നീ, ഇരുളിനാഴങ്ങളിലൊരു പൊട്ട് വെളിച്ചം
എന്നെ നയിക്കുന്നവൻ, അറിവോതുന്നവൻ
അത്രമേൽ ഭ്രമമായിരുന്നു, പ്രിയമായിരുന്നു
ഇന്നലെപ്പുലരുവോളമോതിയ വേദം മുഴുവനും
കദനമൊഴിയുമെന്ന് തൊഴുത ദേവരൊക്കെയും
കരിന്തിരി പടരാതെ കാത്ത കൽവിളക്കും
കവിയൊരുവന്റെ കരവിരുത് മാത്രമെന്ന്
തിരിച്ചുണരുന്ന വേദനയാണെന്റെ മരണം
ആൾരൂപമായ് പൂർണ്ണനായ്, പെരുവഴിയിൽ
കൈപിടിച്ചു നടത്തുന്ന കാരുണ്യ മൂർത്തിയായ്
കണ്ണടച്ച് കൈകൂപ്പി, കരയുന്ന മാത്രയിൽ
കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞതൊക്കെയും
കള്ളമായിരുന്നെന്നുള്ളമുണരുന്നതെന്റെ മരണം
അറിയുന്നെന്നിലേക്കൊഴുകിയ പ്രഭയൊക്കെയും
അതിശക്തം ചിറകെട്ടി തടഞ്ഞു തമസ്സ് തീർത്തതും
വ്യർത്ഥ ബന്ധങ്ങളാലെന്റെ ഹൃത്തടം തകർത്തതും
ചോരൻ നിന്റെ നേരമ്പോക്കൊന്നായിരുന്നെന്നതും
എങ്കിലും,
കാലമൊക്കെയും കരളിലെച്ചോര പോൽ കാത്തത്
ഇരുട്ടി വെളുത്തൊരു മറുകണം മുഖം പോലുമില്ലാതെ
കല്ലായിരുന്നെന്ന് കണ്ടറിയുന്നതെന്റെ മരണം
00000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ