ഈശനാണു പോലുമീശൻ
ഔചിത്യ ബോധമൊട്ടുമില്ലാത്തവൻ
അവസരത്തിനൊത്തുയരാത്തവൻ
അശരണരവശർ അംഗ പരിമിതർ
മാലോകർക്കാർത്തു ചിരിക്കാൻ മാത്രം
ആയിരങ്ങളെപ്പടച്ച് ആശ തീർപ്പവൻ
കാലത്തിനൊത്ത് കേടു തീർക്കാത്ത
കോലമൊക്കെയും കാലഹരണമാകവേ
കൊല്ലമൊട്ടുക്കെന്റെ കോവിൽ ഭരിപ്പവൻ
യോഗ്യത കൊണ്ടവനെ യവം കൊയ്യാൻ വിട്ട്
കറക്കിക്കുത്തിയോനെ ഭരണചക്രമേൽപ്പിച്ചവൻ
ഇല്ല, പടിയടച്ച് പുലയാട്ട് പാടി പ്രാകിയകറ്റുവാൻ
പുരോഹിതപ്പരിഷകൾക്ക് ഞാനായ് കാരണമാവുന്നില്ല
എങ്കിലും,
ദ്രവീകൃത വേദനയുടെയാഴങ്ങളിൽനിന്ന്,തീരാ നോവിന്റെ
കത്തിയുരുകുന്ന പ്ലാസ്മയിലേക്കെന്റെ തിരസ്കൃത യൗവ്വനം
ഒഴുക്കിവിട്ട്, ഇരുൾക്കയത്തിലെന്നെയെറിഞ്ഞോനെയെങ്ങനെ
വാഴ്ത്തുവത്, സ്തുതിഗീതം കുറിപ്പത്, സ്ഥായിയായഭയമേൽപ്പത്
ഇനിയീ നരക തീയൊക്കെയും നക്കിക്കുടിച്ച് നായായലഞ്ഞവനെ
ന്യായവിധിനാൾ കാട്ടി തീയിൽ കുറുക്കുവാൻ നിന്റെ തീട്ടൂരമിറങ്ങവേ
നിസ്സംഗമെൻ കരളിലില്ല തരിമ്പും ഭയഭീതിയാകയാൽ ഇക്കണം
എഴുതിയൊടുങ്ങട്ടെയെന്റെയീ ഒടുക്കത്തെ കവിതയുമൊപ്പം ഞാനും
00000000000000000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ