ഒരു മകരത്തിനുമപ്പുറം
പൊഴിഞ്ഞ മഞ്ഞിൽ നീയെന്റെ
ഒരിക്കലുമഴുകാ മൃതദേഹം
തേടിയിറങ്ങരുത്
തീ പിടിച്ച ചിന്തകളിൽ
തെരുവ് തിന്ന കാലങ്ങളിൽ
നിഷേധിക്കപ്പെട്ട വിഭവങ്ങളിൽ
മരണമെന്നതെന്നിലൊരു
പുതുമയായ് കെട്ടിയേല്പ്പിക്കരുത്
അയോഗ്യനമൃതകുംഭമേന്തുന്ന
ഗതികെട്ട വ്യവസ്ഥയെയൊരിക്കലും
ജനപക്ഷമെന്നവഹേളിക്കരുത്
നിന്റെ കാവെന്റെ ഖബറവന്റെ കുരിശെന്ന്
ഒരു പന്തിയിലിരുപ്പോരെയൊക്കെയും
ജാതി പറഞ്ഞ് നീ ഉടവാൾനല്കുക
ഇരവ് തേടുന്ന വിശപ്പന്നത്തിനു പകരം
ചതിച്ച് കൊന്നെന്റെ വായ്ക്കരിയാവുക
ഏറ്റം പെരുത്ത സൗഹൃദച്ചേരിയെന്ന്
ഊറ്റം കൊണ്ട നാടിനെയൊറ്റ് കൊടുത്ത്
തോറ്റം പാട്ടിൽ തമ്പ്രാനെ തീണ്ടിയെന്ന
കുറ്റമാരോപിച്ചവർണ്ണനെന്നെക്കഴുവേറ്റുക
ഞാനെന്ന പത്തക്കത്തിനപ്പുറം കാലമെല്ലാം
പതിച്ചു നല്കാമെന്റെ ചൂണ്ടുവിരൽ നിനക്കായ്
കാലമൊക്കെയെന്റെയവകാശം കൊണ്ടെങ്കിലും
കരിച്ചു കളയുക നീ നട്ട കെട്ട ജാതിച്ചെടികളെ
000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ