സെന്റ് പുരയിടത്തിൽ
മേനി പറയാനെന്തെന്ന്
നെറ്റി ചുളിച്ചന്വേഷിക്കുന്ന സോദരാ
വരിക,
നാലു കാലിലാമൂലയിൽ നരച്ച്
കൂനി നില്പ്പതെന്റെ കൂര കാണുക
ആറുകോലു താഴ്ച്ചയിൽ
ആവശ്യത്തിനപ്പുറം നീരുറവ പാർക്ക
എട്ടു കാലി വലനെയ്തപോൽ
ഉമ്മറത്ത് പടർന്ന് കിടപ്പെതെന്റെയപ്പൻ
പത്തായപ്പെട്ടി പോലുള്ളടുക്കളയിൽ
പത്തു വയർ പോറ്റുവാൻ തീ തിന്നുന്നവൾ ഭാര്യ
പന്ത്രണ്ട് ദിനം പോലും കെട്ടിയോനൊത്ത്
പൊറുത്തില്ലയെങ്കിലും ദീനം പെരുത്ത്
പുരയ്ക്കുള്ളിൽ ചുരുണ്ട് കിടക്കുന്നു പെങ്ങൾ
പതിനാലു തികയും മുൻ തിരണ്ട്
പാകമായൊരാധിയെൻ മകൾ
എങ്കിലും,
ഇല്ല സ്നേഹിതാ സ്നേഹമല്ലാതെ
കുടിലിലൊട്ടും, പടിയിറങ്ങുക പിന്നാമ്പുറത്ത്
മൂവാണ്ടൻ മാവൊന്നു കാണുക,യതിനു കീഴെ
ഉറങ്ങിക്കിടപ്പാണമ്മ, പാടില്ല ഉണർത്തുവാൻ
അച്ചന്റെ കണ്ണൊരിക്കലും വിട്ടില്ലിവിടം
അമ്മയൊന്നും ചൊല്ലാതുറങ്ങിയ അന്തിമുതൽ
ഇനിയാ കുഴിമാടവും കിണറും സ്വാസ്ഥ്യവും
നിന്റെ നരകവാതകമൊഴുക്കുവാൻ മാത്രം
വികസനം ചൊല്ലി നീ കട്ടെടുപ്പതാകിൽ
വരിക,
അതിനുമുമ്പായ് ഒരുക്കുക ഒരു പെരും ചിത
എരിഞ്ഞൊടുങ്ങട്ടെയെൻ കുലമൊക്കെയും
പതിനാറടിയന്തിരം കഴിയുന്ന പിറ്റേദിനം
തീറെഴുതിക്കൊടുക്ക നീയെന്റെ നാടിനെ
പെരും കള്ളനൊന്നിനെ ഭരണാസനമേറ്റിയ
പാപം കഴുകിക്കളയട്ടെ കാല,മില്ല മറ്റൊന്നുമേ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...