2019, നവംബർ 5, ചൊവ്വാഴ്ച

പരിപ്പുവട വട്ടത്തിലൊരു ബോളീവിയൻ ഗീതം



കവിതയിലേക്ക് നിന്നെ
കുടിയിരുത്തുമ്പോൾ
ചിത്രശലഭത്തിന്റെ 
കാന്തിക്കായ്
നീ ശഠിക്കുന്നു
തല നീട്ടുന്നൊരു മരയോന്തിനെ
ഞാൻ എഴുത്താണിയിൽ നിന്ന്
പിഴുതെറിയുന്നത് നീയറിയുന്നില്ല

നിന്റെ ആലയത്തിൽ ഞാൻ
തലകുനിച്ചിരിക്കുമ്പോൾ
വിശുദ്ധമായതിനെ മാത്രം
മനസ്സിലേക്കാവാഹിക്കാൻ
നീ കട്ടായപ്പെടുത്തുന്നു
കണ്ണടച്ചാലുടൻ ഓടിയണയുന്ന
നിന്റെ കാമപ്പേക്കൂത്ത് കാഴ്ചകളെ
നീയുടുത്ത ളോഹയിൽത്തന്നെ 
ഞാൻ തുടച്ച് കളയുന്നു

നിന്റെ പുസ്തകങ്ങളിൽ ഞാൻ 
വാക്കുകളെ മെരുക്കുമ്പോൾ
നീ എഴുതിയത് തന്നെ
ഞാൻ വായിക്കുമെന്ന്
നീ മനക്കോട്ട കെട്ടുന്നു
നിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ
വാക്കുകളെ ബലാത്കാരം ചെയ്യുന്നത്
എന്നിൽ തികട്ടികൊണ്ടിരിക്കുന്നു

പുലരുന്നതിനൊരു കാതം മുമ്പ്
എന്റെ കവിതകളൊക്കെയും
രാജകൂടം കണ്ടുകെട്ടിയേക്കും
ഒരു ഖണ്ഡികയിലും അഭയമാവാതെ
കരിനിയമങ്ങളിൽ കുരുങ്ങിക്കിടക്കും
അപ്പോഴും ചുണ്ടിലൊരു തുണ്ടുബീഡിയും
കയ്യിലൊരു പരിപ്പുവടയുമായ് ഞാൻ
ബൊളീവിയയിലെ വിപ്ളവഗീതികൾ
ഉരുക്കഴിച്ചുകൊണ്ടേയിരിക്കും

00000000000000000000000000000000



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...