അർബുദ കണികകൾ മേനിയൊന്നായ്
ചെഞ്ചേല ചുറ്റി, നീയൊടുങ്ങുമെന്നൊട്ടും
ശങ്കയ്ക്കിടമില്ലാതെയറിയുന്ന നേരവും
അമ്മ, നിനക്കാധി ഞാനായിരുന്നില്ല
അന്ത്യശ്വാസമെടുക്കുന്നതിനല്പമാത്ര
അവധിയിട്ടെൻ കരം കയ്യിലെടുത്ത്
എൻ താതനവനൊരു നാളൊരിക്കലും
ഒറ്റയായ് കണ്ണു കലങ്ങാതെ കാക്കാൻ
മാത്രമെന്നിൽ നീ സത്യമിരന്നു വാങ്ങി
നീയൊഴിഞ്ഞ കട്ടിലിൽ പിതാവിന്റെ
ചൂടു തട്ടിയൊട്ടിക്കിടക്കുന്ന മാത്രയിൽ
മകളെന്ന മൂന്നക്ഷരത്തിൽ നിന്നെപ്പഴോ
പെണ്ണെന്ന രണ്ടെഴുത്തിലേക്കെന്റെ
സ്വാതന്ത്ര്യം തിരിച്ചൊഴുകിയിരുന്നു
അനർഹമാണപരാധമാണഹിതമാണു
അറിയാതെയന്നാ കെടുകെട്ട പാപബീജം
ഏറ്റു വാങ്ങി ഞാൻ തോറ്റ് പിഴച്ചവളായതും
ഏറ്റുപാടുന്നോർക്കൊക്കെയും മുന്നിലുണ്ട്
ചോദ്യം, നീയറിഞ്ഞു പുണരാതെയെങ്ങനെ
കുരുത്തു വന്ന ഞെട്ടൊന്ന് കൂമ്പവേ, തൊട്ടാൽ
പൊട്ടുന്നതാണെന്നറിവെത്തിടും മുന്നവേ
മൊത്തിക്കുടിപ്പവൻ താത,നവൻ ചെയ്യുവതത്
കൊയ്യുന്നെന്റെയെതിർകാലമൊക്കെയും
ഇനിയിക്കയ്പ്പു പേറി ഞാനപഹസിക്കപ്പെട്ട്
ഒടുങ്ങാനുമടങ്ങാനുമാവാതെ കാലമൊക്കെയും
തെരുവിലലഞ്ഞിടാമന്നൊക്കെയും തുടരട്ടെ
പിഞ്ചിലേ നുള്ളി നഖപ്പാടു വീഴ്ത്തും കുടിലത
പിന്നെ പകൽമാന്യ വേഷം കെട്ടുമപാരത
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ