പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു
ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ
അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ
വെറുപ്പിന്റെ ഉല്ക്ക തുപ്പി വിഷാഗ്നി പടരുമ്പോൾ
സ്വയം ഹിമമായുരുകി കവികൾ തീയണയ്ക്കാറുണ്ട്
ശരീര ശാസ്ത്രങ്ങളുടെ നിമ്ന്നോന്നതികളിൽ
പൗരോഹിത്യം, വെളിപാടുകളിൽ വിപരീതമാകവേ
വേദങ്ങളുടെ സത്തയൂറ്റി കവിത വഴി നടത്തുന്നു
അന്യന്റെ ചങ്കിലെ ചോര പിഴിഞ്ഞ്; തെരുവിൽ
അനാഥ ബാല്യങ്ങളുടെ പെരുക്കപ്പട്ടിക നീളവേ
അമൃതായാശ്വാസമായാശയായ് കവികൾ
അദ്വൈത മന്ത്രങ്ങൾക്കുമപ്പുറം ഇന്ദ്രജാലമാവുന്നു
പട്ടിണി മോന്തിയ ഉമ്മറപ്പടികളിൽ നിന്ന്
പ്രലോഭനങ്ങളുടെ പറുദീസയിലേക്ക് ചേക്കേറവേ
മുഖാവരണമണിഞ്ഞവൻ, ആന്ദോളനം ചെയ്യുന്നു
അധികാരത്തിന്റെ, കൊഴുത്ത തേങ്ങാപ്പൂളുകളിൽ
ജാതീയതയുടെ പുളിച്ച ചക്കര പുരട്ടി, ചായമിട്ട്
പ്ളാവില കാട്ടി ആരാച്ചാർ തുടലിട്ട് വലിക്കവേ
കവി, ദൈവനഗ്നതയെ ചൂണ്ടി കൊഞ്ഞനം കുത്തുന്നു
കൊടി മഹിമ കീറി കോണകമുടുക്കുന്നു
കാവിലെപ്പാട്ടിനെ, താടിതൻ ചോപ്പിനെ
ഉടൽ മൂടിപ്പൊതിഞ്ഞുമുഷ്ണിക്കാത്ത കറുപ്പിനെ
കുന്തിച്ചിരുന്ന് കുറ്റം പറയുന്നു: കൂവി വിളിക്കുന്നു
ഇനി ജാതികവി, ചുവപ്പുകവി, കാവിക്കൊടിയിങ്ങനെ
കാലമൊക്കെയും തമ്മിൽ ഭത്സിച്ച്, കുന്നായ്മ കുത്തി
പോരിന്റെ അക്ഷരം കുറിക്കുക, അച്ച് നിരത്തുക
ഏറ്റുപാടാൻ ഏറാൻ മൂളികൾ പെരുകുന്ന നേരവും
തോറ്റുപോവാതെ കവിത കാടേറിയൊടുങ്ങട്ടെ
00000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ