ദുരിതകാണ്ഡമാടി വാഴ്വൊക്കെയും
പടുതിരിയെരിയുമീ പാതിരാവിലെങ്കിലും
ഒരു ദിനം മാത്രമൊരു ചെറുമഴ ചാറി
രണ്ടില കിളിർത്ത് തണലാവുമെന്ന്
കനവു കാണ്മത് മാത്രം സുഹൃത്തേ ജീവിതം
ഇറ്റു കഞ്ഞിത്തെളിക്കു മാത്രമായ്
പൊട്ടിയ ലോഹച്ചെമ്പുമായ്
പിച്ച തെണ്ടിയ ബാല്യത്തെരുവിൽ
ഒരു പകൽ, ഉടുത്തൊരുങ്ങിയിറങ്ങാൻ
പിന്നൊരിക്കലും കഴിയാതെ പോവതാണു
ബാക്കി പത്രമെൻ സഖേ ജീവിതം
അമ്മയമ്മായിയനുജനോപ്പോൾ
എന്നു ചോരതൊട്ട ബന്ധമൊക്കെയും
പാലിപ്പതെൻ പൊറുപ്പെന്ന് കൗമാരം
നരക നഗരത്തിലുഴുത് തീർത്ത് പിന്നെയും
നാവു കൊതിക്കുമ്പോലൊരു വട്ടമെങ്കിലും
നന്നായുണ്ണാനാവാതെ പോവതേ ജീവിതം
കാലണയ്ക്ക് കടല വാങ്ങിക്കൊറിക്കാതെ
വെന്ത മുറിവിലൊരിറ്റുപ്പു നീരൊഴിക്കാതെ
കാലമൊക്കെയുമുലക കോണളന്ന് നീന്തി
വീണയീ പകലിൽ, കാൽക്കാശിനുതവാതെ
കെട്ടു പോയവനെന്ന പട്ടം കെട്ടിയ ജീവിതം
വ്യഥകളുണ്ടെണ്ണിയാലൊടുങ്ങാതെ സ്നേഹിതാ
വിളമ്പി നിൻ മുന്നിൽ ഞാനപഹാസ്യനാവതില്ല
എങ്കിലും,കല്ല്യാണം,തിരണ്ട് കുളി, കാതുകുത്തെന്ന്
നീയാടുന്ന തട്ടിലൊക്കെയും കോലമിട്ട് തുള്ളാൻ
കൊതിയില്ല, ഉണ്ടെങ്കിലുമാവതില്ലയാകയാൽ
കുറിക്കുന്ന കവിതയിൽ പതിരല്ലാതെയുണ്ടെങ്കിൽ
കൊത്തിയെടുക്ക, പിന്നെ കൊത്തിയാട്ടുകയെന്നെ
ഇത്ര മതിക്കില്ല നിനക്കപ്പുറമൊന്നും വല്ലാതെ
((((((((((((((((((((((((((((()))))))))))))))))))))))))))))))))))
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ