ഇരുപത്തിമൂന്നാണ്ടുകൾ
നീണ്ട ഇരുപത്തിമൂന്നാണ്ടുകളെന്റെ കൃഷ്ണാ
നിന്നെ, നിന്നെമാത്രം ധ്യാനിച്ചവൾ ആതിര
നീലക്കടമ്പിൽ, കരിമ്പുപാടങ്ങളിലെവിടെയും
നീ പൂക്കുന്ന കടവുകളിലൊക്കെയും തൊഴുതവൾ
ബാല ചാപല്യം വഴിനടത്തും മുമ്പെന്റെ ഗോപാലകാ
നിന്റെ മുരളിക മാത്രമെൻ മുക്തിയെന്ന് കൊണ്ടവൾ
തരളിത യൗവ്വന മോഹങ്ങളൊക്കെയും അമ്പേ പാപമെന്ന്
നിന്റെ കാളിയമർദ്ദനം കരളിൽ കവിതയായ് നെയ്തവൾ
ഇല്ലയെൻ വാഴ്വിലൊരു കണം പോലും നിന്നെയോർക്കാതില്ല
ജീവിത മാത്രകളൊട്ടും, ഒട്ടുമില്ല നിൻ നാമം വാഴ്ത്താതെ പാടാതെ
വേട്ടവനൊരുവനെയല്ലാതെ കണ്ടില്ല നിനക്കൊത്ത് പൂജിക്കുവാൻ
കണവനൊത്ത് കതിർമണ്ഡപം ചുറ്റി അമ്മിചവിട്ടി അമ്മയാവാൻ
പുതുജീവിതം തേടി പൊലിമമാറും മുന്നെ നല്ല പാതിപകുത്തോനെ
കാലയവനികയ്ക്കപ്പുറത്തേക്ക് തുടച്ചെറിഞ്ഞ നട്ടുച്ചയിലും ഹരീ
ആവതില്ലയെനിക്കൊട്ടുമേ പഴിചാരി നിൻ തിരിയൊട്ട് താഴ്ത്താൻ
എങ്കിലുമെന്റെ കണ്ണാ,
കണ്ണാളനൊരുവനെ തീയെടുത്ത് എരിതീയിൽ ഞാൻ വെന്തുരുകയിൽ
എൻ ജാതകക്കേടും കർമ്മഫലവും കൊട്ടിഘോഷിച്ചെന്നെയൊറ്റവേ
നീയെന്ന ശബ്ദം കല്ലിനപ്പുറം ഉണ്മയൂറുന്നൊരു കാർവർണ്ണമാവുകിൽ
തിരിച്ചെടുക്കയെന്നെയാരും പഴിച്ചിടാതെ മണ്ണിൽ കുഴിച്ച് മൂടുക കണ്ണാ
===============================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ