നിഴലായ് കൂടെ നടക്കുന്ന നിനക്കു ബദലായ്
നിനയ്ക്കുവാൻ പോലുമാവുമോ മറ്റൊരാളെ സഖീ
അന്നൊരു കർക്കടകപ്പെരുമഴ തോർന്ന രാവിൽ
ഇന്നുമുതൽ മരണം വരെയെന്ന് ചേർത്ത നിന്നെ
പൊന്നായ് കാലമൊക്കെയും കൂട്ടിയണയ്ക്കുമെന്ന്
നന്നായ് കനവുകണ്ട് പുലരവേ നീ പോയതെങ്ങോ
ഉണ്ട് കാരണമോതുവാൻ കാരണവന്മാർക്കൊക്കെയും
ഉന്മാദം കൊണ്ട് നിന്നെപ്പ്രണയിച്ച് വേട്ടതു തെറ്റ്
കൂപ്പിയില്ല കയ്യൊരുനാളും ദേവിക്കു മുന്നിൽ പിന്നെ
കാപ്പിപൂത്ത സൗരഭ്യമായ് നീ എന്നിൽ ചേർന്നതിൽ
ജീവിതം നീണ്ടുകിടക്കയാണു റെയില്പ്പാതപോൽ
ജാതകത്തിലുണ്ടാകും രണ്ട് പുടമുറി, മറുക്കായ്ക
പെറ്റു നീയെന്റെകയ്യിലിട്ടു പോയ പൊന്നിനു തുണ
തെറ്റല്ല ചെയ്യുന്നതെന്നെന്നെ ഉറപ്പിക്കുവാനിത്ര
അറിയുന്നു വസന്തമേ നിന്നെയറിഞ്ഞതിൽ പിന്നെ
അത്ര ദീപ്തമാകുവാനാവില്ല, താരതമ്യം ചെയ്കയിൽ
ഇനി,നീയെന്നിൽ ശയിച്ച പകലുകൾക്ക് പകരമായ്
ഇത്ര കരുതി മറ്റൊന്ന് പൂക്കയിൽ, ക്ഷയിക്കട്ടെ ഞാൻ
മണ്ണിൽ നീയലിഞ്ഞ അതേ കാലവേഗത്തിൽ തന്നെ
മറുക്ഷണം ഞാൻ ലയിക്കട്ടെ നിന്നിലിത് കുറിക്കയിൽ
ooooooooooooooooooooooooooooooooooo
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ