ജീവിതക്കയ്പ്പിട്ടു കുറുക്കിയ രസായനം
കാലമെത്രയായ് മോന്തി ഞാൻ സോദരാ
ദുരിതക്കയങ്ങൾക്ക് കൂട്ടിരുന്നെത്ര നാൾ
കഷ്ടകാണ്ഡത്തിൻ കുറുക്കു നുകര്‍ന്നു
കവിതയൊന്നിനെ മാത്രം തുണയാക്കി
കർക്കിടകമെത്ര പെയ്തുതീർന്നെൻ സഖേ
ക്ഷീരപഥത്തിന്റെ സീമയ്ക്കുമപ്പുറം,വാഴ്വിൻ
മോഹം പടർന്നെന്നെ നോവിക്കവേ
നിന്റെ താരാങ്കിതപ്പതാക കാട്ടിയെന്നെ
കൂട്ടിയതാണു നീ ചങ്കിലെച്ചോരയെന്നോതി
അന്നുതൊട്ടിന്നേവരെയമ്മയെപ്പോലും
അത്രമേൽ കണ്ടില്ല, തണലായതില്ല
ഉന്നം പിഴക്കാതെ അമ്പെയ്യുവാൻ, പിന്നെ
ചാട്ടുളി തോല്ക്കും വാക്കാകുവാൻ, ജയിക്കുവാൻ
പാതിരാവിനെ പ്രണയിക്കുവാൻ, പോരാടുവാൻ
നീയിട്ട അന്നം, നീപകർന്ന ജലം, അഗ്നിയും
ഉയിർമൂച്ചെടുക്കാൻ മറന്നാലുമൊരിക്കലും
ഉയർത്താതെ പോവല്ലെ മുഷ്ടിയെന്നു നീ
ഓരോ തെരുവിലും കത്തിയേ നില്ക്കണം വിപ്ളവം
ഓരോ നെഞ്ചിലും ഉറഞ്ഞാടണം നിൻ നിറം
ലക്ഷ്യമതൊന്നുമാത്രം,ആശയും അഭിലാഷവും
ഇന്നു നിൻ ദംശനമേറ്റ് ഞാൻ പിടഞ്ഞ് വീഴവേ
കെടാതെ കാക്കയീ കൊടിയെന്ന് കേഴുന്നു ഞാൻ
പിന്നെ,
ആണ്ടറുതിയിലൊരിക്കലെങ്കിലും നീയെന്റെ
പേരുചൊല്ലി പടച്ചെടുക്ക പുതിയ രക്തസാക്ഷിയെ
00000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ