ഹൃദയം ഹരിച്ച കാല പ്രവാഹം താണ്ടി
കൊതിച്ചിരിക്കണമൊരു പുതു തിരതാളം
നീയൂട്ടിയ തെനക്കഞ്ഞി തട്ടിയൊഴുക്കി
ഗോതമ്പു കുറുക്കി പശുമ്പാൽ ചേർത്ത്
ഉണ്ടുറങ്ങിയാവോളം ഉദ്ദാരണം കണ്ട്
തെരുവിലൊരു കൂത്തുപാട്ട് കൊളുത്തി
ഉത്സവം കൊടിയേറും പെരുമ്പറമേളം
പാതിരാക്കോഴി കൂവിവെളുക്കുവോളം
മാത്രമായുസ്സ് സ്വപ്നങ്ങൾക്കൊക്കെയും
ഇന്നലെപ്പുലരുവോളമെന്റെ കുടിലിൽ
വിളഞ്ഞ മകളൊന്നിനെ തനിച്ചിരുത്തി
വിളക്കിലിത്തിരിയെണ്ണപോലുമില്ലാതെ
ചുവപ്പ് കൊടിയൊന്നരികിൽ നാട്ടി, ധൈര്യം
കുടിച്ച് തീർത്തിരുന്നു ഞാനെന്റെ രാത്രി
ശംഖൂതിയോശ മെല്ലിക്കവേ ബാങ്ക് കേട്ട്
സുന്നഹദോസും സ്തുതി കൊടുപ്പും കലർന്ന്
പൂക്കാത്ത ജാതിയും പെരുനാളുമായ് ജനം
പകർന്നാടിയ പരിശുദ്ധ ഗ്രാമ മേൽക്കൂരകൾ
ഇന്ന് നീയെന്റെ നാഥനായിടിച്ച് കേറവേ
കൊന്നു തിന്നെന്റെ പെരുമ പാടിയതൊക്കെയും
ഒന്നസ്തമിച്ച ചുവപ്പ് സൂര്യനൊരിക്കലുമിനി
വന്നു കാക്കില്ല തന്റെയിഷ്ട ജനങ്ങളെ
എന്നു തെറ്റായ് വന്നു കൂടായ്കയെണ്ണം നിന്നിൽ
വീണ്ടുമുദിക്ക തന്നെ ചെയ്യുമകലെയല്ലാതെ
വിണ്ണിൽ രക്ത താരമൊന്നതിൽ കത്തിയൊടുങ്ങും
നീ കത്തിയാഴ്ത്തിയതും കത്തിച്ച് തീർത്തതും
കരുതിയിരിക്ക, കുരുതിക്കളമൊന്നൊരുങ്ങുന്നു
ഗതിയൊട്ടുമില്ലാതെ നീയൊതുങ്ങുമതിൽ നിശ്ചയം
00000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ